Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 25 March 2024 12:37 PM GMT

Breaking the silence

ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 11

Breaking the silence
X

'മേഡത്തിനെ കാണാന്‍ താരക എന്ന പേരുള്ള ഒരു സ്ത്രീ പലതവണ അന്വേഷിച്ചു വന്നിരുന്നു. അപ്പോയ്ന്റ്‌മെന്റ് ഇല്ലെന്ന് പറഞ്ഞ് ഞങ്ങള്‍ മടക്കി അയക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ പോകാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ അപ്പോയിന്റ്‌മെന്റ് വേണം എന്നതായി അവരുടെ ആവശ്യം. അപ്പോയിന്റ്‌മെന്റും ഇപ്പോള്‍ തരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അതിനു വേണ്ടി അവര്‍ കുറേ ബഹളമുണ്ടാക്കി. അപ്പോഴും അപ്പോയിന്റ്‌മെന്റ്‌റ് എടുത്തിട്ടേ പോകുന്നുള്ളൂ എന്നു പറഞ്ഞ് കാത്തിരുന്നു. പക്ഷേ, ഞങ്ങള്‍ അപ്പോയ്‌മെന്റ് കൊടുത്തില്ല. മേഡം ആര്‍ക്കും കൊടുക്കണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് കൊടുക്കാതിരുന്നത്. അതെല്ലാം പറഞ്ഞിട്ടും അവര്‍ പോകാന്‍ തയ്യാറായില്ല. അവസാനം മേഡത്തിനോട് സംസാരിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞ് അവരെ ഒരു വിധത്തില്‍ പറഞ്ഞയക്കുകയാണ് ചെയ്തത്. ഇന്നലെ നേരം ഏറെ ഇരുട്ടിയിട്ടാണ് അവര്‍ ഓഫീസില്‍ നിന്നും പോയത്.' ഇതായിരുന്നു അടുത്തദിവസം രാവിലെ ഓഫീസില്‍ എത്തിയ SP ഭാവനശങ്കറിനെ സെക്യൂരിറ്റി ഓഫീസില്‍ നിന്നും കാത്തിരുന്ന ആദ്യത്തെ വാര്‍ത്ത.

'ആരായാലും എനിക്ക് കാണാന്‍ താല്‍പര്യം ഇല്ല. എല്ലാവര്‍ക്കും അറിയേണ്ടത് അന്വേഷണത്തിന്റെ വിവരങ്ങള്‍ മാത്രമാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഹോം മിനിസ്റ്റര്‍ക്കും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രതിപക്ഷത്തിനും ഉത്തരം കൊടുത്തു കൊടുത്തു മടുത്തു. അതിനിടയില്‍ കുറെ പത്രക്കാരും മാധ്യമപ്രവര്‍ത്തകരും. അതൊന്നും പോരാഞ്ഞിട്ടാണോ ആളുകള്‍ ഇനി ഓഫീസിലോട്ട് കയറി വരുന്നത്? എന്തായാലും ആര്‍ക്കും അപ്പോയിന്‍മെന്റ് കൊടുക്കേണ്ടതില്ല. ഞാന്‍ പറഞ്ഞത് ചന്ദ്രന് മനസ്സിലായല്ലോ.' സെക്യൂരിറ്റി ഓഫീസറെ നോക്കി ഭാവന ചോദിച്ചു.

'മനസ്സിലായി. എനിക്ക് സംഭവത്തിന്റെ സീരിയസ്‌നെസ്സും വളരെ നന്നായി മനസ്സിലായി. പക്ഷേ, സാധാരണ മാഡത്തിനെ കാണാന്‍ വരാറുള്ള ആളുകളുടെ ഒരു പ്രകൃതമായി അവരുടേത് തോന്നിയില്ല. അവര്‍ക്ക് എന്തോ പറയാനുള്ളത് പോലെ തോന്നി. മുഖത്ത് വല്ലാത്ത പരിഭ്രമം. എന്തോ ഒരു സത്യസന്ധതയുടെ ലാഞ്ഛനയും അവരുടെ പെരുമാറ്റത്തില്‍ കണ്ടു, സീരിയസായി എന്തോ അറിയിക്കാനുള്ളത് പോലെ. എന്നാല്‍, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി തന്നോളൂ, ഞാന്‍ ആ ലെറ്റര്‍ കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ വേണ്ട മേഡത്തിനെ നേരിട്ട് കാണണം എന്നായി. '

