Quantcast
MediaOne Logo

ഷൈമജ ശിവറാം

Published: 24 Aug 2022 6:25 AM GMT

മോക്ഷം

| കഥ

മോക്ഷം
X
Listen to this Article

ചിങ്ങം ഒന്നിന് മകന്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്നു, മകന്‍ മാത്രമല്ലല്ലോ ഞാനും.. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ സന്തോഷവും ദുഃഖവും സമ്മാനിച്ച ഈ വീടിനെ തനിച്ചാക്കി മറ്റൊരു വീട്ടിലേക്ക്.. കല്യാണം കഴിഞ്ഞ് കൃത്യം അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ഇവിടേക്ക് താമസം മാറിയത്. എനിക്ക് ജോലിക്കു പോവാന്‍ സൗകര്യത്തിനായാണ് ഇവിടെ വീടുവെച്ചത്. പുതിയ വീടുമായി ഇണങ്ങാന്‍ മകന്‍ വളരെ പ്രയാസപ്പെട്ടു. മുത്തശ്ശനും മുത്തശ്ശിക്കും വേണ്ടി അവന്‍ നിര്‍ത്താതെ കരഞ്ഞു.. ശനിയാഴ്ച തറവാട്ടില്‍ പോയാല്‍ ഞായറാഴ്ച വൈകീട്ടാണ് തിരിച്ചു പോന്നിരുന്നത്. ആ ദിവസങ്ങളില്‍ മകന്‍ സന്തോഷവാനായി... പിന്നീട് മകള്‍ പിറക്കുകയും അവന്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഈ വീടുമായി പൊരുത്തപ്പെടാന്‍ തുടങ്ങി. പാര്‍വ്വതി പ്രസവിച്ചു കിടക്കുന്നതിനാല്‍ അച്ഛനും അമ്മയും ഇവിടെ ഉണ്ടായിരുന്നു. പിന്നീട് മകന്റെ വാശിയില്‍ അവര്‍ ഇവിടെ തന്നെ തുടരാന്‍ സമ്മതിച്ചു., അത് ഞങ്ങള്‍ക്ക് ഏറെ ആശ്വാസവുമായി. പിന്നീട് ഈ വീടൊരു സ്വര്‍ഗം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോകെ അച്ഛനും അമ്മയും സുന്ദരമായ ഓര്‍മകള്‍ സമ്മാനിച്ച് ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയി, അപ്പോഴൊക്കെയും പാര്‍വ്വതി എനിക്ക് കരുത്തും തുണയുമായിയ

പാര്‍വ്വതി അവള്‍ക്ക് മറ്റുള്ളവരുടെ കാര്യങ്ങളായിരുന്നു മുഖ്യം. അമ്മയായും, ഭാര്യയായും, മകളായും അവളീ വീട്ടില്‍ നിറഞ്ഞാടി. സ്‌കൂള്‍ വിട്ട് വരുന്ന എന്നെ കാത്ത് പൂമുഖത്തു തന്നെ ഉണ്ടാവും, പിന്നെ കാപ്പിയും പലഹാരങ്ങളും കഴിച്ചേ ഞാന്‍ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങൂ. വിപ്ലവം മാനവികത തന്നെയാണ് എന്ന് ഉറച്ചു വിശ്വസിച്ച നാളുകളായിരുന്നു അത്, ഒരിക്കല്‍ പോലും പാര്‍വ്വതി രാഷ്ട്രീയ കാര്യങ്ങള്‍ ഞാനുമായി ചര്‍ച്ച ചെയ്തില്ല. എന്നാല്‍, അവളുടെ വായനയുടെ ലോകം വിപുലമാണെന്നും, ചിന്തകള്‍ എന്നെക്കാള്‍ ആഴത്തില്‍ ഉള്ളതാണെന്നും അറിഞ്ഞിരുന്നു ഞാന്‍. പക്ഷേ, എന്റെ രാഷ്ട്രിയ ഇടപെടല്‍ എന്റെ പാര്‍വ്വതിയെ എനിക്ക് നഷ്ടപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയില്ല

ഞങ്ങളുടെ സ്‌കൂളിലെ ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലായിരുന്നു ഈനാട്... അഞ്ചാം ക്ലാസില്‍ ക്ലാസെടുക്കുമ്പോഴെല്ലാം ഉത്സാഹം നിറഞ്ഞ ആ മുഖം ഇല്ല എന്നത് ഞങ്ങള്‍ അധ്യാപകരെ വല്ലാതെ തളര്‍ത്തി.. പാര്‍വ്വതിയും നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി, അതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരണമെന്ന്. ഒരു പെണ്‍കുഞ്ഞിന്റേ കൂടി അമ്മയായതുകൊണ്ടാവാം അവള്‍ ഇത്രയേറെ വാശി കാണിച്ചത്

പതിവിനു വിപരീതമായി ഗേറ്റ് അടഞ്ഞുകിടന്നിരുന്നു, വീട് മലര്‍ക്കെ തുറന്നും... ഒരിക്കലും വിളിക്കേണ്ടി വരാറില്ല പൂമുഖത്ത് തന്നെ ഉണ്ടാവും, കാപ്പിയും പലഹാരവും തയാറാക്കി ഞങ്ങളെക്കാത്ത്... ഞാനൊന്ന് കുളിച്ചു വരുമ്പോഴേക്കും മകനുമെത്തും പിന്നെ അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞ് എത്ര സന്തോഷത്തോടെയാണ് ആ കാപ്പി കുടിക്കുക

എന്നാല്‍, അന്ന് മേശപ്പുറത്ത് കാപ്പിയും പലഹാരവുമുണ്ട്.. അവള്‍ മാത്രം.... എന്റെ പരിഭ്രമം വര്‍ധിച്ചു,... അടുക്കളയില്‍ രക്തത്തില്‍ കുളിച്ച്...

