Quantcast
MediaOne Logo

ഷാഹുല്‍ ഹമീദ് കെ.ടി

Published: 14 Oct 2022 8:59 AM GMT

ചോരപ്പന്ത്

ട്രാക്ടര്‍ പാടത്തുകൂടെ നീങ്ങി, റോഡിലേക്കുകയറുമ്പോള്‍ ജീപ്പ് അരികിലെത്തി. ജീപ്പിനുളളിലെ ചുരുണ്ടമുടിയുളള കറുത്ത യുവതിയെ കൂട്ടുകാരന്‍ എനിക്കു കാണിച്ചുതന്നു. ജീപ്പിലെ മറ്റുളളവരെല്ലാം ഈ നാട്ടുകാരായിരുന്നു, അവര്‍ ട്രാക്ടര്‍ ഡ്രൈവറോടെന്തോ ചോദിക്കുമ്പോള്‍ കറുത്ത യുവതി ഞങ്ങളെ ആകുലതയോടെ നോക്കുന്നുണ്ടായിരുന്നു. | കഥ

ചോരപ്പന്ത്
X
Listen to this Article

കുന്നുകള്‍ക്കപ്പുറത്തെ വിഹാരത്തില്‍നിന്നാണ് ബുദ്ധസന്യാസിമാര്‍ വരുന്നത്. അവരുടെ കുങ്കുമ വസ്ത്രങ്ങള്‍ പോക്കുവെയിലില്‍ തിളങ്ങുന്നത് ഞങ്ങള്‍ പാടത്തുനിന്നു കണ്ടു. വൈക്കോല്‍ക്കെട്ടുകള്‍ ഏറ്റിനീങ്ങുമ്പോഴും, ഉലയുന്ന വസ്ത്രങ്ങളുമായി കുന്നിറങ്ങുന്ന സന്യാസിക്കൂട്ടത്തെ ഞാന്‍ നോക്കുന്നുണ്ടായിരുന്നു. കുന്നിന്‍ചെരുവിലെ കുറ്റിപ്പൊന്തകള്‍ക്കുളളില്‍ മറിഞ്ഞുകിടക്കുന്ന യുദ്ധവിമാനത്തിനരികിലൂടെ അവര്‍ നീങ്ങുമ്പോള്‍, തുരുമ്പിച്ച വിമാനച്ചിറകുകളില്‍ കോറിപ്പിടിച്ചിരിക്കുന്ന ദേശാടനകൊക്കുകള്‍ ചിറകടിച്ചുയര്‍ന്നു. വൈക്കോല്‍ക്കെട്ടുകള്‍ വേഗം കയറ്റാനായി ട്രാക്ടര്‍ഡ്രൈവര്‍ ഞങ്ങളോടൊച്ചവെച്ചു.

പാടത്തിനരികിലൂടെ പോവുമ്പോള്‍ ബുദ്ധസന്യാസിമാര്‍ ഞങ്ങളെ നോക്കി തലകുനിച്ചു. ഞങ്ങളും തലകുനിച്ചു. പുഴക്കരയിലെ മരണവീട്ടിലേക്കാണവര്‍ പോവുന്നതെന്ന് ഞങ്ങളുടെ കൂട്ടത്തിലെ മുതിര്‍ന്ന സ്ത്രീ പറഞ്ഞു. ട്രാക്ട്രറിനുമുകളിലേക്കു കയറിയ ഞാന്‍ കൂട്ടുകാരനേയും വലിച്ചുകയറ്റി. വൈക്കോല്‍ക്കെട്ടുകള്‍ അടുക്കിവെച്ച് കയര്‍കൊണ്ടു ചുറ്റിക്കെട്ടാന്‍ തുടങ്ങി. കുന്നിന്‍ ചെരുവിറങ്ങിവരുന്ന നീലജീപ്പ് എന്റെ കണ്ണില്‍ തടഞ്ഞു.

'പൊലീസ്...'

'രണ്ടുമൂന്നു ദിവസമായി ആ വണ്ടിയിവിടെ കറങ്ങുന്നു. അത് പൊലീസൊന്നുമല്ല. വേഗം കയറ് ചുറ്റിക്കെട്ടടാ...' ഡ്രൈവര്‍ ട്രാക്ടറിലേക്കു കയറുന്നതിനിടയില്‍ വിളിച്ചുപറഞ്ഞു.

