Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 7 April 2024 6:39 AM GMT

Dummy Life

ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 13

Dummy Life  ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍
X

പൊലീസ് സ്റ്റേഷനില്‍ എത്തിയ ചന്ദ്രികയും ബാഹുലേയനും വീട്ടില്‍ കാണിച്ച അതേ നിസ്സഹകരണ പ്രസ്ഥാനം തുടര്‍ന്നു വന്നു. അവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം നഥാനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജപ്പെടുത്തി. ഫോണ്‍ ഓഫ് ചെയ്തു വയ്ക്കും എന്നൊക്കെ പൊലീസിന് മുന്‍പ് തന്നെ ഐഡിയ ഉണ്ടായിരുന്നു. കാരണം, അതുവരെയും മനസ്സിലാക്കിയത് വെച്ച് മനോഗതികള്‍ ഏകദേശം ഒക്കെ ഊഹിക്കാന്‍ പൊലീസിന് കഴിഞ്ഞുപോന്നിരുന്നു. അവര്‍ പ്രതീക്ഷിച്ച പോലെ തന്നെ മറ്റൊരു നമ്പറില്‍ നിന്നാണ് ചന്ദ്രികയെയും മൃദുലയെയും നഥാന്‍ കോണ്‍ടാക്ട് ചെയ്തിരുന്നത്. അതും പൊലീസിന് വ്യക്തമായി അറിയുമായിരുന്നു. കാരണം, മനസ്സിലാക്കിയിടത്തോളം നഥാന്‍ എന്നുപറയുന്ന വ്യക്തിക്ക് ഒരു കാര്യവും ചന്ദ്രികയോടും മൃദുലയോടും ചോദിക്കാതെ തീരുമാനിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. നഥാന്‍ വെറുമൊരു നോക്കുകുത്തിയാണെന്നും കീ കൊടുക്കുന്നതിനനുസരിച്ച് ആടുന്ന പാവയാണെന്നും ഒറ്റ ദിവസം കൊണ്ട് തന്നെ പൊലീസിന് വ്യക്തവും ആയിരുന്നു. അങ്ങനെ നിരീക്ഷിച്ചുവന്ന നഥാന്‍ പൊലീസിന്റെ വലയില്‍ അകപ്പെടാന്‍ അധികം താമസിച്ചില്ല. എന്നാല്‍, ഈ വിവരം ചന്ദ്രികയോ ബാഹുലേയനോ മൃദുലയോ അറിഞ്ഞില്ല.

പൊലീസിന്റെ പിടിയില്‍ അകപ്പെട്ട നഥാന് പറയാന്‍ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ, 'എല്ലാം എന്റെ അമ്മയും അനിയത്തിയും അളിയനും പറഞ്ഞത് പ്രകാരം ഞാന്‍ ചെയ്തു എന്ന് മാത്രം. ഞാന്‍ നിഷ്‌കളങ്കനാണ് എനിക്ക് ഒന്നും അറിയില്ല. '

'നീ നിഷ്‌കളങ്കന്‍ ആണല്ലേ... എന്നിട്ടാണോടാ ഭാര്യ വീട്ടില്‍ ഇരിക്കുമ്പോള്‍ അവളെ വീട്ടില്‍ നിന്നും നിന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുന്നതിന് വേണ്ടി മറ്റൊരു പെണ്ണിനെ കെട്ടിയെടുത്തത്? അമ്മയും അനിയത്തിയും ഓഞ്ഞ അളിയനും പറഞ്ഞാല്‍ അതുപ്രകാരം തന്നെ അനുസരിക്കുന്ന ഒരു പാല്‍ക്കുപ്പിയാകാന്‍ എങ്ങനെ കഴിയുന്നെടാ ഡാഷ് മോനേ?'

'അനാവശ്യം പറയരുത് സര്‍. അവര്‍ക്ക് ഇഷ്ടമില്ലാത്തത് ഒന്നും എനിക്ക് ചെയ്തു ശീലമില്ല. ഇത്രയും പറഞ്ഞ് നഥാന്‍ കരച്ചില്‍ ആരംഭിച്ചു.'

