Quantcast
MediaOne Logo

ബിന്ദു പുഷ്പന്‍

Published: 8 Feb 2024 6:22 AM GMT

ഖുവ്വാഷി

| കഥ

കഥ, ഖുവ്വാഷി, ബിന്ദു പുഷ്പന്‍
X

ഒരാഴ്ച്ചത്തെ അവധിക്ക് ശേഷമാണ് അന്ന് ഞാന്‍ ഓഫീസിലെത്തിയത്, ഘോഷ്ദാദ അടുത്ത് വന്നു വിശേഷങ്ങളൊക്കെ ആരാഞ്ഞു. ഞങ്ങളുടെ സംസാര മദ്ധ്യേ വിഷയം ഖുവ്വാഷിയെ പറ്റിയായി. അവള്‍ക്കെന്തു പറ്റി? ഞാനാശ്ചര്യപ്പെട്ടു.

'' നാല്ദിവസം മുന്നേ പൈസാ തിന്നവള്‍ ആത്മഹത്യ ചെയ്തുവത്രേ! ''

മനുഷ്യനിവിടെ പൈസയില്ലാതെ നട്ടം തിരിയുമ്പോളാണ് ഒരുത്തി പൈസ തിന്ന് ആത്മഹത്യ ചെയ്യുന്നത്! എനിക്ക് ചിരിയാണ് വന്നത്.

ഞങ്ങളുടെ ഓഫീസിന്റെ താഴത്തെ നിലയിലുള്ള ശര്‍മ്മാജിയുടെ ഷോറൂമിന്റെ വരാന്തയിലാണ് ഖുവ്വാഷിയെന്നും അന്തിയുറങ്ങാറുള്ളത്. നേരം വെളുക്കുമ്പോള്‍ അവള്‍ സ്ഥലം കാലിയാക്കുകയും ചെയ്യും. ഘോഷ്ദാദയാണ് അവള്‍ക്കാ പേര് സമ്മാനിച്ചതെങ്കിലും അവളുടെ ഊരോ, പേരോ ഒന്നും ഞങ്ങള്‍ക്കറിയില്ല. അവളെ കണികാണുന്ന ദിവസങ്ങളില്‍ നാലുകാലില്‍ നിന്ന് പണിയെടുക്കേണ്ടി വരുമെന്നാ സീനിയര്‍ അക്കൗണ്ടന്റായ ഘോഷ്ദാദയുടെ ഭാഷ്യം. ഒരുദിവസം ശര്‍മ്മാജിയുടെ ജോലിക്കാര്‍ കട തുറക്കാനെത്തിയിട്ടും അവളെണീറ്റില്ല. നിശ്ചലയായ് കിടക്കുന്നത് കണ്ട് അടുത്ത് ചെന്ന് നോക്കിയപ്പോള്‍ തുറന്നിരിക്കുന്ന വായ് നിറയെ നാണയത്തുട്ടുകള്‍!

അഞ്ചുരൂപയുടെ കുറേ നാണയങ്ങള്‍ നിലത്തും ദേഹത്തുമായി ചിതറി കിടക്കുന്നു. ഒടുവില്‍ ആളു കൂടി പൊലീസ്സെത്തി ബോഡി കൊണ്ടുപോയത്രേ!

അവളുടെ ഓര്‍മ്മകള്‍ അന്നെന്നെ വല്ലാതെ അലട്ടി. എക്‌സെല്‍ഷീറ്റിലെ പ്രൊഫിറ്റും, ലോസ്സുമൊക്കെ എങ്ങുമെത്താതെ എന്റെ ചിന്തകള്‍ക്കൊപ്പം അലഞ്ഞു നടന്നു.

'' ദീദീ. പാഞ്ച് റുപ്യാ ദേന ദീദി. ചായ പീനാഹേ ''

ചായ കുടിക്കാനുള്ള ആവശ്യമുമായി ഖുവ്വാഷി ജടപിടിച്ച മുടിയുമായി എന്റെ മുമ്പില്‍ കയ്യും നീട്ടി നില്‍ക്കുന്നു. ആരോ, കൊടുത്ത നിറം മങ്ങിയ നീലസാരിയുടെ രണ്ടറ്റം അരയിലും മാറത്തുമായി എങ്ങനെയോ ഉറപ്പിച്ചിട്ടുണ്ട്. അവളുടെ പല്ലിനും മേലുടുപ്പിനും ഒരേ നിറമാണെന്ന് എനിക്ക് തോന്നി. ചളുക്കമുള്ള സ്റ്റീല്‍പാത്രം അവളെനിക്ക് നേരെ നീട്ടി.

'' ദീദി ''

ബാഗില്‍നിന്നും കയ്യില്‍ കിട്ടിയത് പത്തിന്റെ നോട്ടാണ്. ഞാനത് അവള്‍ക്ക് നേരെ നീട്ടി. അത് വേണ്ടാന്നവള്‍ ആംഗ്യം കാണിച്ചു കൊണ്ട് വലത് കൈപ്പത്തി ഉയര്‍ത്തി കാട്ടി. ഒന്ന് കൂടി തെരഞ്ഞപ്പോള്‍ ഒരു അഞ്ച് രൂപ നാണയം കിട്ടി. അതുമായവള്‍ സംതൃപ്തിയോടെ മടങ്ങിപ്പോയി. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ച.

