Quantcast
MediaOne Logo

അബൂബക്കര്‍ എം.എ

Published: 31 March 2023 4:38 AM GMT

മനുഷ്യബന്ധങ്ങളെ വര്‍ണാഭമാക്കിയ 'ഭൂമി'ക്കാഴ്ചകള്‍

ദുരന്തമുഖത്ത് 'മാനുഷിക പ്രതിരോധത്തിന്റെയും സര്‍ഗാത്മകതയുടെയും' ഒരു പ്രതിരൂപമായി, 'ഭൂമി', കൊച്ചി മുസിരിസ് ബിനാലെയിലേക്ക് കടന്നുവരുമ്പോള്‍, സമൂഹവും ഭൂമിയും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ 'പുനര്‍നിര്‍മിക്കാന്‍' ശ്രമിക്കുന്നു.

കൊച്ചി ബിനാലെ
X

നഗര ആഘോഷങ്ങളുടെ കാലത്ത്, കൂട്ടായ്മയില്‍ വേരുന്നിയ നമ്മുടെ അസ്ഥിത്വത്തിന്റെ നൈതിക സ്വഭാവത്തിന് അടിവരയിടാന്‍ സാമൂഹിക അതിരുകള്‍ തകര്‍ക്കപ്പെടാറുണ്ട്. ഇത്തരത്തില്‍, ആഗോളടിസ്ഥാനത്തിലുള്ള ഒത്തുകൂടലുകളുടെ ഒരു സംഗമവേദിയാണ് മുസിരിസ് ബിനാലെകള്‍. ഒരു നാടിന്റെ ആഘോഷങ്ങളും കലാസാംസ്‌കാരിക സംരംഭങ്ങളും, തദ്ദേശീയമായ കലയെയും സംസ്‌കാരിക പൈതൃകത്തെയും സംരക്ഷിക്കുന്നതിനുള്ള സാമൂഹിക ഉത്തേജകമായി പ്രവര്‍ത്തിക്കുന്നവയാണ്. ഫോര്‍ട്ടുകൊച്ചിയുടെ മനോഹരമായ ചുറ്റുപാടിന്റെ ഏതാനും ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വിന്യസിച്ചിരിക്കുന്ന ഓരോ കലാസൃഷ്ടികളും അതിനെ അടിവരയിടുന്നതാണ്. 'കല നിങ്ങള്‍ കാണുന്നതല്ല, മറ്റുള്ളവരെ കാണാന്‍ പ്രേരിപ്പിക്കുന്നതാണ് ' പ്രശസ്ത ഫ്രഞ്ച് ചരിത്ര കലാകാരനായ എഡ്ഗര്‍ ഡെഗാസിന്റെ വാക്കുകളാണിത്. മനുഷ്യമനസ്സിനെ ചിന്തിപ്പിക്കുന്ന ഒട്ടനവധി കൂതഹലങ്ങളിലേക്കുള്ള പ്രേരണകളാണ് ബിനാലയിലെ വിസ്മയക്കാഴ്ചകള്‍.

കോവിഡ് കാലത്തെ പ്രതിസന്ധികളാല്‍ നീണ്ട നാലു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ ബിനാലെയാണ് ഈ വര്‍ഷം അരങ്ങേറിയത്. യാത്രയുടെ സാധ്യതകള്‍ മങ്ങിയതോടെ നഷ്ടമായിത്തീര്‍ന്നത് ഒട്ടനവധി കലാ അനുഭവങ്ങളാണ്. കച്ചവട സാധ്യതകള്‍ക്കായി 'ബാസില്‍ ആര്‍ട്‌സ്' പോലുള്ള ആര്‍ട്ട് ഗാലറികള്‍ പുതിയ ഓണ്‍ലൈന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നുവെങ്കിലും, അതിന്റെ ഉദ്ദേശ്യപൂര്‍ണതയിലെത്താതെ മടങ്ങുന്ന കാഴ്ചയ്ക്കാണ് കലാലോകം സാക്ഷ്യം വഹിച്ചത്. അതുമാത്രമല്ല, ഡിജിറ്റല്‍ സ്‌പേസ് ഉണ്ടാക്കിയെടുത്ത പ്രലോഭനീയമായ പര്യവേഷണം ഒട്ടുമിക്ക കലാകാരന്മാരെയും പ്രതിസന്ധിയിലാക്കിയിരുന്നു.


