Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 18 Jan 2024 9:37 AM GMT

ഇസയുടെ മരണ ഡയറി

ലിവിങ് ടുഗെതര്‍ - നോവല്‍ | അധ്യായം 06

ഷെമി, അനിത അമ്മാനത്ത്, മലയാളം നോവല്‍, മലയാള സാഹിത്യം, ലിവിങ് ടുഗെതര്‍,
X

താന്‍ കാരണം ഇസ അനാഥ ശവമായി കിടക്കേണ്ടിവന്നു എന്നതില്‍ ആദമിന് ഏറെ വിഷമം ഉണ്ടായി. പക്ഷേ, വീട്ടുകാരെ എതിര്‍ത്ത് യാതൊന്നും ചെയ്യാന്‍ നിര്‍വാഹമില്ലായിരുന്നു. കാരണം, എത്രയും വേഗം പൊലീസിന്റെ മുമ്പിലും നല്ല കുട്ടി ചമഞ്ഞ് മൊഴികൊടുത്ത് ദുബായിലേക്ക് രക്ഷപ്പെടണം. അല്ലെങ്കില്‍ തനിക്കുള്ള ലോക്ക് വീഴുമെന്ന് അവന് വളരെ നന്നായി അറിയാം. അതുകൊണ്ട് ഇസയോടുള്ള സ്‌നേഹവും ഭര്‍ത്താവിന്റെ വിഷമവും എല്ലാം മാറ്റിവയ്ക്കണം. കാരണം, തങ്ങള്‍ രണ്ടുപേരും ചെയ്ത ഒരു വലിയ തെറ്റുണ്ട്. അത് എത്ര വലിയ തെറ്റായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. തങ്ങളുടെ മുമ്പില്‍ പൈസ ഉണ്ടാക്കുക എന്നത് മാത്രം ലക്ഷ്യമായി വന്നപ്പോള്‍ വീട്ടുകാരെയും ബന്ധങ്ങളെയും അഭിമാനത്തെയും എല്ലാം മറന്നു. വീട്ടുകാരില്‍ നിന്നും അകന്നു നില്‍ക്കുന്നതിനാല്‍ ഇതൊന്നും ആരും അറിയില്ല എന്ന വിശ്വാസമാണ് ഉണ്ടായിരുന്നത്. ഇനി 'ഭാര്യയെ വിറ്റവന്‍' എന്ന പേര് ചാര്‍ത്തി കിട്ടുന്നതിന് മുമ്പ് ഇവിടെ നിന്നും നാടു വിടണം. തന്റെ ഉറ്റ സുഹൃത്തായ രണ്‍ബീറിന് പോലും സത്യങ്ങള്‍ അറിയില്ല. എന്തായാലും യാതൊന്നും പുറത്തു വരില്ല എന്ന് പ്രത്യാശിക്കാന്‍ സാധ്യമല്ല. പൊലീസ് എങ്ങനെയും ഇതെല്ലാം മണത്ത് കണ്ടുപിടിക്കും. അവളുടെ വീട്ടുകാര്‍ കേസിന് പോകില്ലെന്ന് തന്നെ കരുതാം. അവര്‍ക്ക് അവളോട് എന്തെങ്കിലും സ്‌നേഹം ഉണ്ടായിരുന്നെങ്കില്‍ മൃതദേഹമെങ്കിലും ഏറ്റുവാങ്ങിയേനെ. അതിനുപോലും വരാത്തവര്‍ ഈ കേസിന്റെ പുറകെ പോകാനൊന്നും സാധ്യതയില്ല. അതുകൊണ്ട് 'നല്ല ഭര്‍ത്താവ്' എന്ന വേഷം കെട്ടല്‍ പൊളിയുന്നതിന് എത്രയും വേഗം മുമ്പ് ഇവിടെ നിന്ന് രക്ഷപ്പെടണം. ഇത്രയും അവന്‍ മനസ്സില്‍ ഉറപ്പിച്ചു കൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്ന അഡ്വക്കേറ്റിന്റെ അടുത്തേക്ക് ചെന്നത്. അപ്പോഴേക്കും അമ്മാവന്മാരും വീട്ടിലെത്തി. എല്ലാവരും കൂടി പൊലീസ് സ്റ്റേഷനില്‍ പോകാം എന്ന് അവര്‍ പറഞ്ഞു.

'ആദം എനിക്ക് നിന്നോട് കുറച്ച് തനിയെ സംസാരിക്കാനുണ്ട്. ഒരല്‍പം നമുക്ക് മാറി നില്‍ക്കാം.' അഡ്വക്കേറ്റ് പറഞ്ഞു.

'അതിനെന്താ അങ്കിള്‍, സംസാരിക്കാമല്ലോ?'

അവര്‍ രണ്ടുപേരും ഗാര്‍ഡനിലെ പുല്‍ത്തകിടിയിലൂടെ അഞ്ച് മിനിറ്റ് പരസ്പരം ഒന്നും മിണ്ടാതെ നടന്നു. കുറച്ചു ദൂരെ എത്തിയപ്പോള്‍ അഡ്വക്കേറ്റ് ജയശങ്കര്‍ ആദമിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.

