Quantcast
MediaOne Logo

മുഹ്‌സിൻ ഗഫൂർ

Published: 24 Sep 2022 11:51 AM GMT

ഓരോ കോണും ഫ്രെയിം തീർക്കുന്ന എഡിൻബർഗ്

പുരാതന കെട്ടിടങ്ങളും കോട്ടയും കരിങ്കൽ പാതകളും ബീച്ചും മലയുമൊക്കെ കൂടി എല്ലാം ഒരു കുടക്കീഴിൽ എന്ന പാക്കേജാണ് എഡിൻബർഗ്. | യു.കെയിൽ വിദ്യാർഥിയായ മുഹ്‌സിൻ ഗഫൂറിന്റെ എഴുത്തും ചിത്രങ്ങളും

ഓരോ കോണും ഫ്രെയിം തീർക്കുന്ന എഡിൻബർഗ്
X

ഓരോ ഇടവും മനോഹരമായ എഡിൻബർഗ്. ഓരോ കോണുകളും ഫ്രയിമുകളായ നഗരം. കാമറയ്ക്ക് വിശ്രമം നല്കാത്ത സ്ഥലം. പുരാതന കെട്ടിടങ്ങളും കോട്ടയും കരിങ്കൽ പാതകളും ബീച്ചും മലയുമൊക്കെ കൂടി എല്ലാം ഒരു കുടക്കീഴിൽ എന്ന പാക്കേജാണ് എഡിൻബർഗ്.


ഇംഗ്ലണ്ടിൽ ഒരു വർഷമായി പഠിച്ചിട്ടും സ്കോട്ലൻഡിലേക്ക് പോകാതിരുന്ന ഞാൻ എനിക്ക് തന്നെ അപരിചിതനായ ഒരു ഞാൻ ആയിരുന്നു (പഠിപ്പ് മോഡ്). പുട്ടിനു തേങ്ങ പോലെ ഓരോ വീക്കെന്റിലേക്കും കിട്ടിയിരുന്ന കോഴ്സ് വര്ക്കുകള് കോഴ്സിനോടൊപ്പം തീര്ന്നപ്പോള് അടത്ത വീക്കെന്റ് തന്നെ പോകാന് തീരുമാനിചു. സ്വതന്ത്രമായ ഊരുതെണ്ടലിനായി ഒറ്റക്ക് പോകാൻ തീരുമാനിക്കുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തെങ്കിലും സഹോദരസ്നേഹം കൊണ്ട് വീർപ്പുമുട്ടിയ തുർക്കിക്കാരൻ സുഹൃത്ത് ഹസൻ ഒറ്റക്ക് പോകാൻ അനുവദിക്കാതെ കൂടെ കൂടുകയും അവസാനം തിരോന്തരത്തുകാരൻ ചങ്ക് സാലിഹും കൂടി കൂടിയപ്പോ മൂന്നാൾ ട്രിപ്പായി മാറി. ഒമ്പത് മണിക്കൂറിന്റെ നീണ്ട യാത്രയാണെങ്കിലും സാധാരണക്കാരന്റെ വാഹനമായ ബസ് തിരഞ്ഞെടുത്തു. താമസത്തിനു എൻഡിൻബർഗിലെ ബാക്ക്പാക്കേഴ്സ് ഹോസ്റ്റലും. (മണി മാറ്റേഴ്സ്)