ഉദാഹരണത്തിന്, രാഷ്ട്രീയമായ ഇടപെടലുകള്‍ കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രൂപത്തിലുള്ളതായി മാറി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഗോളവല്‍കരണത്തിന്റെ വിവിധ സാധ്യതകളെ മുതലെടുത്തുകൊണ്ട് ഏറ്റവുമധികം ജനശ്രദ്ധ നേടിയ ഒരു മേഖലയാണ് കലാലോകം. വലിയ രീതിയിലുള്ള നിക്ഷേപങ്ങള്‍, കച്ചവട സാധ്യതകളോടുകൂടിയുള്ള കലാസൃഷ്ടികള്‍, സാംസ്‌കാരിക സാമ്പത്തിക പദ്ധതികളുടെ ഭാഗമായിട്ടുള്ള മ്യൂസിയങ്ങള്‍, വ്യത്യസ്ത കലാകാരന്മാര്‍ ഒരുമിച്ചു കൂടുന്ന ഔദ്യോഗിക പദ്ധതികള്‍, മുന്നൂറില്‍പരം ബിനാലകള്‍ തുടങ്ങിയവ അതിന് കാരണമായി. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലോകത്തിന്റൈ വ്യത്യസ്ത മേഖലകളില്‍ അരങ്ങേറുന്ന ബിനാലെകള്‍. സാധാരണ ജനങ്ങളുടെ പോലും സ്വീകരണം കലയിലേക്ക് തിരിച്ചുവിടുന്ന ഒരു ആവിഷ്‌കാരം കൂടിയാണിത്. ഉദാഹരണത്തിന്, ചിലിയുടെ കലാലോകത്ത് വിപ്ലവ സാന്നിധ്യമായി, വലിയ രീതിയിലുള്ള രാഷ്ട്രീയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു കവിയാണ് റൗള്‍ സൂറിത്ത. 2016ല്‍ കൊച്ചിയില്‍ നടന്ന മുസിരിസ് ബിനാലെയില്‍ യുദ്ധക്കെടിതിയുടെയും പാലായന പ്രതിസന്ധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വലിയൊരു ഇന്‍സ്റ്റലേഷന്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. നിരവധി ദിവസം കേരളത്തില്‍ ചെലവഴിച്ചതിനുശേഷം അദ്ദേഹം തന്റെ നാട്ടിലേക്ക് മടങ്ങി. അതിനുശേഷം 2018ല്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങളൊന്നും വകവെക്കാതെ ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വേണ്ടി ഭാര്യയുമൊത്ത് കേരളത്തില്‍ വീണ്ടുമെത്തി. പലായനത്തിന്റെ ദുരിതം ലോകത്തോട് വിളിച്ചു പറഞ്ഞ്, കടല്‍ത്തീരത്ത് മരണമടഞ്ഞ സിറിയന്‍ ബാലനായ ഐലന്‍ കുര്‍ദിയായിരുന്നു ആ കലാസൃഷ്ടിയുടെ പ്രമേയം. ഒരു വലിയ വെയര്‍ഹൗസിനുള്ളില്‍, കടലിലെ ഉപ്പുവെള്ളം നിറച്ചുക്കൊണ്ട് ചെയ്ത ആ കലാസൃഷ്ടിയില്‍ സൂറിത്ത നനഞ്ഞു നില്‍ക്കുന്ന രംഗം 2016ല്‍ കലാലോകം കണ്ട ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തിയവര്‍ അതെ ഉപ്പുവെള്ളത്തില്‍ നനഞ്ഞു നിന്നുകൊണ്ട് നിഷ്‌ക്രൂരമായ യുദ്ധക്കെടുതികള്‍ക്കെതിരെ പ്രതിഷേധമറിയിക്കുകയുണ്ടായി. ആഗോള അടിസ്ഥാനത്തിലുള്ള കൊടുക്കല്‍-വാങ്ങലുകളുടെ ഒരു സര്‍ഗ്ഗ വേദിയാണ് ഓരോ മുസ്രിസ് ബിനാലെകളും. ഏതു മഹാമാരിയെയും മറികടക്കുവാനുള്ള മാനവിക സമൂഹത്തിന്റെ ആവേശമാണ് ഇത്തവണത്തെ ബിനാലെ മുദ്രാവാക്യത്തില്‍ തന്നെ ഉള്‍ക്കൊണ്ടിരിക്കുന്നത്. 'നമ്മുടെ സിരകളിലൊഴുകുന്നത് മഷിയും തീയും'- മഹാമാരിക്കാലത്തെ ദുരിത യാഥാര്‍ഥ്യങ്ങളെ അതിജയിച്ച കലാസമൂഹത്തിന്റെ പ്രതീക്ഷയത്രയും അതില്‍ അടങ്ങിയിരിക്കുന്നുവെന്ന് ഇപ്രാവശ്യത്തെ ബിനാലെ ക്യൂറെറ്റര്‍ ഷുബിഗി റാവു പറയുന്നു. പ്രതിബന്ധങ്ങളെ നിഷ്പ്രഭമാക്കി, കലയുടെ അതിര്‍വരമ്പുകളെ ഭേദിച്ച്, പ്രതീക്ഷയുടെ പാതകള്‍ തുറക്കുന്നതാണ് ബിനാലയിലെ ഓരോ കലാസൃഷ്ടികളും. വിവിധങ്ങളായ സാമൂഹിക വ്യവഹാരങ്ങളെ കൈകാര്യം ചെയ്യുന്ന ഇന്‍സ്റ്റലേഷനുകള്‍ക്കും പെയിന്റിങ്ങുകള്‍ക്കും ശില്‍പങ്ങള്‍ക്കും പുറമേ ഡിജിറ്റല്‍ കലാസൃഷ്ടികളും കലാപ്രേമികള്‍ക്ക് വേണ്ടി ഇപ്രാവശ്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കാഴ്ചകളും, ചിന്തകളും, കാഴ്ചപ്പാടുകളും വിഭാവന ചെയ്യുന്ന ബിനാലയുടെ മുഖ്യവിഷയകമായി വര്‍ത്തിക്കുന്നത് കുടിയേറ്റ പ്രതിസന്ധികളും, സ്വത്വ രാഷ്ട്രീയവും, വിഭജന ആശങ്കകളും, മഹാമാരി കെടുതികളും, ജെന്‍ഡര്‍ വ്യവഹാരങ്ങളുമൊക്കെയാണ്.


