Quantcast
MediaOne Logo

പുളിയിലക്കരപുടവ വേണോ നീലപൊന്‍മാനെ!

നോവല്‍ ദൃശ്യത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ ചോര്‍ന്നുപോയത് വത്സല എന്ന എഴുത്തുകാരിയുടെ സ്വയം നിര്‍ണയനശേഷിയുള്ള സ്ത്രീലോകങ്ങള്‍ കൂടിയാണ്.

പുളിയിലക്കരപുടവ വേണോ നീലപൊന്‍മാനെ!
X

ആദിവാസി ജീവിതം പ്രമേയമാകുമ്പോഴും മധ്യവര്‍ഗ ആഭിജാത്യത്തിന്റെ അളവുകോലുകളിലാണ് പി. വത്സലയുടെ നെല്ല് എന്ന നോവല്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. നെല്ല് സിനിമയില്‍ ഈ വരേണ്യയുക്തിക്ക് മേലെ രാഘവന്‍ നായര്‍ എന്ന പുരുഷാധികാരിയുടെ ബലങ്ങള്‍ കൂടി ആഖ്യാനത്തില്‍ പ്രയോഗിക്കപ്പെടുന്നു. നോവലില്‍ മുഖ്യമായി അവതരിപ്പിക്കുന്ന മാരയുടെയും മല്ലന്റെയും പ്രണയോന്മുഖമായ ആത്മകഥയ്ക്ക് പകരം മൂന്നാം അധ്യായത്തില്‍ മാത്രം നോവലിലേക്ക് കയറിവരുന്ന രാഘവന്‍ നായര്‍ എന്ന കുലീനകഥാപാത്രത്തിന് നെടുനായകത്വം നല്‍കാനാണ് രാമുകാര്യാട്ട് സിനിമയിലുടനീളം ശ്രമിക്കുന്നത്.

രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ ആത്മപരിസരത്തിലൂടെയുള്ള യാത്രയില്‍ ഊന്നിയാണ് രാമു കാര്യാട്ട് ചലച്ചിത്രത്തിന്റെ പ്രമേയത്തെ വിശദമാക്കാന്‍ തുനിഞ്ഞിട്ടുള്ളത്. അമ്മയുടെ പിണ്ഡം ഒഴുക്കാന്‍ നാട്ടില്‍ നിന്നും കാട്ടിലേക്കുള്ള രാഘവന്‍ നായര്‍ എന്ന തീര്‍ത്ഥാടകന്റെ പ്രവേശമാണ് ചിത്രത്തില്‍ ആദ്യം തെളിയുന്നത്. രാഘവന്‍ നായരുടെ വരവ് ആദിവാസികള്‍ക്കിടയില്‍ ആധുനികതയുടെ പരിഷ്‌കാരം കൊണ്ട് വരുന്നു. നോവലില്‍ നിന്നും സംവിധായകന്‍ തിരഞ്ഞെടുത്ത ദൃശ്യഘടകങ്ങള്‍ രാഘവന്‍ നായരുടെ രക്ഷാകര്‍തൃപുരുഷനില പ്രതിഫലിക്കുന്ന ഭാഗങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ടാണെന്നു പറയാം.

നോവലില്‍ പരാമര്‍ശിക്കുന്ന രണ്ട് സ്ത്രീകാമനകള്‍ക്കും ചലച്ചിത്രം വിലകല്‍പിക്കുന്നില്ല. ഏകപക്ഷീയമായി പുരുഷന്‍ അനുവദിച്ചു തീര്‍പ്പാക്കേണ്ട ഒന്നാണ് സ്ത്രീകാമന എന്ന് ചിത്രം സ്ഥാപിക്കുകയും ചെയ്യുന്നു. എല്ലാ സ്ത്രീ ഏകാന്തതാകാഴ്ചകളും ഇതേ സ്വഭാവം പിന്തുടരുന്നു.

''... ഒരിക്കല്‍ ചുവന്നതായിരുന്ന, കറുത്തുപോയ, പുതപ്പിന്റെ അറ്റം കഴുത്തിലൂടെ വലിച്ചുകയറ്റി. കൊടും തണുപ്പ് ! പാദങ്ങളെ കടിച്ചു കാര്‍ന്ന് തിന്നട്ടെ ഒരു മണി ഇന്നവന് കൊടുക്കരുത് മല്ലനെ തോല്‍പ്പിക്കാന്‍ ഒരു പന്നിയും ഇന്ന് വരില്ല ...'

