MediaOne Logo

ചിഞ്ചു റോസ

Published: 25 Oct 2022 8:18 AM GMT

ചിറകുകളുള്ള പെണ്‍കുട്ടി

| കവിത

ചിറകുകളുള്ള പെണ്‍കുട്ടി
X

പ്രിയപ്പെട്ട ചങ്ങാതി,നിന്റെ മൂന്നു കത്തുകളില്‍ രണ്ടെണ്ണം മാത്രമേ വായിച്ചുള്ളൂ, മൂന്നാമത്തേത് തുറന്നില്ല.. നിനക്കറിയാമോ? ഞങ്ങളുടെ നാട്ടില്‍ പച്ചയെന്നൊരു നിറമില്ല, അതുകൊണ്ട് തന്നെ നീ പച്ചയെന്നെഴുതുമ്പോള്‍ ഓര്‍ക്കാന്‍ മറ്റൊന്നുമില്ലാത്തത് കൊണ്ട്, ഇവിടെ ചുവന്ന...

പ്രിയപ്പെട്ട ചങ്ങാതി,

നിന്റെ മൂന്നു കത്തുകളില്‍ രണ്ടെണ്ണം മാത്രമേ വായിച്ചുള്ളൂ, മൂന്നാമത്തേത് തുറന്നില്ല..

നിനക്കറിയാമോ? ഞങ്ങളുടെ നാട്ടില്‍ പച്ചയെന്നൊരു നിറമില്ല, അതുകൊണ്ട് തന്നെ നീ പച്ചയെന്നെഴുതുമ്പോള്‍ ഓര്‍ക്കാന്‍ മറ്റൊന്നുമില്ലാത്തത് കൊണ്ട്,

ഇവിടെ ചുവന്ന ചതുരക്കട്ടപോലുള്ള ആകാശത്തിലൂടെ ഒഴുകുന്ന സുവര്‍ണനദികളെ പറ്റി ചിന്തിക്കും.

മൊത്തം പന്ത്രണ്ട് എണ്ണമാണ്, അതിലൊന്നിലാണ് ഞങ്ങളുടെ പൂര്‍വികരെ അടക്കം ചെയ്തിരിക്കുന്നത്. മറ്റൊന്നിലൂടെ ആണ് കുഞ്ഞുങ്ങള്‍ ഒഴുകി വരുന്നത്,

ആശിക്കുമ്പോള്‍ ഒക്കെ കുഞ്ഞുങ്ങളെ നല്‍കുന്ന നദിയാണത്,

നിന്റെ ആദ്യത്തെ എഴുത്തില്‍ പറഞ്ഞത് പോലെ മുലപ്പാലിന്റെ മധുരമെന്നത് എനിക്കെന്ത് കൊണ്ടാണ് രുചിക്കാത്തതെന്ന് നിനക്കിപ്പോള്‍ മനസ്സിലായോ..?


അതിരിക്കട്ടെ.! നീയന്ന് പറത്തി വിട്ട വെളിച്ചത്തിന്റെ തുണ്ട് ആകാശനദിയിലൂടെ കൃത്യമായി എന്റെ കൈകുമ്പിളില്‍ തന്നെ വീണു.

അവിടുത്തെ പോലെ തന്നെ ഇവിടെയും പ്രേമത്തില്‍ കള്ളങ്ങള്‍ ഇല്ല.

ഈ കത്ത് നിന്റെ കയ്യില്‍ കിട്ടുമോയെന്ന് ഉറപ്പില്ല.

എന്നാലും ഞാനിതു വാടിപ്പോയ ആ പഴയ പയര്‍ വള്ളിയില്ലേ..?

അന്നൊരിക്കല്‍ വയലറ്റ് പൂവിരിഞ്ഞ നേരം നീ ആകാശത്തിലേക്ക് കയറി വന്ന അതേ ആ വള്ളി,

അതിന്റെ കടയ്ക്കല്‍ തന്നെയാണ് ഞാനിതു വെയ്ക്കാന്‍ പോകുന്നത്.

