MediaOne Logo

സുധനി ശശികുമാര്‍

Published: 17 April 2023 11:37 AM GMT

കനവിലെ കവിതയുടെ കടലാഴങ്ങളിലൂടെ

നീതി നിഷേധിക്കപ്പെടുന്നവര്‍ക്കായി മുറവിളികൂട്ടുന്നവര്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടു നിശബ്ദരാകുന്ന കാഴ്ചകള്‍ നാം നിത്യം കാണുന്നതാണ്. ധര്‍മം കൊണ്ട് ധീരരാകുവിന്‍ എന്ന് കവയിത്രി കുറിക്കുന്നു. സജിത രഘുനാഥിന്റെ 'കനവും കടലും പിന്നെ ഈ തീരവും' കവിതാ പുസ്തകത്തിന്റെ വായന.

മലയാള കവിത
X

സജിത രഘുനാഥിന്റെ 'കനവും കടലും പിന്നെ ഈ തീരവും' പേര് പോലെ തന്നെ, കവയിത്രിയുടെ ഏറെ നാളത്തെ കനവുകള്‍ ഇവിടെ അക്ഷരക്കൂട്ടങ്ങളായി കവിതകളായി പിറക്കുന്നു. അതുപോലെ ഈ സമാഹാരത്തില്‍ കടലുപോലെ പ്രക്ഷുബ്ധമാകുന്ന ചിന്തകള്‍ തൂലിക തുമ്പിലൂടെ ആഞ്ഞടിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ ഓരോ വരിയും അനുവാചകഹൃദയങ്ങളില്‍ ഇടം പിടിക്കുന്നു. അതോടൊപ്പം പ്രണയത്തിന്റെ ഭാവങ്ങള്‍ പോലെ മെല്ലെ തലോടി വീണ്ടും വരുമെന്ന പ്രതീക്ഷ നല്‍കിപോകുന്ന തീരം വളരെ അര്‍ഥവത്തായ പേര് തന്നെ.

വൃത്ത, പ്രാസ, അലങ്കാരങ്ങളുടെ വര്‍ണ്ണപ്പൊലിമകള്‍ ഇല്ലെങ്കിലും, മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികളാണ് ഓരോ കവിതയിലും. സര്‍വേശ്വരന്റെ അനുഗ്രഹത്തിനായി, വിദ്യാവിലാസിനിയുടെ കടാക്ഷത്തിനായി കൈകൂപ്പിക്കൊണ്ട് ആരംഭിക്കുന്ന ഉണര്‍ത്തു പാട്ട് എന്ന കവിതയില്‍ തുടങ്ങുന്നു ഈ കാവ്യ സമാഹാരം. ലോക്ക്ഡൗണ്‍ എന്ന കവിതയില്‍ കൂടി കണ്ണോടിക്കുമ്പോള്‍ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ മാനവജനതയെ കൂട്ടിലടച്ച മാരകമായ കോവിഡ് കാലത്തിന്റെ ദുരിതകാഴ്ചകള്‍ക്കപ്പുറം സ്വസ്ഥമായുറങ്ങിയ വീട്ടമ്മയുടെ ചിത്രവും കോറിയിടാന്‍ കവയിത്രി ശ്രമിച്ചിട്ടുണ്ട്.

നിശാഗന്ധിയില്‍ എത്തുമ്പോള്‍, ഇരുളില്‍ വിടര്‍ന്നു കൊഴിയുന്ന സ്ത്രീജനങ്ങളുടെ ജീവിതങ്ങളാണ്, മാന്യതയുടെ മുഖംമൂടിയിട്ടവര്‍ പകല്‍വെളിച്ചത്തില്‍ വെറുപ്പോടെയും ഇരുളിന്‍ മറവില്‍ ഇഷ്ടം കൂടാനും എത്തുന്നു. നിശാഗന്ധിയെന്ന രചനയില്‍ സാമൂഹ്യ അധഃപതനത്തിന്റെ നേര്‍ക്കാഴ്ചയാണുള്ളത്. പഞ്ചേന്ദ്രിയങ്ങള്‍ എന്ന കവിതയിലൂടെ അരുതാത്തതും കൈക്കൊള്ളേണ്ടതുമായ കാര്യങ്ങള്‍ ഓര്‍മപ്പെടുത്താന്‍ കവയിത്രി ശ്രമിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.


മൗനം വാചാലതയൊളിപ്പിക്കുന്നു മറ്റു ചിലപ്പോള്‍ നിസ്സഹായതയില്‍ മൗനത്തിന്റെ കൂട്ടില്‍ ചേക്കേറുന്നു. കൂടില്ലാ പക്ഷികള്‍, ചാഞ്ഞുറങ്ങാനൊരു കൂരയില്ലാത്തവന്റെ ദയനീയമായ അവസ്ഥയും, വാര്‍ധക്യത്തില്‍. കൂടു നഷ്ടമായിപ്പോകുന്ന ജന്മങ്ങളും, ജീവിതത്തില്‍ ബാധ്യതയായി പോകുന്നവരും വസുന്ധരയുടെ മാറില്‍ വിധിവിളയാട്ടങ്ങളില്‍ കൂടില്ലാതായിപോയവരും അവരുടെ നൊമ്പരങ്ങളും വരികളില്‍ നിഴലിക്കുന്നു.

