Quantcast
MediaOne Logo

ആരിഫ അവുതല്‍

Published: 17 March 2024 8:48 AM GMT

ഇരുണ്ടകാലത്തെ വെളിച്ചത്തിന് ഒരു നരച്ച കവിത

| കവിത

മലയാള കവിത
X

അത്രമാത്രം പ്രണയം എഴുതിയ പേനത്തുമ്പാണ്,

കവിതയുടെ ആത്മരതിയില്‍ മതിമറന്ന എനിക്കെങ്ങനെയാണ് പ്രണയമറ്റുപോകുക?

നിലാവിലുറങ്ങാതെയും ശരത്കാലമൊടുങ്ങാതെയും പനിക്കുമ്പോള്‍ തൊട്ടുകൂട്ടാനും

കൂട്ടിവെച്ച പ്രണയങ്ങളൊക്കെ കെട്ടുപോയി!

ആത്മാവ് നരച്ചുപോകാന്‍ മാത്രമെന്തുണ്ടായി?

ഇനിയെന്തുണ്ടാവാനാണ്!

അല്ലെങ്കിലും നരച്ചകാലത്തെങ്ങനെ വര്‍ണ്ണങ്ങളെഴുതും?

ചോപ്പെഴുതി നോക്കി,

ചുണ്ടിലെ ചോപ്പും വെറ്റിലചോപ്പും

കട്ടപ്പിടിച്ചൂറിയ ചോരയായി.

മഞ്ഞയെഴുതി നോക്കി

ഇലയുടെ മഞ്ഞ,

പൂവിന്റെ മഞ്ഞ

അതോ ചത്തുമലച്ച മതേതരത്വമായി,

ഇലകൊഴിയാനില്ലാത്ത ശിശിരം,

മഞ്ഞുമറന്നുപോയ ഹേമന്തം,

പോയകാലത്തിന്റെ നേരിന്റെ

തേച്ചു മായ്ക്കലുകള്‍

പലതുമെത്തിനോക്കി,

ചന്ദനം, ചന്ദ്രക്കല, വെള്ളയാടുകള്‍

ഒടുവില്‍ പേനത്തുമ്പെന്നോടുപറഞ്ഞു.

ഇനിയിപ്പോള്‍ പ്രതിരോധമാണ് കവിത!

പ്രണയലേഖനങ്ങളില്‍ പോലുമവരെ അടയളപ്പെടുത്തുക!

വിയര്‍ത്തവരുടെ, നാട്ടുനനച്ചവന്റെ, വീണുപോയവന്റെ

ഇറച്ചിയുടെ, വറ്റിന്റെ,

ചേറിന്റെ, ചേരിയുടെ ചോരയുടെ കവിത

'ഇരുണ്ടകാലത്തെ വെളിച്ചത്തിന് ഒരു നരച്ച കവിത'



TAGS :