Quantcast
MediaOne Logo

അനൂപ് കെ.എസ്

Published: 26 Feb 2024 11:22 AM GMT

ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി

| കവിത

ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി
X

തണ്ടന്മാരായ അഞ്ച് ആങ്ങളമാര്‍ക്ക്

ഒറ്റ പെങ്ങളാണ്,

'പെണ്ണ് '.

നാട്ടില്, പെണ്ണിന്റെ ശെരിക്കുള്ള പേരറിയുന്നോര്

വളരെ ചുരുക്കം.

ഇവന്മാര് ഒറ്റക്കും കൂട്ടായും ഉണ്ടാക്കിയ

പാതി ഇടിയുടെ കഥ, പെണ്ണാണ്.

പൊന്നുപെങ്ങള്

ആളാം വീതം ഒരു ദിവസം

നാല് കട്ടന് വരെ വെള്ളം തിളപ്പിക്കും -

വെള്ളം കട്ടനാവുങ്കിലും

ഡയനിംഗ് ടേബിളിലും എറേത്തും കയ്യാലയിലൊക്കെയിരുന്ന്

അത് തണുക്കും.

പിന്നെയും ചൂടാകും

അത് എണ്ണത്തികൊള്ളിക്കാറില്ല.

ഒരു മരിയാതയുമില്ലാത്ത ഇങ്ങനൊരു സാധനം.

തറുതല!

എന്തേലും പറഞ്ഞാ കേട്ടഭാവമില്ല...

കാന്താരി!

എങ്ങാണ്ടും കിടന്ന പെഴച്ചവള്

നിഷേധി!

എന്നാ നെഗളിപ്പാ,

അസത്ത് !

ഇതിങ്ങനെ പശ്ചാത്തലത്തില്‍ മുഴങ്ങുമ്പോളും

പെണ്ണ്

മുടി വാരിയൊതുക്കാന്‍ നിക്കാതെ കടേല്‍ പോകും

നാലാളു കൂടണ പരുപാടിക്കൊക്കെ തുള്ളും, കൂകും

കിട്ടണ വണ്ടില് ലിഫ്റ്റടിച്ച് വീട്ടി വരും

വേണ്ടത് ചെയ്യും,

എവിടേം അരികും മൂലേം നോക്കത്തില്ല.

അങ്ങനൊരു പകല്

തിടമ്പുകെട്ടി

ചവച്ച്

ആടിയാടി

റോഡ് മുറിക്കുമ്പോ കെ.എസ്.ആര്‍.റ്റി.സി വന്നു മുട്ടി-

പെണ്ണ് സ്‌പോട്ടില്‍ ചത്തു.

പന്തലില്, കട്ടനും പഴവും തിന്നുനിന്നയാരും

കരഞ്ഞില്ല-

നല്ലത് പറഞ്ഞ് കുഴിച്ചിട്ടു.

പെല കഴിഞ്ഞപ്പോ ആങ്ങളമാര്-

പറമ്പ് അഞ്ചായി വെട്ടി.

ആളാം വീതം പെണ്ണുങ്ങള് വീട്ടി വന്നു.

പെണ്ണ് കെട്ടാത്തവര്‍

ബിഗ് മില്യണ്‍ സെയിലിന്

ടീ-മേക്കറിനും കുക്കറിനും വാഷിങ് മെഷീനും

ക്യാഷ് ഓണ്‍ ഡെലിവറി കൊടുത്തു.


TAGS :