Quantcast
MediaOne Logo

വിനീത വിജയൻ

Published: 29 Sep 2023 12:40 PM GMT

ജീവിതത്തിനും കഥയ്ക്കും അപ്പുറം: കണ്ണൂര്‍ സ്‌ക്വാഡ്

ചിത്രീകരണ മികവിലും, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും, കഥയുടെ പരിചരണത്തിലും വ്യത്യസ്തത അനുഭവിപ്പിക്കാന്‍ ചലച്ചിത്രത്തിന് സാധിക്കുന്നുണ്ട്. മുന്‍പേ വന്നവയില്‍ നിന്നും വ്യത്യസ്തമാവുക എന്നത് കുറ്റാന്വേഷണ, പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

ജീവിതത്തിനും കഥയ്ക്കും അപ്പുറം: കണ്ണൂര്‍ സ്‌ക്വാഡ്
X

നന്‍പകല്‍ നേരത്തെ മയക്കത്തിന് കാത്തിരുന്നതുപോലെ മലയാളി പ്രേക്ഷകര്‍ ഈയടുത്ത വര്‍ഷങ്ങളില്‍ മറ്റൊരു സിനിമയ്ക്കും കാത്തിരുന്നിട്ടില്ല. റോഷാക്ക് എന്ന പേരില്‍ തന്നെ തുടങ്ങുന്ന പുതുമയും പ്രേക്ഷക പ്രതീക്ഷ മുന്‍കൂര്‍ നേടിയ ചിത്രം. അവരുടെ കാത്തിരിപ്പും പ്രതീക്ഷയും അക്ഷരാര്‍ഥത്തില്‍ സാര്‍ത്ഥകമാക്കിയ മമ്മൂട്ടിക്കമ്പനിയില്‍ നിന്നു വരുന്ന മൂന്നാം ചിത്രം. മമ്മൂട്ടിച്ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്' വരുന്നത് അത്തരം കാത്തിരിപ്പുകളുടെയോ പ്രതീക്ഷകളുടെയോ അന്ത്യത്തില്‍ അല്ല. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാഥാര്‍ഥ ജീവിതത്തില്‍ നിന്നും സംഭവങ്ങളില്‍ നിന്നും രൂപപ്പെടുത്തിയ ഒന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ.

തൃക്കരിപ്പൂര്‍ സ്വദേശിയായ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ രണ്ട് യുവാക്കളുടെ പിന്നാലെ അവരെ പിടികൂടുന്നതുവരെ സംഘം 16 ദിവസങ്ങളിലായി 6,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഈ യാത്രയാണ് 10 ദിവസങ്ങള്‍, 3000 കിലോമീറ്റര്‍ ദൂരം പിന്നിട്ട് പൂര്‍ത്തിയാക്കുന്ന ദൗത്യമായി കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയമായിരിക്കുന്നത്.

'കണ്ണൂര്‍ സ്‌ക്വാഡ് 'എന്നറിയപ്പെടുന്നത് 2007 മുതല്‍ 2017വരെയുള്ള ഒരു ദശാബ്ദത്തോളം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ക്രിമിനല്‍ സംഘങ്ങളെ വേട്ടയാടിപ്പിടിച്ച കേരളാ പൊലീസിലെ ഐതിഹാസിക അന്വേഷണ സംഘമാണ്. കശ്മീരിലേക്കുള്ള തീവ്രവാദ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പാശ്ചാത്തലത്തില്‍ ആണ് ഈ ടീമിന്റെ രൂപീകരണം. അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ മാത്യു ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റാഫി അഹമ്മദ്, പി. വിനോദ് കുമാര്‍, കെ. മനോജ് കുമാര്‍, സി.കെ രാജശേഖരന്‍, റെജി സ്‌കറിയ, സി സുനില്‍ കുമാര്‍, കെ. ജയരാജന്‍ എന്നീ ഉദ്യോഗസ്ഥരാണ് യഥാര്‍ഥ കണ്ണൂര്‍ സ്‌ക്വാഡിലുണ്ടായിരുന്നത്. അക്കാലങ്ങളില്‍ പൊലീസ് അന്വേഷണം വഴിമുട്ടുന്ന സാഹചര്യങ്ങളില്‍ അവസാന ആശ്രയമായി മാറിയിരുന്നത് ഈ കണ്ണൂര്‍ സ്‌ക്വാഡായിരുന്നു.