'ഛെയ്... ആണുങ്ങളുടെ വില കളയാന്‍ ഉണ്ടായ മൊയന്ത്? വല്ലവളുമാരുടേയും കൂടെ അഴിഞ്ഞാടി നടക്കുമ്പോള്‍ അവന് കരച്ചില്‍ ഇല്ലായിരുന്നു. പെണ്ണും പെടക്കോഴിയും വേണ്ടെങ്കില്‍ കെട്ടാതെ ഇരിക്കണമെടാ. അതെങ്ങനയാ, നീയൊക്കെ കെട്ടുന്നത് കുടുംബം ഉണ്ടാകാന്‍ അല്ലല്ലോ ചെലവില്ലാതെ 'മറ്റേ കാര്യം' നടത്താന്‍ അല്ലേ... ശവം.' പൊലീസ് അവനെ നോക്കി പുച്ഛിച്ചു.

അതേസമയം പൊലീസ് സ്റ്റേഷനില്‍ നഥാന്‍ അറസ്റ്റിലായ വിവരം അറിയാതെ ചന്ദ്രിക കസറുകയായിരുന്നു. തനിക്ക് ഇസബെല്ല എന്ന് പറയുന്ന ഒരു സ്ത്രീയെ അറിയില്ലെന്നും തന്റെ മകന് അത്തരമൊരു സ്ത്രീയുമായി യാതൊരു ബന്ധവുമില്ല എന്നും അവര്‍ ആണയിട്ട് ഉറപ്പിച്ച് പറഞ്ഞു.

'ബന്ധമുണ്ടോ ഇല്ലയോ എന്ന് കരിങ്കണ്ഡത്തില്‍ ചന്ദ്രികയ്ക്ക് എങ്ങനെ പറയാന്‍ സാധിക്കും?'

'അവന്റെ എല്ലാ കാര്യങ്ങളും ഞാനാണ് തീരുമാനിക്കുന്നത്. ഞാനറിയാതെ ഒരു കാര്യവും അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്നില്ല. അതുകൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും എന്റെ മകന് ആ സ്ത്രീയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന്.'

'അത് നിങ്ങള്‍ക്ക് അങ്ങനെ ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല.'

'എനിക്ക് സാധിക്കും. ഞാന്‍ അവന്റെ അമ്മയാണ്.'

'ഓഹ്... മകന്റെ നട്ടെല്ലിന്റെ നിയന്ത്രണം നിങ്ങളുടെ കൈയില്‍ ആണെന്ന് മറന്നു. അമ്മയാണെങ്കിലും നിങ്ങളുടെ മകന്‍ മുലപ്പാല്‍ കുടിക്കുന്ന കുട്ടി ഒന്നുമല്ലല്ലോ. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എന്നുവച്ചാല്‍ കുടുംബസ്ഥന്‍. അങ്ങനെയുള്ള മകനെ കുറിച്ച് നിങ്ങള്‍ക്കെങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നു എന്നതാണ് എന്റെ ചോദ്യം?'

'അത്രയും വ്യക്തമായുള്ള പൊലീസിന്റെ കളിയാക്കല്‍ കേട്ടിട്ട് ചന്ദ്രികയുടെ മുഖം ദേഷ്യത്താല്‍ ചുവന്നത് പോലീസിനെ ചൊടിപ്പിച്ചു.