കാവല്‍ കിടക്കുന്ന മല്ലന്റെ ദീര്‍ഘകാലമായുള്ള തൊഴിലിനോടുള്ള അര്‍പ്പണബോധം തെളിയുന്ന ആത്മഗതത്തില്‍ ഊന്നിയാണ് നോവല്‍ തുടങ്ങുന്നത്. ഈ ആത്മസഞ്ചാരം മല്ലന്റെ വ്യക്തി ചരിത്രം മാത്രമല്ല ഒരു ജനതയുടെ രക്തചരിത്രവും ആത്മകഥയും കൂടിയാണ്.നോവലിസ്റ്റ് ഇത്തരം ഒരു കഥ ആഖ്യാനം ചെയ്യുന്നതിലൂടെ തിരുനെല്ലിയുടെ ഉടമ-അടിമ ബന്ധത്തിന്റെ ഇതിവൃത്തം അവതരിപ്പിക്കുന്നു. എന്നാല്‍, സിനിമയില്‍ മല്ലനു പകരം രാഘവന്‍ നായരുടെ ജീവിതമാണ് തിടം വയ്ക്കുന്നത്. നോവലില്‍ രാഘവന്‍ നായരെക്കുറിച്ചു പരാമര്‍ശിച്ചു തുടങ്ങുന്നത് തന്നെ മൂന്നാം അധ്യായത്തിലാണ്.


നോവലില്‍ സാവിത്രിവാരസ്യാരുടെ ഏകാന്തത ഭയത്തിന്റെയും ശങ്കകളുടെയും ആണ്.

''അമ്പലത്തില്‍ കിഴക്കേ നടയിറങ്ങി. വാരസ്യാരുടെ കണ്‍കളില്‍ അവര്‍ണ്ണനീയമായ ആശങ്ക പതിയിരുന്നു. മാനന്തവാടിയില്‍ ചെല്ലുമ്പോള്‍ നാടിന്റെ മുഖം കാണുമ്പോള്‍, താഴ്വാരത്തുനിന്നു വരുന്നവരുടെ ഗന്ധം ശ്വസിക്കുമ്പോള്‍, താന്‍ എല്ലാം ഇട്ടെറിഞ്ഞു വന്നപടി തിരിച്ചുനോക്കിക്കളയുമെന്ന് അവര്‍ ശങ്കിക്കുന്നോ? അതോ, പുലയന്‍കൊല്ലിയില്‍ വെച്ച് ആന പിടിച്ചുകളയുമെന്നോ '' എന്നാല്‍, മാരയുടെ ഏകാന്തതകള്‍ അവള്‍ക്കുമാത്രമായുള്ള ആനന്ദങ്ങളിലേക്ക് പരിവര്‍ത്തനപ്പെടുത്തിയ ഒന്നാണ് താനും.

''മാര അമ്പലകുന്നുകളത്തിലെ മുറ്റക്കാരിയായി. മലനിരകളില്‍ മഞ്ഞിന്റെ ഈറന്‍മാറും മുമ്പ് അവള്‍ വരും. കളത്തിലുള്ളവര്‍ എഴുന്നേല്‍ക്കും മുമ്പ് അവളുടെ മുറ്റമടിക്കല്‍ കഴിയും. മുറ്റത്ത് വളകിലുക്കം കേട്ടുണരുന്ന വീട്ടുകാരിക്ക് നിറഞ്ഞ തൃപ്തി. ഉച്ചതിരിഞ്ഞാല്‍ വിശ്രമം. വയല്‍ചെളിയുടെ നിറം ക്രമേണ കുറഞ്ഞു തുടങ്ങിയ ഉടപുടവ. കുളിക്കാനും മുടിചീകാനും കറുത്ത ചാന്തുപൊട്ട് തൊടാനും തൈരുകലക്കാനും അവര്‍ ധാരാളം സമയമെടുത്തു. പറമ്പില്‍, കുറ്റിയില്‍ കെട്ടിയിട്ട പശുക്കിടാങ്ങളുടെ അമറല്‍ പോലെ, മാരയുടെ വളകിലുക്കം അമ്പലക്കുന്നത്തെ അന്തരീക്ഷത്തിന്റെ ഭാഗമായി. അവള്‍ എപ്പോള്‍ വരുന്നു, പോകുന്നു എന്നൊന്നും ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കേണ്ടിവന്നില്ല. അവളതിനിടകൊടുത്തുമില്ല'

