MediaOne Logo

ജിഷാനത്ത്

Published: 19 Sep 2022 3:16 PM GMT

ആത്മനൊമ്പരങ്ങളുടെ 'ഭായ് ബസാര്‍'

സ്ത്രീകളുടെ ചിന്താ സ്വാതന്ത്ര്യത്തെയും സാധ്യതകളെയും തേടിയിറങ്ങിയ പരിശ്രമത്തില്‍ ഒരു പരിധിവരെ എഴുത്തുകാരി വിജയിച്ചെന്ന് പറയാം. സ്വന്തം വ്യക്തിത്വത്തില്‍ അഭിമാനമില്ലാത്ത, ആത്മവിശ്വാസമില്ലാത്ത, വിചിത്ര സ്‌നേഹങ്ങളെ തന്റേതാക്കാന്‍ കഴിവില്ലാത്ത പ്രതിമകളാണ് മിക്ക സ്ത്രീകഥാപാത്രങ്ങളും. റീന പി.ജി എഴുതിയ 'ഭായ് ബസാര്‍' കഥാ പുസ്തകത്തിന്റെ വായന.

ആത്മനൊമ്പരങ്ങളുടെ ഭായ് ബസാര്‍
X
Listen to this Article

ഭായ് ബസാര്‍.. ഫാന്റസിയും റിയലിസവും ചേര്‍ന്ന്.. എന്നാല്‍, ഒട്ടും എക്‌സാജറേറ്റഡ് ആവാതെ ഒരു സൂപ്പര്‍ ബസാര്‍. ഫിക്ഷണല്‍ കഥാപാത്രങ്ങളെ നമുക്കു ചുറ്റുമുള്ളവരില്‍ നിന്നുതന്നെ തിരഞ്ഞെടുത്ത് പരമ്പരാഗത ഘടനയില്‍ നിന്നും തികച്ചും വ്യത്യസ്തവും ലളിതവുമായി അവതരിപ്പിച്ചിരിക്കുന്ന റീന പി.ജി എഴുതിയ 'ഭായ് ബസാര്‍' കഥാ പുസ്തകം.

'ഒരു തിരിഞ്ഞുനോട്ടം' വായിച്ചപ്പോള്‍ പൊലീസുകാരന്റെ ഭാര്യയായതിനാല്‍ ആവും പൊലീസുകാരന്റെ കുടുംബത്തിലൂടെ തന്നെ അവര്‍ അനുഭവിക്കുന്ന ത്യാഗങ്ങളും വികാരവിചാരങ്ങളും ഇത്ര ഭംഗിയായി പകര്‍ത്തിയത് എന്ന് തോന്നി. പിന്നീട് ഓരോ കഥകള്‍ വായിക്കുമ്പോഴും പുസ്തകത്തെയല്ല മനുഷ്യരെയാണ് വായിച്ചത്. ഒറ്റപ്പെട്ടവരുടെ, മാറ്റിനിര്‍ത്തിയവരുടെ, നിസ്സഹായതയുടെ, നിസംഗതയുടെ മുഖങ്ങള്‍ നമ്മളറിയാതെ തന്നെ മനസ്സില്‍ നിറയുന്നു. വായന കഴിഞ്ഞിട്ടും മനുഷ്യ മനസ്സിനെ ചിന്തിപ്പിക്കുന്ന... നൊമ്പരപ്പെടുത്തുന്ന അരുന്ധതി, നാദിറ, ഭോലാറാം, പിലാത്തോസ്, രമേശന്‍, ലോനപ്പന്‍... അങ്ങനെ പലരും ചുറ്റും തങ്ങിനില്‍ക്കുന്നു.


അഭയാര്‍ഥി ക്യാമ്പിലെ ജീവിതം, അതിഥി തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍, കാടിന്റെ കഥ, കര്‍ഫ്യൂവിന്റെ ഭീതിജനകമായ അവസ്ഥ, കോവിഡ് കാലം, മതാന്ധത, യുദ്ധക്കെടുതി, ബലിതര്‍പ്പണം, പൂരപ്പറമ്പിലെ ഉത്സവക്കാഴ്ചകള്‍, പ്രണയം, പ്രളയം, വിശപ്പ്, മാതൃത്വം, മാധ്യമ ധര്‍മം ഇവയെല്ലാം അവരിലൊരാള്‍ എഴുതുന്ന പോലെ സുപരിചിതമാക്കിത്തന്നു.

