Quantcast
MediaOne Logo

അറവന്‍

Published: 13 Jun 2023 9:59 AM GMT

ടെക്‌നോ കാപ്പിറ്റലിസത്തിന്റെ ചൂണ്ടയും പിടച്ചിലുകളും

ആഗോള ധനകാര്യ വ്യവസ്ഥിതിയോട് കിം.കി ഡുക്കിന്റെ സിനിമകള്‍ ഏതൊക്കെ തലത്തില്‍ ഏറ്റുമുട്ടുന്നു എന്ന് വളരെ ആഴത്തില്‍ വിശദീകരിക്കുകയാണ് ഡോ. ഷൂബ കെ.എസ്സ് എഴുതിയ 'കിം.കി ഡുക്ക്: ക്യാമറ കാലത്തെ പ്രണയം' എന്ന പുസ്തകം.

കിം.കി ഡുക്ക്: ക്യാമറ കാലത്തെ പ്രണയം
X

'ആകാശത്തില്‍ നിന്നും ഇരപിടിയന്‍

ചൂണ്ടകൊളുത്തുകള്‍

പെയ്തിറങ്ങുകയാണ്...

ദീര്‍ഘകായനായ ചിലി എന്ന മത്സ്യം

അവന്റെ മരിച്ചവരുടെ

മാംസം കൊരുത്തുവച്ച

സൂര്യന്റെ ചൂണ്ടക്കൊളുത്തുകളെ

വിഴുങ്ങിക്കൊണ്ട്

വായുവില്‍ പിടഞ്ഞുപൊങ്ങുകയാണ് '

(കടല്‍/റൗള്‍ സുറിറ്റ - പരിഭാഷ എസ്. സുധീഷ് )

രോഗാധിപത്യത്തിന്‍ കീഴില്‍ മനുഷ്യവര്‍ഗം പിടിഞ്ഞുവീഴുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. മര്‍ദകന്‍ മായാവിയായി പരിണമിക്കുന്നു. ശേഷിക്കുന്നത് മര്‍ദിതര്‍ മാത്രം. അടിയേറ്റ് പിടയുമ്പോഴും അടിയുടെ കാരണം സാമൂഹികനീതിയായി മാറുന്ന കാലം. ഭരണകൂടങ്ങളുടെ ദാനം സ്വീകരിച്ച്, പെയ്തുവീഴുന്ന; ചൂണ്ടക്കൊളുത്തുകളിലെ വിശിഷ്ട ഭോജ്യം നിന്റെ തന്നെ മാംസം ആണെന്ന് തിരിച്ചറിയാതെ ആത്മവിസ്മൃതിയും ഭയവും ബാധിച്ച നല്ല ഉപഭോക്താവായി മനുഷ്യന്‍ പരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. ടെക്നോക്യാപ്പിറ്റലിസം തീര്‍ക്കുന്ന പ്രതീതി യാഥാര്‍ഥ്യങ്ങള്‍ക്കുള്ളില്‍ സര്‍വ്വേന്ദ്രിയവാതം ബാധിച്ച ഉപഭോക്ത്യസമൂഹം തെളിക്കപ്പെടുന്ന ഒരു ഫാഷിസ്റ്റു കൂട്ടമായി തീരുന്നു. ആ കൂട്ടം ജീവനോടെ തിന്നുകൊണ്ടിരിക്കുന്ന രക്തമൊലിക്കുന്ന മനുഷ്യരുടെ നിലവിളിയെ, അവരുടെ നിശ്ശബ്ദതയിലെ പൊട്ടിത്തെറിയെ നമ്മുടെ ചലനാത്മകമായ ഹൃദയത്തിന്റെ തിരശ്ശീലയില്‍ അടയാളപ്പെടുത്തി എന്നതാണ് കിം.കി ഡുക് എന്ന ചലച്ചിത്രകാരന്‍ മനുഷ്യസമുദായത്തോടു ചെയ്ത ദൗത്യം.


