Quantcast
MediaOne Logo

ശ്യാം സോര്‍ബ

Published: 16 Feb 2024 10:50 AM GMT

മാമോയും മാളുവും അവരുടെ ജീവബിന്ദുവും പടുത്തുയര്‍ത്തിയ 'പാപ്പിസോറ'

അന്താരാഷ്ട്ര നാടകോത്സവത്തില്‍ അരങ്ങേറിയ മലയാള നാടകം 'പാപ്പിസോറ'യുടെ കാഴ്ചാനുഭവം. | Itfok

പാപ്പിസോറ, പാപ്പിസോറൈ, പാപ്പിസോറെ
X

പണ്ടു പണ്ട്, ഓന്തുകള്‍ക്കും മുമ്പ്, ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അതില്‍ നിന്ന് എലിയും പൂച്ചയും പൂമ്പാറ്റകളും കിളികളും പൂക്കളും മരങ്ങളും മാമോയും മാളുവും ഒക്കെ വന്നു. ത്രിശൂര്‍ക്കാരന്‍ മാമോയും ആലപ്പുഴക്കാരി മാളുവും നാടകം കളിച്ചു കളിച്ചു, പ്രണയിച്ച്, പ്രണയിച്ച്, വീണ്ടും നാടകം കളിച്ചു കളിച്ചു ദാ, പാപ്പിസോറ ഉണ്ടായി...

പറഞ്ഞുവന്നത് ഒരു നാടകത്തെ പറ്റിയാണ്. തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ അരങ്ങേറിയ മലയാള നാടകം പാപ്പിസോറ. കോഗ്‌നിസന്‍സ് പപ്പറ്റ് തിയേറ്റര്‍ ഒരുക്കിയ ലൂടെ അലിയാര്‍ സംവിധാനം ചെയ്ത് സനോജ് മാമോയും മാളുവും അവരുടെ ജീവബിന്ദുവും ചേര്‍ന്ന് അരങ്ങില്‍ എത്തിച്ച പാപ്പിസോറ. മാമോയും മാളുവും മാത്രമല്ല, ലൈവ് സംഗീതവുമായി നാരായണനും ഹരിയും ശരത്തും പിന്നെ കൊറേ പാവകളും.

അങ്ങനെ അവര്‍ ഒരു കഫെ തുടങ്ങി, മരമുകളില്‍, മരക്കൊമ്പില്‍, കിളിക്കൂട് പോലൊരു കഫെ; പാപ്പിസോറെ. ഈ ഭൂലോകത്തെ സകല ജീവികള്‍ക്കും പാപ്പി കാപ്പി കുടിക്കാം. പാപ്പിസോറ നിലനില്‍പ്പിന്റെ, ഒരുമയുടെ, നാടകമാണ്.


നക്ഷത്രങ്ങള്‍ നല്‍കിയ ഊര്‍ജ്ജത്തില്‍ അവര്‍ പടുത്തുയര്‍ത്തിയ പാപ്പിസോറെ, ഇടയില്‍ വീണുപോയ മാമോ, 'നമുക്ക് ഒന്നേ നിന്ന് തുടങ്ങാടോ' എന്നുള്ള ഊര്‍ജ്ജം. മാമോ മാളുവിനും മാളു മാമോയ്ക്കും കൈപ്പിടിക്കാന്‍ ഇടം കൊടുക്കുന്ന കാലമത്രയും അതിങ്ങനെ തിളങ്ങി നില്‍ക്കും. കൂടെ നില്‍ക്കുക എന്നതാണ് പ്രധാനം. കൂടെയുണ്ടാവുക എന്നതും. ഇത് മാമോയുടെയും മാളുവിന്റെയും മാത്രം കഥയല്ലായിരുന്നു. നാടകം കാണാന്‍ കൂടിയ നൂറ് കണക്കിന് മനുഷ്യരുടെ കൂടെ കഥയായിരുന്നു.

നാടകത്തില്‍ അല്ലായിരുന്നു ക്ലൈമാക്‌സ്. അത് അവിടെ വന്നെത്തിയ ഓരോ മനുഷ്യന്റെയും ഉള്ളില്‍ ആയിരുന്നു. അവന് വേണ്ട ക്ലൈമാക്‌സ് അവനവന്‍ വരയ്ക്കട്ടെ. പാവയും മനുഷ്യരും ചിത്രവും പാട്ടും ഭക്ഷണവും കലയും നിറങ്ങളും സംഗീതവും പറച്ചിലും മാമോയും മാളുവും അവരുടെ ജീവബിന്ദുവും ചേര്‍ന്ന് ഒരുക്കിയ പാപ്പിസോറെ. ദിവസങ്ങള്‍ക്കു അപ്പുറത്ത് ഒരാള്‍ കൂടെ അരങ്ങിലേക്ക് വരാന്‍ ഇരിക്കുന്നു. (എട്ട് മാസം ഗര്‍ഭിണിയാണ് മാളു) നാടകം വീണ്ടും വളരാന്‍ പോകുന്നു. മറ്റൊരു പുതിയ ക്ലൈമാക്‌സ് രചിക്കാന്‍ വീണ്ടും കാണാം എന്ന പാപ്പിസോറ.

കൂടെ നില്‍ക്കാന്‍ ഒരുപാട് പേരുണ്ടാകും. വീഴുമ്പോള്‍ കൈപിടിക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ അതിലും മേലെ മറ്റെന്തു വേണം. നക്ഷത്രങ്ങളെയും പൂമ്പാറ്റകളെയും സകല ചരാചരങ്ങളെയും സാക്ഷിയാക്കി നമുക്ക് ഉദ്ഘാടനം ചെയ്യാം - 'പാപ്പിസോറ'.

TAGS :