Quantcast
MediaOne Logo

ഡോ. അജയ് നാരായണന്‍

Published: 23 Aug 2022 12:23 PM GMT

സീതാലക്ഷ്മിയുടെ 'വിവാഹ ശേഷം' എന്ന കവിത വായിക്കുമ്പോള്‍

സീതാലക്ഷ്മിയുടെ വിവാഹശേഷം എന്ന കവിത സമകാലികസമൂഹത്തിലെ ചില ദുരന്തങ്ങളെ, നോവുകളെ കാവ്യാത്മകമായി ലളിതമായ ഭാഷയില്‍ വരച്ചുകാട്ടിയിരിക്കുന്നു.

സീതാലക്ഷ്മിയുടെ വിവാഹ ശേഷം എന്ന കവിത വായിക്കുമ്പോള്‍
X
Listen to this Article

ശ്രീമതി സീതാലക്ഷ്മി കുനിശ്ശേരിയെ ഏറെ നാളായി ആനുകാലകങ്ങളിലൂടെ കാണാം. കവിതകളിലൂടെ തനതായ പാത സൃഷ്ടിച്ചു ഏറെ മുന്നോട്ടു സഞ്ചരിച്ച സീതാലക്ഷ്മിയുടെ ''വിവാഹശേഷം'' എന്ന കവിതയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്.

എന്താണ് ഈ കവിത നമ്മോട് സംവദിക്കുന്നത് എന്ന് നോക്കാം. അതിനു മുമ്പ് സീതയ്ക്ക് ഒരാമുഖം.

പാലക്കാട് ജില്ലയിലെ കുനിശ്ശേരിയില്‍ താമസിക്കുന്ന സീതാലക്ഷ്മി കുനിശ്ശേരി എന്ന യുവകവി പഠനകാലഘട്ടം മുതല്‍ക്കേ എഴുത്തിനോട് പ്രണയമായിരുന്നു. താതമൃഗം എന്ന കവിതാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും മറ്റും കവിതകള്‍ എഴുതുന്നു. റേഡിയോ കേരളയില്‍ 'മലയാളം' എന്ന പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. കൂടാതെ, 'ആത്മ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്' എന്ന സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ്. എഴുത്തിനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ജീവിതവുമായി മുന്നോട്ടുനീങ്ങുന്നു.


'വിവാഹശേഷം'

