Quantcast
MediaOne Logo

വി.കെ ഷാഹിന

Published: 13 Dec 2023 2:52 AM GMT

ഡ്രിഫ്റ്റ്: വെളുത്ത രക്ഷകയുടെ വരവ്

IFFK 2023 ല്‍ ചിത്രീകരണ മികവു കൊണ്ട് താല്‍പര്യം തോന്നിയ സിനിമയാണ് ഡ്രിഫ്റ്റ്.

ഡ്രിഫ്റ്റ്: വെളുത്ത രക്ഷകയുടെ വരവ്
X

'No one leaves home unless the home is the mouth of a shark '- Warsan Shire

ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂലം ജനിച്ച വീടും നാടും ഉപേക്ഷിക്കേണ്ടി വരുന്ന ആയിരക്കണക്കിനു പേരുണ്ട്. സംഘര്‍ഷങ്ങളുടെ കാരണങ്ങള്‍ പലതാകാം. ഇരയാക്കപ്പെടുന്നവര്‍ എവിടെയെങ്കിലും ഒറ്റപ്പെടുകയും അതുവരെ പരിചിതമല്ലാത്ത ഏതെങ്കിലും ഒരു നാട്ടില്‍ ഭിക്ഷാടകരെ പോലെ സ്വന്തമായി ജീവിതം കെട്ടിപ്പടുക്കേണ്ടി വരികയും ചെയ്യുന്നത് വിചാരിക്കുന്നത്ര സുഗമമായ ഒന്നല്ല. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അവസ്ഥ ഏറെ ഭീതിജനകമായിരിക്കും.

ലൈബീരിയയിലുണ്ടായ ഒരു ജനകീയ പ്രക്ഷോഭത്തില്‍ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെട്ട ജാക്വിലിന്റെ കഥ വിഭിന്ന ആശയലോകങ്ങളിലൂടെ സഞ്ചരിക്കുന്നതാണ്. ഗ്രീസിലെ ഒരു ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കിടയില്‍ ചില്ലറ സഹായങ്ങള്‍ നല്‍കി ചുറ്റി സഞ്ചരിക്കുകയാണ് കറുത്ത വര്‍ഗക്കാരിയായ ജാക്വിലിന്‍. സണ്‍ ബാത്തിനായി എത്തുന്ന സ്ത്രീകളുടെ കാലുകള്‍ മസാജ് ചെയ്ത് കൊടുത്താല്‍ കിട്ടുന്ന ചില്ലറത്തുട്ടുകളാണ് അവളുടെ ഏക വരുമാന മാര്‍iം. നഗരപ്രാന്തത്തിലുള്ള ഒരു ഗുഹയ്ക്കകത്താണ് അവള്‍ താമസിക്കുന്നത്. ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ മാത്രമാണ് അവള്‍ക്കുള്ളത്. വിഷാദം ഘനീഭവിച്ച മുഖവുമായി ഓരോ ഫ്രെയിമിലും നിറയുന്ന ജാക്വിലിന്റെ യഥാര്‍ഥ കഥ എന്താണെന്ന് തുടക്കത്തില്‍ നമുക്ക് വ്യക്തമാകുന്നില്ല. എന്തിനെയൊക്കെയോ, ആരെയൊക്കെയോ ഭയപ്പെട്ടാണ് അവള്‍ അവിടെ ജീവിക്കുന്നത്. ഒരിക്കല്‍ രാത്രിയില്‍ തന്റെ താമസസ്ഥലത്തേക്ക് പൊയ്‌ക്കൊണ്ടിരുന്ന അവളെ ഒരു ആഫ്രോ-അമേരിക്കന്‍ പിന്തുടരുന്നുണ്ട്. അയാളുടെ ഉദ്ദേശ്യം എന്താണെന്നറിയാതെ അവള്‍ ഓടി രക്ഷപ്പെടുന്നു. ദുഃസ്വപ്നങ്ങള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന അവള്‍, ഒടുവില്‍ നഗരപ്രാന്തത്തിലുള്ള ചരിത്ര പ്രാധാന്യമുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുകയും അവിടെ ഒരു ഷെല്‍ട്ടര്‍ കണ്ടെത്തുകയും ചെയ്യുന്നു. ജനവാസം ഇല്ലാത്തതിനാല്‍ അവിടം കൂടുതല്‍ സുരക്ഷിതമായി അവള്‍ക്ക് അനുഭവപ്പെടുകയും അവിടെത്തന്നെ തങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരികള്‍ക്കൊപ്പം ഗൈഡായി അവിടെ എത്തിച്ചേരുന്ന ക്യാലി എന്നവെളുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ സ്ത്രീ അവളോട് വളരെ സ്‌നേഹത്തോടു കൂടി സംസാരിക്കുന്നു. തന്റെ ഭര്‍ത്താവിന് ജോലിത്തിരക്കുകള്‍ ആയതിനാല്‍ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വേണ്ടി താന്‍ ഒറ്റയ്ക്കിവിടെ വന്നിരിക്കുകയാണ് എന്നൊരു നുണയാണ് ജാക്വിലിന്‍ ക്യാലിയോട് പറയുന്നത്. തന്റെ ഒപ്പം കൂടാന്‍ ക്യാലി അവളെ ക്ഷണിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസ്റ്റുകളോടൊപ്പം ജാക്വിലിന്‍ അവിടമെല്ലാം ചുറ്റി നടന്ന് കാണുന്നുണ്ട്.