2013 ആഗസ്റ്റില്‍ തൃക്കരിപ്പൂരില്‍ നടന്ന സലാം ഹാജി കൊലക്കേസ് പ്രതികളെ പിടികൂടാന്‍ നടത്തിയ വേട്ടയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിന്റെ ഏറ്റവും അപകടകരവും ആവേശകരവുമായ ദൗത്യം. തൃക്കരിപ്പൂര്‍ സ്വദേശിയായ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ രണ്ട് യുവാക്കളുടെ പിന്നാലെ അവരെ പിടികൂടുന്നതുവരെ സംഘം 16 ദിവസങ്ങളിലായി 6,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഈ യാത്രയാണ് 10 ദിവസങ്ങള്‍, 3000 കിലോമീറ്റര്‍ ദൂരം പിന്നിട്ട് പൂര്‍ത്തിയാക്കുന്ന ദൗത്യമായി കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയമായിരിക്കുന്നത്.

58 വയസ്സുള്ള അബ്ദുള്‍ സലാം ഹാജി, 2013 ആഗസ്റ്റ് 4-ന് തന്റെ വീട്ടില്‍ നടന്ന കൊള്ളയുടെ ഭാഗമായി കൊല്ലപ്പെട്ടു. നിരീക്ഷണ കാമറകള്‍, റിമോട്ട് നിയന്ത്രിത ഗേറ്റുകള്‍, സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന വാതിലുകള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. എന്നിട്ടും അത് സംഭവിച്ചു. ഇവരുടെ വീട്ടില്‍ കയറിയ അക്രമി സംഘം ഹാജിയെയും ഭാര്യയെയും മക്കളെയും കെട്ടിയിട്ടു. ഹാജിയെ കുത്തിക്കൊലപ്പെടുത്തുന്നതിന് മുമ്പ് കൊള്ള നടത്തിയ അക്രമികള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. നിരീക്ഷണ കാമറകള്‍ പോലും നശിപ്പിച്ച് ആസൂത്രണം ചെയ്യുന്നതില്‍ അവര്‍ അതീവ ശ്രദ്ധാലുക്കളായിരുന്നൂ. എന്നിട്ടും അവരില്‍ ഒരാള്‍ ഉപേക്ഷിച്ച കയ്യുറയ്ക്കുള്ളിലെ വിയര്‍പ്പില്‍ നിന്നുള്ള ഡി.എന്‍.എ സാമ്പിള്‍ വിലപ്പെട്ട തെളിവായി.


പ്രതികളായ അസ്ഗറും ഷിഹാബും ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്ക് പലായനം ചെയ്തു. ഒരു സുഹൃത്ത് അവരെ സഹായിച്ചു. സ്‌ക്വാഡ് കാണ്‍പൂരിലേക്ക് അവരെ പിന്തുടര്‍ന്നെങ്കിലും ഇരുവരും മൊബൈല്‍ ഫോണ്‍ മാറ്റി ലാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. വിവാഹ ബ്രോക്കര്‍മാരുടെയും തൊഴിലാളികളുടെയും വേഷത്തില്‍ പ്രതികള്‍ക്കായി ഉദ്യോഗസ്ഥര്‍ നഗരത്തില്‍ തിരച്ചില്‍ നടത്തി. തുടര്‍ന്ന് നേപ്പാളിലേക്കുള്ള വഴിയില്‍ വെച്ച് സംഘം അവരെ പിടികൂടി. ഇതാണ് സലാം ഹാജി കൊലക്കേസിന് പിന്നിലെ യഥാര്‍ത്ഥ കഥ. ജീവിതത്തില്‍ സംഭവിച്ചത് സിനിമയിലേക്ക് വരുമ്പോള്‍ കൃത്യമായ ചേരുവകള്‍ ചേര്‍ത്തും കുറയ്‌ക്കേണ്ടവ കുറച്ചും തന്നെ ജീവിതം ചോര്‍ന്നുപോകാത്ത ത്രില്ലര്‍ ചലച്ചിത്രമായി അതിനെ പാകപ്പെടുത്തിയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