കൊച്ചി മുസിരിസ് ബിനാലെയുടെ മുഖ്യവേദികളായ ആസ്പിന്‍ വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ ഹൗസ് എന്നിവ സമ്മാനിച്ച അവ്യവസ്ഥ കാഴ്ചകള്‍ക്കിടയില്‍ ടി.കെ.എം ഹൗസ് ആനന്ദപ്രദമായ ഒരു ആശ്ചര്യം പകര്‍ന്നു നല്‍കുന്നുണ്ട്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുര്‍ജോയ് ഫൗണ്ടേഷന്റെ പിന്തുണയോടെ ഗിഡ്‌റി ബൗളി ഫൗണ്ടേഷന്‍ ഓഫ് ആര്‍ട്‌സ് നിര്‍മിച്ച വലിയ തോതിലുള്ള ഇന്‍സ്റ്റലേഷനുകളാണ് അവിടം വര്‍ണാഭമാക്കിയത്. 'ഭൂമി' എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്‍സ്റ്റലേഷനുകള്‍, മനുഷ്യബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ലോകത്തെ തന്നെയാണ് നമുക്ക് മുമ്പില്‍ തുറന്നുവെക്കുന്നത്. ആര്‍ട്ട് ബിനാലയിലെ ഒരു വലിയ ഹാളിന്റെ മുകള്‍തട്ടുമായി ബന്ധപ്പെടുത്തി, പാവകളുടെ ആകൃതിയിലും മുളയും ചണവും വൈക്കോലും കൊണ്ട് നിര്‍മിച്ച പായകളായും അവ പ്ലാറ്റ്‌ഫോമില്‍ ഘടിപ്പിച്ചിരിക്കുന്നു. മങ്ങിയ വെളിച്ചമുള്ള ഹാളിലേക്ക് പ്രവേശിക്കുമ്പോള്‍, ഇടുങ്ങിയ സ്‌പോട്ട് ലൈറ്റുകള്‍ ഇന്‍സ്റ്റലേഷനുകളിലേക്ക് വീഴുകയും, ഒരു നിഗൂഢ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി 2022ല്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സമയത്താണ് ഈ കമ്യൂണിറ്റി ആര്‍ട്ട് പ്രൊജക്റ്റ് ആരംഭിക്കുന്നത്. മാനുഷികമായ ഒറ്റപ്പെടലും സാമൂഹിക അകലവും മൂലം വിച്ഛേദിക്കപ്പെട്ട സമയത്ത്, സഹജീവികള്‍ക്ക് നേരെ സ്വാന്തനത്തിന്റെയും കരുതലിന്റെയും കൈകള്‍ നീട്ടണമെന്ന് ഇവ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. 'ഭൂമി' എന്ന പദം ഇന്‍ഡോ-ആര്യന്‍ ശാഖയില്‍പ്പെട്ടതാണ്. ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന ഈ 'ഭൂമി', അക്ഷരാര്‍ഥത്തില്‍ ഒരുമയുടെ അഖണ്ഡമായ പാരമ്പര്യത്തിന്റെ പ്രതീകമാണ്. അനിശ്ചിതത്വം അരങ്ങുവാഴുന്ന ആധുനിക കാലഘട്ടത്തില്‍, ഈ കൂട്ടായ ശ്രമങ്ങള്‍ 'ഐക്യദാര്‍ഢ്യവും ബന്ധവും' എന്ന ആശയങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ഇതിന്റെ മുഖ്യ സൃഷ്ടിപ്പുകാരില്‍ ഒരാളായ ആര്‍ട്ടിസ്റ്റ് ശാദിന്‍ വിശദീകരിക്കുന്നത്, 'പ്രപഞ്ചത്തിലെ മനുഷ്യരും മനുഷ്യേതര ജീവികളും തമ്മിലുള്ള കൂട്ടായ ബന്ധങ്ങളിലാണ് 'ഭൂമി' ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആത്മീയവും ഭൗതികവുമായ മേഖലകളെ അവര്‍ പര്യവേഷണം ചെയ്യുന്നു'. ആധുനിക സമൂഹം നിര്‍മിച്ച സാമൂഹിക-സാംസ്‌കാരിക മാറ്റത്തിരുത്തലുകളെ 'ഭൂമി' കൂലങ്കഷമായി വിലയിരുത്തുന്നുണ്ട്.