രണ്ടു തവണയായി ബുക് ചെയ്തതിനാൽ ഞാൻ ഒരു ബസിലും ഹസനും സ്വാലിഹും മറ്റൊരു ബസിലുമായി വെള്ളിയാഴ്ച രാത്രി ലണ്ടനിൽ നിന്നും പുറപ്പെട്ടു. നാട്ടിലെ ആനവണ്ടി യാത്രകളുടെയും ഹിമാചൽ ആനവണ്ടി HRTC യാത്രകളുടെയും തഴമ്പുള്ളത് കൊണ്ട് എനിക്ക് 9 മണിക്കൂർ യാത്ര സുഖകരമാണെങ്കിലും നമ്മുടെ കർദാഷിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. ഏതായാലും 14 പൗണ്ടിന് ലണ്ടനിൽ നിന്ന് രാജ്യം പിന്നിട്ട് സ്കോട്ലൻഡിൽ എത്തി. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ശനിയാഴ്ച രാവിലെ എഡിൻബർഗിൽ എത്തുമ്പോഴും എവിടെ പോണം എങ്ങനെ പോണം എന്നൊന്നും തീരുമാനിച്ചിട്ടില്ലായിരുന്നു. (നാട്ടിലെ യാത്രകളിലേ ഉള്ള ശീലം. ട്രിപ്പിന്റെ പ്ലാനുണ്ടാക്കാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ട് എവിടെങ്കിലും എത്താനാകുമ്പോൾ മാത്രം മൊബൈലെടുത്ത് സേർച്ച് ചെയ്യുകയും ആരെയെങ്കിലെയും വിളിച്ച ചോദിക്കുകയും ചെയ്യുന്ന ശീലം സുഹൃത്തുക്കൾ കളിയാക്കാൻ ഉപയോഗിക്കുന്ന ഒരു വടിയാണ്. എന്നാലും എന്നെത്തന്നെ പിന്നേം എന്തിന് ഈ പണി ഏല്പിക്കുന്നു എന്നത് എനിക്കും അറിയില്ല.)


രാവിലെ ബസ് സ്റ്റാൻഡിൽ എത്തി, കാണാനുള്ള സംഭവങ്ങൾ തപ്പിത്തുടങ്ങി. ഇന്ത്യക്കും ഇംഗ്ലണ്ടിനും ശേഷം മൂന്നാമതൊരു രാജ്യത്ത് കാലുകുത്തിയതിന്റെ സന്തോഷത്തിൽ ഞാൻ. മാനവരാശിക്ക് വലിയൊരു ചുവടുവെപ്പോന്നും അല്ലെങ്കിലും ഈ അൽപ്പന് വലിയൊരു കുതിച്ചുചാട്ടം തന്നെ ഈ കാൽവെപ്പ്. ലിസ്റ്റ് തയ്യാറായി. എഡിൻബർഗ് കോട്ട, റോയൽ മൈൽ, നാഷണൽ മ്യൂസിയം, ആർതർ സീറ്റ്, കാൾട്ടൻ ഹിൽ, അങ്ങനെയങ്ങനെ..... കാമറ കഴുത്തിൽ തൂക്കി ഒന്നാമത്തെ ഡെസ്റ്റിനേഷനിലേക്ക് മാപ്പും ഓൺ ആക്കി ഗൂഗിൾ അമ്മായിയെ മനസ്സിൽ ധ്യാനിച്ചു നടപ്പ് തുടങ്ങി. ബസ് സ്റ്റാൻഡിന്റെ പുറത്ത് റോഡിലേക്ക് ഇറങ്ങിയതോടെ തന്നെ എഡിൻബർഗ് എന്റെ ഹൃദയത്തിന്റെ വലത്തേ കോണിൽ കേറി ഇരിപ്പുറപ്പിച്ചു. മനോഹരമായ ഇടം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുണ്ട നിറത്തിലുള്ള കെട്ടിടങ്ങൾ, ആളുകൾ പുറത്തേക്കിറങ്ങിത്തുടങ്ങുന്നേ ഒള്ളു എന്നതിനാൽ വലിയ തിരക്കായിട്ടില്ല. പാഞ്ഞുപോകുന്ന ആളുകൾക്കും വാഹനങ്ങൾക്കുമിടയിൽ ഇഴഞ്ഞുപോകുന്ന എഡിൻബർഗ് ട്രാമുകൾ. പുലർച്ചെയെപ്പോഴോ പെയ്ത മഴയുടെ നനവ് നഗരത്തിന് ഒരു പ്രത്യേക ഭംഗി നൽകിയിരുന്നു. തിരക്കൊഴിഞ്ഞ നഗരം കുറച്ചുകഴിഞ്ഞാൽ കിട്ടില്ലെന്നതിനാൽ കാമറ ക്ലിക്കി തുടങ്ങി.