കോളിളക്കം സൃഷ്ടിച്ച സലാം ഹാജി കൊലക്കേസും അതില്‍ കണ്ണൂര്‍ സ്‌ക്വാഡ് നടത്തിയ ത്രസിപ്പിക്കുന്ന അന്വേഷണവും അടങ്ങുന്ന യഥാര്‍ത്ഥ ജീവിതത്തെ ഒരു ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തുമ്പോള്‍ ഒരു നവാഗത സംവിധായകന്‍ ചെയ്തിട്ടുള്ള അധ്വാനം അത്ര ചെറുതല്ല എന്ന് തെളിയിച്ചു കഴിഞ്ഞു ഈ സിനിമ. റോബി ഡേവിഡ് രാജിന്റെ സംവിധായക മികവിന് ബലം നല്‍കിയത് ഷാഫിയുടെ കഥയാണ്. റോബിയുടെ സഹോദരന്‍, സ്‌ക്വാഡിലെ നാലുപേരില്‍ ഒരാളായി അഭിനയിക്കുക കൂടി ചെയ്ത നടന്‍ റോണി ഡേവിഡ് രാജും ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോണിയെ കൂടാതെ മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനൊപ്പം ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരും ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന് ജീവന്‍ പകരുന്നത്.

മനുഷ്യരുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന അവരറിയാതെ ത്രസിപ്പിക്കുന്ന മനഃശാസ്ത്ര ഘടകത്തെ കലാപരവും എന്നാല്‍, പുറമേക്ക് ഒട്ടും പ്രത്യക്ഷമാവാത്ത രീതിയിലും സിനിമ ഉപയോഗിക്കുന്നുണ്ട്. വയലന്‍സിന്റെ അതിപ്രസരം ഇല്ല, എന്നാലതിന്റെ ഭീകരതമുഴുവന്‍ അനുഭവപ്പെടുന്നുമുണ്ട് സിനിമയില്‍.

ചിത്രീകരണ മികവിലും, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും, കഥയുടെ പരിചരണത്തിലും വ്യത്യസ്തത അനുഭവിപ്പിക്കാന്‍ ചലച്ചിത്രത്തിന് സാധിക്കുന്നുണ്ട്. മുന്‍പേ വന്നവയില്‍ നിന്നും വ്യത്യസ്തമാവുക എന്നത് കുറ്റാന്വേഷണ, പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഒട്ടനവധി മികച്ച പൊലീസ് കഥാപാത്രങ്ങളെ മുന്‍കാലങ്ങളില്‍ തന്നിലൂടെ വെള്ളിത്തിരയില്‍ എത്തിച്ച മമ്മൂട്ടി എന്ന നായകനടന് തന്നില്‍ നിന്നുതന്നെ വ്യത്യസ്തനാവുക എന്നതും അതുപോലെ തന്നെ വെല്ലുവിളിയാണ്. ഈ രണ്ടു വെല്ലുവിളികളിലും കണ്ണൂര്‍ സ്‌ക്വാഡിന് സാമ്യതകളെ കവിഞ്ഞ വ്യതിരിക്തത അനുഭവപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷക മനഃശാസ്ത്രത്തിന്റെ അദൃശ്യ അടരുകള്‍

