Quantcast
MediaOne Logo

ഹൗസ് ഓഫ് വേര്‍ഡ്‌സ് - ബിന്ദു സന്തോഷിന്റെ വാക്സ്ഥലിയുടെ വായന

രണ്ടുകാലുള്ളവര്‍ ഒറ്റക്കാലുള്ള ആളുകളെക്കുറിച്ച് വേദനിക്കുന്നുണ്ടെങ്കില്‍ മൂന്നുകാലുള്ള മനുഷ്യരുണ്ടായിരുന്നെങ്കില്‍ അവര്‍ രണ്ടുകാല്‍ മാത്രമുള്ള മനുഷ്യരെക്കുറിച്ച് വേദനിക്കുമായിരുന്നുവെന്ന് - ബിന്ദു സന്തോഷിന് എഴുതാന്‍ കഴിയുന്നത്, ജീവിക്കുന്ന സാഹചര്യങ്ങളില്‍ സന്തോഷിക്കാന്‍ അവര്‍ക്ക് കഴിയുന്നത് കൊണ്ടാണ്.

ഹൗസ് ഓഫ് വേര്‍ഡ്‌സ് - ബിന്ദു സന്തോഷിന്റെ വാക്സ്ഥലിയുടെ വായന
X
Listen to this Article

'ദൈവം ഒരു വാതിലടയ്ക്കുമ്പോള്‍ മറ്റൊരു വാതില്‍ തുറന്നിടുന്നുണ്ട്, പക്ഷേ, നാമതറിയാതെ അടഞ്ഞ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞത്, ഹെലന്‍ കെല്ലറാണ്.

പ്രവാസത്തിലെ സാഹിത്യ രംഗത്ത് അന്നേവരെ ഉണ്ടായിട്ടുള്ള സാഹിത്യ പ്രവര്‍ത്തനങ്ങളെ അപ്പാടെ തിരുത്തിയെഴുതിയതാണ് ബിന്ദുസന്തോഷിന്റെ വാക്സ്ഥലി എന്ന പുസ്തകം.അതൊരു അതിജീവനത്തിന്റെ ഇടപെടല്‍ കൂടിയായിരുന്നു. (കാഴ്ച പരിമിതിയുളള എഴുത്തുകാരിയായിരുന്നു അവര്‍) സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അവരെ സഹായിക്കാന്‍ അക്ഷരക്കൂട്ടമെന്ന എഴുത്തുകൂട്ടമാണ് ബഷീര്‍ തിക്കോടിയുടെ നേതൃത്വത്തില്‍ അത്തരമൊരു ചേര്‍ത്ത് പിടിക്കലിന് അവസരമൊരുക്കിയത്.

'തളരാതോടുന്ന പാദങ്ങളെ, കഠിനാദ്ധ്വാനം ചെയ്യുന്ന കരങ്ങളെ, ജീവ ചൈതന്യത്തിന്റെ നാനാഭാവങ്ങളിലേക്ക് വിസ്മയപൂര്‍വം തുറന്നിരിക്കുന്ന കണ്ണുകളെ, അതല്ലെങ്കില്‍ മറ്റിന്ദ്രിയങ്ങളെ ഏതുസമയത്തും തിരിച്ചെടുത്തേക്കാം. നഷ്ടപ്പെടുന്നവര്‍ എന്തു ചെയ്യും. പലരും നിത്യനിരാശയുടെ നിഷ്‌ക്രിയത്വത്തില്‍ വീണുപോയേക്കാം. പക്ഷേ, ഭാഗ്യവശാല്‍ ചിലരെങ്കിലും ഇച്ഛാശക്തിയുടെ കാലുകളാല്‍, കൈകളാല്‍, നേത്രങ്ങളാല്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കും. ആ നടത്തത്തില്‍ പിന്നെയവരെ തോല്‍പ്പിക്കാന്‍ അത്രയൊന്നും എളുപ്പമായിരിക്കില്ലെന്നതാണ് ബിന്ദു സന്തോഷ് തന്റെ ജീവിതം കൊണ്ട് നമ്മളോട് പറയുന്നത്.