റോഡിലേക്ക് കേറുമ്പോഴേ കാണുന്നത് തലയുയത്തി നിൽക്കുന്ന ബാൽമോറൽ ഹോട്ടലാണ്. ഒരു പൂക്കടയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ബഹുവര്ണങ്ങളായ പൂക്കളെ കൊണ്ട് അലങ്കരിച്ച മുൻ വശവും സ്കോട്ടിഷ് വസ്ത്രമായ 'കിൽറ്റ്' ധരിച്ച് സന്ദർശകരെ വരവേൽക്കാൻ നിൽക്കുന്ന ജോലിക്കാരനും മുകളിൽ വലിയൊരു ക്ളോക്ക് ടവറും യു കെ യുടെയും സ്കോട്ലൻഡിന്റെയും പതാകകൾ പാറുന്ന എൻട്രൻസും. എല്ലാം കൊണ്ടും ഗാംഭീര്യമുള്ള ഹോട്ടൽ. എതിർവശത്ത് 'ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ' എന്ന പഴയ ഒരു ബ്രിട്ടീഷ് കുതിര പടയാളിയുടെ പ്രതിമ. റെയിൽവേ യിലേക്കുള്ള പ്രവേശനവും ബസ് സ്റ്റോപ്പുകളുമൊക്കെയായി തിരക്കുപിടിച്ച ആ ഇടത്ത് തന്നെ കാമറയുമായി കുറച്ചധികം സമയം ചിലവഴിച്ചു. തെരുവും മനുഷ്യരെയും കണ്ടതോടെ നേരത്തെ തയ്യാറാക്കിയ ലിസ്റ്റും ഗൂഗിൾ അമ്മായിയോട് ചോദിച്ചു വെച്ച ഡെസ്റ്റിനേഷനുമൊക്കെ മറന്നിരുന്നു. ഏതായാലും കുറച്ച് നേരത്തിനു ശേഷം റോയൽ മൈലിലേക്ക് നടന്നു. എഡിന്ബറർഗ് ഓൾഡ് ടൗണിന്റെ ഹൃദയഭാഗമാണ് റോയൽ മൈൽ. കോട്ടയും കൊട്ടാരവും തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായ നീണ്ട തെരുവ്. നൂറ്റാണ്ടുകളോളം രാജാക്കന്മാരുടെ സഞ്ചാരപാതയായിരുന്നിടം. അതിനാലായിരിക്കാം ആ പേരും ലഭിച്ചത്. കുതിരകൾക്ക് അനുയോജ്യമായതിനാലാവണം എങ്ങും കരിങ്കല്ല് വിരിച്ച പാതകൾ. വശങ്ങളിൽ പല ദേശത്തെ വിഭവങ്ങൾ ലഭ്യമാകുന്ന റെസ്റ്റോറന്റുകളും കോഫീ ഷോപ്പുകളും മറ്റു ചില കടകളും. സ്കോട്ലൻഡിന്റെ വിഭവങ്ങളും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കുന്ന സുവനീർ കടകളുമുണ്ട് ഒരുപാട്. ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയുള്ളത്. ഒരു പാവപ്പെട്ട ഊരുതെണ്ടി എന്ന നിലയിൽ കടകൾ കണ്ട ഭാവം നടിക്കാതെ തെരുവിലെ ചിത്രങ്ങൾ പകർത്തികൊണ്ട് ഞാനും നടന്നു. (ഒടുവിൽ ഒരു സുവനീർ ഷോപ്പിൽ നിന്നും യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞു പല നാടുകളിലേക്ക് തിരിക്കുന്ന ചില സുഹൃത്തുക്കൾക്ക് വേണ്ടി ചെറിയൊരു സമ്മാനം മാത്രം വാങ്ങി). ഭൂരിഭാഗം പേരും ടൂറിസ്റ്റുകൾ തന്നെയാണ്. ഫോട്ടോഗ്രാഫർമാർ, വ്ലോഗർമാർ, ഗൈഡുകളുടെ കൂടെ വാക്കിങ് ടൂറിൽ ഏർപെട്ടുകൊണ്ട് പലയിടങ്ങളിലായി വട്ടം കൂടി നിൽക്കുന്നവർ, ഇവർക്കൊക്കെ ഇടയിൽ പല വിധ വേഷങ്ങളും അഭ്യാസങ്ങളും കലകളുടെ തെരുവിനെ കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാക്കുന്ന കലാകാരന്മാർ. പരമ്പരാഗത സ്കോട്ടിഷ് വസ്ത്രമണിഞ്ഞുകൊണ്ട് പൈപ്പിലൂടെ സംഗീതം പൊഴിക്കുന്ന പൈപ്പർമാരാണ് അതിൽ മുഖ്യർ. നടത്തത്തിന്റെ അവസാനം എഡിൻബർഗ് കോട്ടയുടെ മുന്നിലെത്തിയെങ്കിലും ഉള്ളിൽ കേറുന്നതിനുള്ള ടിക്കറ്റിന്റെ പൈസ കൊണ്ട് മറ്റോരു ചെറിയ യാത്ര പോകാം എന്നതിനാൽ പുറമെ നിന്ന് ചില ചിത്രങ്ങൾ പകർത്തി തൃപ്തിപ്പെട്ടു.