പ്രത്യക്ഷത്തില്‍ മനഃശാസ്ത്രപരമായ പ്രമേയം അല്ല ചലച്ചിത്രം കൈകാര്യം ചെയ്യുന്നത്. എന്നാല്‍, പ്രേക്ഷക മനഃശാസ്ത്രം സൂക്ഷ്മമായി മനസ്സിലാക്കി തന്നെയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ ചെയ്യാനോ അത്തരം കാര്യങ്ങളില്‍ ഭാഗമാകാനോ ഉള്ള പ്രേരണകളില്‍ നിന്ന് ബഹു ഭൂരിപക്ഷം മനുഷ്യരും ഒഴിഞ്ഞു നില്‍ക്കുന്നത് വ്യവസ്ഥയോടുള്ള ഭയവും പരിണിതഫലത്തെ കുറിച്ചുള്ള ബോധവും കൊണ്ടാണ്. അതിനെയെല്ലാം മറികടന്നുള്ള മനോനിലയില്‍ എത്തുന്നവര്‍ ആണ് കുറ്റം ചെയ്യുന്നവരാവുക. അത്തരത്തില്‍ ചെയ്യപ്പെടുന്ന ഒരു ക്രൂരകൃത്യം ദൃശ്യാവിഷ്‌കാരത്തിലൂടെ തിരശ്ശീലയില്‍ പ്രത്യക്ഷമാവുമ്പോള്‍ പ്രേക്ഷകനില്‍ അഡ്രിനാലിന്‍ റഷ് ഉണ്ടാക്കും വിധമുള്ള ക്രൂരതയുടെ അവതരണം (crime detailing) സംവിധായകന്‍ ഈ സിനിമയില്‍ നടത്തുന്നുണ്ട്. മനുഷ്യരുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന അവരറിയാതെ ത്രസിപ്പിക്കുന്ന ഈ മനഃശാസ്ത്ര ഘടകത്തെ കലാപരവും എന്നാല്‍, പുറമേക്ക് ഒട്ടും പ്രത്യക്ഷമാവാത്ത രീതിയിലും സിനിമ ഉപയോഗിക്കുന്നുണ്ട്. വയലന്‍സിന്റെ അതിപ്രസരം ഇല്ല, എന്നാലതിന്റെ ഭീകരതമുഴുവന്‍ അനുഭവപ്പെടുന്നുമുണ്ട് സിനിമയില്‍.


കണ്ണൂര്‍ സ്‌ക്വാഡ് എന്ന ടീമിന്റെ രീതിഭാവങ്ങള്‍ പ്രേക്ഷകന് പരിചയപ്പെടുത്തുന്ന ആമുഖ കഥാരംഗത്ത് തന്നെ (sub intro sequence) അഴുകിയ മൃതദേഹ അവശിഷ്ടം മുഖത്ത് വീഴുന്ന ഒരുവന്റെ അസ്വസ്ഥത ഉണ്ടാക്കുന്ന അലറലുണ്ട്. ഒപ്പം കണ്ണടച്ച്, അല്ലെങ്കില്‍ മുഖം തിരിച്ചു കാണേണ്ടി വരുന്ന അത്ര വികൃതമായ മൃതദേഹദൃശ്യങ്ങള്‍ (സാധാരണ ഗതിയില്‍ ബ്ലര്‍ ചെയ്ത് കാണിക്കാറുള്ളത് പോലും ഒഴിവാക്കി) അതിസമീപദൃശ്യമായി കാണിക്കുന്നു. പിന്നീടത് മുഖ്യകഥയിലെ അന്വേഷണത്തിന് ആസ്പദമായ അക്രമത്തിന്റെ ദൃശ്യത്തിലേക്ക് എത്തുമ്പോള്‍ ചുടുചോര ചീറ്റുന്ന പിടച്ചിലും ക്രൗര്യവും അതിന്റെ പാരമ്യത്തിലേക്ക് എത്തുന്നു. അവിടെ വെച്ച് പ്രേക്ഷകനില്‍ ആദ്യഭാഗത്ത് സൃഷ്ടിക്കപ്പെട്ട കുറ്റകൃത്യം കാണുന്നവന് ലഭിക്കുന്ന നിഗൂഢമായ വിപരീത ആനന്ദം പ്രേക്ഷകനില്‍ നിന്നൊഴിഞ്ഞു പോവുകയും അവിടെ ഭയം നിറയുകയും ചെയ്യുന്നു.

