Quantcast
MediaOne Logo

ഷംല മുസ്തഫ

Published: 22 Feb 2024 7:31 AM GMT

ധ്രുവങ്ങള്‍

| കഥ

ധ്രുവങ്ങള്‍
X

" കവലേന്ന് അവനെ ആദ്യം കണ്ടത് സജിയാണ്. സജി വിവരം പറഞ്ഞപ്പോ തന്നെ ഞാനവനെ പോയിക്കാണുകേം ചെയ്തു. നിങ്ങളെ കാണണമെന്ന പറയുന്നേ.ഇതൊരു വെറും വരവായി എനിക്ക് തോന്നുന്നില്ല തോമാച്ചായാ.. "

തോമാച്ചന്‍ ജോണിക്ക് മുന്നില്‍ നിന്ന് വിയര്‍ത്തു.

" നിങ്ങളെ അതേ കണ്ണും മൂക്കും.. പകര്‍ത്തി വെച്ച പോലെ.."

ജോണി ശബ്ദം അല്‍പ്പം താഴ്ത്തിയാണത് പറഞ്ഞത്. എന്നിട്ടും താന്‍ പറഞ്ഞതെല്ലാം അടുക്കളപ്പുറത്ത് നിന്ന് സാറാമ്മ കേട്ടെന്ന് മനസ്സിലായപ്പോള്‍ ജോണി പരിഭ്രമത്തോടെ പടവുകള്‍ ഇറങ്ങി വേഗത്തില്‍ നടന്നുപോയി.കുന്നിന്റെ ചരിവിലായി നില്‍ക്കുന്ന ഓടിട്ട വീടിന്റെ മുറ്റത്തൂടെ സാറാമ്മ വാതം പിടിച്ച കാലും വലിച്ച് ഉമ്മറത്തേക്ക് വന്നപ്പോഴേക്കും തോമാച്ചന്‍ അകത്തേക്കു കയറിയിരുന്നു. ജോണിയത് പറയുമ്പോള്‍ തോമാച്ചന്റെ മുഖഭാവം എങ്ങനെയായിരുന്നുവെന്ന് കാണാന്‍ കഴിയാഞ്ഞതില്‍ അവള്‍ക്ക് നിരാശ തോന്നി.

ഏലമിട്ട കാപ്പി കൊടുത്തപ്പോള്‍ പതിവിന് വിപരീതമായി തോമാച്ചന്‍ സാറാമ്മയുടെ മുഖത്തേക്കൊന്ന് പാളിനോക്കി.അയാളുടെ മുഖം വിളര്‍ത്തിരുന്നു. ജാള്യതയോടെ നിസ്സഹായനായി തന്റെ മുന്നില്‍ പെട്ടു നില്‍ക്കുന്ന അയാളെ കണ്ട് അവള്‍ക്ക് ചിരി പൊട്ടി. മുപ്പതു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിപ്പുറം ഇനിയുമെന്തൊക്കെ അത്ഭുതങ്ങള്‍ കാണാനുണ്ടെന്ന് ഓര്‍ത്തപ്പോള്‍ അമ്പതാം വയസ്സിലും സാറാമ്മയ്ക്ക് കുളിരുകോരി. കെട്ടിക്കേറി വന്നയന്ന് രാത്രിയിലാണ് തന്റെ ജീവിതം കയറില്‍ തൂക്കിയാല്‍ മതിയായിരുന്നെന്ന് അവള്‍ക്കാദ്യം തോന്നിയത്.

"എന്ത് ഓഞ്ഞ കാപ്പിയാടി ഇത്.. പോയി ഏലമിട്ട് അനത്തികൊണ്ടു വാ.. "

ആദ്യരാത്രിയില്‍ പാലിന് പകരം കാപ്പി മതിയെന്ന് അങ്ങേര് പറഞ്ഞപ്പോള്‍ എന്നാപ്പിന്നെ അങ്ങനെയാവട്ടെന്ന് കരുതി കൊടുത്ത കാപ്പിയാണ് ജനലിലൂടെ പുറത്തേക്ക് തൂത്തത്. ആദ്യമായി കൊടുത്ത കാപ്പി, അല്ല സമ്മാനം അല്ലേയല്ല സ്‌നേഹം.. അതാണ് അങ്ങേര് വിലയില്ലാതെ ഒഴിച്ച് കളഞ്ഞത്. അതും തനിക്കൊട്ടും ഇഷ്ടമില്ലാത്ത ഏലം ചേര്‍ക്കാഞ്ഞതിന്.