' എന്താ ഇങ്ങനെ നോക്കുന്നത് അങ്കിള്‍?'

' ആദമിന്റെ മുഖത്ത് ഒരു ചെറിയ കള്ള ലക്ഷണം കാണുന്നുണ്ടല്ലോ!'

'അതെന്താ അങ്ങനെ പറഞ്ഞത് അങ്കിള്‍ ?'

'നിന്റെ ഉദ്ദേശം അത്ര നല്ലതൊന്നുമല്ലല്ലോ ആദം...'

'മനസ്സിലായില്ല അങ്കിള്‍.'

'നീ എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ?'

'ഭയമോ എന്തിന്?'

'പൊലീസ് സ്റ്റേഷനില്‍ പോകാന്‍. നിന്റെ മുഖം കണ്ടാല്‍ ഭയം ഉണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ചോദിച്ചതാണ്.'

'അത് പിന്നെ ഇല്ലാതിരിക്കുമോ? നമ്മള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കിലും പൊലീസ് സ്റ്റേഷനില്‍ പോകണം എന്ന് പറയുമ്പോള്‍ ആര്‍ക്കായാലും ഒരു ഉള്‍ഭയം തോന്നില്ലേ. അതെനിക്കും ഉണ്ട്, സത്യമാണ്.' അവന്‍ വിറയലോടെ പറഞ്ഞു.

'എന്നാല്‍, ആ ഒരു ഉള്‍ഭയം അല്ല ആദമിനെ അലട്ടുന്നത്. വേറെന്തെങ്കിലും ഉണ്ടോ?'


'എങ്കില്‍ അങ്കിളിനോട് ഞാനൊരു സത്യം പറയാം.' അവന്‍ അങ്കിളിന്റെ അടുത്തേക്ക് വന്നു. മുന്‍പില്‍ നിന്നും രണ്ടു തോളുകളിലേക്കും കൈകള്‍ ചേര്‍ത്തുവച്ച് അങ്കിളിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവന്റെ കണ്ണുകള്‍ നിറയുന്നത് ജയശങ്കര്‍ കണ്ടു.

'ആദം നീ എന്തിനാണ് കരയുന്നത്? പ്രശ്‌നം എന്താണ്?'

'അങ്കിളിന് അറിയില്ല... വിഷമം പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ. എനിക്ക് ഇസയെ വേര്‍പിരിഞ്ഞത് സഹിക്കാന്‍ സാധിക്കുന്നില്ല. ഞാന്‍ വിഷമം പുറത്തു കാണിച്ചാല്‍ അത് പപ്പയ്ക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ടാണ് യാതൊന്നും സംഭവിക്കാത്ത പോലെ നില്‍ക്കുന്നത്. പക്ഷേ, അവളുടെ വേര്‍പാട് എന്നെയാകെ തളര്‍ത്തി കളയുന്നു. ഞാന്‍ ഇല്ലാതായതുപോലെ, എന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ടതുപോലെ, കൈകാലുകള്‍ കുഴഞ്ഞുപോകുന്നു. എനിക്ക് ഒരു ഉത്തരവും കിട്ടുന്നില്ല. കണ്ണിലാകെ ഇരുട്ട് നിറയുന്ന പോലെയുണ്ട്. അവളുടെ അവസാന മെസ്സേജില്‍ പോലും ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ പോകുന്നതിന്റെ ഒരു സൂചന പോലും എനിക്ക് തന്നില്ലല്ലോ. എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാനത് തടയുമായിരുന്നു. അവന്റെ കണ്‍കോണുകളില്‍ കണ്ണുനീര്‍ നിറഞ്ഞു. അവളെ എനിക്ക് നഷ്ടപ്പെടുന്ന ഏത് സാഹചര്യവും എനിക്ക് സഹിക്കാവുന്നതിന്റെ അപ്പുറമാണ്. ഞാന്‍ ഒരിക്കലും അവളെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ വീട്ടുകാരെ എതിര്‍ത്ത് ഞാന്‍ ഇങ്ങനെ ഒരു വിവാഹം കഴിക്കാന്‍ നില്‍ക്കില്ലല്ലോ. പിന്നെ അവളെ വിട്ട് ദുബായിലേക്ക് പോകേണ്ടിവന്നു. അത് സാഹചര്യം കൊണ്ടു മാത്രമാണ്. എന്നാലും അവളെ കൂടെ കൊണ്ടുപോകാനുള്ള വിസയെല്ലാം ഞാന്‍ ശരിയാക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഇനി ദുബായില്‍ ഒരുമിച്ച് ജീവിക്കാം എന്നുള്ള സന്തോഷത്തിന്റെ ആകാശത്തില്‍ ആയിരുന്നു. അതിനിടയിലാണ് ഇത് സംഭവിച്ചത്. എനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. അവളെ ആരോ അപകടപ്പെടുത്തിയതു തന്നെയാണ്.' കണ്ണുകള്‍ തുടച്ചു കൊണ്ട് അവന്‍ പറഞ്ഞു.

'നിനക്ക് ആരെയെങ്കിലും സംശയം ഉണ്ടോ?'