ഗഹനമായ ഒരു ഗണിത പ്രശ്‌നം പരിഹരിക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു പസില്‍ അഴിച്ചെടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയുടെ തേടലിലേക്ക് അയഞ്ഞ താളത്തില്‍ ആണ് സിനിമയുടെ മൂന്നാം ഘട്ടം തുടങ്ങുന്നത്. കുറ്റവാളികള്‍ ആരെന്ന് ആദ്യമേ തിരിച്ചറിയുന്നത് കഥയുടെ മുന്നോട്ട് പോക്കിനെ അത് തടയുമോ എന്ന് കഥയ്ക്ക് പുറത്ത് നിന്ന് നോക്കുന്ന പ്രേക്ഷകന് സംശയം തോന്നാം ഈ ഘട്ടത്തില്‍. അവിടം മുതല്‍ കണ്ണൂര്‍ സ്‌ക്വാഡ് ഒരു കുറ്റാന്വേഷണ കഥയല്ല എന്ന് ബോധ്യം വരും. കുറ്റവാളി ആരെന്നു കൃത്യമായി അറിഞ്ഞശേഷം അവരെ പിന്തുടര്‍ന്നു പിടിക്കാന്‍ ഉള്ള വേട്ടനായ്ക്കളായി ഭരണകൂടത്താല്‍ നിയോഗിക്കപ്പെട്ട ആ നാല്‍വര്‍ സംഘവും അവരുടെ വാഹനവും, പിന്നീട് യാത്ര ചെയ്യുന്ന പത്ത് ദിവസങ്ങള്‍ അയഞ്ഞങ്ങനെ തുടങ്ങി നിമിഷം പ്രതി മുറുകി മുറുകി ത്രസിപ്പിക്കുന്ന ഒരു ആന്തര താളത്തില്‍ കൊട്ടിക്കയറുന്നു. ആ യാത്രയില്‍ പ്രതീക്ഷക്കും ഭാവനയ്ക്കും അപ്പുറം നില്‍ക്കുന്ന ചില ആശ്ചര്യ നിമിഷങ്ങളി (wow moments) ലൂടെ സിനിമ കടന്നു പോകുന്നുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡിലെ പെണ്ണുങ്ങള്‍

കണ്ണൂര്‍ സ്‌ക്വാഡ് പൂര്‍ണ്ണമായും ഒരു പുരുഷ സ്‌ക്വാഡ് ആണ്. ചലച്ചിത്രത്തിന്റെ പരിചരണത്തിലോ പങ്കാളിത്തത്തിലോ സ്ത്രീക്ക് പ്രാധാന്യമില്ല. സ്ത്രീപക്ഷ ആഖ്യാനവും അല്ല. ഇരയാക്കപ്പെടുന്ന സ്ത്രീയും കുറ്റവാളികള്‍ക്ക് വേണ്ടി ആയുധം എടുക്കുന്ന സ്ത്രീയും ഒരേസമയം ഈ സിനിമയിലുണ്ട്. എന്നാല്‍, ഒന്നുറപ്പിച്ച് പറയാം, ഈ ചലച്ചിത്രത്തെ ജനപ്രിയമാക്കുവാന്‍ പോകുന്ന ഏറ്റവും പ്രധാന പ്രേക്ഷകര്‍ സ്ത്രീകള്‍ ആയിരിക്കും. പിതൃമേധാവിത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ തങ്ങളുടെ നിലനില്‍പ്പും സുരക്ഷയും സാമൂഹ്യനീതിയുടെ നിലനില്‍പ്പിലാണ് എന്നതിനാല്‍ അത് പുലര്‍ന്നു കാണണം എന്ന് പുരുഷന്മാരേക്കാള്‍ ആഗ്രഹിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. നിയമ വാഴ്ചയിലേക്ക് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന ഈ സംഘം അതുകൊണ്ട് തന്നെ, അവര്‍ക്ക് അധിക സന്തോഷം നല്‍കും.

