MediaOne Logo

ഡോ. അജയ് നാരായണന്‍

Published: 2 March 2023 3:02 AM GMT

നാല് 'എട'ക്കവിതകള്‍

| കവിത

നാല് എടക്കവിതകള്‍
X

1.

എടാ...

അവള്‍ കാതരയായി

എന്താടാ...

അവന്‍ അലിഞ്ഞൊഴുകി

അവളിലേക്ക്

അഗാധതയിലേക്ക്.

സദാചാരം

ഒച്ചയിട്ടു

പോലീസ് ലാത്തി വീശി

അവരോടി

ചക്രവാളത്തിന്റെ

അങ്ങേക്കരയിലേക്ക്.

അവിടെയത്രേ

ചോന്നപൂക്കള്‍ വിടരുന്നത്!

2.

മാഷ് വടിയെടുത്തലറി,

നീട്ടടാ കൈ...

മാഷേ, എടാ ന്ന് വിളിക്കാന്‍

പറ്റില്യ...

എന്നാ നീ മാഷേന്നും വിളിക്കാന്‍

പാടില്യ

നീട്ടഡാ കൈ...

നീണ്ടകൈകളില്‍നിന്നും

ചോന്ന താരകള്‍ തെറിച്ചുവീണു.

3.

എടാ... ചക്കരേ...

അമ്മ നീട്ടിവിളിച്ചു

അമ്മേ... ന്ന് മോന്‍ മൂളി

അമ്മയുടെ മുല ചുരന്നു

മണ്ണീന്ന് ഉറവ പൊട്ടി

മണ്ണിലൂടെയൊഴുകി

തര്‍പ്പണം...

അമ്മ ഒഴുകിയൊഴുകി

ഇല്ലാതായി.

അഴുകിയഴുകി

മോന്‍ വല്ലാണ്ടായി.

അന്തരീക്ഷമാകെ

മിന്നാമിന്നികള്‍ പാറിയലഞ്ഞു.


4.

പരീക്ഷക്കടലാസ്സില്‍

ഒരു ചോദ്യം,

ഒരാള്‍ 'എടാ' എന്നും

മറ്റൊരാള്‍ 'എടോ' എന്നും

അഭിസംബോധന ചെയ്യുന്നു.

ഇവ തമ്മിലുള്ള വ്യത്യാസം?

ചെക്കന്‍ എഴുതി,

'എടാ' ന്ന് നിരോധിച്ചു

'എടോ' ന്ന്

വിളിക്കാമായിരിക്കും

ആരെയെങ്കിലും

വിളിച്ചുനോക്കിയിട്ട്

പറയാം!

ഉത്തരക്കടലാസ്സ്

അപ്പൂപ്പന്‍താടിയായി

മോളിലോട്ടുപോയി.

...........................



TAGS :