ഏലമിട്ട് കാപ്പി ഉണ്ടാക്കുമ്പോഴൊക്കെ സാറാമ്മക്ക് ഓക്കാനം വരും. പത്തു പന്ത്രണ്ട് ഏക്കര്‍ ഏലക്കൃഷി ചെയ്യുന്ന പാലേക്കുന്നേല്‍ തോമസെന്ന തോമാച്ചന്റെ ഭാര്യ സാറയ്ക്ക് അങ്ങനെ വരേണ്ടാത്തതാണ്. പക്ഷെ അവള്‍ക്ക് ഏലത്തിന്റെ മണവും രുചിയും ഇഷ്ടമല്ല. അറിയാതെപോലും പായസത്തില്‍ ഒന്ന് കടിച്ചു പോയാല്‍ അമ്മയോട് ഒച്ചയെടുത്തിരുന്നവളാണ് ദിവസം പത്തിരുപതു തവണ ഏലമിട്ടു കാപ്പി ഉണ്ടാക്കുന്നത്. ഏലം മണക്കുന്ന ചുണ്ടുകളുമായി അങ്ങേര് അടുത്ത് വരുമോയെന്നവള്‍ ആദ്യനാളുകളില്‍ ഭയന്നിരുന്നു. പക്ഷെ നാളുകള്‍ നീങ്ങിയപ്പോഴാണ് അങ്ങേരുടെ ജീവിതത്തിലെങ്ങും താനില്ലെന്ന സത്യം അവള്‍ക്ക് മനസ്സിലായത്.

ഒരിക്കല്‍ സാറ കുളികഴിഞ്ഞു മുറിയിലേക്ക് വന്നപ്പോള്‍ തോമാച്ചന്‍ കട്ടിലില്‍ കിടക്കുകയാണ്. അന്നേരം അങ്ങേര് തന്നെയെന്ന് ഇറുകെ പുണര്‍ന്നെങ്കില്‍ എന്നവളാശിച്ചു. അതിനായി മുറിയില്‍ വെറുതെ ഓരോന്ന് പരതി അയാളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നോക്കി. നീണ്ടു നിവര്‍ന്നു കിടക്കുന്ന അങ്ങേരുടെ അരികില്‍ നിന്ന് പാവാട നേരെയാക്കി.

"ഒന്ന് സ്വസ്ഥമായി കിടക്കാനും സമ്മതിക്കില്ലേ മനുഷ്യനെ.. ഒരുമ്പെട്ടോള്.. ഒരു കാപ്പി ചോദിച്ചിട്ട് നേരെത്രെയായി.. "

സാറയിലത് വല്ലാത്ത ഞെട്ടലുണ്ടാക്കി. ഈറന്‍ മുടി വാരിക്കെട്ടി നെഞ്ചിലേറ്റ അപമാനം ചുണ്ടില്‍ കടിച്ചമര്‍ത്തി അവളടുക്കളയിലേക്ക് നടന്നു. പിന്നീട് ഒരിക്കലും അയാളുടെ സാമിപ്യത്തിനായി കൊതിച്ചിട്ടില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഒച്ചവെക്കുന്ന അയാളോട് സ്‌നേഹമെവിടെയെന്ന് ചോദിക്കാന്‍ അവള്‍ക്ക് തോന്നിയില്ല. സ്‌നേഹത്തിന് വേണ്ടി കെഞ്ചാന്‍ മനസ്സ് വന്നില്ലെന്നതാവും ശരി. എന്നാലും അവളുടെ ആവശ്യങ്ങളൊന്നും അയാളോട് പറയേണ്ടി വരാറില്ല. പള്ളിപ്പെരുന്നാളിനും ക്രിസ്തുമസിനും അവള്‍ക്ക് പുതിയ കുപ്പായം കിട്ടും. ഇടയ്‌ക്കൊക്കെ മനപ്പൂര്‍വം അങ്ങേര് കുറച്ചു പണം മേശമേല്‍ മറന്നു വെക്കും. പിന്നീടൊരിക്കലും അതേപ്പറ്റി ചോദിക്കില്ല.വീട്ടുസാധനങ്ങള്‍ ജോണി തന്നെ അന്വേഷിച്ചു എത്തിച്ചു തരും. അവള്‍ക്കും അത്രെയേ ആവശ്യമുണ്ടായിരുന്നുള്ളൂ.. ഒരിക്കലും കണ്ടുമുട്ടാതെ രണ്ടു ധ്രുവങ്ങളില്‍ കഴിയുന്ന മനസ്സുകളായി അവര്‍ പരിണമിച്ചിരുന്നു. ഏലക്കാപ്പിയാണ് തങ്ങളെ ബന്ധിപ്പിക്കുന്ന ഏകഘടകമെന്ന് അവള്‍ ആശ്ചര്യപ്പെടാറുണ്ട്.

