Quantcast
MediaOne Logo

കിരണ ഗോവിന്ദന്‍

Published: 28 April 2023 3:26 PM GMT

ന്യൂജനറേഷന് ബഷീറിലേക്കുള്ള പാലമാണ് നീലവെളിച്ചം

താരതമ്യം ചെയ്യാനാകാത്ത വിധം ഇരു ധ്രുവങ്ങളിലാണ് ഭാര്‍ഗവീനിലയവും നീലവെളിച്ചവും. ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചത് എന്ന് പറയുന്നത് പോലും നീതിയുക്തമല്ല. റീമേക്കുകള്‍ക്ക് പലകുറി മലയാള സിനിമ സാക്ഷ്യം വഹിച്ചെങ്കിലും പഴയതിനോട് നീതി പുലര്‍ത്തിയ സിനിമകള്‍ കുറവാണ്.

നീലവെളിച്ചം ഭാര്‍ഗവീനിലയം
X

സാങ്കേതിക വിദ്യയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സംവിധായകന്‍ വിന്‍സെന്റ് വെള്ളിത്തിരയിലേക്ക് പകര്‍ത്തിയപ്പോള്‍ മലയാള സിനിമക്ക് ലഭിച്ചത് അന്നോളം കണ്ട് ശീലിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാനുഭവം ആയിരുന്നു. പ്രേതങ്ങളെ കുറിച്ചുള്ള കെട്ടുകഥകളും പഴങ്കഥകളും കൊടികുത്തി വാണിരുന്ന ഒരുകാലത്ത് ആയിരിക്കണം ബഷീര്‍ ഭാര്‍ഗവിയെക്കുറിച്ച് എഴുതിയത്. അറുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ്, മലയാള സിനിമ നിറങ്ങള്‍ കൈവരിക്കുന്നതിനും മുന്‍പ് മലയാളികളെ ഭീതിയിലാഴ്ത്തിയ പേരായിരുന്നു ഭാര്‍ഗവി.

കേവലം പ്രതികാരദാഹിയായ പ്രേതത്തിനുമപ്പുറം പ്രണയത്തിന്റെയും വിരഹത്തിന്റെയും സൗഹൃദത്തിന്റെയും ആത്മാവ് കൂടി ബഷീര്‍ ഭാര്‍ഗവിക്ക് പകര്‍ന്നു. തന്റെ വിരസമായ ഏകാന്തതയെ തോല്‍പ്പിക്കാന്‍ ബഷീറിന്റെ ജല്‍പനങ്ങളില്‍ ജീവന്‍ കൊണ്ടതുമാവാം ഭാര്‍ഗവി. നീലവെളിച്ചം എന്ന ആ ചെറുകഥ ഭാര്‍ഗവീനിലയം എന്ന സിനിമയാക്കിയപ്പോള്‍ പിന്നീട് അത് പ്രേതസിനിമകള്‍ക്ക് തന്നെ ഒരു റഫറന്‍സ് ആയി മാറി. കാമുകന്റെ ഓര്‍മകളില്‍ ജീവിക്കാനായി ഭാര്‍ഗവി സ്വീകരിച്ച വെള്ള സാരി പിന്നീട് മലയാളി പ്രേതങ്ങളുടെ ഔദ്യോഗിക വസ്ത്രമായി മാറി.

കാലങ്ങള്‍ക്കിപ്പുറം നാടകീയ അഭിനയം റിയലിസ്റ്റിക് അഭിനയത്തിലേക്ക് വഴിമാറിയപ്പോള്‍ നീലവെളിച്ചത്തില്‍ ടോവിനോ തോമസും റിമ കല്ലിങ്കലും റോഷന്‍ മാത്യുവും അഭിനയിക്കുകയായിരുന്നില്ല. മറിച്ച്, ബഷീറിന്റെ വരികള്‍ക്ക് ജീവന്‍ നല്‍കുകയായിരുന്നു.

മാറാല മൂടിയ ആള്‍താമസം ഇല്ലാത്ത അലങ്കോലമായി കിടക്കുന്ന പുരയിടങ്ങള്‍ക്ക് ഭാര്‍ഗവീനിലയമെന്ന ഒറ്റവാക്ക് മലയാള ഭാഷയില്‍ ചേര്‍ക്കപ്പെട്ടു. അത്രത്തോളം അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളിയെ സ്വാധീനിച്ചു കൊണ്ടിരുന്ന സിനിമയാണ് ഭാര്‍ഗവീനിലയം. ആ കാലത്ത് പോലും പ്രേതങ്ങളെ കുറിച്ചുള്ള പൊതുബോധം തിരുത്താന്‍ ബഷീര്‍ ശ്രമിച്ചിരുന്നു.