ട്രാക്ടര്‍ പാടത്തുകൂടെ നീങ്ങി, റോഡിലേക്കുകയറുമ്പോള്‍ ജീപ്പ് അരികിലെത്തി. ജീപ്പിനുളളിലെ ചുരുണ്ടമുടിയുളള കറുത്ത യുവതിയെ കൂട്ടുകാരന്‍ എനിക്കു കാണിച്ചുതന്നു. ജീപ്പിലെ മറ്റുളളവരെല്ലാം ഈ നാട്ടുകാരായിരുന്നു, അവര്‍ ട്രാക്ടര്‍ ഡ്രൈവറോടെന്തോ ചോദിക്കുമ്പോള്‍ കറുത്ത യുവതി ഞങ്ങളെ ആകുലതയോടെ നോക്കുന്നുണ്ടായിരുന്നു.

'ആഫ്രിക്കയാണല്ലോടാ...!'

'എന്തൊരു കറുപ്പ്..! ഇവളെന്തിന് ഇവിടെ വന്നെടാ..?' ഞാന്‍ കൂട്ടുകാരനോട് ചോദിച്ചു. സൂര്യനസ്തമിക്കുന്ന പാടഭാഗത്തേക്ക് ജീപ്പ് വേഗത്തില്‍ നീങ്ങി.

പണികഴിഞ്ഞ്, സഞ്ചികളെടുത്ത് സ്ത്രീകളും പുരുഷന്‍മാരും വീടുകളിലേക്കു മടങ്ങി. കുന്നുകയറാന്‍ തുടങ്ങിയ ട്രാക്ടറിന്റെ ശബ്ദം കേട്ട് വിമാനച്ചിറകുകളിലിരിക്കുന്ന ദേശാടന കൊക്കുകള്‍ വീണ്ടും പറന്നുയര്‍ന്നു. ഞാനും കൂട്ടുകാരനും പുഴയിലേക്കു നടന്നു. ചവിട്ടുവഴിക്കിരുവശത്തുമുള്ള മുളങ്കാടുകള്‍ക്കുളളില്‍നിന്ന് ചീവീടുകള്‍ കരയുന്നുണ്ടായിരുന്നു.

പണ്ട്, എന്റെയും ഇവന്റെയും വീടുകള്‍ ഈ ഗ്രാമത്തില്‍ തന്നെയായിരുന്നു. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഞങ്ങളുടെ കുടുംബങ്ങള്‍ അയല്‍ഗ്രാമത്തിലേക്കുപോയി. അവിടെ, ഗവണ്‍മെന്റ് പുതിയവീടുകള്‍ വെച്ചുതന്നിരുന്നു. കൃഷിപ്പണി തുടങ്ങിയാല്‍ ഈ ഗ്രാമക്കാര്‍ ഞങ്ങളെ വിളിക്കും. പണികഴിയുംവരെ ഞങ്ങളിവിടെ താമസിക്കും.

വെളളം കയറിവരുന്നതു തടയാനായി അടുക്കിവെച്ച തുരുമ്പിച്ച ഷെല്ലുകള്‍ ചാടിക്കടന്ന് ഞങ്ങള്‍ പുഴയിലിറങ്ങി. പുഴപ്പരപ്പില്‍ അങ്ങിങ്ങായി ചെറുചെറു പുല്‍ത്തുരുത്തുകള്‍ ഉണ്ടായിരുന്നു. പൊന്‍മാന്‍ മാനത്തു ചിറകടിച്ച്, വെള്ളത്തിലേക്കു കൂപ്പുകുത്തിവീണ് മീനുമായി പറന്നുയര്‍ന്നു. രാവിലെ, പുല്‍ത്തുരുത്തുകള്‍ക്കിടയില്‍ ഞങ്ങള്‍ വെച്ചിരുന്ന മീന്‍കൂടുകള്‍ നോക്കാനായി നടന്നു. കൂടയുമെടുത്ത് കൂട്ടുകാരനെന്നെ പിന്തുടര്‍ന്നു.


'എന്നാലും ആ പെണ്ണ് എന്തിനിവിടെ വന്നെടാ?'

'ഏത് പെണ്ണ്...?' ഞാന്‍ ചോദിച്ചു.

'ഹേയ്... ആ... ആഫ്രിക്ക...!' ചൂരല്‍കൊണ്ടുള്ള മീന്‍കൂടിനുള്ളില്‍ കുരുങ്ങിയ മീനിനെ പിടിക്കുമ്പോള്‍ അവന്‍ പറഞ്ഞു. വിരലുകള്‍ക്കിടയില്‍ കിടന്ന് മീന്‍ പിടഞ്ഞു. 'അതുപോലെ കറുത്ത ഒരാള്‍ ഗ്രാമത്തില്‍ വന്നതോര്‍മയുണ്ടോ?. നമ്മുടെ കുട്ടിക്കാലത്ത്....' അവന്‍ മീനിനെ കൂടയിലേക്കിടുമ്പോള്‍ ചോദിച്ചു.