പിന്നീട് നടന്നത് സ്കോട്ലൻഡ് നാഷണൽ മ്യൂസിയത്തിലേക്ക്. സാധാരണ ചെറിയ യാത്രകളിൽ മ്യൂസിയങ്ങൾ ഒഴിവാക്കുകയാണ് എന്റെ പതിവ്. വിശദമായ സന്ദർശനങ്ങൾ അപഹരിക്കാവുന്ന നീണ്ട സമയവും പുറത്തെ കാഴ്ചകൾ വിട്ട് നാല് ചുവരുകൾക്ക് ഉള്ളിലെ ചില്ലിട്ട വിസ്മയങ്ങൾക്ക് മുമ്പിൽ നിൽക്കാനുള്ള താല്പര്യക്കുറവും കൊണ്ടാണ്. കണ്ടു തുടങ്ങിയപ്പോൾ തന്നെ അത് കണ്ടു തീർക്കാൻ ഒരു ദിവസനം വേണമെന്ന് തോന്നിയതിനാൽ സമയം അധികം ചെലവാക്കാതെ ഇറങ്ങി. ഉച്ചക്ക് ശേഷം മല കയറ്റം പ്ലാനിലുള്ളത് കൊണ്ടും തലേന്ന് മുതൽ ബാഗും താങ്ങി നടക്കുന്നതിനാലും സെൻട്രൽ മോസ്കിൽ നിന്നും നമസ്കരിച്ച ശേഷം നേരെ താമസം ബുക് ചെയ്ത ബാക്ക്പാക്കേഴ്സ് ഹോസ്റ്റലിലേക്ക് തിരിച്ചു. ചെറിയൊരു വിശ്രമം, ലഗേജ് കുറക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. ഭക്ഷണത്തിനായി ഒരു തുർക്കിഷ് കബാബ് ഷോപ്പും തിരഞ്ഞെടുത്തു. ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ വിശ്രമ ശേഷം ആർതർ സീറ്റ് കയറാനുള്ള മനസോടെ അങ്ങ് ഇറങ്ങി. എഡിൻബർഗ് നഗരത്തോട് ചേർന്ന് നിൽക്കുന്ന മലകളിൽ ഉയരത്തിലുള്ളതാണ് ആർതർ സീറ്റ്. മലയുടെ അടുത്തേക്ക് നടന്നെത്തിയപ്പോൾ തന്നെ ഹസൻ കർദശ് ശ്രമം ഉപേക്ഷിച്ചു. ഒരുപാട് പ്രയാസമുള്ള ട്രെക്കിങ്ങ് ഒന്നുമല്ലെങ്കിലും ആർതർ സീറ്റിലേക്കുള്ള കുത്തനെയുള്ള കയറ്റവും പാറയും കയറി മുകളിലെത്തൽ നല്ലൊരു ട്രെക്കിങ്ങ് തന്നെയാണ്. ആ ശ്രമങ്ങളെ മറന്നു പോകുന്ന വിധത്തിലാണ് മുകളിൽ നിന്നുള്ള കാഴ്ച്ച. 360 ഡിഗ്രിയിൽ എഡിൻബർഗ് പട്ടണവും ബീച്ചും നോർത്ത് സീയും എല്ലാം ഒരു കുടക്കീഴിലെന്ന പോലൊരു ദൃശ്യം. കാമറക്കണ്ണുകൾക്ക് അത് പകർത്താൻ കഴിയുമെന്ന് വിശ്വാസമില്ലാത്തതിനാൽ കാര്യമായ ചിത്രങ്ങൾ അവിടുന്ന് എടുക്കാൻ മെനക്കെടാതെ കണ്ണുകൾ കൊണ്ട് ആവതോളം പകർത്തി. എഡിൻബർഗ് പോലൊരു നഗരത്തിൽ നിന്ന് തന്നെ ഇത്രയും നല്ലൊരു പീക്കിലേക്ക് ട്രെക്കിങ്ങ് ചെയ്യാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തി. ഒപ്പം ബീച്ച് കൂടി ആകുമ്പോ എല്ലാം ഒരു കുടക്കീഴിൽ എന്ന പാക്കേജ് ആണ് എഡിൻബർഗ് എന്ന് തോന്നി. ഇറങ്ങുന്നതിനു മുമ്പ് 'എന്റെ ഒരു ഫോട്ടോ എടുത്തെരോ' എന്നും പറഞ്ഞു സമീപിച്ച ഒരു പോളണ്ടുകാരൻ ഫോട്ടോഗ്രാഫറെക്കൊണ്ട് പകരമായി എന്റെ ഒരു ഫോട്ടോ എടുപ്പിക്കാനും മറന്നില്ല.