ഡുക്കിന്റെ സിനിമകളിലെ അഞ്ച് ദൃശ്യ ചിത്രങ്ങള്‍ അതായത് വിഷ്വല്‍ പെയിന്റിംഗുകളെ വിശകലനം ചെയ്തുകൊണ്ട് സംസ്‌കാരം, ദേശീയത, പൗരത്വം, പ്രണയം, അക്രമം, മൗനം, സ്ത്രീ, പരിസ്ഥിതി, ബുദ്ധമതം, മുതലാളിത്തം, ദലിത ജീവിതം, ടൂറിസം, ജൈവകൃഷി, സൈബര്‍ സ്ഥലം തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് കിം.കി ഡുക്-ക്യാമറാക്കാലത്തെ പ്രണയം എന്ന പുസ്തകത്തിലൂടെ ഡോ. ഷൂബ കെ.എസ്സ്. ആഗോളീകരണലോക സാഹചര്യങ്ങളോട് കിം.കി ഡുക്കിന്റെ സിനിമകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അന്വേഷണം അദ്ദേഹം ഈ പുസ്തകത്തിലൂടെ നടത്തുന്നു. ടെക്‌നോ ക്യാപിറ്റലിസത്തിന്റെ ചൂണ്ടയില്‍ കുടുങ്ങിയ ആഗോളമനുഷ്യരുടെ പിടച്ചില്‍ ഡുക്കിന്റെ സിനിമകളില്‍ നമുക്ക് കാണാം. എന്നാല്‍, ആ സ്ഥലത്തെ പൊത്തിപ്പിടിച്ചു കൊണ്ട് ഡുക്കിന്റെ സിനിമകളെക്കുറിച്ച് പഠനങ്ങള്‍ ധാരാളം. അക്കാദമിക സമൂഹം മറച്ചുപിടിച്ച വസ്തുതകളെ കാരുണ്യലേശമില്ലാതെ വലിച്ചു പുറത്തിടുകയാണ് ഷൂബ.

വായ്പകളുടെ കൊളുത്തു അന്നനാളത്തില്‍ കുരുങ്ങുമ്പോഴും കൊളുത്തിനുള്ളിലെ മാംസം രുചിച്ചുകൊണ്ട് കാപ്പിറ്റലിസം നമുക്ക് കാരുണ്യം രുചിക്കാന്‍ നല്‍കുന്നത് മറന്നുപോകരുത് എന്ന് പറയുന്നവര്‍ സത്യത്തില്‍ ഒറ്റു പണിയാണ് നടത്തുന്നത് എന്ന് ഡുക്കിന്റെ സിനിമകള്‍ ബോധ്യപ്പെടുത്തിത്തരുന്നു.

'നമ്മുടെ കാലഘട്ടത്തിലെ ചെകുത്താന്‍ ആണ് പണം, ഒപ്പം മനുഷ്യനെ പരീക്ഷിക്കുന്ന ദൈവവുമാണ് ' എന്ന് കിം.കി ഡുക്ക് പറഞ്ഞിട്ടുണ്ട്. പണമുതലാളിത്തം തൊഴിലിനും തൊഴില്‍ ഉപകരണത്തിനും മനുഷ്യശരീരത്തിനും ഭൂമിക്കും സ്ത്രീപുരുഷ പ്രണയത്തിനും മേല്‍ സൃഷ്ടിച്ച ആധിപത്യം തീര്‍ത്ത ദുരന്തങ്ങളും അതിജീവനങ്ങളും ആണ് കിം.കി ഡുക്കിന്റെ സിനിമകള്‍ എന്ന് ഷൂബ കെ.എസ് രേഖപ്പെടുത്തുന്നു.