'ശരി... വിസിറ്റര്‍ ബുക്കില്‍ നിന്നും കോണ്‍ടാക്ട് നമ്പര്‍ എടുക്കാം. ചന്ദ്രന്‍ പൊക്കോളു. അത്രയും പറഞ്ഞു ഭാവന ലാപ്‌ടോപ്പ് ഓണാക്കി ഉടന്‍ തന്നെ ഐ.ടി റൂമിലേക്ക് ഫോണ്‍ കണക്ട് ചെയ്തു.'

'ഹായ് പയസ്... '

'പറയൂ മാഡം..'

'എനിക്ക് ഒരു വിവരം അറിയാന്‍ വേണ്ടിയാണ്. ഇന്നലെ ഒരു സ്ത്രീ പകല്‍ മുഴുവന്‍ നമ്മുടെ ഓഫീസിന്റെ റിസപ്ഷനില്‍ വെയിറ്റ് ചെയ്തിട്ടുണ്ട്. നേരം വളരെയധികം വൈകിയതിനു ശേഷമാണ് ഓഫീസ് വിട്ട് പോയതെന്നും ചന്ദ്രന്‍ പറഞ്ഞു. അത് ആരാണ് എന്നറിയണം. നമ്മുടെ സി.സി.ടി.വി നോക്കി കാത്തിരുന്ന ആളെ ഐഡന്റിഫൈ ചെയ്ത് തരണം. '

'ഷുവര്‍ മാഡം. ഇപ്പോള്‍ തന്നെ ചെക്ക് ചെയ്ത് അറിയിക്കാം. '

ഫോണ്‍ താഴെ വെച്ച് ഭാവന രണ്ടു കൈകളും കോര്‍ത്ത് ചിന്തയില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തുമ്പോള്‍ ആണ് ഓഫീസ് ഇന്റര്‍കോമില്‍ പയസിന്റെ ക്യാബിന്‍ നമ്പറില്‍ നിന്നുള്ള കോള്‍ പതിഞ്ഞത്.

'ഹലോ പയസ്... പറയൂ, കണ്ടെത്തിയോ?'

'യെസ് മാം. ഞാനത് മാഡത്തിന്റെ ഹാര്‍ഡ് ഡ്രൈവിലേക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. അതിന്റെ പാസ്‌വേര്‍ഡ് വാട്‌സാപ്പില്‍ അയച്ചിട്ടുണ്ട്. വണ്‍ ടൈം പാസ്‌വേര്‍ഡ് ആണ്. ഓപ്പണ്‍ ചെയ്ത ശേഷം മേഡത്തിന് പിന്നെയും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ പാസ്‌വേര്‍ഡ് വീണ്ടും അയച്ചുതരാം.'

'ഒക്കെ .. താങ്ക്യൂ. '