ആ കൊലയ്ക്കു പിന്നിലെ വലിയവരുടെ മക്കളെ പുറത്തു കൊണ്ടുവരുന്നതില്‍ മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു ഞാന്‍.. നീതിക്കുവേണ്ടി പോരാടിയതിന് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓര്‍ത്തില്ല. അവള്‍ ഇല്ലാത്ത ഈ വീട് എനിക്ക് ദുസ്സഹമായി.. ഇവിടെ എല്ലായിടത്തും അവള്‍ നിറഞ്ഞു നിന്നു. രാവിലെ അവള്‍ എഴുനേറ്റ് പോകുന്നത് ഞാന്‍ അറിയാറുണ്ട്, എന്നാലും കണ്ണടച്ച് കിടക്കും. കുളി കഴിഞ്ഞ് വിളക്ക് വച്ച് എന്നെ ഉണര്‍ത്താന്‍ വരും, അതിനു വേണ്ടി കള്ള ഉറക്കം നടിക്കും ഞാന്‍.. അങ്ങിനെ എന്തെല്ലാം.. ഓരോ അണുവിലും അവളെ കുറിച്ചോര്‍ത്ത് ഞാന്‍ നീറി... പതിനഞ്ചു ദിവസം മകള്‍ ഇവിടെ നിന്നു. അമ്മയില്ലാത്ത വീടിന്റെ സങ്കടത്തില്‍ അവള്‍ വിദേശത്തേക്ക് തിരിച്ചു പോകുമ്പോള്‍... എന്തെല്ലാമാണ് പാര്‍വ്വതി ഉണ്ടാക്കാറ് ഒന്നുമില്ലാതെ സങ്കടങ്ങള്‍ മാത്രമായി അവള്‍ പോയി.... ബന്ധുക്കളുടെ സഹതാപനോട്ടം, കുത്തുവാക്കുകള്‍.... പാര്‍വ്വതിയുടെ അമ്മയുടെ ഉള്ളു പിടഞ്ഞ ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു,, നിന്റെ രാഷ്ട്രിയത്തിന് എന്റെ മകളെ ബലിയാടാക്കി അല്ലേ എന്ന്.... മനസ്സും ശരീരവും ഒരു പോലെ തളര്‍ന്നു പരസഹായമില്ലാതെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ.. ദുഃഖത്തിന്റെ കടല്‍ മനസ്സില്‍ ഒളിപ്പിച്ച് മകന്‍ കര്‍ത്തവ്യ തിരതനായി മകന് ജോലിക്ക് പോയേ മതിയാവൂ... ഞാന്‍ നീണ്ട അവധിയെടുത്തു... ഏറെ സങ്കടം തോന്നിയത് കേസെല്ലാം തേഞ്ഞ് മാഞ്ഞ് പോയതിലാണ്....

അവളില്ലാതെ രണ്ട് വര്‍ഷങ്ങള്‍ നാളെ ഈ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക്, കുറച്ച് പുസ്തകങ്ങള്‍ എടുക്കണം. അയാള്‍ ഷെല്‍ഫില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്തു വക്കാന്‍ തുടങ്ങി, പലതും പൊടിപിടിച്ചിരിക്കുന്നു... അതില്‍ നിന്നയാള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു പുസ്തകം കിട്ടി! ആദ്യത്തെ പേജ് മറിച്ചപ്പോള്‍ അതില്‍ കോറിയിട്ട വാക്കുകളില്‍ അയാള്‍ നിന്നു പോയി 'ഓര്‍മകള്‍ക്കുള്ളില്‍ നിന്ന് ഞാന്‍ മാഞ്ഞു പോകുമ്പോള്‍ വീണ്ടുമെടുത്തോര്‍ക്കാന്‍ ഞാന്‍ നിനക്ക് നല്‍കുന്നു അനുരാധ.... 'എത്ര സമയം അവിടെ അങ്ങിനെ നിന്നു എന്നറിയില്ല..... ഓര്‍മകളില്‍ ഒരായിരം വര്‍ണ്ണങ്ങള്‍...

കാറിലേക്ക് കയറുമ്പോള്‍ മകന്‍ ഓര്‍മിപ്പിച്ചു അച്ഛന്റെ വാക്കിംങ്സ്റ്റിക്ക്? ഇനി വേണ്ട എന്ന് അയാള്‍ മറുപടി നല്‍കി, ചുണ്ടില്‍ വിരിഞ്ഞ പുതിയ കവിതയിലായിരുന്നു അയാള്‍....

ഷൈമജ ശിവറാം

TAGS :