പരിചയക്കാരോടൊക്കെ അവള്‍ അഞ്ചു രൂപയെ വാങ്ങാറുള്ളൂ. പകല്‍ മുഴുവന്‍ തിരക്കുള്ള നഗരത്തില്‍ അലഞ്ഞു നടക്കും. രാത്രി അന്തിയുറങ്ങാന്‍ ശര്‍മ്മാജിയുടെ കടത്തിണ്ണയില്‍ ചേക്കേറും. ആദ്യമൊക്കെ സെക്യൂരിറ്റി ഓടിക്കുമായിരുന്നെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞു അവളയാളെ പാട്ടിലാക്കും. അതല്ലാതെ അവളെക്കൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും യാതൊരു ശല്യവുമില്ല. ഒരിക്കല്‍പ്പോലും അവളെന്തെങ്കിലും ആഹാരം കഴിച്ചിരുന്നോ, എന്ന് ഞങ്ങളാരും തിരക്കിയിട്ടില്ല. അതിലെനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

ചില വൈകുന്നേരങ്ങളില്‍ ഞാനിറങ്ങുമ്പോള്‍ അവള്‍ എന്റെ മുന്നിലെത്തും. ദീദീന്നുള്ള വിളിയുമായി. അഞ്ചു രൂപയ്ക്ക് പ്രത്യുപകാരമെന്നപോലെ എന്റെ വാഗണാറിന്റെ ചില്ലുകള്‍ തുടച്ചു തരും. അത് കേള്‍ക്കുമ്പോള്‍

'' അവളുടെ അഴുക്ക് മൊത്തം ദീദീടെ കാറിലായെന്നും '' പറഞ്ഞു ഘോഷ്ദാദ ഉറക്കെ പൊട്ടിച്ചിരിക്കും.

ഒരിക്കല്‍ ഓഡിറ്റിങിന് വന്നവരോടൊപ്പം ഉച്ചഭക്ഷണത്തിനായി എനിക്ക് പുറത്തു പോകേണ്ടി വന്നു. അന്നാണ് ഖുവ്വാഷിയുടെ തനിറം മനസ്സിലായത്.

എം.ജി.റോഡിലെ നീണ്ട ട്രാഫിക്കില്‍ കുരുങ്ങിക്കിടന്ന വാഹനങ്ങള്‍ക്കിടയിലൂടെ നൂണ്ടുനുഴഞ്ഞു അവള്‍ എവിടുന്നോ പ്രത്യക്ഷയായി. ഡ്രൈവറോട് അവള്‍ പത്തു രൂപയാണ് ആവശ്യപ്പെട്ടത്. അത് കൊടുക്കാനൊരുങ്ങിയ അയാളെ തടഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു '' അഞ്ചുരൂപ മതി '' പിന്‍സീറ്റില്‍ ഇരുന്നിരുന്ന എന്നെയവള്‍ ശ്രദ്ധിച്ചതേയില്ല. അവരോട് അവള്‍ ഇത്തിരി തര്‍ക്കിച്ചു നോക്കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കൊടുത്തത് വാങ്ങേണ്ടി വന്നു. പെട്ടെന്നവള്‍ പുതുപുത്തന്‍ കറുത്ത ഇന്നോവയുടെ ബോണറ്റിലാ അഞ്ചുരൂപ നാണയം വെച്ച് നീളത്തില്‍ കോറി വരഞ്ഞത്. ഞാനെന്ത് ചെയ്യണമെന്നറിയാതെ സ്തംംഭിച്ചിരുന്നു പോയി. അവരുടെ മുന്നില്‍ ഞാനെത്രത്തോളം ചെറുതായൊന്ന് എനിക്ക് തന്നെയറിയില്ല. മുന്നില്‍ പച്ച തെളിഞ്ഞിട്ടും എന്റെ മുഖത്തെ കറുപ്പ് മാഞ്ഞില്ല. അതില്‍ പിന്നെ ഞാനവളെ കണ്ടാലും ഒഴിഞ്ഞു മാറിപ്പോകും. പൈസയൊന്നും കൊടുക്കാറുമില്ല.


കമ്പ്യൂട്ടറിലെ അക്കങ്ങള്‍ എനിക്ക് മുന്നില്‍ പതിയെ ഖുവ്വാഷിയുടെ രൂപം പ്രാപിച്ചു. ക്യാപിറ്റല്‍ ഗെയിനും ഷോര്‍ടെം ടാക്‌സുമൊക്കെ എന്റെ ചിന്താമണ്ഡലത്തിലെങ്ങുമില്ല. അവളെനിക്ക് മുന്നില്‍ ക്ഷീണിതയായി കൈനീട്ടി നില്‍ക്കുന്നു.

'' ദീദീ. പാഞ്ച് റുപ്യാ ദേന ദീദി.. ചായ പീനാഹേ ''


TAGS :