Quantcast
MediaOne Logo

ഹുസ്‌ന റാഫി

Published: 16 April 2024 5:20 AM GMT

Malayalam Short Story | ഫോര്‍ബിടെന്‍ ഫ്രൂട്ട്

| കഥ

Malayalam Short Story | ഫോര്‍ബിടെന്‍ ഫ്രൂട്ട്
X

Alas! The final fruit of your cherry tree fell down.

മമ്മ, ഈവ് അയച്ച ലാസ്റ്റ് മെസേജ്.

' മമ്മയെ കുറിച്ച് എല്ലാമറിഞ്ഞിട്ടും അവസാന ചെറിപ്പഴവും ഞെട്ടറ്റ് വീഴുന്ന ഒരു ദിവസത്തെ ഞാന്‍ എന്തെ ഭയന്നില്ല'

' ബെല്‍, മമ്മയെ ഇവിടെ അടക്കം ചെയ്യുന്നതില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്.'

' എന്റെ തീരുമാനത്തില്‍ മാറ്റമില്ല നേഹല്‍. പാതി മഞ്ഞു മൂടി നില്‍ക്കുന്ന ആ ചെറിമരത്തിനടിയിലാണ് എന്റെ മമ്മയുടെ സ്വര്‍ഗരാജ്യം'

ബെല്‍ വളര്‍ന്നതാ ചെറിമരത്തിനൊപ്പമാണ്. ബെല്ലിന്റെ നാലാം ബര്‍ത്ത്‌ഡേക്ക് പപ്പ കൊടുത്ത സമ്മാനം.

ബെല്‍ തന്നെയാണ് അതൊരു ചെറി മരമാണെന്ന് പറഞ്ഞത്. യഥാര്‍ഥത്തില്‍ ആ മരത്തിന്റെ പേര് പപ്പക്കും അറിയില്ല. ഒറ്റ നോട്ടത്തില്‍ അന്നത്തെ ബെല്ലിനോളം വലിപ്പമുള്ളൊരു ചെറിത്തൈ ആയിരുന്നു അത്.

' ഈവ്, ബെല്ലിനൊപ്പം ഈ ചെടിയും വളരട്ടെ. ബെല്ലിന്റെ പത്താം ബര്‍ത്ത്‌ഡെ ആകുമ്പോഴേക്കും ഇത് പൂക്കുമായിരിക്കും.'

ഇതിലെ കായ പഴുക്കണമെങ്കില്‍ മാസങ്ങളെടുക്കും എന്നാണ് ക്ലീവ് പറഞ്ഞത്. അവന്റെ ഗ്രാന്‍ഡ്പാ പണ്ടെവിടെ നിന്നോ കൊണ്ടുവന്നു നട്ട, പര്‍പ്പിള്‍ പഴങ്ങള്‍ ഉണ്ടാകുന്ന മരത്തിന്റെ തൈ ആണിത്. ചെറിപ്പഴങ്ങളേക്കാല്‍ വലുപ്പത്തിലാണ് ഇതില്‍ പഴങ്ങള്‍ ഉണ്ടാവുക. പാകമാകാതെ പറിക്കരുതെന്ന് അവന്‍ പ്രതേകം പറഞ്ഞിട്ടുണ്ട്.

പപ്പ പറഞ്ഞപോലെ ബെല്ലിന്റെ പത്താം ബെര്‍ത്ത്‌ഡേക്ക് കൃത്യം ഒരാഴ്ച മുമ്പ് അവന്റെ ചെറിമരം പൂത്തു. പൂവില്‍ നിന്നും പിറക്കുന്ന പര്‍പ്പിള്‍ നിറമുള്ള അത്ഭുതപ്പഴം കാണാന്‍ ബെല്ലിനേക്കാള്‍ ആവേശം മമ്മക്കായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചെറിപ്പൂക്കളില്‍ പലതും പൊഴിഞ്ഞു വീണു. ബാക്കി വന്ന വിരലില്‍ എണ്ണാവുന്ന പൂക്കള്‍ തവിട്ടു നിറമുള്ള പഴങ്ങളായി.

'പര്‍പ്പിള്‍ നിറമാകുമെന്ന് പറഞ്ഞിട്ട്'

'അത് പഴുക്കാന്‍ സമയമെടുക്കും. മൂത്ത് പഴുക്കുമ്പോള്‍ പര്‍പ്പിള്‍ നിറമുള്ള, തേന്‍ കിനിയുന്ന പഴങ്ങളാകും. അതുവരെ അത് പറിക്കരുത്.'