കാപിറ്റലിസ്റ്റ് വ്യവസ്ഥയിലെ പ്രധാന ഗുണങ്ങളില്‍ ഒന്ന് ദലിതര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് എന്ന് കേരളത്തിലെ ഒരു ബുദ്ധിജീവി ഒരിക്കല്‍ എഴുതിക്കണ്ടു. അതേസമയം ഡുക്കിന്റെ പിയാത്ത എന്ന സിനിമയില്‍ ഒരിടത്ത് തറയില്‍ 'ഹാപ്പി പ്രൈവറ്റ് ലോണ്‍' എന്നെഴുതിയിരിക്കുന്ന പരസ്യക്കടലാസ് വീണു കിടക്കുന്നത് കാണിക്കുന്നുണ്ട്. പ്രൈവറ്റ് ലോണ്‍ എന്ന ആശംസാവചനം മനുഷ്യസമൂഹത്തില്‍ തീര്‍ക്കുന്ന കൊടും ദുരിതങ്ങള്‍ സിനിമയില്‍ നമുക്ക് കാണാം. രക്ഷക രൂപം പ്രാപിച്ചു വരുന്ന മുതലാളിത്തം ലോണും മൈക്രോഫിനാന്‍സും നല്‍കി അനുഗ്രഹിക്കുമ്പോള്‍ നട്ടെല്ലൊടിഞ്ഞവരെയും കൈപോയവരെയും കാലു പോയവരെയും ജീവച്ഛവങ്ങളായിത്തീര്‍ന്നവരെയും കുറിച്ച് കിം.കി ഡുക്ക് ടെക്‌നോകാപിറ്റലിസത്തിന്റെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണ കൊറിയ എന്ന രാജ്യത്തില്‍ നിന്നുകൊണ്ട് പറയുന്നു. വായ്പകളുടെ കൊളുത്തു അന്നനാളത്തില്‍ കുരുങ്ങുമ്പോഴും കൊളുത്തിനുള്ളിലെ മാംസം രുചിച്ചുകൊണ്ട് കാപ്പിറ്റലിസം നമുക്ക് കാരുണ്യം രുചിക്കാന്‍ നല്‍കുന്നത് മറന്നുപോകരുത് എന്ന് പറയുന്നവര്‍ സത്യത്തില്‍ ഒറ്റു പണിയാണ് നടത്തുന്നത് എന്ന് ഡുക്കിന്റെ സിനിമകള്‍ ബോധ്യപ്പെടുത്തിത്തരുന്നു.


രാജ്യത്തിന്റെ വ്യാവസായിക സൗന്ദര്യവത്കരണത്തിലും ആഗോളീകരണ വികസനത്തിലും ചവറു പോലെ, ആക്രിസാധനങ്ങള്‍ പോലെ, വിസര്‍ജ്യവസ്തുക്കള്‍ പോലെ വലിച്ചെറിയപ്പെടുന്ന ജീവിതങ്ങളുണ്ട്. ഡുക്കിന്റെ ആദ്യചിത്രമായ ക്രൊക്ക ഡൈലില്‍ കാണിക്കുന്ന ഹാന്‍ നദിക്കു മേലെ പോകുന്ന അതിബൃഹത്തായ പാലം രാജ്യത്തെ ആത്മഹത്യാ സ്ഥലം കൂടിയായിരുന്നു. ആ പാലത്തിന്റെ അടിയില്‍ ഒന്നും ഇല്ലാത്തവരുടെ ജീവിതത്തില്‍ തുടങ്ങുന്ന ഡുക്കിന്റെ സിനിമാ ജീവിതത്തില്‍ തുടര്‍ന്നും അവതരിച്ചത് ഇത്തരം പുറമ്പോക്ക് ജീവിതങ്ങള്‍ ആയിരുന്നു എന്ന് ഷൂബ എഴുതുന്നു. കുറ്റവാളികളെ ഉപരിവര്‍ഗ ജീവിതത്തിലേക്ക് ഉയര്‍ത്തുകയോ ആദര്‍ശവത്കരിക്കുകയോ ചെയ്യുന്ന രീതി അല്ല ഡുക്ക് പിന്തുടരുന്നത്. അവര്‍ അങ്ങനെ ആയിരിക്കെ തന്നെ ജീവിതത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് കാട്ടിത്തരുകയാണ് ചെയ്തത് എന്ന് ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്