പത്തൊമ്പതാം വയസ്സില്‍ ഡോക്ടറുടെ കൈപ്പിഴയാല്‍ നഷ്ടപ്പെട്ടതാണ് അവരുടെ കാഴ്ച്ച. കുട്ടിക്കാലം മുതല്‍ വായനയിലും എഴുത്തിലും ആകൃഷ്ടയായിരുന്ന ബിന്ദു സന്തോഷിന് കാഴ്ച്ചയില്ലാതായ ആഘാതം പലപ്പോഴും ജീവിതമസാനിപ്പിക്കണമെന്ന ചിന്തയിലേക്കാണ് കൊണ്ടെത്തിച്ചത്. ഭര്‍ത്താവിനൊന്നിച്ച് ദുബായിലേക്ക് വരുന്നതാണ് അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുനടത്തം എന്ന് പറയാം. സൗഹൃദങ്ങളുടെ വായനയുടെ എഴുത്തിന്റ ഒക്കെയുള്ള ലോകത്തേക്ക് പതിയെ പതിയെ അവര്‍ തിരിച്ചെത്തുകയായിരുന്നു. അകക്കണ്ണിന്റെ അനന്തമായ ക്യാന്‍വാസില്‍ സര്‍ഗവിസ്മയം വരച്ചിടുന്ന പ്രതിഭാശാലിനി, കാഴ്ച്ചയുള്ളവര്‍പോലും കാണാതെ പോവുന്ന നേരുകള്‍ കവിതയില്‍, കഥകളില്‍ പകര്‍ന്നുവെക്കുന്ന കൂര്‍ത്ത ജാഗ്രതയുടെ ആള്‍രൂപം തുടങ്ങിയ വിശേഷണങ്ങള്‍ എത്രവേണമെങ്കിലും അവരുടെ എഴുത്തിനോട് ചേര്‍ത്തുവെക്കാം. പക്ഷേ, വിശേഷണങ്ങള്‍ കൊണ്ട് മാലകോര്‍ത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ തൂക്കിയിടുന്നതില്‍ ബിന്ദു സന്തോഷിന് ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു. അവസാനിക്കാത്തതമസ്സിലിരുന്ന് അവര്‍ മനസ്സില്‍ കുറിച്ചിടുന്ന വരികള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നിഷ്‌കരുണം അവഗണിച്ചുകൊണ്ടിരുന്നു. താന്‍ കവിയാണോയെന്ന് ബിന്ദു സന്തോഷ് സ്വയം ചോദിച്ചുകൊണ്ടിക്കുമ്പോഴാണ്, ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാര്‍ക്കിടയില്‍ 'കൈരളി ചാനലും അറ്റലസ് ജ്വല്ലറിയും'ചേര്‍ന്ന് നടത്തിയ കവിതാ മത്സരത്തില്‍ അവരുടെ 'പാന്‍ഗിയ' എന്ന കവിതയ്ക്ക് ഒന്നാം സമ്മാനം ലഭിക്കുന്നത്.

കാഴ്ച്ചയില്ലാത്തൊരാളുടെ കവിതകളെന്ന ലേബലില്ലാതെ, എഴുത്തിന്റെ ശക്തിയും മാധുര്യവും മാത്രം മുഖവിലക്കെടുത്ത് തന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു വന്നാല്‍ മതിയെന്ന നിലപാടില്‍ അവര്‍ എക്കാലത്തും ഉറച്ചുനിന്നു; സഹതാപമായിരിക്കരുത് തന്റെ എഴുത്തിന്റെ മേല്‍വിലാസമെന്ന ധീരമായ നിലപാട് തറ.

അവരുടെ കവിതകളുടെ, കഥകളുടെ ഭാഷയും ഇതിവൃത്തവും ബിംബകല്പനകളും കാഴ്ച്ചയില്ലാത്തൊരു സ്ത്രീയുടെ ലോകങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണെന്ന് ഒട്ടുംതന്നെ വായിച്ചെടുക്കാനാവില്ല. ഈയൊരു തിരിച്ചറിവോടെ അവരുടെ എഴുത്തിനെ സമീപിക്കുമ്പോഴാകട്ടെ നാം ആശ്ചര്യപ്പെടുകയും ചെയ്യുന്നു. കാഴ്ച്ചയുള്ളവരെപ്പോലും നാണിപ്പിക്കുംവിധം ഈ കവയിത്രി അതിസൂക്ഷ്മമായി ഇപ്പോഴും ലോകത്തെ ഒപ്പിയെടുക്കുന്നു.


'പാന്‍ഗിയ' എന്ന കവിതയില്‍ വാക്കുകള്‍ കൊണ്ടവര്‍ വരച്ചിടുന്നത് ഓരോ രാഷ്ട്രത്തിന്റെയും സമകാലിക ഭൂപടങ്ങളാണ്. രണ്ടോ മൂന്നോ വാചകങ്ങള്‍ കൊണ്ടു നിര്‍മിച്ചിരിക്കുന്ന ഈ ഭൂപടങ്ങളിലാവട്ടെ ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയവും സംസ്‌കാരവും വ്യക്തമായി വായിച്ചെടുക്കാനും കഴിയുന്നു.

'അമേരിക്ക

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍

മുഴുത്ത വാശിയില്‍ സര്‍വ്വവും

തല്ലിത്തകര്‍ക്കുന്ന വഴക്കാളിയമ്മായി.'

'ശ്... എല്ലാം ഞാന്‍ നിശ്ചയിക്കുംപോലെ

എന്ന്, ചൂരല്‍ ചുണ്ടോട് ചേര്‍ത്ത്

കര്‍ക്കശക്കാരി ബ്രിട്ടന്‍'

ഞാനെന്നാല്‍

ഈ കുന്നന്‍ മുലകള്‍ തന്നെയെന്ന്

തെറിച്ചുകാട്ടി സുഡാന്‍...

