Quantcast
MediaOne Logo

അമീന പി.കെ

Published: 20 April 2023 4:41 AM GMT

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ 'യജമാനത്തി'

പുരുഷന്‍, സത്രീ, ഭാര്യ, ഭര്‍ത്താവ്, വിവാഹം, വിവാഹേതരം, പ്രണയം, സംഘര്‍ഷം എന്നിങ്ങനെ ബന്ധങ്ങളിലെ ഉള്‍പ്പിരിവുകളെ ആവിഷ്‌കരിക്കുകയാണ് അനിത നായര്‍. അനിത നായരുടെ മിസ്ട്രസ് നോവല്‍ വായന.

അനിത നായരുടെ മിസ്ട്രസ്
X

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. അവന്റെ വ്യക്തിത്വവും സ്വഭാവശൈലിയും വളര്‍ന്നുവരുന്നത് സാമൂഹികവും സംസ്‌കാരികവും ആത്മീയപരവുമായ വിശ്വാസങ്ങളില്‍ നിന്നാണ്. ലോകത്തിലെ ഓരോ ഇടങ്ങളിലും ഇത്തരത്തില്‍ വ്യത്യസ്ത സ്വഭാവങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന കൊച്ചു കേരളവും അതിന്റേതായ ചില സ്വഭാവ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.

ഒരുപക്ഷേ, എന്നോ രൂപപ്പെട്ട ഇത്തരം സാംസ്‌കാരിക സവിശേഷതകളെ ഒരു വലിഞ്ഞുമുറുക്കലായി അനുഭവപ്പെട്ടേക്കാം. അതിനിടയിലകപ്പെടുന്നവരും, കെട്ടുപാടുകള്‍ പൊട്ടിച്ചെറിയാന്‍ ശ്രമിക്കുന്നവരും ഏറെയാണ്. സാമൂഹികവും സാംസ്‌കാരികവുമായ ഇത്തരം പ്രതിഭാസങ്ങളെ ചില കഥാപാത്രങ്ങളിലൂടെ പര്യവേക്ഷണം ചെയ്യുന്ന നോവലാണ് അനിത നായരുടെ മിസ്ട്രസ്.


ബന്ധങ്ങളുടെ കെട്ടുറപ്പും ഉയര്‍ച്ച താഴ്ചകളും കൈകാര്യം ചെയ്യുന്ന ഒരു സാഹിത്യരൂപമാണ് മിസ്ട്രസ് എന്ന നോവല്‍. കഥകളിയുടെ ജന്മസ്ഥലമായ കേരളത്തിനെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ള ഈ നോവലിന്റെ ഒമ്പത് അധ്യായങ്ങള്‍ നവരസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭല്‍സം, അത്ഭുതം, ശാന്തം എന്നതില്‍ നിന്നാണ് ഓരോ അധ്യായവും ആരംഭിക്കുന്നത്. ഒരോ അധ്യായത്തിലും ഓരോ രസങ്ങളുടെ വികാരങ്ങളും പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

കോമന്‍ എന്ന കഥകളി കലാകാരനില്‍ നിന്ന് തുടങ്ങുന്ന ജീവിത യാത്ര, രാധ, ശ്യാം, ലോകസഞ്ചാരിയായ ക്രിസ്റ്റഫര്‍ എന്നീ കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്നു. മിസ്ട്രസ് എന്ന ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെത്തന്നെ പുരുഷമേധാവിത്തം കൊണ്ട് രൂപപ്പെട്ട സാംസ്‌കാരിക മാനദണ്ഡങ്ങളുടെ കെണിയിലകപ്പെടുന്ന രാധ എന്ന കഥാപാത്രം തന്നെയാണ് നോവലിലെ കേന്ദ്രബിന്ദു. തന്റേതായ ഇഷ്ടങ്ങളും ലക്ഷ്യങ്ങളുമുള്ള വ്യക്തി എന്ന നിലയില്‍ രാധയെ, തുടര്‍ന്ന് പോരുന്ന സമ്പ്രദായിക ചിട്ടവട്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ പൊളിഞ്ഞു പോകുന്നത് അവളുടെ ഭൂമിയിലെ ജീവിതനിമിഷങ്ങളാണ്. സമൂഹത്തിലെ കാപട്യമായ അന്തസ്സ് എന്നത് എത്ര വിലകൊടുത്തും കാത്തുസൂക്ഷിക്കും എന്ന ചില വ്യക്തികളുടെ നിര്‍ബന്ധങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത് ഇവിടെ സ്ത്രീകള്‍ തന്നെയാണ്. വികാരാതീതനായ അച്ഛന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ രാധ സമൂഹത്തിനുമുന്നില്‍ അണിയുന്നത് തന്റേതല്ലാത്ത ഒരു വേഷമാണ്. സ്വന്തം ജീവിതം മുഴുവന്‍ ഇത്തരത്തില്‍ സമൂഹത്തിന്റെ കാപട്യം നിറഞ്ഞ അന്തസ്സ് എന്ന മുഖമറക്ക് വേണ്ടി ചിലവഴിക്കപ്പെടുമ്പോള്‍ ഓരോ ജീവിതവും അര്‍ത്ഥശ്യൂന്യമായി മാറുന്നു.