നോവലില്‍ പരാമര്‍ശിക്കുന്ന ഈ രണ്ട് സ്ത്രീകാമനകള്‍ക്കും ചലച്ചിത്രം വിലകല്‍പിക്കുന്നില്ല. ഏകപക്ഷീയമായി പുരുഷന്‍ അനുവദിച്ചു തീര്‍പ്പാക്കേണ്ട ഒന്നാണ് സ്ത്രീകാമന എന്ന് ചിത്രം സ്ഥാപിക്കുകയും ചെയ്യുന്നു. എല്ലാ സ്ത്രീ ഏകാന്തതാകാഴ്ചകളും ഇതേ സ്വഭാവം പിന്തുടരുന്നു. മല്ലനെ വശീകരിക്കാന്‍ ഏറുമാടത്തിലേക്ക് വരുന്ന കുറുമാട്ടിയെ നോക്കുക. മല്ലന്റെ ഏകാന്തതയുടെ വിശാല (Wide) ഷോട്ടിലേക്ക് അവള്‍ കയറി വരുന്നത് മല്ലന്റെ വിശാല മനസ്സില്‍ ഒരിടം തേടി കൂടിയാണ്.

നോവലില്‍ വാരസ്യാര്‍ക്ക് അകമേ നിന്നും പുറത്തേക്ക് നോട്ടങ്ങളുണ്ട്.

''എന്തൊരു മഴ! സന്ധ്യക്ക് തുടങ്ങി പുലരുംവരെ തുടര്‍ന്ന്, കാര്‍മേഘങ്ങള്‍ കൂട്ടത്തോടെ ആകാശത്തു മദിച്ചുനടന്നു. കുന്നുകളുടെയും മരനിരകളുടെയും വയലുകളുടെയും മുഖങ്ങള്‍ കറുത്തു. ബ്രഹ്മഗിരിയുടെ ഉച്ചിയില്‍ കാവല്‍ നിന്നിരുന്ന ഒറ്റപ്പെട്ട വൃക്ഷങ്ങള്‍ രാക്ഷസാകാരം പൂണ്ടു. കാറ്റിന്റെ ബന്ധനങ്ങള്‍ പൊട്ടിത്തെറിച്ചു. അവ കാര്‍മേഘങ്ങളെ അടിച്ചുതരിപ്പണമാക്കി. വാരിയെറിയപ്പെട്ട ചാരക്കല്ല് പോലെ, മഞ്ഞുകട്ടകള്‍ ചിതറിത്തെറിച്ചു. പൂവിട്ടുതുടങ്ങിയിരുന്ന വെള്ളരിയും മത്തനും കുമ്പളവള്ളികളുമെല്ലാം അമ്പേ തകര്‍ന്നു. മൂന്നുമാസത്തേക്കിനി കൂട്ടാന്‍വയ്ക്കാന്‍ നോക്കേണ്ട. വാരസ്യാര്‍ അടുക്കളയില്‍ നിന്നും പിറുപിറുത്തു. ഇതാണ് വയനാടിന്റെ ഗതി. കായ്കറികളുടെ കഴുത്ത് ഒന്ന് നീളുമ്പോഴേക്കും വരും ഓരോ മഴ! ആലിപ്പഴം വീണു സര്‍വ്വതും മണ്ണടിയും അല്ലെങ്കില്‍ നശിച്ച കാറ്റ്! ഒറ്റ വാഴത്തൈ ശേഷിക്കില്ല.''

ദൃശ്യ ശബ്ദ പഥത്തിലെ തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ജാത്യാധികാരമാണ് ഇവിടെ തെളിയുന്നത്. നോവല്‍ ദൃശ്യത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ ചോര്‍ന്നുപോയത് വത്സല എന്ന എഴുത്തുകാരിയുടെ സ്വയം നിര്‍ണയനശേഷിയുള്ള സ്ത്രീലോകങ്ങള്‍ കൂടിയാണ്.

ഉള്ളിനെ പുറത്തു നിര്‍ത്തുന്ന തികച്ചും മനുഷ്യകേന്ദ്രീകൃതമായ ആധുനികതയുടെ നോട്ടമാണ് ഇത്. ഈ നോട്ടത്തിന്റെ സാധൂകരണമെന്ന നിലയില്‍ വാരസ്യാരുടെ വീട്ടില്‍ വന്നും പോയുമിരിക്കുന്ന അടിയാള പറ്റങ്ങളെ രാമു കാര്യാട്ട് ചലച്ചിത്രത്തിന്റെ പ്രയോഗിക യുക്തിയില്‍ അവതരിപ്പിച്ചു. അകമേ നിന്നും പുറത്തേക്കു നോക്കുന്ന വാരസ്യരെ സജഷന്‍ (suggesion) ആയിട്ടുള്ള ഷോട്ടുകളിലൂടെയാണ് കാണിക്കുന്നത്. ഇങ്ങനെ ഷോട്ടിന് വിശാലതയുണ്ടെങ്കിലും കെട്ടിയിടപ്പെട്ട ഒരു വീട്ടമ്മ എന്ന പരിവേഷം തന്നെയാണ് വാരസ്യാര്‍ക്കുള്ളത്.