മറ്റൊരു മീന്‍ക്കൂട്ടില്‍ കുടുങ്ങിയ മുഴുത്തൊരു മീനിനെ പുഴയിലിരുന്ന് പിടിക്കുമ്പോള്‍ ഞാന്‍ അവന്‍ പറഞ്ഞതാലോചിക്കുകയായിരുന്നു. 'സലാ.! സലായെക്കിനി...' ഞാനവനെ തലയുയര്‍ത്തിനോക്കി പറഞ്ഞു. അവന്‍ തലയാട്ടി, ചിരിച്ചു. കൂടയിലേക്കിടുന്നതിനിടയില്‍ എന്റെ കൈയില്‍നിന്നു വഴുതിയ മീന്‍ പുഴയിലേക്കുചാടി. 'ഛെ! നശിപ്പിച്ചല്ലോടാ...'

ഞങ്ങള്‍ പുഴയില്‍ മുങ്ങിക്കുളിച്ചു, നീന്തി. ഇരുട്ട് മുളങ്കാടുകള്‍ കടന്ന് തേക്കിന്‍ക്കാട്ടിലേക്കു പരക്കുന്നുണ്ടായിരുന്നു. അക്കരയെത്തിയ ഞങ്ങള്‍ തേക്കിന്‍ക്കാട്ടിനുള്ളിലെ കുറുക്കന്മാരെ ഒച്ചവെച്ച് ഓടിച്ചു. തടിച്ച തേക്കുമരത്തിന്റെ പള്ളയില്‍ എഴുതിയ അക്ഷരങ്ങള്‍ ചീര്‍ത്തു തെളിഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. കൂട്ടുകാരന് അതു കാണിച്ചുകൊടുക്കുമ്പോള്‍ അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു. 'സലാ...' അപ്പോള്‍, കാട്ടിനുള്ളില്‍ നിന്ന് ഗോള്‍ എന്ന അലര്‍ച്ച മാറ്റൊലികൊണ്ടതോടൊപ്പം മരച്ചില്ലകള്‍ ആടിയുലഞ്ഞു. ഞങ്ങള്‍ ഭയത്തോടെ വേഗം ഇക്കരക്കു നീന്തി.

രാത്രി, പാടശേഖരത്തിനരികിലെ ഏറുമാടത്തില്‍ കിടക്കുമ്പോള്‍ കൂട്ടുകാരനെ തലചെരിച്ചു നോക്കി. അവന്‍ ഉറക്കത്തിലാണ്. കമിഴ്ന്നുകിടന്ന് മുളയഴികള്‍ക്കിടയിലൂടെ മണ്ണിലേക്കു കണ്ണുതുറന്നു. ഞണ്ടുകള്‍ വരിവരിയായി വരമ്പുകള്‍ കയറിനീങ്ങുന്നു. നിലാവുപരന്ന മണ്‍പ്പരപ്പിലെ, വിള്ളലുകള്‍ക്കുള്ളില്‍നിന്നൊരു ശബ്ദമുയര്‍ന്നു. 'ഇത് സലാ... സലായെക്കിനി. എന്റെ കൂടെ ക്ലബ്ബില്‍ കളിക്കുന്നവനാ. നമ്മുടെ ഗ്രാമം കാണാന്‍ വന്നതാ...' ഇളയച്ഛന്‍ അച്ഛനോട് അന്നുപറഞ്ഞത് മണ്‍വിള്ളലുകള്‍ക്കിടയില്‍നിന്ന് വീണ്ടുമുയരുന്നു..!

മുകള്‍നിലയിലെ മുറിയില്‍നിന്ന് പുസ്തകസഞ്ചിയുമായി, മുറ്റത്തേക്കുള്ള കോണിപ്പടികളിറങ്ങുമ്പോഴാണ് അച്ഛനു മുന്‍പില്‍ നില്‍ക്കുന്ന അവരെ ഞാന്‍ കാണുന്നത്. നഗരത്തിലെ ക്ലബ്ബിലെ ഫുട്‌ബോളറാണ് ഇളയച്ഛന്‍. മറഡോണയെപ്പോലുള്ളതിനാല്‍ എല്ലാവരും ഡോണായെന്നാണ് വിളിച്ചിരുന്നത്. കൂടെയുള്ള കറുത്ത മനുഷ്യനെ ജീവിതത്തിലിന്നേവരെ ഞാന്‍ കണ്ടിരുന്നതേയില്ല. ഇത്രയും കറുത്തവരും ഈ ഭൂമിയിലുണ്ടോ...? ഞാനയാളെ നോക്കി അന്തിച്ചുനിന്നു.


