Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 20 Feb 2024 6:45 AM GMT

The First Crime

ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 09

ഷെമി, അനിത അമ്മാനത്ത്, മലയാളം നോവല്‍, മലയാള സാഹിത്യം, ലിവിങ് ടുഗെതര്‍,
X

ടീമിലെ മിടുക്കനായ പോലീസ് ഓഫീസര്‍ ശിഹാബുദ്ദീന്റെ റിപ്പോര്‍ട്ട് വളരെ സമഗ്രവും കൃത്യവുമായിരുന്നു. മരിച്ച ഇസബെല്ലയുടെ വീട്ടിലും നാട്ടിലും അയല്‍പക്കത്തും ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും എല്ലാം അന്വേഷിച്ചു അതില്‍ നിന്നും വ്യക്തമായ റിപ്പോര്‍ട്ടുമായാണ് ശിഹാബുദ്ദീന്‍ എസ്.പി ഭാവനശങ്കറിന്റെ മുമ്പിലേക്ക് എത്തിയത്.

സല്യൂട്ട് ചെയ്തു, തന്റെ കയ്യിലിരിക്കുന്ന റിപ്പോര്‍ട്ട് എസ്.പിക്ക് നേരെ ശിഹാബുദ്ദീന്‍ നീട്ടി. ഫയലിലേക്കും ശിഹാബുദ്ദീന്റെ മുഖത്തേക്കും ഭാവന മാറി മാറി നോക്കി. ടെന്‍ഷന്‍ ഉണ്ടെങ്കിലും അതിനെ മറികടന്നുകൊണ്ട് ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് റിപ്പോര്‍ട്ട് കൈയിലേക്ക് വാങ്ങി. ഓരോ പേജുകളും മറച്ചു നോക്കുന്നതിനിടയില്‍ പലവുരു ശിഹാബുദ്ദീന്റെ മുഖത്തേക്ക് നോക്കി സീറ്റിലേക്ക് ഇരിക്കാന്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. എന്തൊക്കെയോ അടുത്തിരിക്കുന്ന നോട്ട്പാഡില്‍ എസ്.പി നോട്ട് ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കകം തന്റെ നോട്ട്പാഡില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ട് ഭാവന തലയുയര്‍ത്തി.

'അപ്പോള്‍ എങ്ങനെയാ കാര്യങ്ങള്‍? നിങ്ങള്‍ പറയു.' ഭാവന കൈകള്‍ രണ്ടും കെട്ടി ശിഹാബുദ്ദീനെ ഉറ്റുനോക്കി കൊണ്ടിരുന്നു.

