Quantcast
MediaOne Logo

ബാല ആങ്കാരത്ത്

Published: 4 Aug 2022 1:26 PM GMT

ഉയിര്‍പ്പ്...

| കവിത

ഉയിര്‍പ്പ്...
X
Listen to this Article

എന്റെ ശിരസ്സില്‍ കുത്തുവാക്കുകളുടെ മുള്‍ക്കിരീടവും

ശരീരത്തില്‍

ചെയ്യാത്ത തെറ്റുകളുടെ ചാട്ടവാറടിപ്പാടുകളുമുണ്ട്.

കാല്‍വരിയിലേക്കെന്നപോലെ ജീവിത പ്രാരബ്ദങ്ങളുടെ

കൂറ്റന്‍ മലകയറ്റമുണ്ട്.

കുരിശു മരണത്തിലേക്കുള്ള സഹനപര്‍വ്വങ്ങള്‍

താണ്ടുമ്പോള്‍,

വിയര്‍പ്പൊപ്പാനൊരു വെള്ളത്തൂവാല

കാത്തുവച്ചവന്‍

എവിടെയോ മറഞ്ഞു.


പീലാത്തോസിനെപ്പോലെ കൈകഴുകി അകന്ന

രക്തബന്ധങ്ങളുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

ഇല്ല ... ഓര്‍മ്മകള്‍ പോലും

മുപ്പത് വെള്ളിക്കാശിന്

എന്നെ ഒറ്റുകൊടുത്തിരിക്കുന്നു.

കാലിടറുമ്പോള്‍ താങ്ങായവള്‍

മറ്റൊരു ലോകത്തിരുന്ന്

കണ്ണീര്‍ പാറ്റുന്നുണ്ടാവും.

ഇടതും വലതും

നില്‍ക്കുന്നവരില്‍

ആരാണ് നല്ലവന്‍

എന്ന ചോദ്യം

ഇരുമ്പാണി പോലെ കൈവെള്ളയില്‍ തറച്ചു.

പുറത്തു ചീറ്റിയ ചോരക്ക് നിറമില്ലായിരുന്നു.

അസ്തമിച്ച പ്രതീക്ഷപോലെ ....

എവിടെ നിന്നൊക്കെയോ

ചില തേങ്ങല്‍ച്ചീളുകള്‍

നെഞ്ചില്‍ തറച്ചു.

സങ്കടങ്ങളുടെ കുരിശു മരണത്തില്‍ നിന്ന്

മൂന്നാം നാള്‍ ഉയിര്‍ക്കില്ലെന്നുറപ്പുള്ളവരുടെ

മുറവിളികള്‍

ആത്മാവിനൊപ്പം

അലഞ്ഞു നടന്നു.





TAGS :