Quantcast
MediaOne Logo

ഹാസിഫ് നീലഗിരി

Published: 19 Aug 2022 4:21 PM GMT

ഒരു പെണ്‍കുട്ടിക്കുള്ളിലെ പേമാരിക്കാലം

| കഥ

ഒരു പെണ്‍കുട്ടിക്കുള്ളിലെ പേമാരിക്കാലം
X
Listen to this Article

വാരാന്ത്യ ഇടവേളയിലെ ഒരു പുലര്‍കാലം... നീലക്കുന്നുകളിലെ മഞ്ഞും തണുപ്പും നൂലിഴകള്‍ അഴിച്ചിട്ട ചാറ്റല്‍ മഴയും തേടി ഇറങ്ങിയതാണ് ഞാനുമവളും.

രാത്രിയിലെ ലോങ്‌ഡ്രൈവിന്റെ ക്ഷീണമകറ്റാന്‍ഈ മഞ്ഞിന്‍ നനവൂറുന്ന പ്രഭാതക്കുളിര് തന്നെ വേണമെന്ന അവളുടെ പൂതി കണ്ടില്ലെന്ന് നടിക്കാനായില്ല. പറ്റിയാല്‍ തേയിലക്കുന്നുകള്‍ക്കിടയിലെ പെട്ടിക്കടയ്ക്കു മുന്നിലിരുന്ന് ഒരു നാടന്‍ ചായയും ഊതിയൂതി കുടിക്കണം. അല്‍പ്പദിവസമായി സൂര്യനെ കാണാനേയില്ല. സൂര്യന്‍ ഉദിക്കാന്‍ സമയമാവുന്നുള്ളുവെങ്കിലും, മൂടികെട്ടിയ ആകാശം സമയപരിധികളെ പോലും അപ്രസക്തമാക്കുന്നു. പ്രതീക്ഷിച്ചപോലെ, ചെറുചാറ്റല്‍ മഴ ഇടയ്ക്കിടെ എത്തിനോക്കി പോകുന്നുണ്ട്... മഞ്ഞിന്റെയോ മഴയുടെയോ എന്ന് വ്യക്തമാക്കാതെ നീര്‍തുള്ളികളൊരുപാട് ഓരോ ഇലകളിലും ചിതറിയ മുത്തുകണക്കെ ഉരുണ്ടുരുണ്ട് കിടന്ന് തിളങ്ങുന്നുണ്ട്. അല്‍പ നേരം ഡ്രൈവ് ചെയ്തപ്പോഴേക്കും മലയുടെ താഴ്‌വാരത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന, ഹൈസ്‌കൂള്‍ മുറ്റത്തെ വിശാലമായ മൈതാനത്തെത്തി.


പരന്നുകിടക്കുന്ന പുല്‍നാമ്പുകളില്‍ അനേകായിരം മഴമുത്തുകള്‍ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു. മൈതാനത്തിന്റെ രണ്ടറ്റങ്ങളിലുമുള്ള ഗോള്‍ പോസ്റ്റുകള്‍ക്ക് കീഴെ മാത്രം, പുല്ലില്ലാതെ മണ്ണിന്റെ ചുവപ്പു നിറം തെളിഞ്ഞു കാണുന്നുണ്ട്. മൈതാനത്തിന്റെ റോഡിനോട് ചേര്‍ന്ന വശത്ത്, പടര്‍ന്ന് പന്തലിച്ച രണ്ട് പൂവാ കകളും അവയ്ക്കിടയില്‍ സിമന്റില്‍ വാര്‍ത്ത രണ്ട് മൂന്ന് ഇരിപ്പിടങ്ങളുമുണ്ട്.ഈ പുലര്‍ക്കാലപെയ്ത്ത് വക യ്ക്കാതെ ഒരു പെണ്‍കുട്ടി നനുത്ത ആഇരിപ്പിടത്തില്‍ അല്‍പം ദൂരേക്ക് കണ്ണും നട്ടിരിക്കുന്നത് പെട്ടന്നാണ് ശ്രദ്ധയില്‍ പെട്ടത്.