ഒരിക്കല്‍ ക്യാലിയുടെ ക്ഷണം സ്വീകരിച്ച് ടൂറിസ്റ്റ് ബസ്സില്‍ യാത്ര ചെയ്ത ജാക്വിലിന്‍ ദുഃസ്വപ്നം കണ്ട് ബസ്സില്‍ നിന്ന് തെറിച്ചു വീഴുന്നു. പരിക്കു പറ്റിയ അവളെ ക്യാലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും അവള്‍ അവിടെ നിന്ന് ഓടിപ്പോകുന്നു. വീണ്ടും അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ജാക്വിലിന്‍ ക്യാലിയെ ഒരു റെസ്റ്ററന്റില്‍ കൂട്ടിക്കൊണ്ടു പോവുകയും വളരെ നാളുകൊണ്ട് സ്വരുക്കൂട്ടിയ പണമുപയോഗിച്ച് നല്ലൊരു ട്രീറ്റ് തന്നെ നല്‍കുകയും ചെയ്യുന്നുണ്ട്. അതിനു ശേഷം ക്യാലിയുടെ ഭവനത്തിലെത്തുമ്പോള്‍ തന്നെ വേട്ടയാടുന്ന ഭൂതകാലത്തിന്റെ ചുരുള്‍ - അതിഭയാനകമാണത് - ക്യാലിക്കു മുമ്പില്‍ അവള്‍ നിവര്‍ത്തുന്നുണ്ട്.

അതിവൈകാരികത കൊണ്ട് മെനഞ്ഞെടുത്ത, ക്യാലിയ്ക്ക് ജാക്വിലിനോടുള്ള സൗഹൃദം പ്രകടമാക്കുന്ന ഡ്രിഫ്റ്റിലെ പല ദൃശ്യങ്ങളും 'വെളുത്ത രക്ഷകന്‍ ' എന്ന സിനിമാറ്റിക് ട്രോപിനെ ഓര്‍മിപ്പിക്കുന്നതാണ്. അവിടെ കണ്ടുമുട്ടുന്ന വെള്ളക്കാരായ പൊലീസുകാരുടെ പോലും (രാത്രിയിലാണെങ്കിലും ) വളരെ ദയയോടെയുള്ള പെരുമാറ്റം കാല്‍പനികമാണ്. ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവര്‍, യാത്രക്കാര്‍ എന്നിങ്ങനെ നല്ലവരായ വെള്ളക്കാരുടെ നന്മ നിറയുന്ന സിനിമയാണിത്. ഗ്ലോറി (1989), ഡേഞ്ചറസ് മൈന്‍ഡ്‌സ് (1996) മുതല്‍ അവതാര്‍ (2009), ദി ഹെല്‍പ് (2011) വരെ നിരവധി ചിത്രങ്ങള്‍ 'വെളുത്ത രക്ഷകന്‍ ' എന്ന സിനിമാറ്റിക് ട്രോപിന് ഉദാഹരണങ്ങളാണ്. 'വൈറ്റ് സേവ്യര്‍ ' ഫിലിം പലപ്പോഴും യഥാര്‍ഥമെന്നു കരുതുന്ന കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തങ്ങളുടെ ജീവനും സ്വത്തിനും അപകടം അനുഭവിക്കുന്നവരെന്ന് കരുതുന്ന വെള്ളക്കാരല്ലാത്ത ഒരു വിഭാഗത്തെയോ വ്യക്തിയെയോ ഇതില്‍ അവതരിപ്പിക്കുന്നു. പിന്നീട് വെള്ളക്കാരനായ ഒരു രക്ഷകന്‍ അവിടേക്ക് പ്രവേശിക്കുകയും (അയാള്‍ ഒരു അധ്യാപകനോ എഴുത്തുകാരനോ രാഷ്ട്രീയക്കാരനോ അഭിഭാഷകനോ അങ്ങനെ ആരെങ്കിലും ആയിരിക്കും) തന്റെ ത്യാഗങ്ങളിലൂടെ അവരെ ശാരീരികമായോ മാനസികമായോ രക്ഷിക്കുകയും ചെയ്യും. 'വൈറ്റ് സേവിയര്‍ ' എന്ന ട്രോപ്പിനെ കുറിച്ച് സോഷ്യോളജിസ്റ്റായ മാത്യു ഹ്യൂഗെ ഇപ്രകാരമാണ് വിവരിക്കുന്നത്.

