Quantcast
MediaOne Logo

നജ്‌ല പുളിക്കല്‍

Published: 28 Oct 2022 9:38 AM GMT

ആത്മവിശ്വാസത്തിന്റെ ആയിരം വര്‍ണങ്ങള്‍

നജാഹ് അരീക്കോട് എഴുതിയ 'വര്‍ണങ്ങള്‍' ഒരു സാധാരണ പുസ്തകം കയ്യിലെടുക്കുന്ന ലാഘവത്തോടെ ആയിരുന്നില്ല എടുത്തതും വായിച്ചതും. ജീവനുള്ള ഒരു മുയല്‍കുഞ്ഞിനെയോ ഒരു പൂച്ചകുഞ്ഞിനെയോ മടിയിലെടുക്കുന്ന അതേ കരുതലോടെയായിരുന്നു. കാരണം, പുസ്തകത്തിന്റെ മുഖവുരയില്‍ നജാഹ് പറയുന്നുണ്ട് - ഇതെന്റെ പച്ചയായ ജീവിതമാണ്. എന്നിലുള്ള ചോരയുടെയും മാംസത്തിന്റെയും അതേ ഊഷ്മളതയോടെതന്നെ പങ്കുവെക്കാന്‍ ശ്രമിക്കുന്ന ജീവിത നേര്‍ചിത്രങ്ങളാണ് - എന്ന്.

ആത്മവിശ്വാസത്തിന്റെ ആയിരം വര്‍ണങ്ങള്‍
X
Listen to this Article

ഞാനൊരല്‍പനേരം കണ്ണുകള്‍ ഇറുക്കിയടച്ചു. ചുറ്റുമുള്ള ഇരുട്ടിലേക്ക് ഞാനെന്നെ പറിച്ചു വെച്ചു. ഞാനിത് വായിക്കുന്നത് കണ്ണു കൊണ്ടല്ല, ഹൃദയം കൊണ്ടാണ്. കാരണം, പത്താം വയസ്സില്‍ കണ്ണിലെ സൂര്യന്‍ അസ്തമിച്ചു പോയ, ജീവിതത്തിലെ വര്‍ണങ്ങള്‍ ചോര്‍ത്തിക്കളഞ്ഞ വിധിക്കു മുന്നില്‍ കീഴടങ്ങാതെ പിടിച്ചു നിന്ന നിഷ്‌കളങ്കനായ ഒരു കുഞ്ഞിന്റെ അതിജീവനത്തിന്റെ പച്ചയായ ഏടുകളാണ് മുന്നില്‍ വിടര്‍ന്നു നില്‍ക്കുന്നത്. പ്രതിസന്ധിയുടെ പാറക്കെട്ടുകള്‍ ശുഭാപ്തി വിശ്വാസത്തോടെ മറികടന്ന, ആത്മവിശ്വാസത്തോടെ ചുവടുവെച്ച തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ബാലന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ.

നിനച്ചിരിക്കാത്ത നേരത്ത് ജീവിതത്തിലേക്ക് അന്ധകാരം വലയെറിഞ്ഞു തന്റെ ഉള്ളിലെ വര്‍ണങ്ങള്‍ കോരി എടുത്ത് ഇരുട്ടിന്റെ കൂട്ടില്‍ ജീവിതത്തെ പിടിച്ചു വെച്ചപ്പോള്‍ അതേ ജീവിതം കൊണ്ട് തന്നെ ഇനിയുള്ള ജീവിതത്തിലും വര്‍ണങ്ങള്‍ സൃഷ്ടിക്കാം എന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ നജാഹ് തന്റെ അനുഭവങ്ങളെ നര്‍മത്തില്‍ ചാലിച്ച് എഴുതിയിരിക്കുകയാണ് വര്‍ണങ്ങള്‍ എന്ന ഈ പുസ്തകത്തില്‍.


കേവലം തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരോട് പങ്കു വെക്കുകയല്ല നജാഹ് ഈ പുസ്തകത്തിലൂടെ ചെയ്തിരിക്കുന്നത്. മറിച്ച് തന്റേതുപോലുള്ള ജീവിതാവസ്ഥയിലൂടെ കടന്നു പോകുന്ന പലരോടും സമൂഹത്തിന്റെ ഒരു പൊതുബോധമുണ്ട്. പല ധാരണകളും തെറ്റിദ്ധാരണകളാണെന്നും ചില വിഷയങ്ങളില്‍ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാനും പല വിഷയങ്ങളിലുമുള്ള അയാളുടെ അഭിപ്രായങ്ങളും നിലപാടുകളും വിമര്‍ശനങ്ങളും തുറന്നു പറയാന്‍ കൂടി വേണ്ടിയാണ്.

ഒരര്‍ഥത്തില്‍ നജാഹ് ഭാഗ്യവാനാണ്. പൊടുന്നനെ അണഞ്ഞു പോയ നാളത്തെ ഊതിയൂതി കാത്തു വെക്കാന്‍ നജാഹിന് ചുറ്റും വലിയൊരു ലോകമുണ്ടായിരുന്നു. സഹതാപത്തിന്റെയല്ല കറകളഞ്ഞ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാലാഖമാരായി അവനെ ചേര്‍ത്തു പിടിച്ചവര്‍. അതില്‍ അവന്റെ സ്‌കൂളിലെ അധ്യാപകര്‍, കൂട്ടുകാര്‍, മാതാപിതാക്കള്‍ തുടങ്ങി നൂറായിരം കണ്ണുകള്‍ അവന് വേണ്ടി സദാ തുറന്നു കിടക്കുന്നു, അവന് വേണ്ടി കാഴ്ചകള്‍ കണ്ടു. അവന്റെ സ്വപ്നങ്ങള്‍ക്ക് കുട പിടിച്ചു കൂടെ കൂട്ടി.