ലോകസാഹിത്യ രചനകളെ തൊട്ടുതലോടി പോകുന്ന 'രമേശിന്റെ വിശപ്പ് ' എഴുത്തുകാരിയുടെ വായനയുടെ ചരിത്രവും അനുഭവങ്ങളും അടയാളപ്പെടുത്തുന്നു. ഈ കഥയിലൂടെ എത്ര ആഴത്തില്‍ എഴുത്തുകാരി വായനയെ സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ പുസ്തകം വായിച്ചുനിര്‍ത്തിയതില്‍ നിന്നും വായനക്കാരെ വീണ്ടും വായനയുടെ പുതിയ യാത്രയിലേക്കെത്തിക്കുന്നു. ഓരോ കഥയെഴുതുമ്പോഴും ഒരെഴുത്തുകാരിക്കുണ്ടാകുന്ന സ്‌ട്രെസ്സിനോളം അത്ര തന്നെ ഒരുപക്ഷെ, അതിനേക്കാള്‍ ഏറെ ആഴത്തില്‍ ഓരോ കഥാപാത്രങ്ങളും വായനക്കാരില്‍ ഉണ്ടാക്കുന്ന സംഘര്‍ഷഭരിതമായ അവസ്ഥ ചെറുതല്ല.


പെയ്തിട്ടും പെയ്തിട്ടും തീരാത്ത അച്ഛന്റെ ഓര്‍മകളുമായി നനയുന്ന ഒരു കൊച്ചുകുട്ടിയായി എഴുത്തുകാരി മാറുന്നത് 'ഒരു തിരിഞ്ഞുനോട്ട'ത്തിലും 'ആണ്ടുബലി'യിലും, 'കാലാന്തരങ്ങളി'ലും കാണാം. കൗമാരക്കാരിയായ മകളുള്ള ഇക്കാലത്തെ ഒരു അമ്മയുടെ ആത്മസംഘര്‍ഷങ്ങള്‍... മറ്റുള്ളവര്‍ക്കു നിസാരമെന്ന് തോന്നുന്ന സ്ത്രീകളുടെ മനോവിചാരങ്ങള്‍... വളരെ വ്യക്തമായി തന്നെ 'കാലാന്തരങ്ങളി'ല്‍ പ്രതിഫലിക്കുന്നുണ്ട്. ഒപ്പം, ഒന്നുറക്കെ സംസാരിച്ചാല്‍ അമ്മയ്ക്ക് വിഷമമാവുമോ എന്ന് ചിന്തിക്കുന്ന കഴിഞ്ഞ തലമുറയെയും. ഈ കഥയില്‍ ഞാന്‍ എന്നെത്തന്നെയാണു കാണുന്നത്.

തീവ്ര പ്രണയത്തിനു മുമ്പിലെ മനുഷ്യന്റെ നിസ്സഹായതയും അര്‍ഥമില്ലായ്മയും വ്യക്തമാക്കുന്ന അന്നട്ടീച്ചറുടെ ജീവിതം, അഗാധ പ്രണയം എത്ര പറിച്ചുകളഞ്ഞാലും പോവാത്തതാണെന്ന് പറയുന്ന 'ചക്കമൊളഞ്ഞി'യിലെ നായിക, ആദമും ഹവ്വയും പോലെ അനാദികാലം തൊട്ടേ പ്രണയിക്കുകയായിരുന്ന നാദിറയും മുസാഫിറും, വിരല്‍കൊണ്ടുപോലും ഒന്ന് തൊടാതെ ഇഷ്ടത്തിന്റെ തടവറയില്‍ വെച്ച് ആരാധിച്ചു കൊണ്ടുനടന്ന ഗോമതി, പ്രണയവഞ്ചനയില്‍ മുറിവേറ്റ 'സീറോഅവറി'ലെ നായിക, മതമോ പൗരത്വമോ തെളിയിക്കേണ്ടതില്ലാതെ തന്റെ നല്ലപാതിയുടെ ആത്മാവുമായി യോജിച്ചുചേരുന്ന ഭോലാറാമിന്റെ ജീവിതം എല്ലാം കൂടി പ്രണയത്തിന്റെ പലരുപങ്ങളും ഭാവങ്ങളുമായി വായനാക്കാരുടെ മനംനിറയ്ക്കുന്നു.