പൊലീസുകാര്‍ സിസ്റ്റത്തിന്റെ ഭാഗവും വ്യവസ്ഥയുടെ കാത്തുസൂക്ഷിപ്പുകാരും ആവുമ്പോള്‍ തന്നെ അവര്‍ മനുഷ്യരും കൂടി ആണെന്നും അവര്‍ അര്‍ഹിക്കുന്ന പരിഗണന തിരികെ നല്‍കാന്‍ നാം ബാധ്യസ്ഥരാണ് എന്നും പറയാതെ പറഞ്ഞു കൊണ്ട് സിനിമ അവസാനിക്കുന്നു. ഉദ്വേഗവും ആകാംക്ഷയും വൈകാരിക ഏറ്റിറക്കങ്ങളും എല്ലാം ചേര്‍ന്ന മികച്ച ചലച്ചിത്ര അനുഭവം തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

ഈ ചലച്ചിത്രത്തില്‍ കൊലചെയ്യപ്പെട്ട ആളേക്കാള്‍ നീതി അര്‍ഹിക്കുന്നത് എന്ന് പ്രേക്ഷകര്‍ക്ക് തോന്നിക്കുന്നത് ക്രൂര ബലാത്സംഗത്തിന് ഇരയാവുന്ന അയാളുടെ മകളാണ്. സാധാരണ മലയാള സിനിമയില്‍ ഇരയുടെ കുതറലോ നഗ്‌നതയോ ബലാത്സംഗം ചെയ്യുന്ന ആളുടെ സ്ഥൂലശരീരമോ, സമീപ മുഖദൃശ്യങ്ങളോ ഒക്കെയാണ് ബലാത്സംഗ രംഗങ്ങളില്‍ ചിത്രീകരിക്കുക. അത്തരം രംഗങ്ങളുടെ ഉള്ളടക്കം കുടുംബ പ്രേക്ഷകരെ തീയറ്ററില്‍ എത്തിക്കുന്നത് തടയും എന്നറിയുന്ന സംവിധായകനോ തിരക്കഥാകൃത്തോ ബുദ്ധിപരമായി അതൊഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ആ കാഴ്ച കാണേണ്ടി വരുന്ന അച്ഛന്റെ തീവ്രവേദനയും, തല തല്ലിക്കരച്ചിലും ദൈന്യവും ചിത്രീകരിച്ചുകൊണ്ട്, ഭയത്തെ മറികടന്ന് അനീതിയെയും, അപരാധത്തെ വെറുക്കുകയും അത് ചെയ്യുന്നവര്‍ക്ക് ശിക്ഷ കിട്ടണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരായി സ്വയം പ്രതിനിധാനം ചെയ്യാന്‍ പ്രേക്ഷകനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ അവസാന രംഗം വരെ ആ വികാരം കാഴ്ചക്കാരില്‍ നിലനിര്‍ത്താനും സാധിക്കുന്നു. ഇങ്ങനെ പ്രേക്ഷകന്‍ അറിയാതെ അവനുള്ളിലെ മനഃശാസ്ത്ര ഘടകങ്ങളെ ഉണര്‍ത്തുകയും ഉദ്ധീപിപ്പിക്കുകയും ഉദ്ദേശിച്ച ഇടത്ത് കൊണ്ടെത്തിക്കുകയും ചെയ്യാന്‍ ഉള്ള കൈയടക്കം കഥാകൃത്തും സംവിധായകനും ആര്‍ജ്ജിച്ചിരിക്കുന്നൂ എന്നത് എടുത്ത് തന്നെ പറയേണ്ടിയിരിക്കുന്നു.

അഴിമതിക്ക്, അഴി മതിയോ?