അവര്‍ ബാഗുകളുമായി മുകള്‍നിലയിലേക്കു കയറുമ്പോള്‍, കോണിപ്പടിയില്‍വെച്ച്, ഇളയച്ഛനെന്നെ എടുത്തു, ചുംബിച്ചു. സലാക്ക് പരിചയപ്പെടുത്തി. അയാള്‍ ബാഗില്‍നിന്ന് ഒരു മൂന്നാംനമ്പര്‍ ഫുട്‌ബോള്‍ എടുത്ത് എനിക്കായി നീട്ടി, ചിരിച്ചു. പല്ലുകള്‍ ആ മുഖത്ത് വെളുപ്പിന്റെ തിളക്കം പടര്‍ത്തുന്നതു കണ്ട് എന്റെ കണ്ണുകള്‍ തുറിച്ചു. മുറ്റത്ത്, അമ്മയും പെങ്ങന്മാരും മുത്തശ്ശിമാരും പുസ്തകസഞ്ചി തൂക്കിയ കൂട്ടുകാരനും സലായെ അമ്പരപ്പോടെ നോക്കിനില്‍പ്പുണ്ടായിരുന്നു.

സലായും ഡോണയും പകല്‍മുഴുവന്‍ ഞങ്ങളുടെ ഗ്രാമം കാണാന്‍ ബുള്ളറ്റില്‍ ചുറ്റിയടിച്ചു. വൈകുന്നേരം, മുറതെറ്റാതെ, പന്തുതട്ടാനായി സ്‌കൂള്‍ മൈതാനത്തെത്തി. ഞാനും കൂട്ടുകാരനും മരച്ചോട്ടില്‍ കിടക്കുന്ന തുരുമ്പിച്ച ടാങ്കിനുമുകളിലിരുന്ന് അവരുടെ കളികള്‍ കാണും. പന്ത് കറുമ്പന്‍ കാലുകള്‍ക്കുള്ളിലിട്ടു കറക്കി സലാ കാണിക്കുന്ന മായാജാലങ്ങളും മുന്നേറ്റങ്ങളും ഞങ്ങളതുവരെ ഗ്രാമത്തിലെ കളിക്കാരില്‍നിന്നും കാണാത്തവയായിരുന്നു.

കാലുകള്‍കൊണ്ടും ഉടല്‍ചലനങ്ങള്‍കൊണ്ടും മറ്റുകളിക്കാരെ കബളിപ്പിച്ച് അയാള്‍ ഗോള്‍പോസ്റ്റിലേക്കുതിര്‍ക്കുന്ന തുളച്ചുകയറുന്ന ഷോട്ടുകള്‍ ഗോളുകളാവുമ്പോള്‍ ഞങ്ങളോടിച്ചെന്ന് സലായെ കെട്ടിപ്പിടിക്കും. എന്നും കളികള്‍ കഴിഞ്ഞശേഷം എന്നേയും കൂട്ടുകാരനേയും മറ്റുകുട്ടികളെയും മൈതാനത്തേക്കുവിളിച്ച്, ഇരുളുവോളം അയാള്‍ പന്തിനെ കാലുകള്‍ക്കുള്ളില്‍ മെരുക്കിയെടുക്കേണ്ട വിദ്യകള്‍ കാണിച്ചുതന്ന് പഠിപ്പിക്കും.

ഞങ്ങളുടെ ഗ്രാമീണരില്‍നിന്ന് അയല്‍ഗ്രാമങ്ങളിലേക്ക് സലായുടെ കളിനീക്കങ്ങള്‍ പടര്‍ന്നുപരന്നു. അവിടെനിന്നും ആളുകള്‍ കളികാണാന്‍ സ്‌കൂള്‍മൈതാനത്തേക്കെത്തി. മറ്റുഗ്രാമങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റകളിലേക്ക് സലായേയും ഡോണയേയും കൊണ്ടുപോവാന്‍ ആളുകളെത്തി. അവിടേക്ക് കളിക്കാന്‍ പോവുമ്പോള്‍, പലപ്പോഴും അവരന്നെയും കൂടെക്കൂട്ടി. പലകളികളിലെ ഫൈനലുകളിലും അവര്‍ കപ്പുകള്‍ നേടി.

