Quantcast
MediaOne Logo

ഷഹ്‌ല പെരുമാള്‍

Published: 8 March 2023 8:56 AM GMT

ഹന്ന എങ്ങിനെയാണ് മൃണാളിനി ഗുപ്തയുടെയും യോഹന്നാന്റെയും മനോവ്യാപാരം കീഴടക്കിയത്

വായനക്കാരെ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കഥാകാരി ഒരിടത്തും ശ്രമിക്കുന്നില്ല. ആളുകളെ, അവരെന്താണോ അതേപോലെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നു. | ഡോ. ഹന്ന മൊയ്തീന്‍ എഴുതിയ 'എന്റെ അസ്തമയ ചുവപ്പുകള്‍' കഥാ പുസ്തകത്തിന്റെ വായന.

ഹന്ന എങ്ങിനെയാണ് മൃണാളിനി ഗുപ്തയുടെയും യോഹന്നാന്റെയും മനോവ്യാപാരം കീഴടക്കിയത്
X

ഞങ്ങളുടെ എസ്.എസ്.എല്‍.സി ബാച്ചിലെ ഏറ്റവും പഠിക്കുന്ന കുട്ടിയായിരുന്നു ഹന്ന. അര മാര്‍ക്ക് കുറയുന്നതിന് സങ്കടപ്പെട്ടു കരയുന്നത്ര പാവം. പത്താം ക്ലാസ് കഴിഞ്ഞ് ജീവിതം പലവഴിക്കായതില്‍ പിന്നെ ഒരിക്കലേ അവളെ കണ്ടിട്ടുള്ളൂ. അന്നവള്‍ എറണാകുളത്ത് മെഡിസിന് പഠിക്കുകയായിരുന്നു.

ഈയടുത്ത് ഓഫീസില്‍ വെച്ച് കവര്‍ പേജില്‍ ഡോ. ഹന്ന മൊയ്തീന്‍ എന്ന പേരും ഫോട്ടോയുമുള്ള ഒരു പുസ്തകം എഡിറ്റര്‍ ഹംസ സാര്‍ വെച്ചു നീട്ടിയപ്പോള്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ആ പഴയ സഹപാഠി ചിരിച്ചു കൊണ്ട് മുന്നില്‍ വന്നു നിന്ന പോലെയാണ് തോന്നിയത്. ഞാനത് വാങ്ങി നോക്കി. ഹന്ന തന്നെ വരച്ച ഭംഗിയുള്ള ചിത്രത്തോടൊപ്പമുള്ള പേര് ഇങ്ങനെയായിരുന്നു.

'എന്റെ അസ്തമയ ചുവപ്പുകള്‍.'

കഥാ സമാഹാരമാണിത്. വാക്കുകള്‍ കൊണ്ട്, ശൈലി കൊണ്ട്, പ്രമേയം കൊണ്ട്, എല്ലാത്തിനുമുപരി കഥാപാത്രങ്ങളുടെ ആഴം കൊണ്ട് വായനയിലുടനീളം ആശ്ചര്യപ്പെടുത്തുന്ന 17 കഥകള്‍.

മനഃപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു ശ്രമിച്ച് ഒരുവിധം മറന്നെന്ന് സ്വയം ബോധ്യപ്പെടുത്തിയ ആ ഒരാള്‍ തനിക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടുന്ന അസ്ഥികൂടമായി മുന്നില്‍ കിടക്കുമ്പോള്‍ ഡോക്ടര്‍ മരിയ അനുഭവിക്കുന്ന അളക്കാനാകത്ത അങ്കലാപ്പ് പകര്‍ത്തി വെച്ച 'പച്ച വേരുകള്‍' എന്ന കഥയിലാണ് വായന തുടങ്ങുന്നത്. ജീവിച്ചിരിക്കെ ഏറെ അസ്വസ്ഥപ്പെടുത്തിയ അയാളുടെ പച്ച കുത്തിയ ഇടത് കൈത്തണ്ടയും ചിരിയും അയാളുണ്ടായിരുന്ന കാലത്തെ തോരാത്ത മഴയും.

ഒടുക്കം ഒരു പ്രായശ്ചിത്തമെന്ന പോലെ, ജീര്‍ണിച്ച് തുടങ്ങിയ ശരീരത്തിലെ അവശേഷിച്ച ഭാഗങ്ങളിലേക്ക് ചേര്‍ന്നിരുന്ന്, സ്ഥലകാലങ്ങളുടെ ആപേക്ഷികതയെ മറികടന്ന് അയാളോടവള്‍ മാപ്പ് പറയുന്നുണ്ട്. അവളെ കാണാന്‍ കണ്ണുകളില്ലാത്ത, അവളുടെ സ്വരം കേള്‍ക്കാന്‍ കാതുകളില്ലാത്ത, ചേര്‍ത്തുപിടിച്ച അവളുടെ വിരലിന്റെ തണുപ്പറിയാന്‍ ഉള്ളില്‍ ഒരിറ്റ് രക്തമില്ലാത്ത അയാളിലേക്ക് ചേര്‍ന്നിരുന്ന്.

വായിച്ചു കഴിഞ്ഞേറെ നേരമായിട്ടും ഡോക്ടര്‍ മരിയയുടെ പോസ്റ്റ് മോര്‍ട്ടം ഡിസക്ഷന്‍ ഹാളില്‍ നമ്മളങ്ങനെ സ്തബ്ധരായി നിന്നുപോകും. ഏതായിരുന്നു ഏറ്റവും കൂടുതല്‍ മനസ്സില്‍ തട്ടിയത് എന്ന് തീര്‍പ്പ് പറയാന്‍ പറ്റാത്ത വേറെയും 16 കഥകള്‍.