'ഞങ്ങളുടെ കയ്യിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിച്ചേ മതിയാകു. ഇതൊരു കൊലപാതക കേസ് ആണ്. കൊലപാതകവുമായി ബന്ധപ്പെട്ട തെളിയിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ടായിരിക്കും. അതെല്ലാം ചോദ്യം ചെയ്യാന്‍ വേണ്ടി ഹാജരാക്കുന്നവരോട് വിവരിച്ചും വിസ്തരിച്ചും പെര്‍മിഷന്‍ വാങ്ങി ഞങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ സാധ്യമല്ല. അതുകൊണ്ട് ചോദിക്കുന്നതിനോട് നിങ്ങള്‍ക്ക് അറിയാവുന്ന ഉത്തരങ്ങള്‍ സത്യസന്ധമായി മാന്യമായ രീതിയില്‍ പറഞ്ഞാല്‍ വലിയ സംഘര്‍ഷങ്ങള്‍ ഒന്നുമില്ലാതെ നമുക്ക് ഈ രംഗം പെട്ടെന്ന് അവസാനിപ്പിക്കാം. അതല്ല, ചോദ്യങ്ങളെ മറുചോദ്യങ്ങള്‍ കൊണ്ട് നേരിട്ട് നിങ്ങളുടെ വീട്ടിനകത്ത് കാണിക്കുന്ന മാടമ്പിത്തരം ഇവിടെ പൊലീസ് സ്റ്റേഷനില്‍ ഇറക്കിയാല്‍ സംഭവത്തിന്റെ കളര്‍ മൊത്തത്തിലങ്ങ് മാറും. അതുകൊണ്ട് കരിങ്കണ്ഡത്തില്‍ ചന്ദ്രിക ചോദിച്ചതിന് മാത്രം ഉത്തരം പറയുക.''

ചന്ദ്രിക പരുങ്ങലിലായി. ചുറ്റും നോക്കി. തന്റെ വീട്ടിലെ വേലത്തരങ്ങള്‍ ഒന്നും ഇവിടെ നടക്കില്ലെന്ന് മനസ്സിലാക്കയാവണം ശബ്ദം താഴ്ത്തി പതുക്കെ ചോദിച്ചു, 'എന്താണ് അറിയേണ്ടത്?'

'ആഹാ ചന്ദ്രികയ്ക്ക് മര്യാദയുടെ ശബ്ദം എല്ലാം പരിചിതമാണല്ലോ. അപ്പോള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കുന്നു, നഥാന് ഈ കൊലപാതകത്തില്‍ പങ്കില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?'

'കൊലപാതകമോ? എന്റെ മകനോ? ഒരിക്കലുമില്ല. അവന് ആ സ്ത്രീയെ അറിയുക പോലുമില്ല.'

ശിഹാബുദീന്‍ തന്റെ പ്രൊജക്ടര്‍ ഓണ്‍ ചെയ്ത് സ്‌ക്രീനിനു നേരെ വിരല്‍ചൂണ്ടി. അപ്പോള്‍ അതില്‍ തെളിഞ്ഞുവന്ന ചിത്രങ്ങള്‍ കണ്ടു ചന്ദ്രിക പരിഭ്രാന്തിയില്‍ ആയി. നഥാനും ഇസബെല്ലയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആയിരുന്നു അത്. അതില്‍ രണ്ട് ചിത്രങ്ങള്‍ മാത്രം പൊലീസ് ചന്ദ്രിക കാണിച്ചു കൊടുത്തു എന്നിട്ട് പ്രൊജക്ടര്‍ പോസ് ചെയ്തു.

'ഒരു അമ്മ എന്ന നിലയില്‍ അങ്ങോട്ടുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരിക്കും. മകന്റെ ലീലാവിലാസങ്ങള്‍ ആണ് ഇനിയങ്ങോട്ടുള്ളത്. അത് എന്തൊക്കെയാണ് എന്നുള്ളത് മനസ്സിലായി കാണുമല്ലോ. ഈ രണ്ടു ഫോട്ടോസ് മാത്രമാണ് ഉള്ളതില്‍ വെച്ച് കുറച്ചെങ്കിലും നിങ്ങളെ കാണിക്കാന്‍ സാധിക്കുന്നത്.' ശിഹാബുദീന്‍ അര്‍ഥംവെച്ച ഒരു ചിരി പാസാക്കി.

ഒന്നും പറയാതെ ചന്ദ്രിക നിലത്തേക്ക് തന്നെ നോക്കി ഇരുന്നു.

