Quantcast
MediaOne Logo

സിദ്ദീഖ് ഹസ്സന്‍

Published: 3 Jan 2024 10:46 AM GMT

കുടിയേറ്റക്കാരുടെ ജീവിതം പറയുന്ന 'ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍'

അനധികൃത കുടിയേറ്റക്കാരുടെ നിസ്സഹായാവസ്ഥ പ്രേക്ഷകന് മുന്‍പില്‍ തീവ്രമായി രീതിയില്‍ തന്നെ കാണിച്ചു തരാന്‍ സംവിധായികക്ക് സാധിച്ചിട്ടുണ്ട്.

ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് നതാലിയ ശ്യാം സംവിധാനം നിര്‍വഹിച്ച ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍.
X

ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് നതാലിയ ശ്യാം സംവിധാനം നിര്‍വഹിച്ച 'ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍'. അനധികൃത കുടിയേറ്റക്കാരുടെ ജീവിത പ്രതിസന്ധികള്‍ വരച്ചു കാണിക്കുന്ന ചിത്രം, സാമൂഹിക-സാംസ്‌കാരിക വ്യത്യാസങ്ങള്‍ എങ്ങനെ വ്യക്തികളുടെ ജീവിതത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു എന്നും കാണിച്ചു തരുന്നുണ്ട്.

ആദില്‍ ഹുസൈന്‍ അവതരിപ്പിച്ച രഘു എന്ന കഥാപാത്രവും കുടുംബവും കടുത്ത കടബാധ്യതകളെ തുടര്‍ന്ന് യു.കെയിലേക്ക് നാട് വിടാന്‍ തീരുമാനിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. കേരളത്തിലുള്ള ഒരു എമിഗ്രന്റ് ഏജന്‍സിയെ സമീപിക്കുന്ന അവര്‍ തങ്ങളുടെ കയ്യിലുള്ളതെല്ലാം പണയപ്പെടുത്തി യു.കെയിലേക്ക് കടക്കാന്‍ തീരുമാനിക്കുന്നു. വിസ ലഭിക്കാന്‍ ഒരു വര്‍ഷ കാലാവധി ആവശ്യം വരുമെന്നും അതുവരെ അനധികൃത കുടിയേറ്റക്കാരായി യു.കെയില്‍ കഴിയേണ്ടി വരുമെന്ന ഏജന്‍സിയുടെ കരാറിനോട് രഘു സമ്മതം അറിയിക്കുന്നു, എന്നാല്‍, യു.കെയിലെത്തിയ അവര്‍ക്ക് തങ്ങളെ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ഏജന്‍സി വഞ്ചിച്ചതാണെന്ന് മനസ്സിലാവുന്നു. എങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ അവര്‍ തയാറാവുന്നില്ല. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് പുതിയ വീട് അന്വേഷിക്കുന്ന അവര്‍ക്ക് ഒരു ശ്രീലങ്കന്‍ കുടുംബം അഭയം നല്‍കുകയും അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട വ്യക്തികളായി മാറുകയും ചെയ്യുന്നു. കഥയുടെ ഗതി മാറുന്നത്, രഘുവിന്റെ മകളായ മീരയെ (നിമിഷ സജയന്‍) കാണാതാവുന്നത് മുതലാണ്. മീരയെ തേടിയുള്ള രഘുവിന്റെ അന്വേഷണവും അതിനിടയില്‍ അയാള്‍ തിരിച്ചറിയുന്ന അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ചില കാര്യങ്ങളുമാണ് പിന്നീടുള്ള കഥയുടെ ഇതിവൃത്തം.


ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍

ഒരുപാട് തലങ്ങളുള്ള കഥാപാത്രങ്ങളാണ് ഈ ചിത്രത്തിന്റെ സവിശേഷത. രഘു എന്ന കേന്ദ്ര കഥാപാത്രത്തെ നതാലിയ രൂപപ്പെടുത്തിയ വിധം തന്നെ ഉദാഹരണം. ഒരുപാട് പക്ഷപാതങ്ങളുള്ള വ്യക്തിയാണ് രഘു. രാജ്യത്തിന്റെ നാമവും വ്യക്തികളുടെ നിറവും നോക്കി അവരെ മുന്‍വിധി ചെയ്യുന്ന ഒരു ടിപ്പിക്കല്‍ ഔട്ട്‌ഡേറ്റഡ് മലയാളി, അതാണ് രഘു (പാകിസ്ഥാനികളോടുള്ള അയാളുടെ വിദ്വേഷവും ഭയവും ഇതെടുത്തു കാണിക്കുന്നുണ്ട്). എന്നിരുന്നാലും വിദ്യഭ്യാസമുള്ള എല്ലാവരും ഇംഗ്ലീഷ് സംസാരിക്കണം എന്നാലേ വിദേശത്തു പോയി രക്ഷപ്പെടാന്‍ പറ്റൂ എന്ന ചിന്താഗതിയും രഘുവിനുണ്ട്. ഏറെ സ്വാര്‍ഥനായ കഥാപാത്രം കൂടിയാണ് രഘു. അയാളുടെ സ്വാര്‍ത്ഥതയാണ് മകളായ മീരയുടെ തിരോധാനത്തിനും കഥയിലെ മറ്റൊരു പ്രധാനകഥാപാത്രത്തിന്റെ മരണത്തിനും കാരണമെന്നും അയാള്‍ പിന്നീട് തിരിച്ചറിയുന്നുണ്ട്.

മീര എന്ന കഥാപാത്രം നിമിഷ സജയന്‍ മനോഹരമായ രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നാടന്‍ പെണ്‍കുട്ടിയില്‍ നിന്നും, സാംസ്‌കാരിക വ്യത്യാസങ്ങള്‍ അവളെ ഒരു മോഡേണ്‍ യുവതിയായി മാറ്റിയെടുക്കുന്നു. തന്റെ അഭിപ്രായങ്ങളും ചിന്താഗതികളും വ്യക്തമായ രീതിയില്‍ തുറന്നു പറയാനുള്ള ധൈര്യവും മീരക്ക് കിട്ടുന്നു.

സുധ എന്ന രഘുവിന്റെ ഭാര്യാ കഥാപാത്രവും (ലെന) വളരെ ശ്രദ്ധേയമായ രീതിയിലാണ് നതാലിയ രൂപപ്പെടുത്തിയിട്ടുള്ളത്, രെഹാന്‍ എന്ന അഫ്ഗാന്‍ സ്വദേശിയായ കഥാപാത്രവും കഥ മുന്നോട്ട് കൊണ്ട് പോവുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിക്കുന്നുണ്ട്. നവമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കേതകി നാരായണന്റെ പ്രകടനം അഭിനന്ദനാര്‍ഹമാണ്.


നതാലിയ ശ്യാം, നീത ശ്യാം | ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ പോസ്റ്റര്‍