'അങ്ങനെ ചോദിച്ചാല്‍ ആരെ പറയണമെന്ന് എനിക്കറിയില്ല. പക്ഷേ, അവളുടെ വീട്ടുകാര്‍ക്ക് ഞങ്ങളോട് വലിയ ശത്രുതയുണ്ടായിരുന്നു.'

'അവളുടെ വീട്ടുകാര്‍ക്ക് ശത്രുത അവളോട് ആയിരുന്നില്ല, നിന്നോടാണ്. അങ്ങനെയെങ്കില്‍ അവര്‍ തീര്‍ക്കേണ്ടത് നിന്നെയാണ്. അവളെ അല്ല.'

'അത് ശരിയാണ്. പക്ഷേ, അതല്ലാതെ വേറെ ആരെയും ഇല്ല. എനിക്ക് അങ്ങനെ തോന്നുന്നില്ല. പക്ഷേ, എന്തോ സംഭവിച്ചിരിക്കുന്നു? ആരാണ് അവളെ കാണാന്‍ വന്നത്? എന്താണ് അവിടെ സംഭവിച്ചത് എനിക്ക് മനസ്സിലാവുന്നില്ല. അവള്‍ ഒരിക്കലും ഒരു ഡിപ്രസ്സ്ഡ് ആയിട്ടുള്ള ഒരു വ്യക്തിയല്ല. വളരെ ആക്റ്റീവ് ആയി എപ്പോഴും കളിച്ചിരിയോടുകൂടി നടക്കുന്ന എന്റെ ഇസായെ കുറിച്ച് ആലോചിക്കുമ്പോള്‍.. ഒരിക്കല്‍ പോലും അവള്‍ കരഞ്ഞു ഞാന്‍ കണ്ടിട്ടില്ല അത്ര സെല്‍ഫ് മോട്ടിവേറ്റഡും കോണ്‍ഫിഡന്റുമായ ഒരാള്‍ എങ്ങനെ ആത്മഹത്യ ചെയ്യും. 'അവന്റെ ശബ്ദം ഇടറി.

'ഇസയെകുറിച്ച് പറയുമ്പോള്‍ നിനക്ക് നൂറ് നാവാണല്ലോ. അത്രയ്ക്ക് ഇഷ്ടമാണോ അവളെ? '

'എന്ത് ചോദ്യമാണിത് അങ്കിള്‍. ഈ ചോദ്യത്തിന് തന്നെ ഒരു പ്രസക്തിയുമില്ല. കാരണം, അവള്‍ മനോഹരമായ ഒരു ലോകമാണ്. സുന്ദരമായ ഒരു സ്വപ്നം. ആ സുന്ദരമായ സ്വപ്നം നഷ്ടപ്പെടുന്നത് എനിക്ക് ഒരിക്കലും സഹിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് എന്റെ എല്ലാമെല്ലാമായ പപ്പയെയും മമ്മിയെയും എതിര്‍ത്തും എനിക്കവളെ വിവാഹം ചെയ്യേണ്ടി വന്നത്. മറ്റൊരാളെയും അവള്‍ക്ക് പകരമായി ആ സ്ഥാനത്ത് കാണാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. അത്രയും ഭ്രാന്തമായി ഞാന്‍ അവളെ സ്‌നേഹിച്ചിരുന്നു. തിരിച്ചും അത് തന്നെ. നമ്മളെപ്പോഴും പറയല്ലേ നമ്മള്‍ കൊടുക്കുന്നതാണ് തിരിച്ചു കിട്ടുക എന്ന്. അത് തന്നെയായിരുന്നു ഞങ്ങളുടെ ജീവിതത്തിലും സംഭവിച്ചത്.'

'നമ്മള്‍ കൊടുക്കുന്നത് തന്നെയാണ് എപ്പോഴും തിരിച്ചു കിട്ടുക. കര്‍മ്മ എന്നൊക്കെ പറയില്ലേ. ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ വിശദീകരണമാണ് കര്‍മ്മ എന്നൊക്കെ പലപ്പോഴും തോന്നാറുണ്ട്. ഏതൊരു പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ട്. ഏതൊരു പ്രവൃത്തിക്കും തിരിച്ചടികള്‍ ഉണ്ട് എന്ന് ചുരുക്കം.' ജയശങ്കര്‍ പറഞ്ഞു നിര്‍ത്തി.

'എന്താ അങ്കിളിന് പെട്ടെന്ന് ഫിലോസഫിയും ഫിസിക്‌സും ചേര്‍ന്ന് ഒരു മാസ് ഡയലോഗ്?'

'പിന്നെ... നിന്നെപ്പോലെയുള്ളവരോട് ഇത്രയെങ്കിലും ഡയലോഗ് ഞാന്‍ പറയണ്ടേ?' അങ്കിള്‍ അവന്റെ കണ്ണുകളിലേക്ക് അര്‍ത്ഥഗര്‍ഭമായി ചൂഴ്ന്ന് നോക്കി.


(തുടരും)

ചിത്രീകരണം: ഷെമി

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എിവ നേടിയിട്ടുണ്ട്.

TAGS :