മിസ്ട്രസ് എന്ന നോവലില്‍ അനിത നായര്‍ പുരുഷമേധാവിത്വ സമൂഹം സ്ത്രീകളുടെ ജീവിതത്തില്‍ കെട്ടിപ്പടുത്ത വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് സംസ്‌കാരത്തിന്റെ ചിന്തകളെയും വിശ്വാസ വ്യവസ്ഥകളെയും പരാജയപ്പെടുത്തുന്നതോടൊപ്പം സാംസ്‌കാരിക പരിവര്‍ത്തനത്തിന്റെ ആവശ്യകതയെ ഓര്‍മപ്പെടുത്തുന്നു. രാധക്ക് തന്റെ ദാമ്പത്യ ജീവിതത്തില്‍ പരാജയപ്പെടുകയും ആരോഗ്യകരമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. എന്നാല്‍, ജീവിതത്തെക്കുറിച്ചുള്ള അവളുടെ ചിന്തകളും മൂല്യങ്ങളും അറിയിക്കുന്നതില്‍ അവള്‍ വിജയിക്കുന്നു. നല്ല വിദ്യാഭ്യാസവും സ്വപ്നങ്ങളുമുള്ള ഒരു സ്ത്രീയാണ് അവള്‍. സമൂഹത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ മൂല്യത്തെക്കുറിച്ചും അവള്‍ക്ക് നന്നായി അറിയാം. അവളുടെ ജീവിതം അച്ഛന്റെയും ഭര്‍ത്താവിന്റേയും വൈകാരികമായ ചങ്ങലയില്‍ കുരുങ്ങിക്കിടക്കുകയാണ്. കൂട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചിറകടിക്കുന്ന പക്ഷിയെപ്പോലെയാണവള്‍. എന്നാല്‍, എത്രകണ്ട് ശ്രമിച്ചാലും അവള്‍ വേലിക്കെട്ടുകളുടെ കൂട്ടില്‍ അകപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. അവള്‍ തന്നോട് തന്നെയാണ് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതീക്ഷയില്ലാത്ത പ്രണയവും ദാമ്പത്യ ജീവിതത്തിന്റെ വേദനയും വികാരങ്ങളും അവളുടെ മനസ്സില്‍ ചിതറിക്കിടന്നു. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതില്‍ പരാജിതയാവുകയാണവള്‍.

നോവലിലെ ഓരോ കഥാപാത്രങ്ങളും നാം ജീവിക്കുന്ന സമൂഹത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അത്രയ്ക്ക് പ്രാധാന്യത്തോടെ തന്നെയാണ് എല്ലാ കാഥാപാത്രങ്ങളും അവതരിക്കപ്പെട്ടിട്ടുള്ളതും. സമൂഹത്തിന്റെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇടിയില്‍ ജീവിച്ച് അത്തരം അനുഭവങ്ങളില്‍നിന്നു തന്റെ ജീവിതത്തെ സമൂഹത്തിനോടുള്ള മറുപടിപോലെയെന്നോണമാണ് ശ്യാം എന്ന കഥാപാത്രം നിലകൊള്ളുന്നത്. ദരിദ്രനായും, തന്നെ കണ്ടാല്‍ ദുശ്ശകുനമായും കണ്ട അമ്മാവന്റെ മകളെത്തന്നെ വിവാഹം കഴിക്കുന്നതിലൂടെ അത് താനനുഭവിച്ച അനീതിക്ക് മറുപടിയാവുമെന്ന തെറ്റായ കാഴ്ചപ്പാടിലൂടെയാണ് ശ്യാം സഞ്ചരിക്കുന്നത്. സമ്പത്തിലൂടെയും പലതും നേടിയെടുക്കലിലൂടെയുമാണ് അന്തസ്സ് എന്ന ലക്ഷ്യത്തിലേക്ക് അയാള്‍ എത്തുന്നത്. എന്നാല്‍, സ്വന്തം സന്തോഷങ്ങളും ഇഷ്ടങ്ങളും എന്താണെന്ന് പോലും തിരിച്ചറിയാന്‍ ഈ ജീവിത യാത്രയില്‍ അയാള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് അയാളെ പരാജിതനാക്കുന്നത്. എല്ലാം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുപോലും ഒന്നും വിട്ടുകൊടുക്കാനോ തിരുത്താനോ അയാള്‍ക്ക് സാധിക്കുന്നില്ല.

മാറുന്ന ചിന്താഗതിയും നിലനിന്നുപോരുന്ന ചില സാംസ്‌കാരിക ബോധ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് അനിത നായരുടെ ഈ സാഹിത്യ സൃഷ്ടി. എല്ലാകാലത്തും പുരുഷനില്‍ ആശ്രയിച്ചു ജീവിക്കേണ്ടവളാണ് സ്ത്രീ എന്ന കാഴ്ചപ്പാടില്‍ നിന്ന് സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്നും ഓരോരുത്തര്‍ക്കും സ്വന്തമായ ജീവിതവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ടെന്നും, വ്യവസ്ഥിതിയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കുന്നതാണ് പരാജയത്തിലേക്ക് നയിക്കുന്നത് എന്നുമാണ് ഈ സാഹിത്യകൃതി ഓര്‍മപ്പെടുത്തുന്നത്.

TAGS :