ലോകത്ത് ഒറ്റ വര്‍ണമേയുള്ളൂ. അത് സ്‌നേഹത്തിന്റെ വര്‍ണമാണ്. ആ ഒരൊറ്റ വര്‍ണത്തില്‍ നിന്നാണ് കാരുണ്യം, അലിവ്, ആര്‍ദ്രത, ദയ, വാത്സല്യം, സഹാനുഭൂതി, അനുകമ്പ തുടങ്ങിയ വര്‍ണരാശി ഉടലെടുത്തത്. അവയില്‍ നിന്നാണ് ഇക്കാണുന്ന ആയിരമായിരം വര്‍ണങ്ങള്‍ ഉരുത്തിരിഞ്ഞത്. ചിതറിക്കിടക്കുന്ന തന്റെ ഓര്‍മകളെ ഒരു പുസ്തകരൂപത്തിലാക്കണമെന്ന് പറഞ്ഞപ്പോള്‍ കൂടെ നിന്ന് സഹായിച്ച നിരവധി പേരെക്കുറിച്ചു പുസ്തകത്തില്‍ പറയുന്നുണ്ട്. അവനിപ്പോള്‍ പഠിക്കുന്ന സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മുനീബ് സാറിന്റെ നേതൃത്വത്തില്‍ പുസ്തകപ്രകാശനം സ്‌കൂളില്‍ തന്നെ ഒരുക്കിയ ഒരു വലിയ സദസ്സിനു മുന്നില്‍ വെച്ചു നടന്നു. നജാഹിന്റെ ആഗ്രഹപ്രകാരം ജോസഫ് അന്നംകുട്ടി ജോസിനെ കൊണ്ട് പുസ്തകപ്രകാശനം ചെയ്യിക്കാനും കഴിഞ്ഞു.


പുസ്തകത്തില്‍ നിന്ന് : ഞാനിങ്ങനെ പരിചയക്കാരെകുറിച്ചൊക്കെ എണ്ണിപ്പറയുമ്പോള്‍ ഇതിലെന്താണിത്ര കാര്യം എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും. അവ നിങ്ങള്‍ നിസ്സാരമായി കണ്ടേക്കാം. പക്ഷെ, പരിമിതികളില്‍ കഴിയുമ്പോള്‍ ഏകാന്തതയും ഒറ്റപ്പെടലും ദുസ്സഹമായ സംഗതികളാണ്. അതിനെ മറികടന്ന് ജീവിതത്തിനു വെളിച്ചവും അര്‍ഥവും സൃഷ്ടിക്കാനുള്ള എന്റെ തന്നെ ബോധപൂര്‍വമായ പരിശ്രമങ്ങളാണ് ഓരോ വ്യക്തികളെ പരിചയപ്പെടലും അവരോടുള്ള സംഭാഷണങ്ങളും.

എന്റെ അവസ്ഥ കണ്ടു സഹതപിക്കുന്നവരോടും എനിക്ക് സഹതാപം മാത്രമേ ഉള്ളെന്നും അവരില്‍ നിന്ന് എനിക്ക് നെഗറ്റീവ് എനര്‍ജി അല്ലാതെ മറ്റൊന്നും ലഭിക്കില്ലെന്നും നജാഹ് പറയുന്നുണ്ട്. കാഴ്ച്ച ഉണ്ടായിട്ടെന്താ കാഴ്ച്ചപ്പാട് മാറിയില്ലെങ്കില്‍ എന്തു കാര്യമെന്ന ചോദ്യം ഒരു കൊടുങ്കാറ്റു പോലെ സമൂഹത്തിലേക്ക് ആഞ്ഞു വീശുന്നുണ്ട് വര്‍ണങ്ങളില്‍.

ആദ്യ പുസ്തകത്തിന്റെ കുറവുകള്‍ ഒന്നും തന്നെ പറയത്തക്കവിധമില്ലാത്ത വര്‍ണങ്ങള്‍ നല്ല ഭാഷ കൊണ്ടും ആഖ്യാന ശൈലി കൊണ്ടും മികച്ച ഒരു സൃഷ്ടി തന്നെയാണെന്ന് പറയാം. രണ്ടായിരത്തില്‍ പരം കോപ്പി പ്രീബുക്കിങ് ചെയ്ത വര്‍ണങ്ങള്‍ ബ്രയില്‍ ലിപിയിലും തയ്യാറാക്കിയിട്ടുണ്ട്. വായനാനുഭൂതിക്കപ്പുറം വായിക്കുന്നവരുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന അനുഭവക്കുറിപ്പുകളാണ് വര്‍ണങ്ങള്‍ എന്ന് അബ്ദുള്ളകുട്ടി എടവണ്ണ അവതാരികയില്‍ പറയുന്നുണ്ട്.

ഒലിവ് ബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


നജ്‌ല പുളിക്കല്‍

TAGS :