ചിത്രത്തിന്റെ തുടക്കം മുതല്‍ക്ക് അവസാനം വരെ കഥയെ തൊട്ടുനില്‍ക്കുന്ന ഒരു വൈകാരിക വിഷയമായി അഴിമതി കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഭരണകൂടത്തിന് മേല്‍ സാധാരണ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാവുന്ന വിശ്വാസനഷ്ടം മൂലം ഇരുകൂട്ടരും ബാധിതര്‍ (affected) ആവുന്നതിന്റെ ദുരന്തം കലാത്മകമായിത്തന്നെ ചിത്രത്തിലൂടെ വെളിവാക്കപ്പെടുന്നൂ. അഴി കൊണ്ട് മാത്രം അഴിക്കപ്പെടാവുന്ന കുരുക്കല്ല അതെന്നാന് സിനിമ പറഞ്ഞു വെയ്ക്കുന്നത്. അതിനുള്ള പരിഹാരം അടിത്തട്ടില്‍ നിന്നല്ല, മുകളറ്റത്ത് നിന്നാണ് തുടങ്ങേണ്ടത് എന്ന് ഓര്‍മിപ്പിക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ പരിചയ സമ്പന്നതയും അഭിനേതാവ് എന്ന നിലയില്‍ ഇക്കാലം കൊണ്ട് മമ്മൂട്ടി എന്ന നടന്‍ നേടിയ കയ്യടക്കവും ചിത്രത്തിന് ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. തെളിവുകളല്ല, വര്‍ഷങ്ങള്‍ കൊണ്ട് തന്റെ തൊഴില്‍ ഇടത്ത് ജോര്‍ജ് നേടിയ അനുഭവങ്ങളിലൂടെ, അതില്‍ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങളില്‍ നിന്നാണ് സാധ്യതകളെയും വഴികളേയും അയാളും കണ്ണൂര്‍ സ്‌ക്വാഡും നിശ്ചയിക്കുന്നത്. ആ വഴിയേ അതിന്റെ ചൂടും പെരുക്കവും സംഘര്‍ഷവും കണ്ണീരും കുഞ്ഞു സന്തോഷങ്ങളും എല്ലാം പങ്കിട്ടുകൊണ്ട് തന്നെയാണ് പ്രേക്ഷകനെ ഒപ്പം കൂട്ടുന്നത്. അതുകൊണ്ടാണ് നിമിഷ നേരത്തെ വിടുതലിന് പോലും സാധ്യത നിഷേധിച്ചുകൊണ്ട് പ്രേക്ഷകര്‍ അവര്‍ക്ക് അനുയാത്ര ചെയ്യുന്നത്.

അതിമാനുഷിക സംഘട്ടനങ്ങളില്ല, അമിത പ്രതീക്ഷയുടെ ഭാരമില്ല, അപ്രതീക്ഷിത വഴിത്തിരിവുകളോടെ സംതൃപ്തമായ പര്യവസാനം നല്‍കുന്നുമുണ്ട് കണ്ണൂര്‍ സ്‌ക്വാഡ്. കഥയില്‍ ഒരിടത്ത് നായകനായ ജോര്‍ജ് പറയുന്നുണ്ട്, 'ഞങ്ങള്‍ മനുഷ്യര്‍ മാത്രമല്ലല്ലോ, പൊലീസുകാര്‍ കൂടിയല്ലേ?', പൊലീസുകാര്‍ സിസ്റ്റത്തിന്റെ ഭാഗവും വ്യവസ്ഥയുടെ കാത്തുസൂക്ഷിപ്പുകാരും ആവുമ്പോള്‍ തന്നെ അവര്‍ മനുഷ്യരും കൂടി ആണെന്നും അവര്‍ അര്‍ഹിക്കുന്ന പരിഗണന തിരികെ നല്‍കാന്‍ നാം ബാധ്യസ്ഥരാണ് എന്നും പറയാതെ പറഞ്ഞു കൊണ്ട് സിനിമ അവസാനിക്കുന്നു. ഉദ്വേഗവും ആകാംക്ഷയും വൈകാരിക ഏറ്റിറക്കങ്ങളും എല്ലാം ചേര്‍ന്ന മികച്ച ചലച്ചിത്ര അനുഭവം തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ്.


TAGS :