Quantcast
MediaOne Logo

കിരണ ഗോവിന്ദന്‍

Published: 9 Aug 2023 3:44 PM IST

അനക്ക് എന്തിന്റെ കേടാ: മുസ്‌ലിം ജീവിതങ്ങളിലെ അദൃശ്യവിലക്കുകളുടെ ദൃശ്യവത്കരണം

മുസ്ലിം വേഷധാരിയായ ഒരാളെ തീവ്രവാദിയായി മുദ്രകുത്തുന്നതും അയാളെ ജയിലിലടക്കുന്നതും ഇന്ന് സാധാരണയായി മാറി. അത്തരം യഥാര്‍ഥ്യങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് സിനിമ.

അനക്ക് എന്തിന്റെ കേടാ
X

സമൂഹത്തിലെ പല അനീതികളെയും തുറന്നു കാണിക്കുന്ന ലളിതമായ ചലച്ചിത്രമാണ് പുതുമുഖ സംവിധായകന്‍ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമ. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവിവേചനങ്ങളും അനീതികളുമാണ് സിനിമയുടെ പ്രമേയം.

ഇസ്‌ലാമോഫോബിയയെ കൃത്യമായി തുറന്നു കാണിക്കുന്നുണ്ട് ഈ സിനിമ. മാറിയ സാമൂഹിക പശ്ചാത്തലത്തില്‍ സാധരണ മുസ്ലിംകളുടെ ജീവിതം എങ്ങനെയാണെന്നാണ് സിനിമ പറയാന്‍ ഉദ്ദേശിച്ചത്. വേഷവും പേരും എങ്ങനെയാണ് ഒരാളെ ഭീകരവാദിയാക്കി ഭരണകൂടവും പൊലീസും മുദ്രകുത്തുന്നതെന്ന് പല സാഹചര്യങ്ങളിലും നമ്മള്‍ അനുഭവിച്ചതാണ്. മുസ്ലിം വേഷധാരിയായ ഒരാളെ തീവ്രവാദിയായി മുദ്രകുത്തുന്നതും അയാളെ ജയിലിലടക്കുന്നതും ഇന്ന് സാധാരണയായി മാറി. അത്തരം യഥാര്‍ഥ്യങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് സിനിമ.


പള്ളിയിലെ മുക്രിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതതിലൂടെയാണ് കഥ ഉരുത്തിരിയുന്നത്. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ സമൂഹത്താലും ഭരണകൂടത്താലും വേട്ടയാടാ

പ്പെടുന്നതാണ് കഥയുടെ ഇതിവൃത്തം. കൂടാതെ ഒസ്സാന്‍ വിഭാഗത്തില്‍ പെട്ടവരുടെ ജീവിതവും അവര്‍ക്ക് സ്വന്തം മതത്തില്‍ നിന്ന് പോലും അനുഭവിക്കേണ്ടി വരുന്ന വിവേചനവും സിനിമ ചൂണ്ടികാണിക്കുന്നു. ഇസ്‌ലാമോഫോബിയയുടെ പോലെ തന്നെ കാലഹരണപ്പെട്ട പല മത ചിന്തകളെയും സിനിമ വിമര്‍ശിക്കുന്നുണ്ട്.

മുസ്ലിം മതത്തിലും ജാതീയതയുടെ തീ ഉണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് സംവിധായകന്‍. ഒസ്സാന്‍ വിഭാഗത്തിലുള്ളവരോട് മതവും പള്ളിയും കല്‍പിക്കുന്ന അദൃശ്യമായ വിലക്ക് സിനിമ തുറന്നു പറഞ്ഞു. പുരോഗമന ചിന്തകളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നവീകരിക്കപ്പെടേണ്ടതാണ് ഇസ്‌ലാം മതമെന്ന ആത്മ വിമര്‍ശനവും കഥാകൃത്ത് നടത്തുന്നുണ്ട്. ആദ്യ ഭാഗത്തെ ഒരു ലാഗ് മാറ്റി നിര്‍ത്തിയാല്‍ കണ്ടിരിക്കാവുന്ന ചെറിയ സിനിമയാണ് അനക്ക് എന്തിന്റെ കേടാ. ബഹ്‌റൈനിലെ 12 കലാകാരന്‍മാര്‍ ഒത്തു ചേര്‍ന്ന പ്രത്യേകതയും സിനിമക്കുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തതില്‍ ഷമീര്‍ ഭാരതന്നൂര്‍ കയ്യടി അര്‍ഹിക്കുന്നുണ്ട്. അഭിനയ മികവ് കൊണ്ട് കഥാപാത്രങ്ങളും മികച്ചു നിന്നു.



TAGS :