Quantcast
MediaOne Logo

യാത്ര

| കവിത

യാത്ര
X
Listen to this Article

എന്നെയുമായി വാഹനം

മുന്നോട്ടു പോകുകയാണ്.

നാലു കാലിലും നാലുപേര്‍

മുറുകെ പിടിച്ചിട്ടുണ്ട്.

മങ്ങിയ മുഖങ്ങളും

നനഞ്ഞ കണ്ണുകളും

എന്നെ അസ്വസ്ഥനാക്കി.

പിറകിലേക്കോടുവാന്‍

കുതിച്ചു നോക്കി.

ഞാന്‍ ഉണരുന്നില്ല.

എന്നെ നോക്കിയപ്പോള്‍

തണുത്തുറഞ്ഞിരിക്കുന്നു.

'കൊണ്ടു പോകല്ലേ'

അലമുറയിട്ടു.

മൂകരും ബധിരരും

വെളുത്ത മിനാരം കണ്ടപ്പോള്‍

എന്നെ താഴെവെച്ചു.

മൈലാഞ്ചിച്ചെടികളുടെ

അഭിവാദ്യം,

എന്നെ അമ്പരപ്പിച്ചു.

താഴേക്കു പണിത വീട്ടില്‍

എന്നെ കിടത്തി.

എന്തൊരു ഞെരുക്കമാണ്.

എനിക്കു പ്രിയപ്പെട്ട മക്കള്‍

നിര്‍ദ്ദയമെന്നെ മണ്ണിട്ടു മൂടി.

നിങ്ങളെ നിങ്ങളാക്കിയ എന്നെ

മണ്ണിട്ടു മൂടുന്നോ?

നെഞ്ചു പൊട്ടിക്കരയുന്നവളെ ഓര്‍ത്തു.

എന്റെ സ്വപ്നങ്ങെള

അവര്‍ ഖബറടക്കി.

ക്ഷമയും ശുഭനിദ്രയും

ആശംസിച്ചവരുടെ

കാലൊച്ച നേര്‍ത്തുവന്നു.

തനിച്ചാക്കലില്‍ വേദനപൂണ്ട്

ഞാനാ മണ്ണിനോട് ചേര്‍ന്നു.



TAGS :