പപ്പ ഇടയ്ക്കിടെ ഓര്‍മിപ്പിക്കും. മാസങ്ങള്‍ കഴിഞ്ഞിട്ടും പഴുക്കാത്ത, പര്‍പ്പിള്‍ നിറമാകാത്ത ആ പഴം മമ്മയെ ചൊടിപ്പിച്ചു.

പപ്പ വീട്ടില്‍ ഇല്ലാത്ത ഒരു വൈകുന്നേരം മമ്മയാ പഴം പൊട്ടിച്ചു. പാകമാകാത്ത പഴത്തില്‍ നിന്നുംവന്ന ചുകപ്പ് നിറത്തിലുള്ള കറ വീണ് പപ്പക്കേറെ പ്രിയമുള്ള മമ്മയുടെ വെള്ളഗൗണില്‍ ചോരപ്പുള്ളികള്‍ പൂത്തു. മമ്മയ്ക്ക് കുറ്റബോധം തോന്നി. ഗൗണ്‍ മാറ്റിയുടുക്കാനോ പഴം ഞെട്ടറ്റ് വീണതാണെന്ന കള്ളക്കഥ മെനയാനോ ഉള്ള സമയം മമ്മയ്ക്ക് കിട്ടിയില്ല. അപ്രതീക്ഷിതമായി കയറി വന്ന പപ്പയ്ക്ക് മുന്നില്‍ ചോരപ്പുള്ളികള്‍ പൂത്ത ഗൗണുമായി മമ്മ തലകുനിച്ചു നിന്നു.

അന്ന് രാത്രി വീട്ടില്‍ ആരും സംസാരിച്ചില്ല. പിറ്റേന്ന് രാവിലെ യാത്രക്കൊരുങ്ങി നില്‍ക്കുന്ന പപ്പയെയാണ് ഞാന്‍ കണ്ടത്.

'Yes, U are Eve 'ഞാനത് ഓര്‍ക്കണമായിരുന്നു.'

മമ്മയെ ഒരു സോറി പറയാന്‍ പോലും അനുവദിക്കാതെ, പപ്പ വീടിന്റെ പടികള്‍ ഇറങ്ങി.

അന്ന് രാത്രി മമ്മയുടെ ഉച്ചത്തിളുള്ള ബൈബിള്‍ വായന കേട്ടാണു ഞാന്‍ ഞെട്ടിയുണര്‍ന്നത്.

' u must not eat fruit from the tree that is in the middle of the garden, and u must not touch it, or you will die'

'വിലക്കപ്പെട്ട കനി പറിച്ച് സ്വര്‍ഗരാജ്യം നഷ്ടപ്പെടുത്തിയവളാണ് ഞാന്‍' മമ്മ സ്വയം പറഞ്ഞു കരയും.

മഞ്ഞുമുറിക്കുള്ളില്‍ വരെ എത്തുന്ന ദിവസങ്ങളില്‍ മമ്മ അസ്വസ്ഥയാകും.

നിന്റെ ചുണ്ടുകളില്‍ നിന്ന് മഞ്ഞുകാലങ്ങള്‍ ഒഴിയാറില്ലെന്ന് പറയുന്ന പപ്പയുടെ ഓര്‍മകളില്‍ മമ്മ മഞ്ഞുപോലെ ഉറഞ്ഞുപോകും. വിലക്കപ്പെട്ട കനി പറിച്ചു സ്വര്‍ഗരാജ്യം നഷ്ടപ്പെട്ടവളാണ് ഞാനെന്ന് മമ്മ ആവര്‍ത്തിച്ചു പറയും.

എല്ലാ മാസവും ബാങ്ക് അക്കൗണ്ടില്‍ കൃത്യമായി വരാറുള്ള ഡോളള്‍ പപ്പ ജീവനോടെ ഉണ്ടെന്ന് ഓര്‍മിപ്പിച്ചു.

നേഹലുമായുള്ള വിവാഹമുറപ്പിച്ചത് പറയാന്‍ ഒരിക്കല്‍ പപ്പയെ ചെന്ന് കണ്ടിരുന്നു. പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട വീട്ടില്‍ പപ്പ ഒറ്റയ്ക്കായിരുന്നു. പൈന്‍ മരങ്ങളിലൊക്കെയും ചുവന്ന മഷികൊണ്ട് 'paradayslost' എന്നെഴുതി വച്ചിരുന്നു. നഷ്ടപ്പെട്ട സ്വര്‍ഗരാജ്യത്തിന്റെ ഓര്‍മകളില്‍ രണ്ടിടങ്ങളിലായി പപ്പയും മമ്മയും ജീവിച്ചു.