എഴുത്തിലെ ഇത്തരം ശക്തമായ ഇടപെടലുകളാണ് ഈ എഴുത്തുകാരിയുടെ വാക്സ്ഥലി എന്ന ശീര്‍ഷകമുള്ള അതിജീവനത്തിന്റെ പുസ്തകത്തിലുള്ളത്. കാഴ്ച്ചയില്ലാത്ത ബിന്ദു സന്തോഷിന്റെ രണ്ടു കിഡ്‌നികളും തകരാറിലാണ്. എങ്കിലും ഇച്ഛാശക്തികൊണ്ടും ദൈവവിശ്വാസംകൊണ്ടും അവര്‍ തന്റെ മനസ്സിനെ വേദനയില്‍നിന്നും ദുഃഖത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നു.

മറ്റൊരു ജീവിതം അസാദ്ധ്യമാണ് എന്ന ചിന്തയുണ്ടാവുമ്പോഴാണ് നിരാശയും ദുഃഖവും ഉണ്ടാകുന്നത്. നിലവിലുള്ള അവസ്ഥ ഒരു വെച്ചുകെട്ടാവുകയും മറ്റൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയില്ലാതെ മുന്നോട്ടുപോകുകയും ചെയ്യുമ്പോള്‍ ജീവിതം പ്രസാദാത്മകമായിരിക്കണമെന്നില്ല. പരിശ്രമിക്കാനുള്ള ത്വരയെ ഇത്തരമൊരു ജീവിതവീക്ഷണം സഹായിക്കുകയില്ലെങ്കിലും ജീവിതത്തിന്റ ഓരോ ഘട്ടത്തിലും ഇങ്ങനെയൊരു ജീവിതമേ സാദ്ധ്യമായിട്ടുള്ളൂ എന്ന തിരിച്ചറിവ്, ദുഃഖങ്ങളില്‍നിന്നും വേദനകളില്‍നിന്നും മോചനം നേടാന്‍ സഹായിക്കും. 'രണ്ടുകാലുള്ളവര്‍ ഒറ്റക്കാലുള്ള ആളുകളെക്കുറിച്ച് വേദനിക്കുന്നുണ്ടെങ്കില്‍ മൂന്നുകാലുള്ള മനുഷ്യരുണ്ടായിരുന്നെങ്കില്‍ അവര്‍ രണ്ടുകാല്‍ മാത്രമുള്ള മനുഷ്യരെക്കുറിച്ച് വേദനിക്കുമായിരുന്നുവെന്ന്' ബിന്ദു സന്തോഷിന് എഴുതാന്‍ കഴിയുന്നത്, ജീവിക്കുന്ന സാഹചര്യങ്ങളില്‍ സന്തോഷിക്കാന്‍ അവര്‍ക്ക് കഴിയുന്നത് കൊണ്ടാണ്.

ബിന്ദു സന്തോഷ് എന്ന എഴുത്തുകാരിയെ നാളെയുടെ വായനക്കാര്‍ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് തെളിയിക്കുന്നതാണ് അവരുടെഎഴുത്തുജീവിതം. ദൈവം ഒരു വാതില്‍ അടച്ചിട്ടപ്പോള്‍ വായനയുടേയും എഴുത്തിന്റെയും സൗഹൃദങ്ങളുടേയും പല വാതിലുകള്‍ തുറന്നിടാനായതിന്റെ സാക്ഷിപത്രമാണ് ഈ അതിജീവനത്തിന്റെ പുസ്തകം. വാക്സ്ഥലി പോലെ ഹൗസ് ഓഫ് വേര്‍ഡ്‌സും വായനയുടെ ചരിത്രം കുറിക്കട്ടെ.

ദുബൈയില്‍ വെച്ച് നടന്ന വാക്സ്ഥലിയുടെ പ്രകാശന ചടങ്ങ്

തൃശൂര്‍ കുന്നംകുളത്ത് വെച്ച് നടന്ന വാക്സ്ഥലിയുടെ പ്രകാശന ചടങ്ങ്

കഴിഞ്ഞ ദിവസമാണ് കെ. സച്ചിദാനന്ദന്‍ വാക്സ്ഥലിയുടെ ഇംഗ്ലീഷ് പതിപ്പ് ഹൗസ് ഓഫ് വേഡ്‌സ് പ്രകാശനം ചെയ്തത്. ലോഗോസ് ബുക്‌സാണ് പ്രസാധകര്‍. ഡോ. രാജേഷ് കാനയാണ് പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്.

ശ്രവ്യം, ദ്യുതി എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കാന്‍ പരിശ്രമിച്ചത്. കാഴ്ചയില്ലാത്തവരെ വായനയുമായി അടുപ്പിക്കുന്ന ഒരു സംഘടനയാണത്. ആ കൂട്ടായ്മയില്‍ മികച്ച എഴുത്തുകള്‍ എല്ലാ ദിവസവും വായിച്ചു കൊടുക്കാന്‍ നിരവധി പേര്‍ ശ്രമിക്കുന്നുണ്ട്.


TAGS :