ഇന്നലെവരെ

ഓടിക്കളിച്ച്

തലകുത്തിമറിഞ്ഞ്

പൊട്ടിച്ചിരിച്ച്

ഓമനയായ് ജീവിച്ചവള്‍

പെട്ടെന്നൊരു ദിവസം

ആ വീട്ടിലെ

അറിയപ്പെടുന്ന വിരുന്നുകാരിയാവുന്നു

മാനത്തോളം ഉയരത്തില്‍

ഊഞ്ഞാലാടിക്കൊണ്ട്

സ്വപ്നങ്ങളെ കുരുക്കിട്ടുപിടിച്ചതും

ഉറുമ്പുകടിയേറ്റിട്ടും

മാവിന്‍ചില്ലകളിലിരുന്ന്

മാമ്പഴക്കാലത്തെ നുകര്‍ന്നതും

കര്‍ക്കിടകപ്പെയ്ത്തില്‍

തലയൊടിഞ്ഞുവീണ

ചേമ്പിലകള്‍ പെറുക്കി

കുടചൂടി നടന്നതും

ഉറയൊഴിക്കാന്‍ കാച്ചിവെച്ച

പാലെടുത്ത് കുടിച്ചപ്പോള്‍

അമ്മ വന്നു ചൂരലുകൊണ്ടടിച്ചതും

അച്ഛന്റെ ചെരുപ്പിനെ മുറിച്ചു

ചക്രവണ്ടിയുണ്ടാക്കി ഉരുട്ടിയപ്പോള്‍

അനിയനതുവേണമെന്നു

പറഞ്ഞുകരഞ്ഞതും

താഴത്തുവീണ

പനമ്പഴത്തെയെടുത്ത്

കനലില്‍ ചുട്ടുതിന്നതും

ആമക്കുരുക്കളെണ്ണിയെണ്ണി

മത്സരച്ചൂടോടെ

പല്ലാങ്കുഴി കളിച്ചതും

ആര്‍ക്കും ശല്യമാവാത്ത

പാവം കുഴിയാനകളെ

പിടിച്ചു

കുപ്പിയ്ക്കകത്തുനിറച്ചതും...

അങ്ങനെയങ്ങനെ

എത്രയോ ഓര്‍മകള്‍

ചുമരില്‍ തല്ലിത്തറച്ചിരിക്കുമ്പോഴും

അവളിന്നും

ആ വീട്ടിലെ

കൈയ്യൊപ്പു ചാര്‍ത്തിയ

അതിഥിത്തന്നെയാണ്.

എങ്കിലും

ഒരു താലിച്ചരടിനും

ഒരുനുള്ള് സിന്ദൂരത്തിനും

അവളുടെ രൂപത്തിനെ

മാറ്റിയെഴുതാന്‍

കഴിയുമെങ്കിലും

മനസ്സിനെയവള്‍

ആര്‍ക്കും പണയംവെച്ചിട്ടില്ലായിരുന്നു.

അതുകൊണ്ടായിരിക്കാം

വിവാഹശേഷവും

ഒരു വിരുന്നുകാരിയുടെ

വേഷംകെട്ടിയെങ്കിലും

അവളാവീട്ടില്‍

ഇടക്കിടെ ഓടിച്ചെല്ലുന്നതും

ഇത്തിരിനേരം

തൊടിയിലെ കാറ്റിനോട്

കഥകള്‍ പറഞ്ഞ്

വിതുമ്പലുകളെ ഉറക്കിക്കിടത്തുന്നതും...

- സീതാലക്ഷ്മി കുനിശ്ശേരി


സീതാലക്ഷ്മിയുമായുള്ള സംഭാഷണം:

വിവാഹശേഷം എന്ന കവിത തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ഗൃഹാതുരതയുടെ മഞ്ചാടിമണികള്‍ പെറുക്കുമ്പോഴും ഒരു നോവ് ബാക്കിയാവുന്നു. ഈ ഒരു രചനയിലേക്ക് വന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കിടാമോ?

വീട്ടില്‍ ഞാനും, അനുജനും മാത്രമാണ് മക്കളായിട്ടുള്ളത്. വളരെയേറെ ഓമനിച്ചാണ് ഞങ്ങളെ വളര്‍ത്തിയത്. പക്ഷെ, പെട്ടെന്ന് വിവാഹം കഴിഞ്ഞ്, താമസം മാറിയിട്ട് അതിനുശേഷം വീട്ടിലേക്കുപോകുമ്പോള്‍ വീട്ടിലെല്ലാവരും വിരുന്നുകാരിയെപ്പോലെയാണ് പെരുമാറിയത്. നമുക്കുവേണ്ടി എല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കിത്തരുന്നു. കുറവുകള്‍ വരാതെ, പരാതികള്‍ വരാതെ സൂക്ഷ്മതയോടുകൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇന്നും അതിനൊരു മാറ്റവുമില്ല എന്നതാണ് അടിവരയിടേണ്ട പ്രധാന കാര്യം. ഈ അനുഭവമാണ് കവിതയായ് ഞാന്‍ വരച്ചിട്ടത്.

വിരുന്നുകാരി എന്ന ഒറ്റവാക്കിലൂടെ വിവാഹശേഷജീവിതം വരച്ചിടുന്നു. കാലമെത്ര മുന്നോട്ടുപോകുന്തോറും ഇതിനൊരു മാറ്റം ഇല്ല എന്നല്ലേ കവിത അടിവരയിട്ടുപറയുന്നത്?