അനധികൃത കുടിയേറ്റക്കാര്‍ നേരിടുന്ന പ്രതിസന്ധികളും അവര്‍ക്ക് തെറ്റായ പ്രതീക്ഷകള്‍ നല്‍കുന്ന ഏജന്‍സികളെയുമെല്ലാം സിനിമ കൃത്യമായ രീതില്‍ കാണിച്ചു തരുന്നുണ്ട്. കയ്‌പ്പേറിയ യാഥ്യാര്‍ഥ്യം തിരിച്ചറിയുന്നുണ്ടെങ്കില്‍ പോലും തിരികെ മടങ്ങുവാന്‍ സാധിക്കാത്ത കുടിയേറ്റക്കാരുടെ നിസ്സഹായാവസ്ഥ സങ്കടകരമാണ്. യാതൊരു നിയമ പരിരക്ഷയും ലഭിക്കാത്ത പൊലീസില്‍ നിന്നും ഓടി ഒളിക്കാന്‍ നിര്‍ബന്ധിതരാവുന്ന അനധികൃത കുടിയേറ്റക്കാരുടെ ദുസ്സഹമായ സാഹചര്യങ്ങള്‍ ചിത്രം കാണിച്ചു തരുന്നുണ്ട്. തന്റെ മകളെ കണ്‍മുന്നില്‍ വെച്ച് അതിക്രമിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയോട് അവള്‍ പ്രതികരിക്കുന്നതിനെതിരെയാണ് രഘു എന്ന കഥാപാത്രം സംസാരിക്കുന്നത്. അക്രമിയോട് പ്രതികരിക്കുന്നതിനു പകരം മകളോട് 'നമ്മള്‍ അനധികൃത കുടിയേറ്റക്കാരണെന്ന് മറക്കരുത് ' എന്നാണ് രഘു പറയുന്നത്. അനധികൃത കുടിയേറ്റക്കാരുടെ ഈ നിസ്സഹായാവസ്ഥ പ്രേക്ഷകന് മുന്‍പില്‍ തീവ്രമായി രീതിയില്‍ തന്നെ കാണിച്ചു തരാന്‍ സംവിധായികക്ക് സാധിച്ചിട്ടുണ്ട്.

കുടിയേറിയ രാജ്യത്തെ സാമൂഹിക-സാംസ്‌കാരിക വൈജാത്യങ്ങള്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുന്ന വിധവും ഈ ചിത്രത്തില്‍ കാണാം. ഈ ചിത്രത്തിലെ ഇന്ത്യന്‍ കഥാപാത്രങ്ങളുടെ ഇംഗ്ലീഷ് സംഭാഷണങ്ങളുടെ അവതരണം തുടക്കത്തില്‍ അത്ര രസകരമായി തോന്നിയില്ല. കഥയ്ക്ക് ആവശ്യമെങ്കില്‍ പോലും ആദ്യഘട്ടത്തില്‍ വിരസത അനുഭവപ്പെട്ടു. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കഥയുടെ ലോകത്തേക്ക് നമ്മളെ കണക്ട് ചെയ്യിപ്പിക്കുന്നതിലും, കഥയുടെ ഗതിയില്‍ ഈ ഒരു വിരസത പിന്നീട് ഒരിടത്തും അനുഭവപ്പെടാത്ത രീതിയില്‍ തിരക്കഥ ഒരുക്കുകയും ചെയ്യുന്നതില്‍ നതാലിയ ശ്യാമും സഹോദരി നീത ശ്യാമും വിജയിച്ചിട്ടുണ്ട്. (നാടാകചാര്യന്‍ ഒ. മധവന്റെ കൊച്ചുമക്കളാണ് ഇരുവരും).


അഴകപ്പന്‍

മികച്ച ദൃശ്യങ്ങളും, ഡാര്‍ക്ക് ടോണിലുള്ള കളര്‍ ഗ്രേഡിങ്ങും ചിത്രത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഛായഗ്രാഹകന്‍ അഴകപ്പന്റെ ഫ്രെയിംകളും എടുത്തുപറയേണ്ടതാണ്. എഡിറ്റിംഗ് വിഭാഗത്തിലും ചിത്രം മികച്ചു നില്‍ക്കുന്നുണ്ട്. അത്യാവശ്യം വേഗത ചിത്രത്തിനുണ്ട്. കഥ ഒരു പരിധിവരെ പ്രേക്ഷകന് പ്രവചിക്കാന്‍ സാധിക്കുമെങ്കില്‍ പോലും, പ്രതിപാദിച്ച വിഷയവും മികച്ച തിരക്കഥയും ദൃശ്യങ്ങളും, ചിത്രത്തെ നല്ല ഒരു അനുഭവമാക്കുന്നു.



TAGS :