മഴ പലര്‍ക്കും പലതാണ്.. ഏറ്റുവാങ്ങുന്ന മാനസികാവസ്ഥയാണ്.. മഴയുടെ കഥ കാലങ്ങള്‍ക്കും ജീവിതങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമാണ്. 'ഒരു തിരിഞ്ഞുനോട്ടത്തില്‍' മഴയുടെ കുളിരില്‍ അലിഞ്ഞില്ലാതാക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്റെ നൊമ്പരങ്ങള്‍... 'വെയില്‍പൂക്കളില്‍ ' മഴയോടൊപ്പം പെയ്തിറങ്ങിയ അധ്യാപന ജീവിതത്തിലെ ഓര്‍മകള്‍... ഇവിടെ മഴ കാലമായി മാറുന്നു. പ്രളയത്തിലൂടെ എല്ലാം തുടച്ചുനീക്കി പെയ്യുന്നമഴ അരുന്ധതിക്ക് നല്‍കിയത് തന്റെ പ്രാണപ്രിയന്റെ ജീവന്റെ തുടിപ്പാണ്. ഇവിടെ മഴ പ്രതീക്ഷയാണ്... മഴ പെയ്യുമ്പോള്‍ അവളുടെ ഹൃദയത്തില്‍ അവന്റെ ഓര്‍മകളും പെയ്യും. 'രമേശിന്റെ വിശപ്പില്‍ ' പ്രകൃതി ദുരന്തമായി വന്ന മഴ ബാക്കി വെച്ചത് ലോകത്തിലെ ഏറ്റവും മികച്ച കഥകളോടും കഥാപാത്രങ്ങളോടുമുള്ള ഒരിക്കലും ശമിക്കാത്ത മനുഷ്യ മനസ്സിന്റെ വിശപ്പാണ്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമില്ലാത്ത 'അച്ഛന്റെയും അമ്മയുടെയും ' ഭയവും ആകുലതയുമായി ചിന്നംപിന്നം പെയ്ത 'അയന'ത്തിലെ മഴ അവരുടെ കുട്ടികളുടെ അടയാളം പോലും ബാക്കി വെക്കാതെയാണ് പെയ്തുപോയത്. 'കടല്‍ക്കോളി'ലെ പിലാത്തോസിന്റെ സങ്കടങ്ങളോട് ചേര്‍ന്ന് മഴ കണ്ണീര്‍ പൊഴിക്കുകയാണെന്നും തോന്നി.


സ്ത്രീകളുടെ ചിന്താ സ്വാതന്ത്ര്യത്തെയും സാധ്യതകളെയും തേടിയിറങ്ങിയ പരിശ്രമത്തില്‍ ഒരു പരിധി വരെ എഴുത്തുകാരി വിജയിച്ചെന്ന് പറയാം. സ്വന്തം വ്യക്തിത്വത്തില്‍ അഭിമാനമില്ലാത്ത, ആത്മവിശ്വാസമില്ലാത്ത, വിചിത്ര സ്‌നേഹങ്ങളെ തന്റേതാക്കാന്‍ കഴിവില്ലാത്ത പ്രതിമകളാണ് മിക്ക സ്ത്രീകഥാപാത്രങ്ങളും. ജീവിതത്തെ ഉയര്‍ന്ന നിലയില്‍ കാണാന്‍ കഴിയാത്ത ത്യാഗത്തിന്റെ പ്രതിരൂപമായ പൊലീസുകാരന്റെ ഭാര്യ, സ്‌നേഹിച്ചതിന്റെ പേരില്‍ ഉള്ളില്‍ മുഴുവന്‍ കരച്ചിലുമായി ജീവിക്കുന്ന സിസ്റ്റര്‍ അന്ന, നന്നായി സ്‌നേഹിച്ചതിന്റെ പേരില്‍ ഏറ്റവും നല്ല മനസ്സോടെ ജീവിതമവസാനിപ്പിച്ച 'സീറോ അവറി'ലെ നായിക, ജീവിതത്തിന്റെ അര്‍ഥതലങ്ങള്‍ തേടിയലഞ്ഞ് ഒടുവില്‍ ഒരു മരുഭൂമിയിലകപ്പെട്ട 'കാലന്തരങ്ങളി'ലെ അമ്മ... അങ്ങനെ നിരാശ, ഏകാന്തത, വേദന, പരിഹാസം... ഇവയെല്ലാം ഏറ്റുവാങ്ങിയ, സ്വയം ഒതുങ്ങി നഷ്ട്ടങ്ങളില്‍ ജീവിക്കുന്ന... ചിന്തിക്കുന്നതില്‍ പോലും സ്വതന്ത്രരല്ലെന്ന് സ്വയം തിരിച്ചറിഞ്ഞ സ്ത്രീകഥാപാത്രങ്ങള്‍.