'ഡു യു വാണ്ട് എ ന്യൂ ലൈഫ്' എന്ന പരസ്യവാചകത്തിലൂടെ നിങ്ങളുടെ വര്‍ത്തമാനമുഖമാണ് എല്ലാ ദുരിതത്തിനും കാരണം എന്ന് പറഞ്ഞു കൊണ്ട് ബ്യൂട്ടി ക്ലിനിക് നിങ്ങളുടെ മുഖം മാറ്റുമ്പോള്‍, പരസ്പരം തിരിച്ചറിയാന്‍ കഴിയാതെ അലറിവിളിച്ച് അലയുന്ന മനുഷ്യരെ നമുക്ക് ഡുക്കിന്റെ സിനിമകളില്‍ കാണാം. ക്യാമറാസൗന്ദര്യമെന്നത്, അനശ്വരതാസങ്കല്പം എന്നത്, പ്രണയത്തെയും മനുഷ്യനെയും അസാധുവാക്കുന്നത് എങ്ങനെയെന്ന് 'ടൈം' എന്ന ചിത്രത്തില്‍ വ്യക്തം. ക്യാമറാസൗന്ദര്യത്തിനും ക്യാമറാലൈംഗികതയ്ക്കും ഉള്ളിലെ കൊടും യാതനകളും പ്രതിസന്ധികളും മാത്രമല്ല ക്യാമറാസത്യത്തിനുള്ളിലെ ദുരന്തങ്ങളും ദുഃഖങ്ങളും കിം.കി ഡുക്ക് എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നും ഈ പുസ്തകത്തിലൂടെ ഷൂബ വ്യക്തമാക്കുന്നു. പഴയ ദൈവത്തിന്റെ സ്ഥാനം നിരീക്ഷണ ക്യാമറകള്‍ക്ക് ഉണ്ടാവുകയും ലോകം ക്യാമറ എന്ന ദൈവത്തിന്റെ നിരീക്ഷണത്തില്‍ ആവുകയും ആ ദൈവത്തിന്റെ കണ്ണില്‍പ്പെടുന്നത് മാത്രം സത്യമായി മാറുകയും ചെയ്യുന്നു. ഗ്രന്ഥത്തില്‍ കാണുന്നതാണ് സത്യം എന്നതിന്റെ സ്ഥാനത്ത് ക്യാമറയില്‍ കാണുന്നതാണ് സത്യമെന്ന് തീരുമാനിക്കപ്പെടുന്നു. സത്യമെന്നത് സ്വപ്നം കൊണ്ടും സമരം കൊണ്ടും യുക്തികൊണ്ടും നിര്‍മിക്കപ്പെടുന്ന ഒന്നാണ് എന്ന സത്യം മറവു ചെയ്യപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടുന്നു.


സദാചാരവും സത്യവും സൗന്ദര്യവും നിറഞ്ഞ നിങ്ങളുടെ ക്യാമറാജീവിതം വലിയ നുണയാണ് എന്നും നിങ്ങള്‍ നുണയെന്നും തെറ്റെന്നും പറയുന്ന ജീവിതം അതിനേക്കാള്‍ സത്യമാണ് എന്നുമാണ് കിം.കി ഡുക്ക് തന്റെ സിനിമകളിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്ന് ഷൂബ ഇതില്‍ വ്യക്തമാക്കുന്നു.

ഭീതിപ്പെടുത്തുന്നതും മനം പുരട്ടുന്നതും ആയ രംഗങ്ങള്‍ കിം.കി ഡുക്ക് എന്തുകൊണ്ട് സിനിമകളില്‍ കാണിക്കുന്നു എന്നതിനെക്കുറിച്ച് ഈ പുസ്തകത്തില്‍ വിശദീകരണമുണ്ട്: സംസ്‌കാരമുള്ളവരാകാന്‍ വേണ്ടി സംസ്‌കാരമുള്ളവര്‍ വലിച്ചെറിഞ്ഞ ചവറുകളും അതുപോലുള്ള ജീവിതങ്ങളും ഭൂമിയുടെയും മനസ്സിന്റെയും ചരിത്രത്തിന്റെയും അടിത്തട്ടില്‍ ഉണ്ട്. ഭൗമാന്തര്‍ഭാഗവും കിം.കി ഡുക്കിന് പകരംവീട്ടാന്‍ എത്തുന്ന ഭൂതകാല ചരിത്ര സ്ഥലമാണ്. പിയാത്ത എന്ന ചിത്രത്തില്‍ മണ്ണു കുഴിക്കുമ്പോള്‍ കാണുന്ന ജഡം തന്റെതന്നെ ഭയപ്പെടുത്തുന്ന ഭൂതകാലമാണ്. 'അഡ്രസ്സ് അണ്‍നോണി'ലും ഒക്കെ അങ്ങനെ തന്നെ. ഏറ്റവും ഭയാനകമായ രംഗം 'ദി ഐ ലി'ലേതാണ്. ജീവന്‍ മുറിച്ചു കൊടുക്കുന്ന വിധം വേദനിച്ച് പ്രണയിക്കുന്ന തനിക്ക് അവകാശപ്പെട്ട ശരീരം ലൈംഗികത്തൊഴിലാളിയുമായി പങ്കിടുന്നത് കണ്ടു ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന കോട്ടേജിനുള്ളിലെ വിസര്‍ജനത്തിനു വേണ്ടി നിര്‍മിക്കപ്പെട്ട പൊത്തിലൂടെ തല ഉയര്‍ത്തി ഭയാനകമാംവിധം യക്ഷിമുഖം വച്ചുനോക്കുന്ന നായികയെ ഡുക്ക് അവതരിപ്പിക്കുന്നുണ്ട്.