'ആദത്തിന്റെയും ഇസബെല്ലയുടേയും ലവ് മാര്യേജ് ആണ്. കാസ്റ്റ് ഇഷ്യൂസ് ഒന്നും ആ വിവാഹത്തിന് ഉണ്ടായിരുന്നില്ല. എങ്കിലും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഏറെ ആവലാതി ഉണ്ടായിരുന്നു ഇസബെല്ലയുടെ വീട്ടുകാര്‍ക്ക്. അതിനു കാരണം മറ്റൊന്നുമല്ല. ഇസബെല്ലയും ആദവും തമ്മില്‍ പ്രേമത്തില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആദത്തിനെപ്പോലെ ഇത്രയും വലിയ കാശുകാരനെ മകള്‍ അടിച്ചുമാറ്റിയല്ലോ എന്ന സന്തോഷമായിരുന്നു വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും അവളുടെ അച്ഛന്‍ പൗലോസിന്. ആളൊരു തികഞ്ഞ പിശുക്കനാണ്. എന്തിന്റെ എങ്കിലും പേരില്‍ കോലാഹലമുണ്ടാക്കിയാല്‍ മകള്‍ വീടുവിട്ട് ഇറങ്ങി പോകുമെന്നും പൈസ ചിലവില്ലാതെ മകളുടെ വിവാഹം നടക്കുമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. അവര്‍ പൊതുവേ ധനത്തിനോട് ആര്‍ത്തി ഉള്ളവരായാണ് അന്വേഷണത്തില്‍ നിന്നും മനസ്സിലായത്. വിവാഹം ഉറപ്പിച്ച ശേഷമാണ് ഇസബെല്ലയുടെ വീട്ടുകാര്‍ മനസ്സിലാക്കുന്നത് ആദത്തിന്റെ വീട്ടുകാര്‍ക്ക് പാരമ്പര്യമായി ഒരുപാട് സ്വത്തുക്കള്‍ ഉണ്ടെങ്കിലും ആ സ്വത്തുക്കള്‍ ഒന്നും തന്നെയും അവര്‍ ഉപയോഗത്തില്‍ കൊണ്ടുവരാറില്ല എന്നത്. അതായത് സ്വത്തുവകകളില്‍ നിന്നുള്ള ലാഭം ചേട്ടനനിയന്മാര്‍ എല്ലാവരും വീതിച്ചെടുക്കുകയാണ് പതിവ്. നിലവിലുള്ള സ്വത്തുവകകള്‍ അനുഭവിക്കുന്നത് ആദത്തിന്റെ അച്ഛനും സഹോദരങ്ങളുമാണ്. അടുത്ത തലമുറയിലേക്ക് അത് കൈമാറിയിട്ടുമില്ല. പാരമ്പര്യ സ്വത്തുക്കള്‍ എല്ലാവരും കൂടി കൈവശം വെച്ച് അനുഭവിക്കുകയാണ് അവരുടെ രീതി. എന്നുവെച്ചാല്‍ സ്വന്തം ജീവിത നിലവാരത്തിനുള്ള സമ്പാദ്യം സ്വന്തമായിട്ട് തന്നെ കണ്ടെത്തണം. അല്ലാതെ പാരമ്പര്യമായി കിടക്കുന്ന സ്വത്തുക്കളില്‍ നിന്നും അനുഭവിക്കാന്‍ നയാപൈസ ലഭിക്കില്ല. ഈ സത്യം പൗലോസ് മനസ്സിലാക്കുന്നത് മകളുടെ വിവാഹ തീയ്യതിയോട് അടുത്തപ്പോഴാണ്. ഇതിനെപ്രതി അവര്‍ക്ക് ഏറെ അമര്‍ഷം ഉണ്ടായിരുന്നു. അതായത് വിവാഹ ചെക്കന്‍ ധനവാന്‍ ആണെങ്കിലും അവനുള്ള ധനം ഒന്നും തന്റെ മകള്‍ക്ക് അനുഭവിക്കാന്‍ കിട്ടുകയില്ല എന്നൊരു വ്യാകുലത അവര്‍ക്കുണ്ടായിരുന്നു.'

'അതെന്താണ് ശിഹാബുദ്ദീന്‍? എനിക്ക് അത് അങ്ങോട്ട് അത്ര മനസ്സിലായില്ല.'

'മേഡം. ആദത്തിന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ട രീതിയിലാണെങ്കിലും അവര്‍ പരമ്പരാഗതമായി പിന്തുടര്‍ന്നുവരുന്ന ചില മാമൂല്‍ ആചാരങ്ങള്‍ ഉണ്ട്. റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട അവര്‍ അവരുടെ മുന്‍ഗാമികളില്‍ നിന്നും പാരമ്പര്യ സ്വത്തുക്കള്‍ ആയി കിട്ടുന്ന വസ്തുക്കള്‍ എല്ലാവരുടെയും, അതായത് മക്കളുടെ എല്ലാവരുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അവിടെ അവര്‍ കൃഷി ചെയ്തുകൊണ്ടേയിരിക്കും. കാരണം കൃഷിയിലൂടെയാണ് അവര്‍ വളര്‍ന്നുവന്നത് എന്നൊരു ബോധം അവര്‍ക്ക് എല്ലാവര്‍ക്കും ഉണ്ട്. അതിനാല്‍ മുന്‍ഗാമികള്‍ ചെയ്തിരുന്ന തൊഴിലുകള്‍ നിര്‍ത്തലാക്കുവാന്‍ അവര്‍ തയ്യാറല്ല. അതില്‍ നിന്നും കിട്ടുന്ന ലാഭമോ നഷ്ടമോ എന്തുതന്നെയായാലും അവര്‍ തുല്യമായി പങ്കിട്ടെടുക്കും. എന്ന് വെച്ചാല്‍ ആദം വിവാഹം കഴിഞ്ഞ് ഭാര്യയെ അങ്ങോട്ട് കൊണ്ടുപോയാലും ഭാര്യയുടെ കാര്യങ്ങള്‍ നോക്കണമെങ്കിലും അവര്‍ക്ക് ജീവിക്കണമെങ്കിലും ആദം ജോലിക്കു പോയി സ്വന്തമായി സമ്പാദിച്ചു കൊണ്ടുവരണം. ഇതെല്ലാം ഇസബെല്ലയുടെ വീട്ടുകാര്‍ മനസ്സിലാക്കിയപ്പോഴേക്കും വിവാഹത്തിന് കഷ്ടിച്ച് ഒരാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളു. വിവാഹം മുടക്കാന്‍ പറ്റാത്ത സാഹചര്യവും ആയിരുന്നു. കാരണം, പള്ളിയില്‍ വിളിച്ചു പറയലും കാര്യങ്ങളെല്ലാം ആയിട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു ചതി അവര്‍ പ്രതീക്ഷിച്ചില്ല. ആദത്തിന്റെ പേരിലുള്ള സ്വത്തിലായിരുന്നു അവര്‍ക്ക് നോട്ടം ഉണ്ടായിരുന്നത്. അല്ലാതെ മകളുടെ ഭാവിയിലോ സന്തോഷത്തിലോ ഒന്നുമല്ലായിരുന്നു.'

