Quantcast
MediaOne Logo

ഷിഫാന സലീം

Published: 21 Sep 2022 8:20 AM GMT

അമ്മ മണം

| കവിത

അമ്മ മണം
X
Listen to this Article

ഏറ്റവും ഒടുവിലത്തെ

വേകുന്നേര പിറ്റേന്ന്

വിളിച്ചു പറഞ്ഞ നീല

പൂക്കളെ മാത്രം

നിനക്ക് വേണ്ടിയിറുക്കന്‍

എനിക്ക് സാധിച്ചില്ല

പരിഭവമില്ലാത്ത

പുഞ്ചിരിയോടെ

നീ മരിച്ചു കിടക്കുമ്പോള്‍

പോലും ഒരു നീല ശംഖ് പുഷ്പം

എന്റെ കൈക്കുള്ളില്‍ ഞെരിഞ്ഞു

നീ വാട്ടിയ ഇലയില്‍

വിളമ്പി വെച്ച നേര്‍ച്ഛയുരുളകളില്‍

എള്ളു വിതറി ഞാനിന്ന്

കാക്കക്ക് കൊടുത്തു..

സാരല്ല വനെ ന്ന് മേലേതിലെ

ജാനുവമ്മ മാത്രം പറഞ്ഞു.

അപ്പൊ മാത്രം എനിക്ക്

അമ്മയുണ്ടായിരുന്നെങ്കിലെന്ന് തോന്നി.

നിന്റെ മുലഞെട്ടുകള്‍

എനിക്കോര്‍മ്മ വന്നു.


പെറ്റു പോന്നപ്പോള്‍ ചത്തു

പോയ നമ്മുടെ കുഞ്ഞിന്റെ

വറ്റാത്ത പാല്‍ കുടിച്ചു

ഞാനുറങ്ങിയതോര്‍മ വന്നു.

രുചിമുകുളങ്ങളില്‍ അമ്മപ്പാല്‍

വീണു ഉദ്ധരിച്ച നിമിഷമോര്‍മ വന്നു.

ആശ്വാസ വാക്കുകളില്‍

നീയൊലിച്ചു പോകാതിരിക്കാന്‍

ഞാന്‍ കാതു പൊത്തി.

എന്റെ കയ്യിലപ്പോള്‍

അമ്മിഞ്ഞക്കറ മണത്തു

നിന്നെ മണത്തു..



TAGS :