നമ്മുടെ ക്യാമറാദൃശ്യഭംഗികള്‍ക്കുവേണ്ടി യാന്ത്രികമായ ഉപരിവര്‍ഗ സൗന്ദര്യനിര്‍മിതിക്ക് വേണ്ടി വിസര്‍ജ്യതുല്യം ഒഴിവാക്കുന്നവരുടെ ചരിത്രപരമായ തിരിച്ചുവരവ് അവതരിപ്പിക്കാന്‍ വേണ്ടിയാണ് ശരീരത്തെയും ശരീരത്തിന്റെ തന്നെ അരയ്ക്ക്താഴെയുള്ള ലിംഗ പ്രദേശങ്ങള്‍ കാല്‍പാദങ്ങള്‍ തുടങ്ങിയവയെയും വിസര്‍ജ്യ പ്രദേശങ്ങളില്‍ നിന്നും ജലാന്തര്‍ഭാഗത്തുനിന്നും ഉയര്‍ന്നു വരുന്ന മനുഷ്യരെയും മനം പുരട്ടുന്നതും ഭയപ്പെടുത്തുന്നതും ആയ രംഗങ്ങളെയും കാണിക്കുന്നത്. സൃഷ്ടിക്കുന്ന വിരലുകളെ ഒഴിവാക്കി എടുക്കുമ്പോള്‍ ഉണ്ടാകുന്ന അനശ്വര സൗന്ദര്യങ്ങളും അനന്തതകളും ഉണ്ട്. അത് ചരിത്രത്തെയും മനുഷ്യനെയും ഒഴിവാക്കുന്നു. അതിനിടയില്‍ യഥാര്‍ഥ അവകാശികളുടെ മടങ്ങിവരവിനെ സംബന്ധിക്കുന്ന ഭീതിയുണ്ട്. വെറുതെയിരിക്കുന്ന മനുഷ്യരിലല്ല അനശ്വരതയും സൗന്ദര്യവും ഉള്ളത്, അവയെ അത്തരം ഉപരിവര്‍ഗ അനശ്വരതകളെ, ഉപരിവര്‍ഗ്ഗസൗന്ദര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് സൃഷ്ടിക്കുവേണ്ടി മരണവെപ്രാളം കൊള്ളുന്ന മനസ്സിലും ശരീരത്തിലും പ്രണയത്തിലുമാണ് അനശ്വരതയും സൗന്ദര്യവും ഉള്ളത് എന്ന് ഷൂബ എഴുതുന്നു.

ക്യാമറാ കാരുണ്യങ്ങളെ ഞെട്ടിച്ചുണര്‍ത്താനും വലിച്ചു കീറാനും അക്രമാസക്തമായ മൗനത്തെയും ഭയത്തെയും കിം.കി ഡുക്ക് ഉപയോഗിക്കുന്നു എന്ന് ഷൂബ കെ.എസ് എഴുതുന്നു. ഇപ്രകാരം ആഗോള ധനകാര്യ വ്യവസ്ഥിതിയോട് കിം.കി ഡുക്കിന്റെ സിനിമകള്‍ ഏതൊക്കെ തലത്തില്‍ ഏറ്റുമുട്ടുന്നു എന്ന് വളരെ ആഴത്തില്‍ വിശദീകരിക്കുകയാണ്, 'കിം.കി ഡുക്ക്: ക്യാമറ കാലത്തെ പ്രണയം' എന്ന ഈ പുസ്തകം.