വിന്‍സെന്റ് സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയ നിര്‍മല തുടങ്ങിയവര്‍ അഭിനയിച്ച ഭാര്‍ഗവീനിലയം എന്ന റൊമാന്റിക് ഹോറര്‍ ക്ലാസ്സിക് 2023ല്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ ഭാര്‍ഗവിയും പുനര്‍ജനിക്കുകയാണ്. ഒപ്പം, വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചത്തിന് പുതിയൊരു ഭാവവും.

ഒരു റീമേക് ചിത്രത്തെ നവ്യാനുഭവമാക്കി തീര്‍ക്കുക ശ്രമകരമായ ദൗത്യമാണ്. ചരിത്ര താളുകളില്‍ ഉള്ള തിരക്കഥ കൂടിയാകുമ്പോള്‍ കാഠിന്യമേറും. എന്നാല്‍, വല്ലാത്തൊരു കയ്യടക്കത്തോടെയാണ് ആഷിക് അബു ഈ ചിത്രത്തെ സമീപിച്ചിട്ടുള്ളത്. പഴമയില്‍ ഭീതിയുടെ കരിമ്പടം മൂടിയിരുന്ന ഭാര്‍ഗവീനിലയത്തിലേക്ക് പ്രണയത്തിന്റെ നീലവെളിച്ചം പകരുകയായിരുന്നു ആഷിക് അബു. പ്രേതം കുടിയൊഴിഞ്ഞ് പ്രേമം ചേക്കേറിയ ഭാര്‍ഗവീനിലയം, അതാണ് ആഷിക് അബുവിന്റെ നീലവെളിച്ചം.


താരതമ്യം ചെയ്യാനാകാത്ത വിധം ഇരു ധ്രുവങ്ങളിലാണ് ഭാര്‍ഗവീനിലയവും നീലവെളിച്ചവും. ഒന്ന് മറ്റൊന്നിനെക്കാള്‍ മികച്ചത് എന്ന് പറയുന്നത് പോലും നീതിയുക്തമല്ല. റീമേക്കുകള്‍ക്ക് പലകുറി മലയാള സിനിമ സാക്ഷ്യം വഹിച്ചെങ്കിലും പഴയതിനോട് നീതി പുലര്‍ത്തിയ സിനിമകള്‍ കുറവാണ്. വാണിജ്യ സാധ്യത മുന്‍നിര്‍ത്തി മലയാള സിനിമയിലെ പല ക്ലാസിക്കുകളും പിന്നീട് വികലമായി പുനര്‍ജനിച്ചു. നീലത്താമര, ചട്ടക്കാരി, രതിനിര്‍വേദം അങ്ങനെ മലയാള സിനിമയില്‍ റീമേക്ക് ചെയ്ത ക്ലാസിക്കുകള്‍ അനവധിയാണ്.

തന്റെ എഴുത്ത് യാത്രക്കിടെ തലശ്ശേരിയിലെ ഒരു പ്രേതമാളികയില്‍ വാടകക്കാരന്‍ ആകേണ്ടിവന്ന സാഹിത്യകാരനും അദ്ദേഹത്തിന്റെ അസാധാരണ അനുഭവങ്ങളും പിന്നീട് അതിന്റെ വേര് തേടിയുള്ള യാത്രയുമാണ് സിനിമ. തിരക്കഥയില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ ഇല്ലാതെയാണ് നീലവെളിച്ചം ഒരുക്കിയത്.


സാങ്കേതിക വിദ്യ അതിന്റെ അനന്ത സാധ്യതകളിലൂടെ കടന്നുപോകുന്ന കാലത്ത് അതിനെ നേരായ വിധം ആഷിക് കൈകാര്യം ചെയ്തു. നീലവെളിച്ചം എന്ന ബഷീറിന്റെ സങ്കല്‍പ ലോകം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും ആഷിക് അബു വേര്‍തിരിച്ചെടുത്തു. നിറക്കൂട്ടുകളെ അതിര്‍ വരമ്പുകളില്ലാതെ ഉപയോഗിച്ചത് പ്രേക്ഷക ഹൃദയങ്ങളില്‍ പുതിയ ദൃശ്യാനുഭവമായി. കറുപ്പും നീലയും കലര്‍ന്ന നിറത്തില്‍ പ്രണയത്തിന്റെയും ഭീതിയുടെയും ഭാവങ്ങള്‍ ലയിപ്പിച്ച മറ്റൊരു ആഷിക് അബു ടച്ച്.

നാടക, സിനിമാ അഭിനയങ്ങളെ വേര്‍തിരിക്കാനാവാത്ത ഒരു കാലത്താണ് വിന്‍സെന്റ് ഭാര്‍ഗവീനിലയം ഒരുക്കിയത്. അതിനാല്‍ അന്നത്തെ അഭിനേതാക്കളുടെ അഭിനയം നാടകീയത കലര്‍ന്നതുമായിരിക്കും. എന്നാല്‍, കാലങ്ങള്‍ക്കിപ്പുറം നാടകീയ അഭിനയം റിയലിസ്റ്റിക് അഭിനയത്തിലേക്ക് വഴിമാറിയപ്പോള്‍ നീലവെളിച്ചത്തില്‍ ടോവിനോ തോമസും റിമ കല്ലിങ്കലും റോഷന്‍ മാത്യുവും അഭിനയിക്കുകയായിരുന്നില്ല. മറിച്ച്, ബഷീറിന്റെ വരികള്‍ക്ക് ജീവന്‍ നല്‍കുകയായിരുന്നു.