അതെ. കാലമെത്ര മാറിയാലും, കോലമെത്ര കെട്ടിയാലും ചിലതെല്ലാം അങ്ങനെത്തന്നെയായിരിക്കും. പക്ഷെ, അതെല്ലാവരും പല രീതിയില്‍ ചിന്തിച്ച്, അതിനെ വളച്ചൊടിച്ച്, ഇല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, നമ്മളെപ്പോലെയുള്ള എഴുത്തുകാര്‍ എല്ലാം തുറന്നു പറയുന്നു. അത്രമാത്രം.

ഈ കവിതയുമായി ബന്ധപ്പെടുത്തി 'സ്ത്രീസ്വാതന്ത്ര്യം എഴുത്തില്‍' എന്ന വിഷയത്തെക്കുറിച്ച് സീതയുടെ അഭിപ്രായമെന്താണ്?

എഴുത്തില്‍ സ്ത്രീസ്വാതന്ത്ര്യം ആവശ്യം തന്നെയാണ്. പക്ഷെ, അവ സമൂഹത്തിന് ഗുണമുള്ള എന്തെങ്കിലും സന്ദേശം കൊടുക്കാനുള്ള ശ്രമവുമായിരിക്കണം ഇതിലൂടെ ഉണ്ടാവേണ്ടത്. അല്ലാതെ ആ സ്വാന്ത്ര്യത്തെ എഴുത്തില്‍ ദുരുപയോഗപ്പെടുത്തി കാണുന്നത് വളരെ തെറ്റായ കാര്യം തന്നെയാണ്. സ്വാതന്ത്ര്യം എന്ന വാക്കുതന്നെ നന്‍മ എന്നു വായിക്കുവാനാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്.

ഈ കവിതയില്‍ കാണുന്ന സാമൂഹികവിഷയത്തിന് അടിസ്ഥാനമായി ഏറെ ഉദാഹരണങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി, സാംസ്‌കാരികമായി, രാഷ്ട്രീയപരമായി പുരുഷമേധാവിത്വം നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ കവിത എന്താണ് ലക്ഷ്യമാക്കുന്നത്?

അന്നുമിന്നും എല്ലാ വീടുകളിലും ഒരു പെണ്‍കുഞ്ഞുണ്ടായാല്‍ അവരെ വിവാഹം ചെയ്തുകൊടുക്കുന്നതുവരെ രക്ഷിതാക്കള്‍ക്ക് ആവശ്യത്തിലധികം ടെന്‍ഷനാണ്. വിവാഹം കഴിഞ്ഞ ദിവസമായിരിക്കും അവരൊന്ന് സമാധാനമായിരിക്കുക. കൂടാതെ വിവാഹം ചെയ്തു കഴിഞ്ഞാല്‍ തന്റെ മകള്‍ മറ്റൊരാള്‍ക്കും വീട്ടുകാര്‍ക്കും സ്വന്തമാണെന്നും, അവര്‍ക്കാണ് തന്റെ മകളില്‍ കൂടുതല്‍ അവകാശവും, അധികാരവുമെന്നും അവര്‍ വിശ്വസിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നിടത്താണ് മകള്‍ ഒരു വിരുന്നുകാരിയായ് മാറുന്നത്. ഈയൊരു ചിന്താഗതിയില്‍ നിന്നും പെണ്‍മക്കളും, രക്ഷിതാക്കളും മാറണമെന്ന് ഈ കവിത പറയാതെ പറയുന്നുണ്ട്. ഒരു താലിച്ചരടിനും ഒരു നുള്ള് സിന്ദൂരത്തിനുംമേല്‍ ഒരു പെണ്ണും അടിമയാവരുതെന്ന് സാരം.