തന്റെ ലാപ്‌ടോപ്പില്‍ കണക്ട് ആയ ഡ്രൈവിലെ ഫോട്ടോ ഭാവന സൂം ചെയ്തു. ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവതിയാണ്. ചുരിദാറാണ് വേഷം. പക്ഷേ, ഇവരെ എവിടെയോ കണ്ടു മറന്ന ഒരു പ്രതീതി. ഇതാരാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതും ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടെ ഹോം മിനിസ്റ്ററുടെ പത്രസമ്മേളനത്തെ കുറിച്ചുള്ള അറിയിപ്പുമായി ഫോണ്‍കോള്‍ വന്നു. പത്രസമ്മേളനങ്ങളും പതിവ് മീറ്റിംഗുകളും എല്ലാം കഴിഞ്ഞപ്പോള്‍ മനപ്പൂര്‍വ്വം അല്ലെങ്കിലും പിന്നീട് ആ സ്ത്രീയുടെ കാര്യം ഭാവന മറന്നു. രാവിലെ ഓഫീസില്‍ നിന്നും ഇത്രയും തിരക്കുപിടിച്ച കാര്യനിര്‍വഹണങ്ങള്‍ക്ക് ശേഷം ക്യാബിനിലേക്ക് പോകും വഴി ശിഹാബുദ്ദീന്‍ തന്നെ കാത്തുനില്‍ക്കുന്നത് കണ്ടു.

'ഹലോ ശിഹാബുദ്ദീന്‍.. അനന്തനാരായണനെയും കൂട്ടി എത്രയും വേഗം എന്റെ ക്യാബിനില്‍ എത്തണം.'

'ഒക്കെ മേഡം, വി വില്‍ ജോയിന്‍ സൂണ്‍.'

'വെറും കൈയോടെ വരണ്ട. വരുമ്പോള്‍ കളക്ട് ചെയ്ത ഇന്‍ഫര്‍മേഷന്‍ കൂടെ കൊണ്ടുവരണം.'

'മേഡം ഇന്‍ഫര്‍മേഷന്‍ സ്റ്റാറ്റസ് കലക്ഷന്‍ കംപ്ലീറ്റ് ആണ്. അതിനെ റിപ്പോര്‍ട്ട് ഫോര്‍മാറ്റിലേക്ക് ആക്കിയിട്ടില്ല.'

'തല്‍ക്കാലം നിങ്ങള്‍ ഡാറ്റ കൊണ്ടുവരൂ. അത് തന്നെയല്ലേ റിപ്പോര്‍ട്ടിലും ഉണ്ടായിരിക്കുക. എനിക്ക് അര്‍ജന്റായി അതിലെ വിവരങ്ങള്‍ അറിയണം. എത്രയും വേഗം അതിന്റെ പൂര്‍ണമായ ഒരു ഘടന ഉണ്ടെങ്കില്‍ മാത്രമേ നാളെ രാവിലത്തെ മീറ്റിങ്ങില്‍ എനിക്ക് കേസ് സംബന്ധമായി എന്തെങ്കിലും മന്ത്രിയുടെ മുമ്പില്‍ സംസാരിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് നിങ്ങള്‍ രണ്ടുപേരും എത്രയും വേഗം എന്റെ ക്യാബിനിലേക്ക് എത്തണം.'

ഭാവന ധൃതിയില്‍ തന്റെ മറ്റു ജോലികളും ഓര്‍ത്ത് നടന്നകന്നു. തലയില്‍ കയ്യും വെച്ച് ഇരിക്കാതെ പ്രവര്‍ത്തിക്കേണ്ട സമയം തന്നെയാണ് ഇത്. നഷ്ടപ്പെടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. 'കമോണ്‍ ഭാവന... കമോണ്‍... യു കാന്‍ പ്രൂവ് ദിസ്' സെല്‍ഫ് മോട്ടിവേഷന്‍ കൊടുത്ത് ഭാവന പറഞ്ഞു.

'വരൂ ശിഹാബുദ്ദീന്‍... പോയ കാര്യങ്ങള്‍ എല്ലാം സക്‌സസ് ആയോ?'