ഉത്തര്‍പ്രദേശിലെ ബാലിയയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ 'ഭൂമി'ക്ക് നിറമുണ്ടായിരുന്നുവെന്നും, എന്നാല്‍, അത് കൊച്ചിയുടെ ചാരനിറത്തിലുള്ള ഇന്റീരിയറിലെത്തിയപ്പോള്‍ ബഹിരാകാശത്തിന് അനുയോജ്യമായ ഒരു ഏകവര്‍ണ്ണാത്മക സ്വഭാവം കൈവരിച്ചുവെന്നും ശാദിന്‍ പറയുന്നു. വായുവില്‍ പൊങ്ങി കിടക്കുന്ന ഒരു സാങ്കല്‍പ്പിക സൃഷ്ടിയായിട്ടാണ് ജലാശയത്തെ ചിത്രീകരിച്ചിരിക്കുന്നത്. ജലാശയങ്ങളോടുള്ള ആധുനിക സമൂഹത്തിന്റെ മലിനകൃത സ്വഭാവത്തെയാണ് ഇവിടെ ആത്മവിചാരണക്ക് വിധേയമാക്കപ്പെടുന്നത്. നെല്‍ക്കതിരില്‍ നിര്‍മിച്ച നാല് രൂപങ്ങള്‍, പുരാതന കാലം മുതല്‍ ഇന്നുവരെയുള്ള നാട്ടുരാജക്കന്മാരുടെ സാമൂഹിക ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ഭൂമി'യില്‍ വേരൂന്നിയ അവരുടെ ആഘോഷങ്ങളും ന്യത്തവും സംഗീതവും ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിത രീതിയുമൊക്കെ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. പരമ്പരാഗത കരകൗശല-കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തെ ഓര്‍മപ്പെടുത്തുകയും, പ്രാദേശിക വസ്തുക്കളുടെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. പരമ്പരാഗതവും സമകാലികവും തമ്മിലുള്ള മങ്ങിക്കിടക്കുന്ന അതിര്‍വരമ്പുകളിലേക്ക് വെളിച്ചം വീശുക എന്ന ഉദ്യമമാണ് ഇതിലൂടെ സംഘാടകര്‍ പൂര്‍ത്തിയാക്കിയത്. ജഡികവും ഭൗതികവുമായ ബന്ധങ്ങളില്‍ ഊന്നിയ ആധുനിക സാമൂഹിക ക്രമത്തിന് നേരെയുള്ള ഓര്‍മപ്പെടുത്തലുകളാണ് ഭൂമിയിലെ ഓരോ കലാസൃഷ്ടികളും. ദുരന്തമുഖത്ത് 'മാനുഷിക പ്രതിരോധത്തിന്റെയും സര്‍ഗാത്മകതയുടെയും' ഒരു പ്രതിരൂപമായി, 'ഭൂമി', കൊച്ചി മുസിരിസ് ബിനാലെയിലേക്ക് കടന്നുവരുമ്പോള്‍, സമൂഹവും ഭൂമിയും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ 'പുനര്‍നിര്‍മിക്കാന്‍' ശ്രമിക്കുന്നു. വൈവിധ്യത്തിന്റെ സഹവര്‍ത്തിത്വം ഭൂമിയിലെ അതിജീവനത്തിനും നിലനില്‍പ്പിനുമുള്ള ഒരു അത്യന്താപേക്ഷിത മാര്‍ഗമാണെന്നുള്ള ചിന്തയോടുകൂടിയാണ് ഓരോ കാഴ്ചക്കാരനും അവിടം വിട്ടിറങ്ങുന്നത്.