ഇവിടെ ചോദ്യങ്ങള്‍ പലതാണ്... 'അപരിചിതമായൊരു സ്ത്രീഗന്ധ'ത്തില്‍ പറഞ്ഞ പോലെ എഴുത്തുകാരന്‍ ഡിപ്രസ്ഡ് ആവുമ്പോള്‍ കൂടെ നില്‍ക്കാനും ആശ്വസിപ്പിക്കാനും ഭാര്യ ഉണ്ടാവും. എന്നാല്‍, എഴുത്തുകാരിയായ സ്ത്രീയുടെ സംഘര്‍ഷങ്ങളും ഡിപ്രഷനും ഒരു സാധാരണക്കാരനായ ഭര്‍ത്താവിന് ഉള്‍ക്കൊള്ളാനാവുമോ എന്ന് എഴുത്തുകാരി തന്നെ സംശയിക്കുന്നു. 'കാടിനെയും പെണ്ണിനേയും ഉറക്കത്തില്‍ പോലും വിശ്വസിക്കരുതെ'ന്ന ക്ലീഷെ പ്രയോഗങ്ങള്‍ സ്ത്രീയുടെ വ്യക്തിത്വത്തെ തന്നെ മുറിവേല്‍പ്പിക്കുന്നു. യോഹന്നാന്‍ കാടുകയറുന്നത് കാടിനെ മാത്രം അറിയാനല്ല... സ്വന്തം വ്യക്തിത്വം ആരുടെയൊക്കെയോ മുന്നില്‍ അടിയറവ് വെച്ച് ഉപ്പയുടെ പ്രായമുള്ള നിര്‍വികാരനായ അബുവിനെ വിവാഹം കഴിക്കേണ്ടി വന്ന 'അഭയാര്‍ഥിയായ 'നാദിയ, ഗോമതിയുടെ ഗര്‍ഭത്തിനു കാരണക്കാരന്‍ ആരെന്ന് പറയാന്‍ ഒരു പെണ്ണിന്റെ സമൂഹത്തോടുള്ള ഭയം, അച്ഛനാരെന്ന് പറയാന്‍ ഉള്ള ധൈര്യമിലാത്തത്-ഇല്ലാതാക്കിയത് പിലാത്തോസിന്റെ ജീവിതം മാത്രമല്ല- ഒരു പെണ്ണിന്റെ ജീവനും കൂടിയാണ്. ഇവിടെ സ്ത്രീയെന്നാല്‍ ഒരുപാട് ചോദ്യങ്ങളാണ്. 'കാലന്തരങ്ങളി'ലെ സ്ത്രീയെപ്പോലെ മരണ വെപ്രാളത്തിലും തന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും ജീവിതത്തെ കുറിച്ച് ആകുലതപ്പെട്ട് ഉത്തരം കിട്ടാതെ മരിക്കുന്നവരാണ് ഓരോ പെണ്ണും. ഈ പുസ്തകം ബാക്കിവെക്കുന്നതും ഇതുതന്നെയാണ്.

വ്യവസ്ഥാപിത ചിന്താഗതിയില്‍ നിന്നും സ്ത്രീ പൂര്‍ണമായും സ്വതന്ത്രയാകുന്നതെപ്പോള്‍? ഒരു ക്യാമ്പസ് ചര്‍ച്ചയില്‍ വെച്ച് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞതോര്‍ക്കുന്നു 'നിങ്ങള്‍ (സ്ത്രീകള്‍) നിര്‍ഭയരായി ചിന്തിക്കുക... നിര്‍ഭയരായി എഴുതുക... നിങ്ങളെഴുതുന്ന ഓരോ വരികളും 'തീര്‍ച്ചയായും' സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കും'. ചിന്ത പബ്‌ളിഷേഴ്‌സ് ആണ് പുസ്‌കതത്തിന്റെ പ്രസാധകര്‍.

ചിത്രീകരണം: സുധീഷ്റീന പി.ജി


ജിഷാനത്ത്

TAGS :