അയാളാല്‍ താന്‍ സ്‌നേഹിക്കപ്പെടാതെ പോയതെന്തെന്നതിന് ഉത്തരം കിട്ടാത്ത കാലങ്ങളില്‍ അവള്‍ക്ക് വല്ലാത്ത നിരാശയായിരുന്നു. കെട്ടിത്തൂങ്ങിയാലോ എന്നവള്‍ അന്നാളുകളില്‍ ഇടയ്ക്കിടെ ചിന്തിച്ചിരുന്നു. സൗന്ദര്യംകൊണ്ടും സാമ്പത്തികംകൊണ്ടും ഏറെ അന്തരമുണ്ടായിരുന്ന അയാള്‍ തനിക്കു എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളിലാണെന്ന തോന്നലില്‍ ആശ്വസിച്ചു. പിന്നീടൊരിക്കല്‍ ജോണിയുടെ ഭാര്യ വഴി കാരണം അറിഞ്ഞപ്പോഴും സാറ കരഞ്ഞില്ല.


തോമാച്ചന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മറ്റൊരു പ്രണയത്തിലായിരുന്നു. അന്യജാതിക്കാരിയായ അവളെ ജീവിതത്തിലേക്ക് കൂട്ടാന്‍ അയാളുടെ അപ്പന്‍ സമ്മതിച്ചില്ല. അവളെയും കുടുംബത്തെയും നാട് കടത്താന്‍ അന്നത്തെ നാട്ടു പ്രമാണിയായിരുന്ന പാലേക്കുന്നേല്‍ അവറാന് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. നാട്ടില്‍ നിന്ന് പോകുമ്പോളവള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പിന്നീട് അയല്‍വാസികള്‍ പറഞ്ഞാണ് തോമാച്ചനറിയുന്നത്. അയാളാകെ തകര്‍ന്നുപോയി. അവളെ അന്വേഷിച്ചു കുറേയലഞ്ഞു. ഒടുവില്‍ അപ്പന്റെ നിര്‍ബന്ധത്തിന് കെട്ടിയതാണ് സാറയെ. അവഗണനയുടെ അങ്ങേ തലക്കല്‍ എത്തി നില്‍ക്കുന്ന സാറക്ക് അതില്‍ അത്ഭുതവും തോന്നിയില്ല. താന്‍ എന്നോ ഇതെല്ലാം അറിഞ്ഞിരുന്നെന്ന ഭാവമായിരുന്നു.

അന്നാണ് ഒരു പെണ്ണിനെ മാത്രം മനസ്സില്‍ ധ്യാനിച്ചു കഴിയുന്ന അയാളോട് അവള്‍ക്കാദ്യമായി പ്രണയവും വാത്സല്യവും തോന്നിയത്. പ്രണയവും വാത്സല്യവും പെണ്ണിന്റെ മനസ്സില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണെന്ന് ഇടയ്‌ക്കൊക്കെ അവള്‍ക്ക് തോന്നാറുണ്ട്. പ്രണയം തോന്നിയ പുരുഷനോട് അതിയായ വാത്സല്യവും ഉടലെടുക്കും. അയാളുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ പോലും അതീവശ്രദ്ധാലുവായി മാറും. ഒരു കുഞ്ഞിനെയെന്നപോലെ മാറോട് ചേര്‍ക്കാനും കൊഞ്ചാനും അരികില്‍ ചേര്‍ന്നിരുന്ന് വിരലുകളില്‍ പതിയെ തലോടിക്കൊണ്ടിരിക്കാനും തോന്നും.

*****

കാലത്തു ഏലക്കാപ്പി ഇട്ടു തോമാച്ചന്റെ മുറിയിലേക്ക് ചെന്നെങ്കിലും അങ്ങേരവിടെ ഇല്ലായിരുന്നു. അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതാണ്. സാറാമ്മേടെ കാപ്പി കുടിക്കാതെ തോമാച്ചന്‍ പുറത്തോട്ട് പോകുന്ന പതിവുണ്ടായിട്ടില്ല.

