Quantcast
MediaOne Logo

സുനില്‍ മാലൂര്‍

Published: 28 Dec 2023 8:33 AM GMT

ഒട്ടിക്കുന്ന പൊട്ട് ലോഡ്ജ് മുറിയില്‍ വെച്ച് വസന്തത്തോട് ചെയ്തത്

| കവിത

കവിത, ഒട്ടിക്കുന്ന പൊട്ട് ലോഡ്ജ് മുറിയില്‍ വെച്ച് വസന്തത്തോട് ചെയ്തത്സു, നില്‍ മാലൂര്‍
X
Listen to this Article

ഒരാള്‍

ആത്മഹത്യ ചെയ്യണമെന്നുറപ്പിച്ച്

എറണാകുളം സൗത്ത്

റെയില്‍വേ സ്റ്റേഷന് സമീപമുള്ള

മുരളി ലോഡ്ജില്‍ മുറിയെടുക്കുന്നു.

ന്യൂമറോളജിയിലൊക്കെ

വിശ്വാസമുണ്ടായിരുന്ന അയാള്‍

തനിക്ക് ലഭിച്ച മുറിയുടെ നമ്പര്‍

നൂറ്റിപതിമൂന്നായതില്‍

ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച്

റൂം ബോയിക്ക് നൂറു രൂപ ടിപ്പ് കൊടുത്തു.

കതകിന് കുറ്റിയിട്ട്

പലതവണ ആഞ്ഞുവലിച്ച്

തുറന്ന് പോകില്ലെന്ന് ഉറപ്പു വരുത്തി

ഫാന്‍ മീഡിയം സ്പീഡിലിട്ട്

അരണ്ട വെളിച്ചം കൊണ്ട്

മുറിയലങ്കരിച്ചു.

ബാഗില്‍ കരുതിയിരുന്ന

ഒരു പടല ചുവന്ന പൂവന്‍പഴം,

ബോബെ മിക്‌സ്ചര്‍, പക്കാവട,

വെള്ളം, മരിക്കാനുള്ള വിഷം,

ചില്ല് കുപ്പിയിലെ ഓള്‍ഡ് മങ്ക് റം

എന്നിവ മേശപ്പുറത്ത്

ഉദാത്തമായ ഒരു ഇന്‍സ്റ്റലേഷന്‍ പോലെ

അടുക്കി വെച്ചു.

ധൈര്യത്തിന്

ആദ്യത്തെ ലാര്‍ജൊഴിച്ചു.

പക്കാവട നുണഞ്ഞു.

കട്ടിലില്‍ നീണ്ട് നിവര്‍ന്ന് കിടന്ന്

മനസിനെ ഇന്നലെകളും നാളെയും

ഇല്ലാത്തവിധം ദൃഢമാക്കി.

മരിക്കുമ്പോള്‍

ഒന്നും രണ്ടും സംഭവിക്കാതിരിക്കാന്‍

ബാത്‌റൂമില്‍ കയറാന്‍ തീരുമാനിച്ചു.

മുഖം കഴുകി അവസാനമായി

കണ്ണാടിയില്‍ നോക്കുമ്പോള്‍

അവിടെ കഴിഞ്ഞ രാത്രികളില്‍

ഈ മുറിയിലുറങ്ങിയ

പെണ്ണിന്റെ മണമുള്ളൊരു പൊട്ട്

ഒട്ടിച്ചു വെച്ചിരിക്കുന്നു.

മരിക്കാന്‍ തീരുമാനിച്ചതിന്റെ

ഉന്മാദ പ്രേരണയിലോ എന്തോ

അയാളാ പൊട്ട് അടര്‍ത്തിയെടുത്ത്

സ്വന്തം നെറ്റിയില്‍ തൊട്ടു.

കണ്ണാടിയിലെ പ്രതിബിംബം

അയാളെ നോക്കി കരഞ്ഞു.

ആ നിമിഷം

പൊട്ടിന്റെ ഉടമയായ

രുഗ്മിണി എന്ന സ്ത്രീ

അയാളെ കൈപിടിച്ച്

ബാത്‌റൂമില്‍ നിന്നും

മുറിയിലേക്ക് എത്തിച്ചു

കണ്ണൂനീര്‍ തുടച്ചു.

മുടിയില്‍ തഴുകി.

മിണ്ടലിന്റെ താക്കോല്‍ കൊണ്ട്

അയാളുടെ ഹൃദയം തുറന്നു.

അയാളവളെ പുതച്ചുറങ്ങി.

പിറ്റേ ദിവസം

അമ്പലപ്പുഴയില്‍ നിന്നും

ഹരിപ്പാട്ടേക്ക് പോകുകയായിരുന്ന

രുഗ്മിണിയെന്ന സ്ത്രീയുടെ

മുടിയിഴകളില്‍

തോട്ടപ്പള്ളി സ്പില്‍വേയില്‍ വെച്ച്

അറബിക്കടലില്‍ നിന്നും

കൂട്ടംതെറ്റി വന്നൊരു കാറ്റ്

അല്പം ആഴത്തില്‍ തഴുകി

കിഴക്കോട്ട് പാഞ്ഞു പോയി.

ആ കാറ്റിന്റെ കഷണം

നേര്യമംഗലത്ത് വെച്ച്

വെള്ളത്തൂവലിലെ

സ്വന്തം വീട്ടിലേക്ക്

പ്രൈവറ്റ് ബസില്‍ കയറി

മടങ്ങിപ്പോകുകയായിരുന്ന

ആ മരണാര്‍ത്ഥിയായ മനുഷ്യന്റെ

മുഖത്ത് തട്ടിക്കലമ്പി

മൂന്നാറ് വഴി ചുരം കടന്ന്

ബോഡി നായ്ക്കന്നൂരില്‍ വെച്ച്

മഴൈ മട്ടുമാ അഴക്

സുടും വെയില്‍ കൂടി ഒരു അഴക്

എന്ന പാട്ട് വെച്ചൊരു ബസിനുള്ളില്‍

താളംപിടിച്ച് ചുറ്റിത്തിരിഞ്ഞ്

സൈഡ് വിന്‍ഡോവഴി പുറത്തുചാടി

ചോളപ്പാടം കടന്ന്

പളനി ഭാഗത്തേക്ക് പോയി.


-

TAGS :