Quantcast
MediaOne Logo

ഷിംന സീനത്ത്

Published: 2 Oct 2023 2:16 PM GMT

ഒസ്സാത്തി: വിഷാദഛായയില്‍ പണിത മനുഷ്യരെക്കുറിച്ച്

ബീന എഴുതിയ 'ഒസ്സാത്തി' നോവലിന്റെ വായന

ഒസ്സാത്തി നോവല്‍
X

തൊഴില്‍ കുലത്തൊഴിലായും പിന്നീട് ജാതിയായും പരിവര്‍ത്തനപ്പെടുന്ന രീതി ഇസ്‌ലാമിലില്ലെങ്കിലും, മുസ്‌ലിംസമുദായത്തിലെ അത്തരമൊരു അസുഖകരസത്യത്തെ അഭിമുഖീകരിക്കാന്‍ വായനക്കാരനെ നിര്‍ബന്ധിക്കുന്ന നോവലാണ് ബീന എഴുതിയ 'ഒസ്സാത്തി'.

നോവലിലെ നായകന്‍ ഒസ്സാന്‍ കുടുംബത്തിലെ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതും 'ഒസ്സാന്‍കുടീന്ന് പെണ്ണെടുക്കല്‍' കുറച്ചിലായിട്ടു കാണുന്ന ആണ്‍വീട്ടുകാരുടെ നോട്ടത്തില്‍, ഭാഷയില്‍, വ്യവഹാരത്തില്‍ വരുന്ന കുറ്റകൃത്യങ്ങളുമാണ് നോവലിന്റെ പ്രമേയം. മുസ്‌ലിം അധികാരസംവിധാനങ്ങള്‍ക്കകത്ത് കുലത്തൊഴില്‍ പറഞ്ഞ് സോഷ്യല്‍ ഏജന്‍സി നിരോധിക്കപ്പെട്ട മനുഷ്യര്‍ തങ്ങളെന്തോ പാതകം ചെയ്ത പോലെ, സ്വന്തം മകളുടെ കല്യാണത്തിന് കുറ്റവാളികളെപ്പോ

ലെ പരുങ്ങിയിരിക്കുന്നത്, കഥ വികസിക്കുമ്പോള്‍ വിദഗ്ധമായി വരച്ചിടുന്നുണ്ട്. ഈ കഥാപാത്രങ്ങള്‍ വെറും കടലാസ് സൃഷ്ടിയല്ല. ജീവനുള്ളതും ശ്വസിക്കുന്നതുമായ, നമ്മള്‍ പലയിടത്തും കണ്ടുമുട്ടിയവരാണ്. മുസ്‌ലിം സമൂഹം ആശയപരമായി വ്യതിചലിക്കുമ്പോഴുണ്ടാകുന്ന ദുരന്തയാഥാര്‍ഥ്യങ്ങളാണിത്. ജനനം കൊണ്ട് ആരും മ്ലേച്ഛനോ വിശിഷ്ടനോ ആകുന്നില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.


പഠനം പാതിവഴിയില്‍ നിര്‍ത്തി, പതിനെട്ടാം വയസില്‍ മറ്റൊരു കുടുംബത്തില്‍ വിവാഹം കഴിച്ചെത്തുന്ന സല്‍മയുടെ ജീവിതം മാലിന്യങ്ങള്‍ നിരന്തരം വലിച്ചെറിയപ്പെടുന്ന ഒരു നദിയുടെ ഒഴുക്ക് പോലെയെന്നാണ് നോവലില്‍ പറയുന്നത്. ജാതിമാലിന്യം മാത്രമല്ല അതില്‍ ഒഴുക്കികൊണ്ടിരിക്കുന്നത് മറിച്ച്, സ്ത്രീ ആയതിന്റെ പേരില്‍ സമൂഹം കല്‍പിച്ചു നല്‍കിയ വേതനമില്ലാത്ത തൊഴില്‍കൂമ്പാരത്തിന്റെ, യാതൊരു നിവൃത്തിയുമില്ലാതെ പഠനമുപേക്ഷിക്കേണ്ടി വന്നതിന്റെ, ഒറ്റപ്പെടുത്തലിന്റെ, കുറ്റപ്പെടുത്തലിന്റെ പലജാതി നിറത്തിലുള്ള മാലിന്യങ്ങള്‍ ആ നദിയിലൊലിച്ചിറങ്ങുന്നു.

നോവലിലെ നായകന്‍ തൊഴില്‍ തേടിയെത്തുന്നത് സൗദിയിലാണ്. സ്വദേശിവത്കരണത്തില്‍ കുടുങ്ങിയ പ്രവാസികളുടെ അമര്‍ത്തിപ്പിടിച്ചദിനക്കാഴ്ചകളും നോവലില്‍ പല സ്ഥലങ്ങളിലായി അടയാളപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ തൊഴിലിന്റെ, ജാതിയുടെ പേരില്‍ മനുഷ്യനിലുറഞ്ഞുപോയ അസമത്വത്തിനെതിരെയുള്ള ഒരു സമരമാണീ നോവല്‍. പടര്‍ത്തിയൊഴുക്കാനുള്ള പദാര്‍ഥങ്ങള്‍ ഉണ്ടായിട്ടും പലയിടത്തും ചുരുക്കിക്കളഞ്ഞത് പറച്ചിലിന്റെ ഭംഗിയെ ബാധിച്ചിട്ടുണ്ടെങ്കിലും, ലളിതഭാഷയില്‍ ചുരുങ്ങിയ താളുകളില്‍ ഒരു സങ്കീര്‍ണ്ണബോധത്തെ ഇഴപിരിച്ചിട്ടതിന് എഴുത്തുകാരി അങ്ങേയറ്റം അഭിനന്ദനമര്‍ഹിക്കുന്നു.


ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിന്റെ അവതാരിക എഴുതിയിരിക്കുന്നത് വി.കെ ശ്രീരാമനാണ്. 2017-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം നാല് പതിപ്പ് പുറത്തിറക്കിയിരിക്കുന്നു.


TAGS :