" അല്ലേലും പതിവ് തെറ്റിക്കുന്ന കാര്യങ്ങളൊക്കെയാണല്ലോ ഇവിടെ നടക്കുന്നെ.. "

സാറാമ്മ കെറുവിച്ചുകൊണ്ടു ഉമ്മറപ്പടിയില്‍ വന്നിരുന്നു. താഴെ ഇടവഴിയിലൂടെ വെളിച്ചം നടക്കാനിറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.. പള്ളിപ്പെരുന്നാളിന്റെ കൊടിയേറ്റമാണ് ഇന്ന്. തന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെയാണോ സങ്കടത്തിന്റെയാണോ കൊടിയേറാന്‍ പോകുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ല.

പള്ളിപ്പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്കായല്ല തോമാച്ചന്‍ പോയതെന്ന് അവള്‍ക്കറിയാമായിരുന്നു..ഇനി അവനെ കാണാന്‍ ആയിരിക്കോ.. അവന്‍ തോമാച്ചനെ അന്വേഷിച്ചു ഇന്നാട്ടില്‍ എത്തിയെന്നു അറിഞ്ഞത് മുതല്‍ അങ്ങേരുടെ ഭാവമാറ്റം കാണുന്നുണ്ട്.. അവര്‍ തമ്മില്‍ കാണുമ്പോള്‍ എന്തായിരിക്കും ആദ്യം പറയുക. അങ്ങേര് അവന്റെ അമ്മയെ അന്വേഷിക്കുമോ.. മകനെയെന്ന് പറഞ്ഞു ചേര്‍ത്ത് പിടിക്കുമോ. അവന്‍ അമ്മയെ കൂട്ടി വരുമോ.. അവന്റെ അമ്മയെ കാണുമ്പോള്‍ തോമാച്ചന്‍ തന്നെ മറക്കുമോ.. താന്‍ പുറത്താക്കപ്പെടുമോ..

ഓരോരോ ചിന്തകളില്‍ സാറാമ്മയുടെ നെഞ്ചുരുകി. അവള്‍ കര്‍ത്താവിന്റെ മുന്നില്‍ ചെന്നു പ്രാര്‍ത്ഥിച്ചു. കുരിശ് വരച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. അങ്ങേരെ എനിക്ക് നഷ്ടപ്പെടുത്തല്ലേ കര്‍ത്താവേയെന്ന് മനമുരുകി.അന്നത്തെ ദിവസം മുഴുവന്‍ അവള്‍ തോമാച്ചനെ കാത്തിരുന്നു. വൈകുന്നേരം ജോണിയോട് തിരക്കിയപ്പോഴാണ് അയാളോട് പോലും പറയാതെയാണ് അങ്ങേര് പോയതെന്ന് മനസ്സിലായത്. ഒരിക്കലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലാത്തതാണ്. സാറാമ്മക്ക് വെപ്രാളം കൂടി. ജോണി പലതവണ ഫോണില്‍ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് ആയിരുന്നു പ്രതികരണം. എന്നാലും മനസ്സില്‍ തോന്നിയ പരിഭ്രമം സാറക്ക് മുന്നില്‍ കാണിച്ചില്ല.

അന്ന് രാത്രി സാറ ചങ്ക് പൊട്ടി കരഞ്ഞു. തോമച്ചനോട് തനിക്ക് ഇത്രമാത്രം സ്‌നേഹം ഉണ്ടായിരുന്നുവെന്ന് അന്നാണവള്‍ അറിഞ്ഞത്. അങ്ങേരില്ലാതെ ഞാനെങ്ങനെ ജീവിക്കുമെന്ന് ഓരോ തേങ്ങലിലും അവള്‍ പരിഭവിച്ചു. കരച്ചിലിന്റെ ആധിക്യത്തില്‍ അടിവയറ്റിലൊരു ആന്തലുണ്ടായി.ഗര്‍ഭപത്രത്തില്‍ നിന്നുമൊരു ഭ്രൂണം ഉടലെടുക്കുന്നതും പതിയെ അതിന് കൈകള്‍ മുളക്കുന്നതും തന്നെ ചേര്‍ത്ത് പിടിക്കുന്നതു പോലെയുമെല്ലാം അവള്‍ക്ക് തോന്നി.