സീതാലക്ഷ്മിയുടെ രചനാവൈഭവം പല തലങ്ങളിലൂടെ അനുവാചകഹൃദയത്തിലേക്ക് വന്നെത്തുന്നതായി കണ്ടിട്ടുണ്ട്. കവിതാശൈലിയില്‍ ആരാണ്, എന്താണ് മാതൃക?

പ്രത്യേകിച്ച് ആരെയും മാതൃകയാക്കാറില്ല. പിന്നെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ചങ്ങമ്പുഴക്കവിതകളൊക്കെ വളരെ ഇഷ്ടമായിരുന്നു. പിന്നീട് കോളജിലെത്തിയപ്പോള്‍ വായനയുടെ ഗതി മാറിയതുകൊണ്ടാവാം തീക്കുനിക്കവിതകളും, ശ്രീജിത്ത് അരിയല്ലൂരിന്റെ കവിതകളും വളരെ താല്‍പര്യത്തോടെയാണ് വായിച്ചത്. ഇപ്പോഴും അതു തുടരുന്നുണ്ടെങ്കിലും ആരുടെയും ശൈലിയെ കവിതകളില്‍ കൊണ്ടുവരാന്‍ എനിക്ക് തീരെ താല്‍പ്പര്യമില്ല. കാരണം, എന്റെ മിക്ക കവിതകളും എന്റെ ചുറ്റുപാടുകളില്‍ നിന്നും, അനുഭവങ്ങളില്‍ നിന്നുമാണ്. അത് എന്റേതായ രീതിയില്‍ ഞാനെഴുതുന്നു. തെറ്റായാലും, ശരിയായാലും. അത്രമാത്രം.

എഴുത്തില്‍ കാണുന്ന സ്ത്രീപക്ഷരീതി ഒരു വിപ്ലവം പ്രഖ്യാപിക്കുന്നുണ്ട് പലപ്പോഴും. കുടുംബിനി എന്ന നിലയില്‍, കവിതയില്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ ആരെങ്കിലുമായി ചര്‍ച്ച ചെയ്യാറുണ്ടോ? വീട്ടിലെ അംഗങ്ങള്‍ സീതാലക്ഷ്മിയുടെ കവിതകളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?

സ്ത്രീപക്ഷ കവിതകളാണ് ഞാനേറെയും എഴുതിയിട്ടുള്ളത് എന്നു പറയാം. കുടുംബത്തില്‍ നടക്കുന്ന നിസ്സാരകാര്യങ്ങളായിരിക്കും കവിതയായ് പിറക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള കവിതകളെല്ലാം ആരോടും ചര്‍ച്ച ചെയ്യാതെയാണ് എഴുതുക. പക്ഷെ, ചില പൊതുവായ വിഷയങ്ങള്‍ കവിതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ഭര്‍ത്താവിനോടാണ് ആദ്യം ചര്‍ച്ച ചെയ്യുക. കാരണം, എന്റെ കവിതകൊണ്ട് കുടുംബത്തിന് ഒരു നെഗറ്റീവും വരാന്‍ പാടില്ലെന്ന ആഗ്രഹമുണ്ട്. എന്താണെന്നു വെച്ചാല്‍ നേരത്തേയെഴുതിയ ചില കവിതകള്‍ കാരണം വീട്ടിലെത്തി പലയാളുകളും മോശമായ് എന്നെയും, കുടുംബത്തെയും ചിത്രീകരിക്കുകയുണ്ടായി. അതുകൊണ്ട് എഴുത്തില്‍ കുടുംബത്തിന് മോശമാവാത്ത രീതിയില്‍, എന്നാല്‍ പറയേണ്ടതെല്ലാം പറയുന്ന രീതിയില്‍ ശ്രദ്ധിച്ചാണ് ഇന്നെഴുതുന്നത്.

തയ്യാറാക്കിയത്: ഡോ. അജയ് നാരായണന്‍, ബാല ആങ്കാരത്ത്


ഡോ. അജയ് നാരായണന്‍,


ബാല ആങ്കാരത്ത്



TAGS :