'നിങ്ങളെക്കുറിച്ച് എ ടു സെഡ് അന്വേഷിച്ച് അറിഞ്ഞ് ബോധ്യപ്പെട്ട ശേഷമാണ് ഞങ്ങള്‍ ചോദ്യം ചെയ്യാന്‍ എത്തിയത്. അതുകൊണ്ടായിരിക്കണം ഞങ്ങള്‍ക്ക് വലിയ ഇംപ്രഷന്‍ ഒന്നും നിങ്ങളെക്കുറിച്ച് ഉണ്ടായിരുന്നില്ല. പിന്നീട് ഇത്രയും വലിയ നുണ ഇവിടെ ഇരുന്നു പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം മണ്ടന്മാരാണ് എന്നാണ് നിങ്ങളുടെ മനസ്സിലുണ്ടായിരുന്നത് എന്നും മനസ്സിലായി. ഇപ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങളുടെ ഗതിവിഗതി പിടി കിട്ടിയല്ലോ. നിങ്ങളുടെ മകനും ആ സ്ത്രീയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഫോട്ടോകളിലും വീഡിയോസിലും എല്ലാം ഉള്ളത്. ഞാന്‍ പറഞ്ഞ പ്രകാരം അത് നിങ്ങളെ കാണിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നതിനാല്‍ മാത്രമാണ് ഇനിയും കാണിക്കാതിരുന്നത്. പക്ഷേ, നിങ്ങള്‍ പറഞ്ഞ നുണയില്‍ തന്നെ പിടിച്ചുനില്‍ക്കാനാണ് ഭാവമെങ്കില്‍ അതെല്ലാം എനിക്ക് നിങ്ങളെ കാണിക്കേണ്ടതായി വരും. അങ്ങനെ ഒരു സീന്‍ ഇവിടെ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കാര്യങ്ങള്‍ മണി മണിയായി പറയുന്നതായിരിക്കും നല്ലത്.'

ഇതേസമയം മറ്റൊരു മുറിയില്‍ ബാഹുലേയനും ചന്ദ്രിക ആവര്‍ത്തിച്ച നുണകള്‍ തന്നെ ഉരുവിട്ട് ക്ഷീണിച്ച് അവശനായി ഇരിക്കുകയായിരുന്നു. ബാഹുലേയന്റെ മുമ്പിലേക്കും ഫോട്ടോകള്‍ ഇതേപോലെതന്നെ വന്നു വീണു. ശ്വാസം മുട്ടുന്നത് പോലെയും ഹൃദയം സ്തംഭിക്കുന്നതുപോലെയും അയാള്‍ക്ക് തോന്നി. 'വാര്‍ദ്ധക്യകാലത്ത് എന്തെല്ലാം കാണണം, എന്തിനെല്ലാം ഉത്തരം പറയണം ഭഗവാനെ. ഇതൊരു വല്ലാത്ത പരീക്ഷണം ആയല്ലോ!' അയാള്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നെഞ്ചില്‍ തടവിക്കൊണ്ട് ഇരുന്നു.

അയാള്‍ക്കു മുമ്പില്‍ കുറച്ച് വെള്ളം വെച്ച് പൊലീസുകാര്‍ കുടിച്ചോളാന്‍ പറഞ്ഞു.

ഇതിന്റെ മറ്റൊരു രംഗാവിഷ്‌കരണം ആയിരുന്നു അറസ്റ്റിലായ നഥാന്‍ പൊലീസുകാരുടെ മുമ്പില്‍ നടത്തിക്കൊണ്ടിരുന്നത്. പൊലീസുകാര്‍ ചന്ദ്രികയോടും ബാഹുലേയനോടും കാണിച്ച സഹാനുഭൂതി നഥാനോട് കാണിച്ചില്ല. ആദ്യം തന്നെ അവന്റെ സ്വകാര്യ ഫോട്ടോസ് ആണ് പ്രൊജക്ടറില്‍ നിന്നും ചുമരില്‍ തെളിഞ്ഞു വന്നത്. അത് കണ്ടതും അയാള്‍ക്ക് ഹാലിളകി ഉറക്കെ അലറി.

' ഞാന്‍ ആരെയും കൊന്നിട്ടില്ല...

ഞാന്‍ അവളെ കൊന്നിട്ടില്ല...

എനിക്കൊന്നും അറിയില്ല..!'

(തുടരും)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്‌സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എിവ നേടിയിട്ടുണ്ട്.






TAGS :