വിശാലമായ മൈതാനത്തിനപ്പുറത്തെ പള്ളിക്കാടിന്റെ വേലിയും കടന്ന്, അല്‍പ്പം വിദൂരതയില്‍ നിലയുറപ്പിച്ച മലമുകളിലേയ്ക്കാണവളുടെ നോട്ടമെന്ന് തോന്നുന്നു. അവള്‍ക്കും പള്ളിക്കാടിന്റെ വേലിക്കുമിടയിലെ മൈതാനത്തെ പുല്‍നാമ്പുകളിലിരുന്ന് അനേകായിരം ജലകണങ്ങള്‍ അവളോടെന്തോ പറയാന്‍ വെമ്പുന്ന പോലെ. പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടികളുടെ ചില്ലകളും അവളെ തന്നെ നോക്കി തലയാട്ടുന്നുണ്ട്.


പ്രകൃതിയുടെ ഈ മഹാ സൗന്ദര്യവും കുളിരുമെല്ലാം ഒറ്റയ്ക്കനുഭവിക്കാന്‍ ഞങ്ങള്‍ക്കു മുന്നേ ആ ഇരിപ്പിടം പിടിച്ച അവളോട് ചെറിയൊരു അസൂയ തോന്നി. ഈ സുന്ദര കാഴ്ചകള്‍ മൊബൈലില്‍പകര്‍ത്താനായി ഞാന്‍ തയ്യാറെക്കുന്നതിനിടെ അവള്‍ ആ നനുത്ത ഇരിപ്പിടം വിട്ടെണീറ്റു.ഞങ്ങളുടെ അടക്കം പറച്ചിലുകള്‍ കേട്ടിട്ടും ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും കൂട്ടാക്കാതെ ആ പെണ്‍കുട്ടിമെല്ലെ റോഡിലേക്കു നടന്നുകയറി.

ഈ പ്രകൃതിയെ തനിച്ചിരുന്ന് ആസ്വദിക്കണമെന്ന ചെറിയൊരു വാശിയായിരിക്കാം അവള്‍ക്കുള്ളിലെന്ന് വിചാരിച്ച് കണ്ണുകള്‍ അവളെ തന്നെ പിന്തുടര്‍ന്നു.

റോഡ് മുറിച്ചുകടന്ന്, തൊട്ടപ്പുറത്തെ വേലിക്കുള്ളിലെ കുഞ്ഞു വീട് ലക്ഷ്യമാക്കിയാണവള്‍ നടക്കുന്നത്.

ചെടികള്‍ കൊണ്ടുള്ള വേലിയുടെ ചെറിയ തകരവാതില്‍ തുറക്കാന്‍ വേണ്ടി, തണുപ്പിനെ പ്രതിരോധിക്കാനായി ധരിച്ച തന്റെ സ്വറ്ററിന്റെ പോക്കറ്റിനുള്ളില്‍ നിന്നവള്‍ കൈയെടുത്തപ്പോള്‍ പച്ചനിറത്തിലുള്ള ഒരു തസ്ബീഹ് മാല അവളുടെ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു ചാടി.

ആ കൊച്ചു വീടിനു മുറ്റത്തെ മാവില്‍ വലിച്ചു കെട്ടിയ ടാര്‍പായയും അടുക്കിവെച്ച പ്ലാസ്റ്റിക് കസേരകളും ചന്ദനത്തിരിയുടെ ഗന്ധവും ആ സുന്ദര പുലര്‍ക്കലത്തെ ഇത്ര മേല്‍ മൂകമാക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് അപ്പോഴാണ് മനസ്സിലായത്.

തിരിഞ്ഞൊന്ന് നോക്കിയപ്പോള്‍ പള്ളിക്കാട്ടിലെ ആ പുതിയ മൈലാഞ്ചിച്ചെടിയും മൈതാനത്തെ പുല്‍നാമ്പുകളും മുത്തുകള്‍ പൊഴിച്ച്തലതാഴ്ത്തിയിരുന്നു. ആകാശം കൂടുതല്‍ ഇരുണ്ടു കൂടി. ആ പെണ്‍കുട്ടിയുടെ മനസില്‍ ആരംഭിച്ച ഒരു മഹാപേമാരിക്കാലത്തെ ഓര്‍ത്തോര്‍ത്ത് ഞങ്ങള്‍ മെല്ലെ, കൂടുതല്‍ അസ്വസ്ഥതയെ തേടിപ്പിടിക്കാന്‍ തുടങ്ങി.TAGS :