മലയിറങ്ങുമ്പോഴേക്ക് നേരം ഇരുട്ടിയിരുന്നു. ഇറങ്ങുന്നതിനിടയിൽ വഴി തെറ്റി എങ്ങനെയോ കേറി തുടങ്ങിയേടത്ത് തന്നെ എത്തി. ഇടയിൽ വെച്ച് താഴേക്ക് തിരിച്ച രണ്ട സഹയാത്രികരും അവിടെ കാത്തുനിൽപ്പുണ്ട്. ഇരുട്ടിക്കഴിഞ്ഞാൽ ഇവിടെ പ്രത്യേകിച്ചൊരു പരിപാടിയും ചെയ്യാനില്ല. അടിപൊളി നൈറ്റ് ലൈഫ് ഉള്ള തെരുവുകളും ടൗണുകളും പ്രതീക്ഷിച്ച എനിക്ക് യുകെ യിൽ വന്നിറങ്ങിയപ്പോൾ തന്നെ നിരാശപ്പെടുത്തിയ ഒരു സംഗതിയാണ് ഇവിടുത്തെ രാത്രി മൂകത. സന്ധ്യയോടെ ഇവിടുത്തെ ജനങ്ങളൊക്കെ ഉള്ളിലേക്ക് വലിയും. കടകൾ അടക്കും. ടൂറിസ്റ്റ് സ്ഥലമായ എഡിൻബർഗും തഥൈവ. (വളരെ അപൂർവം ചില രാത്രി തെരുവുകൾ യുകെയിൽ ഉണ്ട്). നേരമിരുട്ടിയാൽ പിന്നെ പബുകൾ മാത്രം തുറന്നു കാണാം. അത് പിന്നെ നമ്മുടെ ഇടമല്ലാത്തതിനാലും മറ്റൊരു പരിപാടിയും ഇല്ലാത്തതിനാലും പിറ്റേ ദിവസം രാവിലെ കഴിയുന്നത്ര എഡിൻബർഗ് കറങ്ങി ഗ്ലാസ്ഗോവിലേക്ക് പോകേണ്ടതിനാലും ഹോസ്റ്റലിലേക്ക് തന്നെ വെച്ച്പിടിച്ചു. രാത്രികാല റോയൽ മെയിൽ എങ്ങനെയുണ്ടെന്ന് എത്തിനോക്കാൻ പോയ ഞങ്ങളെ അതും നിരാശപ്പെടുത്തി. നോ വൈബ്!