വായിച്ചുകൊണ്ടിരിക്കെ, എന്നോ എന്റെ ജീവിതത്തിലും വന്നു പോയ/എന്റെ ചുറ്റുവട്ടത്തെവിടെയൊക്കെയോ ഉണ്ടായിരുന്നവരെ കുറിച്ചാണോ ഈ പറയുന്നതെന്ന് തോന്നിപ്പിച്ച ചില കഥാപാത്രങ്ങളുണ്ട് ഈ പുസ്തകത്തില്‍.

ഓഫീസിലേക്കുള്ള വഴിയില്‍ കുറേ വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കുടിലില്‍ എന്നും കാണുന്ന ഒരാളുണ്ട്. മനുഷ്യരോട് കന്നഡ കലര്‍ന്ന മലയാളവും സദാ തന്റൊപ്പമുള്ള പൂച്ചയോട് മറ്റേതോ ഭാഷയും പറയുന്ന അയാള്‍ 'രവി മോചി' എന്ന കഥയിലെ പോലെ എവിടുന്നോ നാടുവിട്ടോടിപ്പോന്നതാവുമോ? അയാളുടെയാ പൂച്ചയുടെ പേര് അല്ലി എന്നാണോ? അനേകം വര്‍ഷങ്ങള്‍ക്കു മുന്നത്തെ മങ്ങിയ മുഖങ്ങളല്ലാതെയൊന്നും ഓര്‍മയില്ലാത്ത തന്റെ നാട്ടിലേക്ക് തിരിച്ചു ചെല്ലണമെന്ന് അയാള്‍ക്ക് മോഹമുണ്ടായിരിക്കുമോ? ആര്‍ക്കറിയാം. ഇനി കാണുമ്പോ സ്‌നേഹത്തോടെ ചോദിക്കണം.

ഏറ്റവും പ്രിയപ്പെട്ടൊരാളുടെ മൂന്ന് മാസത്തോളം നീണ്ട ആശുപത്രിക്കാലത്ത് കൂട്ടിരിക്കുമ്പോള്‍ കണ്ടിരുന്ന ഒരു നഴ്‌സ് ഉണ്ടായിരുന്നു. മുഖത്ത് ചിരിയോ കരച്ചിലോ ഇല്ലാത്ത, വികാരങ്ങളുറഞ്ഞു പോയ ഒരു സ്ത്രീ! 'നിഴല്‍ മറന്ന ബോഗണ്‍വില്ലകള്‍' എന്ന കഥയിലെ - മുള്ളു കൊണ്ടെങ്കിലും വേദനിച്ചെങ്കില്‍ എന്ന്, ഒന്ന് കരയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുന്ന സ്‌നേഹമന്ദിരത്തിലെ ആയ സൂസന് - ആ നഴ്‌സിന്റെ മുഖമാണ് മനസ്സില്‍ വരുന്നത്. ഒടുവില്‍ കാലം തെറ്റിപ്പെയ്‌തൊരു മഴ പോലെ, അവരൊന്ന് കരഞ്ഞു തെളിയുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നൊരു ആശ്വാസമുണ്ട്. അതുതന്നെയാണ് ഹന്നയുടെ കഥകളുടെ പ്രത്യേകതയും. വായനക്കാരെ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കഥാകാരി ഒരിടത്തും ശ്രമിക്കുന്നില്ല. ആളുകളെ, അവരെന്താണോ അതേപോലെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നു. അവരോടെന്ത് തോന്നണമെന്ന് നമ്മളാണ് തീരുമാനിക്കുക. ഒരുപക്ഷേ, ഈ വായനക്കൊടുവില്‍ മുന്നില്‍ കാണുന്ന മനുഷ്യരോട് നമ്മള്‍ കൂടുതല്‍ പരിഗണനയുള്ളവരായേക്കുമെന്ന് തോന്നുന്നു.

ഒറ്റക്ക് നടക്കുമ്പോഴും എഴുത്തുകാര്‍ പലരെയും ഉള്ളില്‍കൊണ്ട് നടക്കുന്നുണ്ടാകണം. അവരില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഇനിയും ജനിക്കാന്‍ പോകുന്നവരും ആണും പെണ്ണും ചെറിയവരും വലിയവരുമുണ്ടാവും. അല്ലാതെങ്ങനെയാണ് ഹന്നക്ക് ഇമ്മാനുവല്‍ മെന്റല്‍ അസൈലത്തിലെ ഡോക്ടര്‍ മൃണാളിനി ഗുപ്തയുടെയും അവിടുത്തെ കാവല്‍ക്കാരനായ യോഹന്നാന്റെയും മനോവ്യാപാരം ഇത്ര കൃത്യമായറിയാന്‍ കഴിയുക!

പ്രിയപ്പെട്ട കൂട്ടുകാരീ, ഞങ്ങളാരെയുമറിയിക്കാതെ സ്വയം അനുഭവിച്ചു തീര്‍ത്ത കുറേയേറെ ദുരിതപ്പെയ്ത്തു കഴിഞ്ഞ് വിജയിച്ചു നില്‍ക്കുന്ന നിന്നെക്കാണുമ്പോള്‍ അഭിമാനത്താല്‍ കണ്ണു നനയുന്നുണ്ട്. ഞങ്ങളുടെ കൂടെ പഠിച്ചത് ശരിക്കും ഡോ. മരിയയോ സൂസനോ ആയിരുന്നോ എന്ന് സംശയിച്ച് പോകുമാറ് കൃത്യതയോടെയാണല്ലോ നീയവരുടെ ജീവിതം പറയുന്നത്.

പേരക്ക ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.


TAGS :