കിഴക്കന്‍പാടത്തെ കൊയ്ത്തിനിടയില്‍ ഞങ്ങളുടെ കൂട്ടത്തിലെ സ്ത്രീക്ക് പാമ്പുകടിയേറ്റു. ഞാന്‍ അവരുടെ വലതുകണങ്കാലില്‍ തുണികൊണ്ടു ചുറ്റിക്കെട്ടുന്നതിനിടയില്‍ കൂട്ടുകാരനും മറ്റുള്ളവരും പാമ്പിനെ അടിച്ചുകൊന്നു, അതിനെ സഞ്ചിയിലേക്കിട്ട് എനിക്കരികിലെത്തി. സ്ത്രീയുമായി റോഡിലേക്കുകയറുമ്പോള്‍ അകലെനിന്നൊരു ട്രാക്ടര്‍ വരുന്നുണ്ടായിരുന്നു. ഞങ്ങളെല്ലാം കൈവീശികാണിച്ചു. സ്ത്രീയുമായി ട്രാക്റ്ററിനു പിറകിലേക്ക് ഞങ്ങള്‍ കയറി.

വണ്ടി വിഷവൈദ്യന്റെ വീട്ടിലേക്കുനീങ്ങി. അവരുടെ വലതുകാല്‍പാദങ്ങള്‍ നീലനിറമായി മാറിക്കഴിഞ്ഞിരുന്നു. സ്ത്രീയെ ഞങ്ങളെല്ലാം താങ്ങിപ്പിടിച്ച് ട്രാക്ടറില്‍നിന്നിറക്കി. വിഷവൈദ്യന്റെ വീട്ടുമുറ്റത്ത് ഇരുത്തി. കൊത്തിയപാടും സഞ്ചിയിലെ പാമ്പിനേയും പരിശോധിച്ച വൈദ്യന്‍ മരുന്നുകളെടുക്കാനായി അകത്തേക്കുപോയി.

സ്ത്രീയെ അടുത്തുള്ള മുറിയിലേക്കു കിടത്താന്‍ വൈദ്യന്‍ അകത്തുനിന്ന് വിളിച്ചുപറഞ്ഞു. ഞങ്ങളെല്ലാം ചേര്‍ന്ന് അവരെ അങ്ങോട്ടു കിടത്തി. വൈദ്യന്‍ മരുന്നുകളുമായിവന്ന് ചികിത്സകള്‍ തുടങ്ങി. ഞാനും കൂട്ടുകാ രനും സ്ത്രീയുടെ വീട്ടില്‍ വിവരമറിയിക്കാനായി ഇടവഴിയിലേക്കിറങ്ങി.

വൈകുന്നേരമായപ്പോഴേക്കും വിഷമിറക്കിക്കളഞ്ഞ് വൈദ്യന്‍, കഴിക്കാനും തേക്കാനുമുള്ള മരുന്നുകള്‍ തന്നു. സ്ത്രീയെ വീട്ടിലേക്കാക്കികൊടുത്ത് ഞങ്ങള്‍ പുഴയിലേക്കുപോയി. ഇരുളുവോളം പുഴയില്‍ നീന്തിക്കളിച്ചു. തേക്കിന്‍ക്കുട്ടങ്ങള്‍ക്കുള്ളില്‍ നിന്ന് മയിലുകള്‍ കരഞ്ഞുകൊണ്ടിരുന്നു. ഈറന്‍ വസ്ത്രങ്ങളുമായി ഞങ്ങള്‍ മുളങ്കാട്ടിലൂടെ നടന്നു.

ഏറുമാടത്തിനു ചുവട്ടിലെ അടുപ്പില്‍ രാത്രിഭക്ഷണമുണ്ടാക്കുമ്പോള്‍ ചന്ദ്രന്‍ കുന്നിന്‍ മുകളിലേക്കുദിച്ചുയര്‍ന്നു. രണ്ടു തീപ്പന്തങ്ങള്‍ പാടത്തുകൂടെ നീങ്ങുന്നതായി ഞാന്‍ കണ്ടു. കൂട്ടൂകാരന്‍, തൊലികളഞ്ഞ ഉരുളക്കിഴങ്ങുകളുമായി ഏറുമാടത്തിന്റെ പടികളിറങ്ങിവന്നു. ഞാന്‍ അടുപ്പിലേക്കു വിറകുകൊള്ളികള്‍ വെക്കുന്നതിനിടയില്‍ അവന്‍ മുറംകൊണ്ടു വീശി തീപ്പടര്‍ത്തി. അപ്പോഴാണ് കാലൊച്ചകള്‍ അരികിലേക്കുവരുന്നതായി ഞങ്ങളറിയുന്നത്.

തീപ്പന്തങ്ങള്‍ ഞങ്ങള്‍ക്കരികിലേക്കാണ് വരുന്നത്. രാപ്പക്ഷി കരഞ്ഞുകൊണ്ട് പാടത്തെ ഇരുളിലൂടെ പറന്നുപോയി, അതിന്റെ ശബ്ദം അകലങ്ങളില്‍ മാറ്റൊലികൊള്ളുന്നു. തീനാളങ്ങളുടെ വെളിച്ചത്തില്‍ ആ മുഖങ്ങള്‍ തിരിച്ചറിഞ്ഞു. കറുത്ത യുവതിയും ഡ്രൈവറും ഈ ഗ്രാമത്തിലെ വൃദ്ധനുമായിരുന്നു, അത്. അവര്‍ ഞങ്ങള്‍ക്കരികിലെത്തി.

