Quantcast
MediaOne Logo

പുഷ്പ ബേബി തോമസ്

Published: 28 Nov 2022 5:08 PM IST

എന്റെ മൂക്കുത്തിക്കുമുണ്ട് പറയാന്‍

| കവിത

എന്റെ മൂക്കുത്തിക്കുമുണ്ട് പറയാന്‍
X
Listen to this Article

നിന്റെ പ്രണയത്തിന്റെ നറുനിലാവും

സ്വപ്നങ്ങളുടെ പൊന്‍ വെളിച്ചവും

കൊഞ്ചലിന്റെ തേന്‍ത്തുള്ളികളും

പിണക്കങ്ങളുടെ കാര്‍മേഘങ്ങളും

വിരഹത്തിന്റെ ചെന്തീയും തട്ടിച്ചിതറുന്നത് എന്നിലല്ലേ സഖീ

നിന്റെ കാത്തിരിപ്പിന്റെ

കെടാവിളക്കായി എരിയുകയല്ലേ സഖീ ഞാന്‍

നിന്‍ വഴിത്താരയില്‍

നുണക്കുഴികളില്‍ പ്രണയം നിറച്ച്

വരുമെന്നല്ലേ സഖീ അവന്‍ നിന്നോട് ചൊല്ലിയത്

പ്രണയമഷിയെഴുതിയ

നിന്റെ മിഴികള്‍ക്ക്

എന്തു മിഴിവാണെന്റെ സഖീ


നെഞ്ചിടിപ്പിന്‍ താളം മുറുകിയപ്പോള്‍

നിന്‍ ചുവടുകള്‍ മെല്ലെയായ തെന്തേ സഖീ

കാണാനേറെ കൊതിച്ച രൂപം

നിന്‍മിഴികളില്‍ നിറയാതെ

ഒഴുകാനാവാത്ത മിഴിനീരിനാല്‍ നിറഞ്ഞത്

അറിഞ്ഞത് ഞാന്‍ മാത്രമെന്റെസഖീ

ചുട്ടുപൊള്ളിയെന്‍ മേനി

നിന്‍ ചുടുനിശ്വാസത്താല്‍ സഖീ

കാത്തിരിപ്പിനൊടുക്കം

ഏകയായി നീ മടങ്ങുമ്പോള്‍ കാതില്‍ പെയ്തുവോ

നിനക്കേറ്റം പ്രിയമുള്ള വിളി

എന്നിട്ടെന്തേ

എന്നിട്ടുമെന്തേ

മറുവിളി ചൊല്ലാനാവാതെ

തിരിഞ്ഞു നടക്കാനാവാതെ

നിന്നതെന്റെ പ്രിയ സഖീ.



TAGS :