സമ്മിശ്രമായ പ്രതികരണങ്ങളും വിമര്‍ശനങ്ങളും വ്യത്യസ്ത വിഭാഗങ്ങള്‍ ഉയര്‍ത്തിയ ആശങ്കകളും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കലാ വ്യവഹാരത്തിന്റെ ഈറ്റില്ലമായ കൊച്ചി ബിനാലെയുടെ ജനായത്തവല്‍കണത്തെക്കുറിച്ചും ഗ്രാമ്യവല്‍കരണത്തെക്കുറിച്ചും വിമര്‍ശന വീക്ഷണങ്ങള്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍, വൈരുധ്യാത്മക വ്യവഹാരങ്ങള്‍ ചിത്രീകരിക്കുന്നതായി കാണാം. കൂടാതെ, പ്രദര്‍ശന സംവിധാനത്തിന്റെ ഉള്‍ക്കൊള്ളലും പുറന്തള്ളലും പകര്‍ച്ചകളും ചെറുകലാ പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും അവസരങ്ങള്‍ ഉണ്ടായില്ല എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പുതിയതും ആസ്വാദ്യകരവും വൈവിധ്യവും നിറഞ്ഞ കലാസൃഷ്ടികളെയും പ്രതിനിധാനങ്ങളെയും ഉള്‍പ്പെടുത്തുകയും പകര്‍ന്നു നല്‍കുകയും ചെയ്യുന്ന വിധം കൊച്ചിയുടെ, കേരളത്തിന്റെ സ്വന്തം ബിനാലെ അതിന്റെ കലാതത്വപരമായ നൈതികതയെ കാത്തുസൂക്ഷിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. കലയുടെ വ്യത്യസ്ത സാധ്യതകളെ അന്വേഷണം ചെയ്യുന്നതിനോടൊപ്പം തന്നെ അതിലടങ്ങിയിരിക്കുന്ന വൈരുധ്യാത്മക വ്യവഹാരങ്ങളെ കൂടി മനസ്സിലാക്കുന്ന തരത്തിലേക്ക് അത് മാറേണ്ടതുണ്ട്.



TAGS :