പ്രേത ഭാവത്തെക്കാള്‍ ഉപരി പ്രണയ ഭാവമാണ് ഭാര്‍ഗവിക്ക് നീലവെളിച്ചത്തില്‍. സാഹിത്യകാരനായുള്ള ടോവിനോയുടെ രൂപമാറ്റം കയ്യടി അര്‍ഹിക്കുന്നതാണ്. ചിന്തയിലും നടപ്പിലും നോട്ടത്തിലും എല്ലാം അയാള്‍ക്കൊരു ബഷീറിയന്‍ ടച്ച് സിനിമയിലുടനീളം നിലനിര്‍ത്താന്‍ സാധിച്ചു. ഭയം എന്ന ഭാവത്തിനാണ് മധു കൂടുതല്‍ പ്രാധാന്യം കൊടുത്തതെങ്കില്‍ ഭാര്‍ഗവിയും സാഹിത്യകാരനും തമ്മിലുള്ള അനിര്‍വചനീയ സ്‌നേഹത്തിന്റെ ഭാവമാണ് ടോവിനോയില്‍.

'എല്ലാ ഹൃദയത്തിലുമുണ്ടാകും പ്രണയത്തിന്റെ ശവകുടീരം, എല്ലാ ഹൃദയത്തിലുമുണ്ടാകും പ്രണയത്തിന്റെ ശ്മശാനം' അങ്ങനെ പ്രണയത്തിന്റെ വിശാലമായ അര്‍ഥ വിന്യാസങ്ങളെ ഓരോ വരിയിലും ബഷീര്‍ കോറിയിടുന്നുണ്ട്. ഭാര്‍ഗവിക്കുട്ടിയെന്ന് ടോവിനോ വിളിക്കുമ്പോള്‍ ആ സ്‌നേഹം പ്രേക്ഷകരിലേക്കും ഒഴുകു ന്നുണ്ടായിരുന്നു. അങ്ങനെ ഭാര്‍ഗവിയോടുള്ള സ്‌നേഹവും ബഹുമാനവും കൂടുതലായി പകരാന്‍ ഭാര്‍ഗവീനിലയത്തിനേക്കാള്‍ നീലവെളിച്ചത്തിന് സാധിച്ചുവെന്ന് തോന്നിപ്പോയി.

ഭാര്‍ഗവിക്ക് മറ്റൊരു മുഖവും ഇനി അഭികാമ്യമല്ലെന്ന് തോന്നിപ്പിക്കും വിധമാണ് റിമയുടെ കാസ്റ്റിങ്. നിസ്സഹായമായ പ്രണയ നൈരാശ്യത്തിന്റെ ഭാവം പകര്‍ന്ന് ഭാര്‍ഗവിയെ തന്റെ കണ്ണുകളിലൂടെ പ്രേക്ഷക മനസ്സില്‍ റിമ പുനഃപ്രതിഷ്ഠിച്ചു. പി ഭാസ്‌കരനും ബാബുരാജും ചേര്‍ന്നൊരുക്കിയ ഭാര്‍ഗവീനിലയത്തിലെ ഗാനങ്ങള്‍ ബിജിപാല്‍ പുനരാവിഷ്‌കരിച്ചത് കാതുകളില്‍ പഴയ കാലത്തിന്റെ ഓര്‍മ പുതുക്കലായി. ഷഹബാസ് അമന്റെയും ചിത്രയുടെയും ആലാപനത്തിലൂടെ സ്വത്വം ചോരാതെ പഴയ പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കി. നിറങ്ങളാല്‍ പകര്‍ത്തിയ കവിത പോലെ അതിഭാവുകങ്ങള്‍ തൊട്ടുതീണ്ടാതെ കാഴ്ചക്കാരന്റെ ഹൃദയം കവരും വിധമാണ് ഓരോ ഫ്രെയിമും സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.


ബഷീറിനെ മറക്കാതിരിക്കാന്‍ വീണ്ടും വീണ്ടും ഓര്‍ക്കാന്‍ പുതിയ നീലവെളിച്ചം അത്യന്താപേക്ഷികമാണ്. തൊണ്ണൂറുകളില്‍ പോലും ഭാര്‍ഗവീനിലയം കാണാത്ത എത്രയോ പേരുണ്ടെന്നിരിക്കെ ഈ തലമുറയില്‍ ബഷീറിന് നല്‍കാവുന്ന ഏറ്റവും വലിയ ട്രിബ്യൂട്ടാണ് ആഷിക് അബുവിന്റെ നീല വെളിച്ചം.

TAGS :