സാറയുടെ കണ്ണീരില്‍ പെറ്റുവീണ പ്രഭാതത്തിന് വിഷാദത്തിന്റെ ഛായയായിരുന്നു. കിടക്കപ്പായ വിട്ടെണീക്കാതെ അവള്‍ തോമച്ചാനെ ഓര്‍ത്തുകിടന്നു. പുറത്തെ കാല്‍പെരുമാറ്റം കേട്ടപ്പോഴാണ് ചാടിയെഴുന്നേറ്റത് .കാലിലെ വാതത്തിന്റെ വേദനയോ വയ്യായ്കയോ അവളപ്പോള്‍ അറിഞ്ഞില്ല. പാഞ്ഞു ചെന്ന് വാതില്‍ തുറന്നപ്പോള്‍ പുറത്ത് തോമാച്ചന്‍.

ഒരലറി കരച്ചിലോടെ സാറമ്മ തളര്‍ന്നു നിലത്തേക്കിരുന്നു. തോമാച്ചനത് കണ്ടു വെപ്രാളപ്പെട്ടു.

" സാറേ.. എണീറ്റേ.."

അയാളവളെ പിടിച്ചു എഴുന്നേല്‍പ്പിച്ചു.അയാള്‍ തൊട്ടപ്പോള്‍ അവള്‍ പൂമരമായി. കരച്ചിലടങ്ങി.

" ഞാനാ പയ്യന്റെ കൂടെ കൊച്ചി വരെയൊന്ന് പോയതായിരുന്നു. പെട്ടെന്നുള്ള തീരുമാനം ആയോണ്ട് പറയാന്‍ ഒത്തില്ല. ഫോണങ്ങ് ഓഫായി പോകേം ചെയ്തു . നീയെന്തിനാ കരഞ്ഞേ.."

ആദ്യമായി.. ജീവിതത്തില്‍ ആദ്യമായി സ്‌നേഹത്തോടെയുള്ള വാക്കുകള്‍ സാറ കേള്‍ക്കുകയായിരുന്നു. സ്വപ്നം തന്നെ ചതിക്കുവാണോ എന്നവള്‍ ആശങ്കപ്പെട്ടു.

" നീയിട്ട ഏലക്കാപ്പി കുടിക്കാഞ്ഞിട്ട് എനിക്കിന്നലെ ഉറക്കം വന്നില്ല. അതാ കാലത്തെ ഇങ്ങു പോന്നത്. ഒരു കാപ്പി അനത്തി താ.."

" ദേ... ഇപ്പൊ എടുക്കാം.."

തോമാച്ചന്റെ പെരുമാറ്റത്തില്‍ ആവേശം കൊണ്ടവള്‍ അടുക്കളയിലേക്ക് നടന്നു.

" സാറേ..നമ്മള്‍ കരുതിയത് പോലെ അവനെന്റെ മകനല്ല.."

ഏലക്കാപ്പി വാങ്ങിക്കുടിക്കുമ്പോള്‍ തലതാഴ്ത്തിക്കൊണ്ട് തോമാച്ചന്‍ പറഞ്ഞു. അവള്‍ക്ക് പക്ഷെ അതൊന്നും അറിയേണ്ടായിരുന്നു. അവനാരെന്നോ എന്തിന് അവന്റെ കൂടെ പോയെന്നോ അറിയണമെന്ന് തോന്നിയില്ല. അങ്ങേരില്ലാതെ തനിക്കും താനില്ലാതെ അങ്ങേര്‍ക്കും ജീവിക്കാന്‍ വയ്യെന്ന സത്യത്തിനപ്പുറം ഒന്നും.

തോമാച്ചന്റെ അപ്പന്‍ പലേകുന്നേല്‍ അവറാന്റെ ജാരസന്തതിയാണ് ആ പയ്യനെന്നു ജോണിയും അതല്ല തോമാച്ചന്റെ മകനാണെന്ന് നാട്ടുകാരും പിന്നീട് ഊഹം പറഞ്ഞു. സ്‌നേഹത്താല്‍ സ്‌നാനപ്പെട്ടു നില്‍ക്കുന്ന സാറാമ്മ അതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല.അവളപ്പോള്‍ തോമാച്ചനരികിലിരുന്നു ഏലക്കാപ്പി ആസ്വദിച്ചു കുടിക്കുകയായിരുന്നു. അന്നാദ്യമായി..




TAGS :