Quantcast
MediaOne Logo

ബഷീർ മുളിവയൽ

Published: 22 May 2023 4:14 PM GMT

നഗരത്തിന്റെ സിനിമ സ്‌കോപ്

| കവിത

നഗരത്തിന്റെ സിനിമ സ്‌കോപ്
X
Listen to this Article

തൂപ്പുകാരന്‍ തൂത്തുവാരി

വൃത്തിയാക്കുന്ന നഗരത്തില്‍

പ്രഭാതം തൂമഞ്ഞ് കുടയുമ്പോള്‍

കീറിപ്പറിഞ്ഞ രാവിനെ അഴിച്ചു മാറ്റി

പൊട്ടു തൊട്ടു,

കണ്ണെഴുതി

തിരക്കിനെ വാരിയുടുക്കുന്നു

ഞെട്ടിയുണര്‍ന്ന

നിരത്തുകള്‍

പാതിമുറിഞ്ഞ സ്വപ്നത്തിന്റെ കൂര്‍ത്ത മുനകുത്തി വിണ്ടുകീറിയ ഉറക്കം

പല്‍പ്പൊടിയിട്ട് തേച്ചു വെളുപ്പിക്കുന്നുണ്ട്

ആകാശം പുതച്ചു തെരുവില്‍ ഉറങ്ങിയുണര്‍ന്നൊരുത്തി

മേനിയില്‍ തറച്ച

വെയില്‍ മുള്ളുകള്‍ പറിച്ചെടുത്തു

മൂരി നിവര്‍ന്നു

പുതിയൊരു ദിനത്തിന്റെ വേവലാതികളെ

ചീകി ഒതുക്കുന്നു

അടച്ചിട്ട പീടികത്തിണ്ണ

പ്രഭാതപ്രാര്‍ത്ഥനയുടെ സുഗന്ധങ്ങളിലേക്ക് തുറിച്ചു നോക്കുന്നു

എച്ചില്‍ തൊട്ടിയുടെ പിറകില്‍ വീണപൊതിയില്‍ വലിച്ചെറിഞ്ഞ ദൈവത്തെ തിരയുന്നൊരു പിരാന്ത്

ഒലിച്ചിറങ്ങുന്ന നിവര്‍ത്തികേടിന്റെ വഴുവഴുപ്പിനെ തുടച്ചുമാറ്റി

പിഞ്ഞിയ ജീവിതവക്കില്‍

പൂക്കള്‍ നിരത്തി വില്പനക്ക് വെക്കുന്നുണ്ട്

കരുവാളിച്ച മാദകത്തം

കഴിഞ്ഞുപോയ ജീവിതത്തെ കത്തിച്ചാഞ്ഞു വലിച്ചു പുകയൂതുന്നു

മെലിഞൊടിഞ്ഞുപോയ പട്ടിണിക്കോലം

ഇരുട്ടില്‍ ഇഴഞ്ഞു വന്ന

കരങ്ങളുടെ ചെണ്ര്‍പ്പുകള്‍ തുടച്ചു മാറ്റി

കറുത്തരാവിനെ ഊരിയെറിഞ്ഞു

പുത്തന്‍ പ്രഭാതമുടുത്തൊരുങ്ങുന്നു

വേശ്യത്തെരുവ്

ഫസ്റ്റ് ബസ്സില്‍ വന്നിറങ്ങുന്നവരെ കാത്ത്

തിളച്ചു മറിയുന്നുണ്ട്

ഗ്രാമം വിട്ട് വന്ന പ്രവാസിയുടെ ഹൃദയസമോവര്‍

മരിച്ച ഇന്നലെകളെ നിരത്തിക്കിടത്തി

പത്രമെന്നും, വാര്‍ത്തയെന്നും

ചിലര്‍ ചവച്ചരക്കുന്നു

ഒരു ദിനത്തിന്റെ വര്‍ണ്ണപ്പകിട്ടിലേക്ക് നഗരം മേക്കപ്പിട്ട് അഭിനയിക്കാന്‍ ഒരുങ്ങി വരുമ്പോള്‍

ആക്ഷന്‍,

കട്ട് എന്ന രണ്ട് വാക്കുകള്‍കൊണ്ട്

ജീവിതം സംവിധാനിക്കാന്‍

ഇറങ്ങിയവരുടെ പരക്കം പാച്ചില്‍

ചില മുഖങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യപ്പെടുന്ന ക്യാമറകള്‍

വര്‍ണ്ണപ്പകിട്ടുള്ള സീനുകള്‍

പകര്‍ത്തി നിര്‍മ്മിച്ച

നഗരത്തിന്റെ സിനിമ സ്‌കോപ്പില്‍

സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെപ്പോലുള്ള ചില മുഖങ്ങള്‍

അവരുടെ അഭാവത്തില്‍ നഗരം അപൂര്‍ണ്ണമായ ചലച്ചിത്രം.




TAGS :