'ആയോ എന്ന് ചോദിച്ചാല്‍ ... ആ വീട്ടില്‍ പോയി. ഒരു പ്രത്യേകതരം സ്വഭാവമാണ് അവരുടെ. നഥാന്റെ അച്ഛനും അമ്മയുമാണ് അവിടെ ഉണ്ടായിരുന്നത്. ആ സ്ത്രീയുടെ വര്‍ത്തമാനത്തില്‍ നിന്ന് തന്നെ അറിയാം അത് ഒരു നടയ്‌ക്കൊന്നും പോകുന്ന ലക്ഷണമല്ല എന്നത്. പക്ഷേ, ആ വീട്ടില്‍ കയറുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ക്ക് ആ സ്ത്രീയെക്കുറിച്ച് ഒരു ഐഡിയ കിട്ടിയിട്ടുണ്ടായിരുന്നു. '

(ഭാവന തലയാട്ടി ഓരോന്നും ശ്രദ്ധിച്ച് കേട്ടു കൊണ്ടിരുന്നു)

'ഞങ്ങള്‍ ചുറ്റുപാടുമുള്ള ആളുകളോടും അയല്‍ക്കാരോടും എല്ലാം അവരെക്കുറിച്ച് അന്വേഷിച്ചു. ഒരാള്‍ക്ക് പോലും നല്ലതായി ഒരു വാക്കുപോലും അവരെക്കുറിച്ച് പറയാനില്ല. ഇങ്ങനെയും മനുഷ്യന്മാരോ എന്ന ഒരു ചോദ്യമാണ് അവരുടെയെല്ലാം വിവരണം കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ വന്നത്. നേരിട്ട് അത് ബോധ്യപ്പെടുകയും ചെയ്തു. രണ്ടു കാല്‍ ഉണ്ട് എന്നതുകൊണ്ട് മാത്രം അവരെ മനുഷ്യര്‍ എന്ന് വിളിക്കാം.'

'ഉം... അവരുടെ ജീവചരിത്രം അല്ലാതെ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തിയോ?' ഭാവന പരിഹാസ രൂപത്തില്‍ ചോദിച്ചു.

'അത്...' ശിഹാബുദീന്‍ തല ചൊറിഞ്ഞു.

'നമ്മുടെ വിഷയം കൊല്ലപ്പെട്ട സ്ത്രീക്ക് എന്ത് സംഭവിച്ചു? അവരുമായി ഇവര്‍ക്ക് എന്തായിരുന്നു ബന്ധം? എങ്ങനെയാണ് അവര്‍ പരിചയപ്പെട്ടത്? വിവാഹിതയാണെന്ന് അറിഞ്ഞിട്ടാണോ ആ ബന്ധം തുടര്‍ന്നിരുന്നത്? ആണെങ്കില്‍ എന്തിനത് ചെയ്തു? ഹോട്ടല്‍ സി.സി.ടി.വി.യില്‍ ഉള്ളത് പര്‍ദ്ദയിട്ട ഒരു സ്ത്രീ മുറിയിലേക്ക് കയറി പോകുന്നതായിട്ടാണ്. ആ സ്ത്രീ ആരാണ്? അതോ വേഷം മാറി എത്തിയ ആണായിരുന്നോ? നിലവിലെ പാര്‍ട്ട്ണര്‍ ആയ നഥാനുമായി ബന്ധമുള്ള ആരെങ്കിലും ആയിരുന്നോ? അതോ ഇസബെല്ലയോടുള്ള വ്യക്തി വൈരാഗ്യം മാത്രമാണോ? എന്തിനു കൊലപ്പെടുത്തി? അങ്ങനെ ഒരു ലോഡ് ചോദ്യങ്ങളാണ് നമുക്ക് മുമ്പില്‍ കിടക്കുന്നത്. അതിനുള്ള ഉത്തരങ്ങള്‍ വള്ളിപുള്ളി തെറ്റാതെ കൊടുത്തില്ലെങ്കില്‍ എന്റെയും തന്റെയും ജോലിക്ക് വലിയ ആയുസൊന്നും കാണില്ല. അതിനുള്ള ഉത്തരങ്ങള്‍ തേടാതെ അയാളുടെ അമ്മക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കാന്‍ അല്ല ഞാന്‍ നിങ്ങളെ അങ്ങോട്ട് അയച്ചത്.' ഭാവനയ്ക്ക് അരിശം കയറി തുടങ്ങി.

************

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്‌സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.



TAGS :