ചെമ്പാ.. ചെമ്പാ എന്ന വായ്ത്താരിയോടെ തുടങ്ങുന്ന പാട്ട് കൃഷിയുമായി ബന്ധപ്പെട്ട അനുഭവമാണ് ചിത്രീകരിക്കുന്നത്. എന്നാല്‍, വിളവെടുപ്പ്, കൊയ്ത്തു, നടീല്‍ എന്നിവയ്ക്ക് പകരം വിളവിനു കാവല്‍ നില്‍ക്കുന്ന കൃഷിക്കാരുടെ അധികം ചചലനസ്വാതന്ത്ര്യമില്ലാത്ത ഫ്രെയിമുകളായാണ് ഗാനത്തില്‍ നിറയുന്നത്. നിയന്ത്രിതശരീരിയായി മണ്ണില്‍ പണിയെടുക്കുന്ന പണിയാളരെ ക്യാമറ നിര്‍ണയിക്കുന്നു. അല്‍പമാത്രമായ ആഘോഷങ്ങളില്‍ ഒരു ഫ്രെയിമില്‍ പോലും ആദിവാസി സ്ത്രീകളെ കാഴ്ചപ്പെടുത്തുന്നില്ല. ആദിവാസി സമൂഹത്തിന്റെ വിശ്രമവേളകള്‍ പോലും അപഹരിച്ചെടുത്തുകൊണ്ടുള്ള പാട്ട് കാഴ്ച ശ്രേണിബദ്ധമായ ക്യാമറയുടെ നില്‍പ് ദൃശ്യപ്പെടുത്തുന്നു. അതേ പാട്ടില്‍ രാഘവന്‍ നായര്‍ തന്റെ വിശ്രമവേളകള്‍ ഏകാന്തമായി വായനയില്‍ പൂഴ്ത്തുന്നത് ചിത്രീകരിക്കുന്നു. ആദിവാസി സ്ത്രീകള്‍ ദൃശ്യപ്പെടുന്നില്ലെങ്കിലും വാരസ്യാരുടെ ഏകാന്തതയ്ക്ക് സ്‌ക്രീന്‍ സമയം അനുവദിക്കപ്പെടുന്നുണ്ട്.


നായകനെ പ്രണയത്താല്‍ വശീകരിക്കുന്ന ഭോഗനില എന്ന മലയാളഗാന ചിത്രീകരണസങ്കല്‍പം തന്നെയാണ് നെല്ലിലെ ''നീലപൊന്മാനേ..'' എന്ന ഗാനചിത്രീകരണത്തിലും കാണാന്‍ സാധിക്കുന്നത്. മാരയ്ക്കും കുറുമാട്ടിയെ പോലെ പ്രലോഭനത്തിന്റെ ശരീരഭാഷ തന്നെയാണ് പ്രകടിപ്പിക്കേണ്ടി വരുന്നത്. ആദിവാസി ഗാനത്തിന്റെ ആഴം ചേരുന്ന പദാവലികളൊന്നും പാട്ടിലില്ല. ''വെള്ളി വെയിലു നെയ്ത പുടവ വേണോ.. പുളിയിലക്കര പുടവ വേണോ..''എന്നൊക്കെ നായികയോട് നായകന്‍ ചോദിക്കുന്നത് നോക്കുക. ഈ അഭിലാഷങ്ങളും കാമനകളും ഒരു ആദിവാസി യുവാവിന്റെ കാമനയുടെ പൂര്‍ത്തീകരണമല്ല. ദൃശ്യ ശബ്ദ പഥത്തിലെ തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ജാത്യാധികാരമാണ് ഇവിടെ തെളിയുന്നത്. നോവല്‍ ദൃശ്യത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ ചോര്‍ന്നുപോയത് വത്സല എന്ന എഴുത്തുകാരിയുടെ സ്വയം നിര്‍ണയനശേഷിയുള്ള സ്ത്രീലോകങ്ങള്‍ കൂടിയാണ്.

(ലേഖകന്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷകനാണ് )

TAGS :