'പണ്ട്, പന്തുകളിക്കാരാനായ ഒരു കറുത്തവന്‍ ഗ്രാമത്തില്‍ വന്നിരുന്നില്ലെ...?' വൃദ്ധന്‍ ചോദിച്ചു.

'വന്നിരുന്നു...' കൂട്ടുകാരന്‍ പറഞ്ഞു.

'നിന്റെ വീട്ടിലല്ലെ താമസിച്ചിരുന്നത്...?' വൃദ്ധന്‍ എനിക്കുനേരെ വിരല്‍ചൂണ്ടി.

'അതെ...' ഞാന്‍ പറഞ്ഞു.

'ഇവള്‍ അവന്റെ അനിയത്തിയാണ്...'

ഞങ്ങള്‍ യുവതിയെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

'ഇവിടെവെച്ച് മരണമടഞ്ഞ അവന്റെ എല്ലുകള്‍ നാട്ടിലേക്ക് കൊണ്ടുപോവാനാണ് ഇവള്‍ വന്നിട്ടുള്ളത്...' വൃദ്ധന്‍ പന്തംവീശി പറഞ്ഞു. 'എവിടെയാണ് ശവം അടക്കം ചെയ്തതെന്ന് ഗ്രാമത്തിലെ ആര്‍ക്കുമിന്ന് ഓര്‍മയില്ല. അതറിയാവുന്ന നിന്റെ കുടുംബക്കാരും ഇന്നിവിടെയില്ല. അങ്ങനെ, ഞങ്ങള്‍ നിങ്ങളുടെ ഗ്രാമത്തിലെത്തിയപ്പോഴാണ് നിന്റെ അച്ഛനും ഇളയച്ഛനും ജീവിച്ചിരിപ്പില്ല എന്നറിയുന്നത്. നിന്റെ അമ്മയാണ് പറഞ്ഞത്, നീ ഇവിടേക്ക് പണിക്കുപോയിട്ടുണ്ടെന്നും, ശവം അടക്കിയ സ്ഥലം നിനക്കറിയാമെന്നും....'

കറുത്ത യുവതിയുടെ വിറക്കുന്ന ചുണ്ടിലേക്കു നോക്കിനില്‍ക്കുന്ന ഞാന്‍, എന്റെ നിറയുന്ന കണ്ണുകള്‍ തുടച്ചു. 'വ്യാജ പാസ്‌പ്പോര്‍ട്ട് ആയതുകൊണ്ടാണ് നാട്ടിലേക്ക് അയാളുടെ ശവം കയറ്റി അയക്കാന്‍ കഴിയാതിരുന്നതെന്ന് ഇളയച്ഛന്‍ ഒരിക്കലെന്നോട് പറഞ്ഞിരുന്നു. അന്യ നാട്ടുകാരനായതിനാല്‍ നമ്മുടെ ശവപ്പറമ്പില്‍ അടക്കംചെയ്യാന്‍ നാട്ടുകാര്‍ അനുവദിച്ചതുമില്ല.....!'

'എന്നിട്ടെവിടെയാണ് അടക്കം ചെയ്തത്..?' ഡ്രൈവര്‍ ചോദിച്ചു.

'പുഴക്ക് അക്കരെ...' ഞാന്‍ പതിയെ പറഞ്ഞു.

'സ്ഥലം നിനക്കറിയില്ലെ...?'

'അറിയാം...'

ഡ്രൈവര്‍, യുവതിയോടെല്ലാം അവരുടെ ഭാഷയില്‍ വിശദീകരിച്ചു. അവള്‍ എനിക്കരികിലേക്കുവന്നു. എന്റെ ഇരുകൈകളിലും പിടിച്ചു. എന്നെ അവളുടെ ശരീരത്തിലേക്ക് അണച്ചുപിടിച്ച്, കാതിലെന്തോ പറഞ്ഞു. എനിക്കറിയാത്ത ഭാഷയായിരുന്നു, അത്. യുവതി മുട്ടുകുത്തി നിലത്തിരുന്നു. മണ്ണിലേക്ക് നെറ്റിയമര്‍ത്തി എന്തോ പിറുപിറുത്തു.