'ഓഹ് അങ്ങനെ... ഇപ്പോള്‍ മനസ്സിലായി കാര്യങ്ങള്‍. അപ്പോള്‍ അവിടെനിന്നും അവര്‍ക്കിടയില്‍ ഒരു കല്ലുകടി ആരംഭിച്ചിരിക്കുന്നു എന്ന് വ്യക്തം അല്ലേ?'

'അതെ. അവിടെ നിന്നങ്ങോട്ട് അവര്‍ ശ്രമിച്ചത് തന്നെ ഈ വിവാഹം മുടക്കാന്‍ ആയിരുന്നു. വീട്ടുകാര്‍ നേരിട്ട് മുടക്കം ഉണ്ടാക്കുമ്പോള്‍ അത് അവരുടെ പേരിനും തറവാട്ടിനും ദോഷമാണ്. അതിനാല്‍ മകളായിട്ടു തന്നെ വിവാഹം മുടക്കുന്ന അവസരത്തില്‍ എത്തിക്കുവാന്‍ അവര്‍ ഏറെ പരിശ്രമിച്ചു. അതിനുവേണ്ടി ആദത്തിന്റെ പേരില്‍ കള്ളക്കേസ് വരെ ഉണ്ടാക്കാന്‍ നോക്കി. പക്ഷേ, അതൊന്നും വിലപ്പോയില്ല. അങ്ങനെ ഈ വിവാഹം നടന്നു. പക്ഷേ, പിന്നീടും അവര്‍ക്ക് ഇവരുമായി യോജിക്കാന്‍ പറ്റാത്ത പലപല സാഹചര്യങ്ങള്‍ മനഃപൂര്‍വമായി സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ ആദവും ഇസബെല്ലയും എന്തുതന്നെ വന്നാലും തങ്ങള്‍ ഒരുമിച്ചു തന്നെ നില്‍ക്കുമെന്ന് പരസ്പരം തീരുമാനിച്ചു. അങ്ങനെയാണ് അവളുടെ വീട്ടുകാരുടെ മുമ്പില്‍ കാശുകാരായി ഞെളിഞ്ഞ് നിന്ന് കാണിക്കണം എന്ന തോന്നല്‍ ഇരുവര്‍ക്കും ഉണ്ടാകുന്നത്. അതിലേക്കുള്ള കുറുക്കുവഴികള്‍ അവര്‍ ചെയ്തിരുന്നു എന്നതാണ് എന്റെ അനുമാനം. '

' ഹും... സാധ്യത ഏറെയാണ്. '