പതിവില്ലാതെ മഞ്ഞും മഴയും ചുറ്റിപിണഞ്ഞു പെയ്തതിന്റെ പിറ്റേന്നാണ്. പപ്പ ചെറിമരമുള്ള പൂന്തോട്ടത്തിന്റെ അരികിലായി മരിച്ചു കിടക്കുന്നത് കണ്ടത്. മരിച്ചിട്ട് മൂന്നു ദിവസമായിട്ടും ദിവസങ്ങളായുള്ള

മഞ്ഞുവീഴ്ചയില്‍ ആരും ശ്രദ്ധിച്ചില്ല. അതില്‍ പിന്നെ മമ്മ മറ്റൊരു ലോകത്തായി.


'എത്ര ആഗ്രഹിച്ചു വാങ്ങിയതാണ് ഞാനാ ഡാലിയച്ചെടികള്‍. അതിലിപ്പോള്‍ മൂന്നു പൂക്കളെ ഒള്ളൂ. ബാക്കിയൊക്കെ പിച്ചി പറിച്ചിരിക്കുന്നു'.

' സാറ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സാന്‍ഡ്‌വിച്ചുകളില്‍ മൂന്നെണ്ണം ഒഴികെ ബാക്കി ഒക്കെ നശിപ്പിച്ചിട്ടുണ്ട്.'

മമ്മയെകുറിച്ചുള്ള പരാതികള്‍ പതിവായി, സ്ലീപ്പിങ് പില്‍സുകളുടെ സഹായമില്ലാതെ മമ്മക്ക് ഉറങ്ങാനാകാത്ത ദിവസങ്ങള്‍.

മൂന്നു മാസം മുമ്പ് ജുവാനാണ് ആ ചെറിമരം പൂത്തത് കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൂവിട്ടയാ ചെറിമരം മമ്മയില്‍ വലിയ മാറ്റമുണ്ടാക്കി. ലില്ലിപ്പൂക്കള്‍ ഇലമറഞ്ഞു പൂത്തു. സാറക്ക് മൂന്നില്‍ കൂടുതല്‍ സാന്‍ഡ്വിച്ച് ഉണ്ടാക്കാനായി. മമ്മയുടെ ലോകമാ ചെറിപ്പൂക്കള്‍ മാത്രമായി. തേന്‍ കിനിയുന്ന, പര്‍പ്പിള്‍ നിറമുള്ള പഴങ്ങളെ കുറിച്ച് ഗ്രാന്‍ഡ്മാ മെനയുന്ന കഥകള്‍ ജുവാന്റെ കുഞ്ഞു മനസ്സിനെ വിസ്മയിപ്പിച്ചു.

'ആ പഴങ്ങള്‍ പഴുക്കുമ്പോള്‍ നമ്മുടെ വീട് സ്വര്‍ഗരാജ്യമാകും. ഞാനും നീയും മാലാഖമാരാകും.'

'ചെറി ഫ്രൂട്ട് പര്‍പ്പിള്‍ നിറമാകുമ്പോള്‍ ഞാനും ഗ്രാന്‍ഡ്മയും സ്വര്‍ണ ചിറകുള്ള മാലാഖമാരാകും'

ഉറങ്ങാന്‍ നേരം ജുവാന്‍ എന്റെ ചെവിയില്‍ പറയും.

കാലം തെറ്റി പെയ്‌തൊരു മഴയില്‍ ഒന്നൊഴികെ ബാക്കി എല്ലാം പൊഴിഞ്ഞു പോയി.

'സാരമില്ല ജുവാന്‍, ഒരു പഴം മതി നമുക്ക് സ്വര്‍ണ ചിറകുള്ള മാലാഖമാരാകാന്‍ '

മിനിഞ്ഞാന്ന് ആ പഴം പൊഴിഞ്ഞുവീണത് കണ്ടതും ജുവാന്‍ തന്നെയാണ്.

ചെറിച്ചോട്ടിലിരുന്ന് മമ്മയും ജുവാനും കരഞ്ഞു.

'സ്വര്‍ണ ചിറകുള്ള മാലാഖമാരാകാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം ഗ്രാന്‍ഡ്മാ'

'ഇനി കാത്തിരിക്കാന്‍ ഗ്രാന്‍ഡ്മക്ക് കഴിയില്ല ജുവാന്‍ .'

'പപ്പാ...'

'ജുവാന്‍ '

ജുവാന്റെ കയ്യില്‍ മമ്മ വായിക്കാറുള്ള ബൈബിളുണ്ട്. ഇന്നലെ രാത്രി ഗ്രാന്‍ഡ്മാ കൊടുത്തതാണ്. ഇന്നലെ മമ്മയും അവനും ഒന്നിച്ചു വായിച്ച ബൈബിള്‍ വചനങ്ങള്‍ അവന്‍ തൊട്ട് കാണിച്ചു.

' അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.' (റോമ, 5:12).




TAGS :