അതിരാവിലെ, മുളങ്കാടിനുള്ളിലൂടെ നടന്നുനീങ്ങുന്ന എന്നെ അഞ്ചുപേര്‍ പിന്തുടര്‍ന്നു. ഇരുട്ടും മഞ്ഞും വിട്ടകന്നുപോയിരുന്നില്ല. രാത്രി മഴപെയ്തതിനാല്‍ മുളച്ചില്ലകള്‍ വഴിയിലേക്കു ചാഞ്ഞുതൂങ്ങിയിരുന്നു. പുഴയുടെ ശബ്ദം കാട്ടിനുള്ളില്‍നിന്നും വരുന്നുണ്ടായിരുന്നു.

തുരുമ്പിച്ച ഷെല്ലുകള്‍ ചാടിക്കടന്ന് ഞങ്ങള്‍ പുഴയിലേക്കിറങ്ങി. മഞ്ഞിന്‍പറ്റങ്ങള്‍ വെള്ളത്തിനുമുകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. വഴുക്കുന്ന പാറകകളും പുല്‍ത്തുരുത്തുകളും പിന്നിട്ട് ഞങ്ങള്‍ പുഴകടക്കാന്‍ തുടങ്ങി. വെള്ളം ഉയര്‍ന്നിട്ടുണ്ട്. പലഭാഗത്തും അരയോളം വെള്ളമുണ്ടായിരുന്നു. ഡ്രൈവറുടെ കൈപിടിച്ച് കറുത്തയുവതി എല്ലാവര്‍ക്കും പിറകെവരുന്നുണ്ടായിരുന്നു.

അക്കരക്കു കയറിയ ഞാന്‍ തേക്കിന്‍ക്കാട്ടിലൂടെ ആ തേക്കിനരികിലേക്ക് നടന്നു. പച്ചമയിലുകള്‍ കരഞ്ഞുകൊണ്ട് ഉള്‍ക്കാട്ടിലേക്കു പറന്നു. നടന്നുനടന്ന്, ആ മരത്തിനരികില്‍ ഞാനെത്തി. അവരെല്ലാമെന്നെ പിന്തുടരുന്നുണ്ടായിരുന്നു. കൂറ്റന്‍ തേക്കിന്റെ പള്ളയില്‍, സലാ എന്നെഴുതിയത് ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തൊട്ടു. ആ മരത്തിന്റെ ശിഖരത്തിലേക്ക് ചില്ലകള്‍ക്കിടയിലൂടെ നോക്കി.

മരച്ചോട്ടിലെ പുല്ലുകള്‍ നിറഞ്ഞ സ്ഥലം ഞാനവര്‍ക്കു കാണിച്ചുകൊടുത്തു. രണ്ടുപേരും ആയുധങ്ങള്‍ തോളില്‍നിന്ന് താഴേക്കുവെച്ചു. യുവതിയും ഡ്രൈവറും മറ്റൊരു മരച്ചുവട്ടിലേക്ക് മാറിനിന്നു. പുല്ലുകള്‍ വെട്ടിമാറ്റി മണ്ണുകിളക്കാന്‍ വൃദ്ധന്‍ രണ്ടുപേരോടും പറഞ്ഞു. ഞാന്‍ പുഴയിലേക്കു തിരിച്ചുനടന്നു. വൃദ്ധനെന്നെ വിളിച്ചു. ഞാന്‍ തിരിഞ്ഞുനോക്കാതെ പുഴയിലേക്കിറങ്ങി.

പുഴകടക്കുമ്പോള്‍, മുളങ്കാട്ടിലൂടെ ആളുകള്‍ സലായുടെ ശവവുമായി വരുന്നത് ഞാന്‍ കണ്ടു. മുളമഞ്ചത്തിന്റെ ഇരുവശത്തും താങ്ങിപ്പിടിച്ചിരുന്നത് അച്ഛനും ഇളയച്ഛനുമായിരുന്നു. നല്ല ഒഴുക്കും കലങ്ങിയ വെള്ളവുമായിരുന്നു, അന്ന് പുഴയില്‍. പുഴയുടെ നടുക്കെത്തിയപ്പോള്‍, ആഴം കൂടുതലുള്ളതിനാല്‍ എന്നോട് പാറയിലിരിക്കാന്‍ ഇളയച്ഛന്‍ പറഞ്ഞു. എല്ലാവരുടെയും നെഞ്ചോളംവരെ വെള്ളമുണ്ടായിരുന്നു. അവര്‍ അക്കരെകടന്ന്, തേക്കിന്‍ക്കാട്ടിനുള്ളിലേക്ക് മറയുന്നതും നോക്കി ഞാനിരുന്നു. നിറയുന്ന കണ്ണുകളുമായി മാനത്തേക്ക് നോക്കി കരഞ്ഞു.