അതിന് തോന്നിയാല്‍ മാത്രം പൂവിടട്ടെ,

അപ്പോള്‍ നിനക്കതു വായിക്കാമല്ലോ...!

നോക്ക്..,

ഗോളാകൃതിയിലുള്ള പച്ച നിറത്തിലുള്ള നിങ്ങളുടെ ആ കുഞ്ഞന്‍ ഗ്രഹത്തിനു ചുറ്റും

പ്രകാശ വലയം സദാ ഭ്രമണം ചെയ്യുന്നുണ്ടല്ലോ..?

അതിന്റെ ശേലില്‍ ഇവിടുത്തെ കാട്ട് പായലുകള്‍ സ്വരം പുറപ്പെടുവിക്കാറുണ്ട്.

പിന്നെ, നിന്നോടൊരു രഹസ്യം പറയാനുണ്ട്.

എനിക്ക് ലൈലാക്ക് നിറത്തിലുള്ള ചിറകുകള്‍ മുളച്ചു തുടങ്ങി,

പ്രേമത്തില്‍ ആവുമ്പോള്‍ മാത്രം അതു വിടരാറുണ്ട്,

പിന്നെ എന്റെ നഖത്തിന്റെ നിറം മാറുവാനും തുടങ്ങി.

വരാന്‍ പോകുന്ന അനേകമനേകം പ്രേമങ്ങളുടെ ഇരിപ്പിടമാണ് എന്റെ നഖപ്പാട്..!

നീയന്ന് എഴുതിയതു പോലെ നീയില്ലെങ്കിലും പൂവിടുന്ന കടും ചുവപ്പ് നിറമുള്ള,

ഏതോ ഒരു പെണ്‍കുട്ടിയുടെ പേരുള്ള ആ ചെടി ഇപ്പോഴും പൂവിടുന്നുണ്ടോ?

അതിന്റെ പേരെന്തായിരുന്നു..?

ഓര്‍മ വന്നാല്‍ എന്നോട് പറഞ്ഞു തരിക,

ഇവിടെ പൂക്കളില്ല

കള്ളിമുള്‍ ചെടികള്‍ മാത്രമേയുള്ളൂ

അതും പര്‍പ്പിള്‍ നിറത്തില്‍

അതിലൊട്ടു പൂവുമില്ല.

എങ്ങനെ പൂവിരിയും?

ഇവിടുത്തെ സ്വര്‍ണ നിറമുള്ള പ്രതലങ്ങളില്‍ വേരുപിടിക്കാത്ത വരണ്ട ചെടികള്‍ കാണുമ്പോള്‍ കണ്ണ് നിറയും.

അങ്ങകലെ GN-71

എന്ന കൊച്ചു പൊട്ട് മലകള്‍ക്കിടയില്‍ താഴുമ്പോള്‍ ഇവിടെ വെളിച്ചം വരും,

ആ വെളിച്ചത്തില്‍ സ്വര്‍ണത്തരികളുണ്ട്.

അതു കണ്ണിലും മുഖത്തും ശരീരത്തിലും വന്ന് തട്ടുമ്പോഴാണ് ഇവിടെ പുലരി ആവുന്നത്.

ആ കുഞ്ഞു തരികള്‍ ഓരോന്നും സന്ധ്യയാവുമ്പോള്‍ മുത്തുകളായി ഒഴുക്കി വിടണം..

എപ്പോഴെങ്കിലും നിനക്കതു കിട്ടിയാല്‍ എനിക്ക് തിരിച്ചെഴുതണേ...!

എന്റെയാണെന്ന് നിനക്ക് പെട്ടന്ന് തിരിച്ചറിയാന്‍ ഞാനതില്‍ എന്റെ വയലറ്റ് നിറമുള്ള നഖത്തുണ്ട് ഒട്ടിച്ചു വെച്ചിട്ടുണ്ട്.

നിനക്കതു കിട്ടുമെന്നും നീയെനിക്ക് തിരിച്ചെഴുതുമെന്നുമുള്ള പ്രതീക്ഷയില്‍..

ചിറകുകളുള്ള പെണ്‍കുട്ടി.


 

TAGS :