നേരെ ഹോസ്റ്റലിലേക്ക് കേറി. നമ്മുടെ നാട്ടിലും പകർത്താവുന്ന സംവിധാനമാണ് ഇവിടെയുള്ള ബാക്ക്പാക്കേഴ്സ് ഹോസ്റ്റലുകൾ. മൂന്നും നാലും നിലയിലുള്ള കട്ടിലുകൾ കൂട്ടിയിട്ട ഡോർമെട്രിക്കൽ സോളോ യാത്രികർക്കും ബാച്ചിലേറ്റ ട്രിപ്പുകാർക്കും തുണയാണ്. കഴിഞ്ഞ വര്ഷം മൂന്നാറിലെ ആനവണ്ടി ഡോമെട്രിയിൽ നിന്നത് ഓർത്തുപോയി. ഒരു ഹോട്ടലിൽ മുടക്കേണ്ടതിന്റെ നാലിലൊരു ഭാഗം ചിലവിനു രാത്രി കാലത് തങ്ങുകയും ലഗ്ഗേജ് സൂക്ഷിക്കുകയും ചെയ്യാം. വെറും 21 പൗണ്ടാണ് ഒരാൾക്ക് ഈ താമസത്തിനു ചെലവായത് (നാട്ടിലെ പൈസ വെച്ച നോക്കിയാൽ കൂടുതൽ ആണെങ്കിലും ഇവിടെ അത് തുച്ഛമായ ഒരു സംഖ്യയാണ്) . 12 പേരുടെ ഡോമെട്രിയിൽ ഞങ്ങൾ 3 പേര് കൂടാതെ 3 - 4 പേര് കൂടിയാണ് ഉണ്ടായിരുന്നത്. എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനായി വന്ന തത്കാലത്തേക്ക് അവിടെ കഴിയുന്ന ഒരു ചൈനാക്കാരനെയും സോളോ യാത്രികനായ ഒരു പോർച്ചുഗീസുകാരനെയും പരിചയപ്പെട്ടു. രാത്രി സുഖനിദ്ര.