മറവുചെയ്തുകഴിഞ്ഞ് എല്ലാവരും പുഴയിലേക്കു മടങ്ങിവന്നു. വെള്ളത്തിലൂടെ നടന്നുനടന്ന് അവരെന്നെ കടന്നുപോയി. ഒടുവില്‍ നടന്നെത്തിയ ഇളയച്ഛന്‍ എനിക്കരികിലിരുന്ന് കരഞ്ഞു. ഞാന്‍ പാറയില്‍ നിന്നെഴുന്നേറ്റ്, പുഴയിലേക്കെടുത്തുചാടി. നീന്തിനീന്തി അക്കരക്കുകയറി. തേക്കിന്‍ക്കാട്ടിലൂടെ ഓടുമ്പോള്‍ ഇളയച്ഛനെന്നെ വിളിക്കുന്നുണ്ടായിരുന്നു. മണ്ണ് കൂനയാക്കിയിട്ട തേക്കിന്‍ച്ചോട്ടില്‍ ഞാന്‍ വഴുതിവീണു. കൈയില്‍ തടഞ്ഞ കല്ലുകൊണ്ട് തേക്കിന്‍ പള്ളയില്‍ എഴുതി, സലാ...


പാടങ്ങളിലെയെല്ലാം കൊയ്ത്തുകഴിഞ്ഞ്, കൂലിപ്പണവും വാങ്ങി, രണ്ടു നെല്ലിന്‍ ചാക്കുകളുമായി ഞങ്ങള്‍ ഗ്രാമത്തില്‍നിന്ന് യാത്രതിരിച്ചു. കുന്നുകള്‍ കയറിയിറങ്ങി, പാടപ്പരപ്പുകള്‍ പിന്നിട്ട് ബസ് വേഗത്തില്‍ നീങ്ങി. മൂന്നുമണിക്കൂറോളം യാത്രചെയ്യണം ഞങ്ങളുടെ ഗ്രാമത്തിലെത്താന്‍. വെളിമ്പ്രദേശത്തെ കുറ്റിക്കാടുകള്‍ക്കുള്ളിലെ, ബോംബുകള്‍ വീണുണ്ടായ വലിയകുഴികളില്‍ മഴവെള്ളം തളംകെട്ടി കിടപ്പുണ്ടായിരുന്നു. ബസ്സിനകത്ത് അട്ടിയിട്ട നെല്ലിന്‍ചാക്കുകള്‍ക്കു മുകളിലിരുന്ന് പുറത്തേക്ക് നോക്കുന്നതിനിടയില്‍ അരികിലിരിക്കുന്ന കൂട്ടുകാരനെന്നെ വിളിച്ചു.

'ഇവിടെവെച്ചല്ലെ, സലാ...?'

'ങും. അന്നൊരു ടൂര്‍ണമെന്റ് കഴിഞ്ഞ് ഗ്രാമത്തിലേക്കു മടങ്ങുകയായിരുന്നു. കപ്പുനേടിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. കടുത്ത ക്ഷീണത്താല്‍ ഏവരും ഉറങ്ങിപ്പോയ സന്ധ്യയില്‍, സലാ ജീപ്പില്‍നിന്ന് ചാടിയിറങ്ങുകയായിരുന്നു. മടിയില്‍വെച്ച പന്ത് പുറത്തേക്കു തെറിച്ചിരുന്നു. ഡ്രൈവര്‍ വണ്ടി നിര്‍ത്തി, പോവല്ലേയെന്നു വിളിച്ചുപറഞ്ഞതാ, അത് കേള്‍ക്കാതെ സലാ പന്തെടുക്കാന്‍ കുറ്റിപ്പൊന്തകള്‍ക്കിടയിലേക്കു പാഞ്ഞു..!' പശുക്കൂട്ടങ്ങള്‍ റോഡിനുനടുക്ക് കൊമ്പുകോര്‍ക്കുന്നു. ബസ് നിര്‍ത്തി, ഡ്രൈവര്‍ ഹോണ്‍ മുഴക്കി. പശുക്കള്‍ വഴിമാറി. ബസ് വീണ്ടും ഓടാന്‍ തുടങ്ങി. 'പൊട്ടിത്തെറി കേട്ടാണ് ഞാനും ഇളയച്ഛനും ജീപ്പില്‍നിന്നിറങ്ങിയത്. ചോരപുരണ്ട പന്ത് കുറ്റിപ്പൊന്തകള്‍ക്കുള്ളില്‍നിന്ന് ഞങ്ങള്‍ക്കരികിലേക്കു തെറിച്ചുവന്നു. പന്ത് ചോരത്തുള്ളികളുമായി റോഡില്‍ കറങ്ങിക്കൊണ്ടിരുന്നു...!'

TAGS :