എന്റെ സിനിമകളിലെ മൂകകഥാപാത്രങ്ങള്‍ ജീവിതം കൊണ്ട് ആഴത്തില്‍ മുറിവേറ്റവരാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നൊക്കെ ചിലര്‍ അവരോട് പറഞ്ഞിട്ടുണ്ടാവാം. അതൊക്കെ പൊള്ള വാക്കുകളായിരുന്നു എന്ന അറിവ് എല്ലാവരിലും നിരാശയുണ്ടാക്കിയിരിക്കാം. അങ്ങനെ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് അവര്‍ ആരോടും മിണ്ടാതെ ആയത് എന്നു കിം.കി ഡുക്ക് പറയുന്നു. ബുദ്ധകാരുണ്യം എന്നത് ധനവാന്‍ ഇല്ലാത്തവന് കൊടുക്കുന്ന ദാനല്ല. ഇല്ലായ്മകള്‍ തീര്‍ക്കുന്ന, അസമത്വങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥയെ മറികടക്കാന്‍ വേണ്ടിയുള്ള സ്വയം ഇല്ലാതാകലാണ്. താന്‍ ഇരയും കാരണവുമാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള സ്വയം ത്യാഗമാണ്. അത്തരം കാരുണ്യം വിനിമയം ചെയ്യാന്‍ ചലച്ചിത്രകാരന്‍ ഉപയോഗിക്കുന്നത് മൗനത്തിന്റെ ഭാഷയാണ്. ക്യാമറാ കാരുണ്യങ്ങളെ ഞെട്ടിച്ചുണര്‍ത്താനും വലിച്ചു കീറാനും അക്രമാസക്തമായ മൗനത്തെയും ഭയത്തെയും കിം.കി ഡുക്ക് ഉപയോഗിക്കുന്നു എന്ന് ഷൂബ കെ.എസ് എഴുതുന്നു. ഇപ്രകാരം ആഗോള ധനകാര്യ വ്യവസ്ഥിതിയോട് കിം.കി ഡുക്കിന്റെ സിനിമകള്‍ ഏതൊക്കെ തലത്തില്‍ ഏറ്റുമുട്ടുന്നു എന്ന് വളരെ ആഴത്തില്‍ വിശദീകരിക്കുകയാണ്, 'കിം.കി ഡുക്ക്: ക്യാമറ കാലത്തെ പ്രണയം' എന്ന ഈ പുസ്തകം. ഏറ്റവുമൊടുവിലായി കിം കി ഡുക്കിന്റെ ദീര്‍ഘ അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ആശയങ്ങള്‍ക്ക് അകമ്പടി സേവിക്കലല്ല കല. എന്നാല്‍, ഇന്ന് ആഗോളമുതലാളിത്തത്തിന്റെ ടൂള്‍ മാത്രമാണ് കല . കലാകാരന്‍ കള്‍ച്ചറല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ആശാവര്‍ക്കറും. അവന്റെ സര്‍ഗാത്മകതയുടെ പരിധി കള്‍ച്ചറല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ സ്‌ക്വയര്‍ഫീറ്റിനുള്ളിലാണ്. വില്‍ക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റും? ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റും? ദൗത്യം ഇത്രമാത്രം. ഈ ചോദ്യങ്ങളുടെ ചുറ്റളവിനെ അപ്രസക്തമാക്കിക്കൊണ്ട് സുസ്ഥിര ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിന്റെ കണ്ണാടിപ്പാതയില്‍ ഉരഞ്ഞുതീരുന്ന മനുഷ്യരുടെ അസ്ഥിയില്‍ നിന്ന് പുതിയൊരു വെളിച്ചം തീര്‍ക്കുകയായിരുന്നു കിം.കി ഡുക്ക്. വെളിച്ചത്തിനു പ്രശ്‌നം ഉണ്ട് എന്ന് പറയാന്‍ ഇരുട്ടല്ലോ സുഖപ്രദം എന്ന വഴിയായിരുന്നില്ല ഡുക്കിന്റെത്. ലോകത്തിന്റെ യഥാര്‍ത്ഥത്തിലുള്ള രോഗത്തിന്റെ വെളിപ്പെടുത്തലിനെ സുഖപ്പെടുത്തലിന്റെ ആദ്യപടിയായി കണ്ടു ആ കലാകാരന്‍ .



പുസ്തകത്തിന്റെ വായന

TAGS :