ഞായറാഴ്ച രാവിലെ നല്ലൊരു മഴയോടെയാണ് തുടങ്ങുന്നത്. (ഇവിടുത്തെ 'നല്ല മഴ' നമ്മുടെ നാട്ടിലെ ചെറിയ ചാറ്റൽ മഴയാണ്.) 5 പൗണ്ടിന്റെ ബ്രിട്ടീഷ് ബ്രെക്ക്ഫാസ്റ്റ് പാസ് നിരസിച്ച് ഹോസ്റ്റലിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ നനഞ്ഞുകിടക്കുന്ന തെരുവുകൾ. നേരെ ഒരു ബസ് പിടിച്ച് പോർട്ടോബെല്ലോ ബീച്ചിലേക്ക്. നഗരത്തിന്റെ ഭാഗം തന്നെയാണ് ബീച്ച്. നാലോ അഞ്ചോ മൈൽ ദൂരം. വിജനമായ പോർട്ടോബെല്ലോ ബീച്ച്. വാടാനപ്പള്ളിക്കാരനായ എന്നെക്കാളും തിരോന്തരത്തുകാരനായ സ്വാലിഹിനെക്കാളും തുർക്കിക്കാരൻ ഹസൻ ബ്രോ ബീച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. തീരത്ത് റെസ്റ്റോറൻതുകളുടെ പുറത്ത് മനോഹരമായി സംവിധാനിച്ച കസേരകളും മേശകളും അലങ്കാരങ്ങളുമെല്ലാം നനഞ്ഞു കുതിർന്ന കിടക്കുന്നു. ഡോഗ് വാക്കിനിറങ്ങിയ കുറഞ്ഞ ആളുകൾക്കിടയിലൂടെ ഞാൻ ചുമ്മാ കുറച്ചു നേരം നടന്ന ശേഷം ടൗണിലേക്ക് തിരിച്ചു. ലിസ്റ്റിൽ ഇനിയും പൂർത്തിയാക്കാൻ ഒരുപാടുണ്ടെങ്കിലും അതൊക്കെ അടുത്ത വരവിലേക്ക് മാറ്റിവെക്കാമെന്ന തീരുമാനത്തിൽ വെട്ടിച്ചുരുക്കി. എല്ലാം ഒറ്റയടിക്ക് തീർക്കണ്ടല്ലോ!


പോർട്ടോബെല്ലോ ബീച്ചിൽ നിന്ന് 'ഇൻസ്റാഗ്രാമബിൾ' (പുതിയ കാല വിശേഷണം) ചിത്രങ്ങൾക്ക് പേരുകേട്ട സര്ക്കസ് ലൈൻ ലക്ഷ്യമാക്കി ബസിൽ കയറിയെങ്കിലും സ്കോട് മോണുമെന്റിന്റെ സമീപമെത്തിയപ്പോൾ അവിടെ ഇറങ്ങാൻ തോന്നി. നഗരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. നേരത്തെ കേറാതെ പോന്ന എഡിൻബർഗ് കോട്ട മലക്ക് മുകളിൽ തലയുയർത്തി നിൽക്കുന്നതിന്റെ മനോഹരമായ ദൃശ്യവും അവിടുന്ന് കാണാം. റെയിൽവേയുടെ ഒരു വശത്ത് നിന്ന് മറു വശത്ത് നിൽക്കുന്ന പഴയ കെട്ടിടങ്ങളുടെ ദൃശ്യം മനോഹരമാണ്. ദൃശ്യങ്ങൾ കുറെ പകർത്തിയ ശേഷം സർക്കസ് ലെയ്ൻ ലക്ഷ്യമാക്കി നടന്നു. ഓരോ വഴിയും മനോഹരമായ എഡിൻബർഗ്. ഓരോ കോണുകളും ഫ്രയിമുകളായ നഗരം. കാമറയ്ക്ക് വിശ്രമം നല്കാത്ത ഇടം. കരിങ്കല്ല് വിരിച്ച പാതകളിലൂടെ നടന്ന് മനോഹരമായി അലങ്കരിച്ച വീടുകൾക്ക് നടുവിലൂടെയുള്ള സർക്കസ് ലൈനിൽ എത്തിച്ചേർന്നു. വഴികൾക്കിരുവശവും പൂക്കൊട്ടകൾ കൊണ്ട് വര്ണശബളമാണ്. മതിവരുവോളമൊന്നും സമയം ചിലവഴിക്കാനോ ഫോട്ടോയെടുക്കാനോ കഴിഞ്ഞില്ലെങ്കിലും കുറെ ക്ലിക്കുകളെടുത്ത് മടങ്ങി.


കണ്ടുതീർക്കാൻ ഒരുപാട് ഇനിയും ബാക്കിയുണ്ടെന്ന ബോധ്യത്തിൽ അതെല്ലാം അടുത്ത വരവിലേക്ക് മാറ്റിവെച്ചുകൊണ്ട് സ്കോട്ലൻഡ് തലസ്ഥാന നഗരം ഗ്ലാസ്ഗോവിലേക്ക് ബസ് കയറി.