'ആദത്തിന്റെ അപ്പന് ദുബായിലെല്ലാം നല്ല പിടിപാടാണ്. അങ്ങനെ അവനവിടെ ജോലി ഒന്ന് ഒത്തു വരികയും ചെയ്തു. എന്നാല്‍, പറയത്തക്ക വലിയ വരുമാനം ഒന്നും ഉണ്ടായിരുന്നില്ല. തങ്ങളുടെ വീട്ടുകാരുടെ മുമ്പില്‍ താഴ്ന്നു പോകരുത് എന്ന് ചിന്തകൊണ്ട് പൈസ ഉണ്ടാക്കാവുന്ന മറ്റു വഴികള്‍ ഇസബെല്ലയും അന്വേഷിച്ചു കൊണ്ടേയിരുന്നു. ആദ്യം അവള്‍ അന്വേഷിച്ചത് ജോലിയെക്കുറിച്ചാണെങ്കിലും പിന്നീട് കുറുക്കുവഴികളിലേക്ക് അവളുടെ ചിന്തകള്‍ മാറിക്കൊണ്ടിരുന്നു. അങ്ങനെ വുമണ്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് അവള്‍ സറോഗസിയെ കുറിച്ച് പോലും അന്വേഷിച്ചു. വാടക ഗര്‍ഭധാരണത്തിന്റെ പിന്നാലെ കുറച്ച് പോയെങ്കിലും പ്രസവിക്കാത്തവര്‍ക്ക് അതു നടപ്പില്ലെന്ന് മനസിലായി അവള്‍ അതില്‍ നിന്നും പിന്തിരിഞ്ഞു. '

' എന്നിട്ട് ?' എസ്.പി ഉദ്വേഗഭരിതയായി.

'ഇനി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അവള്‍ക്കു മുന്നിലേക്ക് ലിവിംഗ് ടുഗതര്‍ എന്ന ആശയവുമായി അവളുടെ തന്നെ മറ്റൊരു സുഹൃത്ത് നീന എത്തുന്നത്. നീനയുടെ സുഹൃത്ത് ലാവണ്യ നഗരത്തിലെ അറിയപ്പെടുന്ന വക്കീലാണ്. ലാവണ്യയുടെ കക്ഷിയായ ശ്യാമിന്റെ വിവാഹമോചന കേസായിരുന്നു വിഷയം. ഡിവേര്‍സ് കിട്ടണമെങ്കില്‍ പരസ്ത്രീ ബന്ധം ഉണ്ടെന്ന് അയാളുടെ ഭാര്യക്ക് തോന്നിപ്പിക്കണം. അങ്ങനെ വരുമ്പോള്‍ ഭാര്യയായിട്ടു തന്നെ ഡിവേര്‍സ് ആവശ്യപ്പെടും. വലിയ അല്ലലില്ലാതെ മ്യൂച്ചല്‍ ഡിവേര്‍സും നടക്കും. അവിഹിതം കൃത്രിമമായി ഉണ്ടാക്കിയേ മതിയാകൂ എന്ന അവസ്ഥയിലാണ്. നീനയുടെ ഫ്‌ലാറ്റ്‌മേറ്റായ ലാവണ്യ കാഞ്ഞബുദ്ധിയിലൂടെ കുനിഷ്ടു വഴികള്‍ തേടി കൊണ്ടിരിക്കുമ്പോഴാണ് ഇസബെല്ല പൈസ ഉണ്ടാക്കാനുള്ള കുറുക്കുവഴിയുടെ സജഷന്‍ ചോദിച്ചു കൊണ്ട് അങ്ങേയറ്റം നിരാശഭരിതയായി നീനയുടെ തൃശൂരിലെ കുരിയച്ചിറയിലുള്ള ഫ്‌ലാറ്റില്‍ എത്തുന്നത്. '

ആ ഫ്‌ലാറ്റില്‍ അന്നു മൂന്നു സ്ത്രീകളും കൂടി ചേര്‍ന്ന് നടത്തിയ ചര്‍ച്ച മൂന്നു ക്രിമിനലുകളെയാണ് ഉണ്ടാക്കിയത് എന്നു പറയാം. വക്കീലിന് ആവശ്യം ഒരു കുടുംബം പിരിയ്ക്കല്‍, ഇസബെല്ലക്ക് ആവശ്യം പണം, നീനക്ക് ഇതില്‍ നിന്നും കമീഷന്‍.

Three criminals are born...!

(തുടരും)

ചിത്രീകരണം: ഷെമി

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.


ഷെമി, അനിത അമ്മാനത്ത്, മലയാളം നോവല്‍, മലയാള സാഹിത്യം, ലിവിങ് ടുഗെതര്‍,

TAGS :