പൊള്ളായായ രാഷ്ട്രീയത്തിന്റെ വികൃത മുഖങ്ങളെയും അക്രമരാഷ്ട്രീയം എന്ന കവിതയില്‍ തുറന്നു കാട്ടുന്നു. രാഷ്ട്രീയമെന്നാല്‍ അത് രാഷ്ട്രത്തിന്റെ പുരോഗതിക്കായി കര്‍മപഥത്തില്‍ വഴി കാട്ടുവാന്‍ ആഹ്വാനം ചെയ്യുന്നു.

നീതി നിഷേധിക്കപ്പെടുന്നവര്‍ക്കായി മുറവിളികൂട്ടുന്നവര്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടു നിശബ്ദരാകുന്ന കാഴ്ചകള്‍ നാം നിത്യം കാണുന്നതാണ്. ധര്‍മം കൊണ്ട് ധീരരാകുവാന്‍ കവയിത്രി സാമൂഹ്യനീതിയില്‍ കുറിക്കുന്നു.

ബാല്യസ്മൃതികളുടെ വിഷുക്കാലത്തെ പ്പറ്റിയുള്ള മധുരസ്മൃതികളില്‍ ഇടയ്‌ക്കെപ്പോഴോ ഇന്നിന്റെ വിഷു ഒരാഘോഷം മാത്രമായി ചുരുങ്ങുന്നതിന്റെ നൊമ്പരവും കവിമനസ്സിനെ ദുഃഖിതയാക്കുന്നു. ധീര രക്തസാക്ഷി ഭഗത് സിംഗിന്റെ രക്ത സാക്ഷിത്വത്തെയും സ്മരിക്കുന്നു. ഭാരത ജനതയ്ക്ക് വഴികാട്ടിയായി ശുക്ര നക്ഷത്രമായി നീ ഉദിച്ചുയരുക എന്നു പറയുമ്പോള്‍, ഇന്നിന്റെ സാമൂഹ്യ വ്യവസ്ഥിതികളില്‍ അസ്വസ്ഥമാകുന്ന മനസ്സും നമുക്ക് കാണാം.

കവിയുടെ തൂലിക തുമ്പില്‍ വിരിഞ്ഞ ആ മാസ്മരിക ഭംഗിക്കു പ്രണയമെന്നല്ലാതെ എന്തു പറയാന്‍, മനസ്സ് മനസ്സിനെ അറിയുന്ന, ഹൃദയംകൊണ്ട് ഹൃദയത്തില്‍ അടയാളപ്പെടുത്തുന്നു, പ്രണയത്തിന്റെ സഹചാരിയായ വിരഹമോ, നഷ്ടപ്രണയമോ, ചിന്തകളില്‍ നിറയുന്നു അപ്പോഴും ഓര്‍മകളില്‍ കുളിര്‍മഴയായി പെയ്തിറങ്ങുന്നു.

സ്ത്രീയെന്നാല്‍ അടുക്കളയുടെ സൂക്ഷിപ്പുകാരിയല്ല, ഇവിടെ കൂട്ടുത്തരവാദിത്വത്തില്‍, സ്‌നേഹഹത്തിന്റെ ഏഴഴകുള്ള മോഹിപ്പിക്കുന്ന അടുക്കള, അതാണ് കവയിത്രി അനുവാചകാര്‍ക്ക് തൂലികതുമ്പിലൂടെ കാട്ടിത്തരുന്നത്.

അടുത്ത കവിതയില്‍ പ്രതിസന്ധികളെ ധീരമായി നേരിട്ടുമുന്നേറുമ്പോള്‍, ചതിയുടെ വഞ്ചനയുടെ ദുര്‍ഘടപാതകളില്‍, ശുദ്ധഹൃദയത്തിന്റെ ശക്തിയില്‍ പരിശ്രമിക്കാന്‍ പറയുന്നു. ആഴത്തില്‍ ആണ്ടുപോകുന്ന. ജീവിതവേരുകള്‍, വേനല്‍ ചൂടില്‍ കരിഞ്ഞുപോയ സ്വപ്നങ്ങള്‍, ഇനിയൊരു പുതുമഴയില്‍ വേരുകളില്‍ നിന്നും കിളിര്‍ത്തു ശക്തിപ്രാപിക്കട്ടെ ആര്‍ക്കും പിഴുതെറിയന്‍ കഴിയാത്തവണ്ണമെന്ന് കുറിക്കുന്നു 'വേരുകള്‍'.


'ജീവിതമൊരു പോര്‍ക്കളം, സ്വപ്നം എന്ന രണ്ടു കവിതയിലും നല്ല നാളെകളും സ്വപ്നങ്ങളും ഒപ്പം ജീവിതത്തില്‍ പലതും പൊരുതി നേടേണ്ട ആവശ്യകതയും കൂടി സൂചിപ്പിക്കുന്നു. സ്വപ്നങ്ങളും പ്രയത്‌നങ്ങളും മാനവ ജന്മത്തെ ലക്ഷ്യ പ്രാപ്തിയിലേക്ക് നയിക്കുന്നു. ചുരുക്കത്തില്‍ ഓരോ കവിതയും ജീവിതഗന്ധിയാണ്. അതോടൊപ്പം കാലിക പ്രാധാന്യമുള്ളവയും, പ്രിയ സുഹൃത്തിന് അക്ഷരങ്ങളുടെ ലോകത്ത് പുതിയൊരു ലോകം സൃഷ്ടിക്കുവാന്‍ വിദ്യാവിലാസിനിയുടെ കടാക്ഷം എന്നുമുണ്ടാകട്ടെ. അനുവാചക ഹൃദയങ്ങളില്‍ അടയാളപ്പെടുത്തലാകാന്‍ ഇനിയും ധാരാളം കവിതകള്‍ ജനിക്കട്ടെ.

TAGS :