യു.എസില്‍ പഠനവും ജോലിയുമായി കഴിയുകയായിരുന്ന ജാക്വിലിന്‍ അവധിക്കാലത്താണ് ലൈബീരിയയില്‍ എത്തിയത്. കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെട്ടതോടെയാണ് അവള്‍ ഗ്രീസില്‍ ഒളിവു ജീവിതം ആരംഭിക്കുന്നത്. തന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ മനമുരുകി കഴിയുമ്പോഴും തന്റെ പഴയ സുഹൃത്തുക്കളുമായി ബന്ധപ്പെടാനോ തന്റെ പഴയ മെച്ചപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചു പോകാനോ ജാക്വിലിന്‍ വേണ്ട രീതിയില്‍ ശ്രമിക്കുന്നില്ല. അവള്‍ അനുഭവിച്ച ട്രോമയാണ് അതിന് കാരണം എന്ന് വേണമെങ്കില്‍ പറയാം. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരു പക്ഷേ വെളുത്ത രക്ഷകനോ/രക്ഷകയ്‌ക്കോ വേണ്ട രീതിയില്‍ രംഗപ്രവേശം ചെയ്യാന്‍ ആകില്ലല്ലോ സിനിമാ ട്രോപ്പുകളില്‍ ഏറെ വിമര്‍ശന വിധേയമായിട്ടുള്ള വംശീയതയുടെ മറ്റൊരു മുഖമായ 'വൈറ്റ് സേവ്യര്‍ ' സ്ത്രീ സൗഹൃദത്തിന്റെ കഥയെന്ന് നമ്മളെ വിശ്വസിപ്പിക്കുന്ന ഡ്രിഫ്റ്റിന്റെ അന്തര്‍ധാരയാണെന്നത് സിനിമയുടെ മാറ്റു കുറയ്ക്കുന്നു.

Iffk 2023 ല്‍ ചിത്രീകരണ മികവു കൊണ്ട് താല്‍പര്യം തോന്നിയ സിനിമയാണ് ഡ്രിഫ്റ്റ്. സിംഗപ്പൂരില്‍ ജനിച്ച യുവ സംവിധായകനായ ആന്റണി ചെന്നാണ് (Antony Chen) സംവിധായകന്‍. അലക്‌സാണ്ടര്‍ മാക്‌സിക്‌സിന്റെ 'A Marker to Measure Drift' എന്ന കഥയെ അടിസ്ഥാനമാക്കി മാക്‌സിക്‌സും സൂസന്‍ ഫാറെല്ലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രധാന വേഷങ്ങള്‍ ചെയ്ത സിന്തിയ എറിവോയും ആലിയ ഷൗക്കത്തും ജാക്വിലിനേയും ക്യാലിയെയും മനസ്സില്‍ പതിയും വിധം മനോഹരമാക്കിയിരിക്കുന്നു

TAGS :