Quantcast
MediaOne Logo

ഇന്ദു മേനോന്‍

Published: 4 Nov 2023 7:16 AM GMT

ഒറ്റപ്പിറയില്‍ കവിയും കാമുകനും

പ്രണയം കൊണ്ട് മാത്രം എഴുതപ്പെട്ട കവിതകളാണിത്. പ്രണയത്തിന്റെ മറുചിറകും താഴ്‌വരകളും മണങ്ങളും കഞ്ചാവുതോട്ടങ്ങളും ഈ കവിതയിലുണ്ട്. പ്രണയലാവ കുലംകുത്തിയൊഴുകി പരന്നു പാറയായ് മാറിയ കഠിനപ്രേമമുണ്ട്. അതിന്റെ വിരഹങ്ങളും വേദനകളും വന്യാഹ്ലാദങ്ങളുമുണ്ട്. സുരേഷ് നാരായണന്റെ 'ആയിരം ചിറകുകളുടെ പുസ്തകം' വായന.

ഇന്ദു മേനോന്‍ എഴുതുന്നു.
X

''ഒന്ന് തിരിഞ്ഞുനോക്കി

ആ നഗ്‌നവയലിനെ

പൂന്തോട്ടമാക്കിക്കൂടെ നിനക്ക്?''

എന്ന സുരേഷ് നാരായണന്റെ കവിതാ വരിയിലൂടെ കടന്നുപോയപ്പോള്‍ എനിക്ക് പഴയ ഒരു വ്‌ലാദിമിര്‍ മയ്‌ക്കൊവ്‌സ്‌കീ കവിത ഓര്‍മ വന്നു.

'നീ മുടിയിഴ നീക്കിയ വിധം' എന്നോ മറ്റോ ആയിരുന്നു ആ കവിതയുടെ പേര്. അതിമനോഹരമായ കവിതയായിരുന്നുവത്. പ്രേമത്തിന്റെ കാന്തികസ്പര്‍ശത്താല്‍ വിറപൂണ്ടുണര്‍ന്നുനില്‍ക്കുന്നവയായിരുന്നു അതിലെ ഓരോ വരികളും. ആത്മാവില്‍ പ്രേമമുണ്ടായിരുന്ന കാലത്ത് ആ വരികളപ്പടി എനിയ്ക്ക് മനഃപാഠമായിരുന്നു. പ്രേമരഹിതമായ ജീവിതത്തിലേയ്ക്ക് അപ്രിണമിക്കപ്പെട്ട ശേഷം എനിക്കാ കവിത ഓര്‍മവന്നില്ല. പൊട്ടും പൊടിയും എവിടെയൊക്കെ മറന്നു കളഞ്ഞ വേദനിപ്പിയ്ക്കുന്ന എന്തൊക്കെയോ മുറിവു പോലെ കവിതയുടെ വരിതട്ടി മുറിപ്പെടാന്‍ എനിയ്ക്കു ആവതുണ്ടായിരുന്നില്ല. ഒരു മറവി രോഗം ബാധിച്ച വൃദ്ധയെപ്പോലെ ഞാനവയെയെല്ലാം എന്നില്‍ നിന്നും പൂര്‍ണ്ണമായി ഉപേക്ഷിച്ചു.

കാമുകി തന്റെ മുടിയുടെ വിരല്‍ത്തുമ്പ് കൊണ്ട് പതിയെ, നന്നെപ്പതിയെ കാറ്റില്‍ അലോസരപ്പെട്ട മുടിയെ തന്റെ ചെവിയ്ക്ക് പുറകിലേക്ക് നീക്കിയിടുന്ന, ഒതുക്കിയിടുന്ന ഒരു ദൃശ്യത്തെ കുറിച്ചുള്ള മനോഹരമായ ഒരു കവിത. പ്രേമകാലങ്ങളില്‍ എന്നെ ഉന്മാദിയാക്കിയിരുന്ന ആ കവിതയില്‍ അന്നുതന്നെ പക്ഷെ എത്ര ആലോചിച്ചിട്ടും ഒരാള്‍ മുടി നീക്കുമ്പോള്‍ എന്ത് ഭംഗിയാണ് കാണാന്‍ കഴിയുന്നത് എന്നെനിക്ക് മനസ്സിലായതേയില്ല. അല്ലെങ്കില്‍ ഇത്രമേല്‍ തീവ്രമായ ഒരു പ്രേമം എങ്ങനെയാണ് അനുഭവിക്കപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഞാനത് അനുഭവിച്ചിരുന്നില്ലയെന്നതായിരുന്നു വാസ്തവം. പ്രേമത്തിലായിരുന്ന ഒരുവളായിരുന്നിട്ടും, മയക്കൊസ്‌കി പറഞ്ഞ അനുഭവം എനിയ്ക്കുണ്ടായില്ല. ഏറെ നാളുകള്‍ ആ കവിത എന്നില്‍ ഒരു കണ്‍ഫ്യൂഷനാണ് ഉണ്ടാക്കിയത്.

അയാളുടെ പേര് എന്ത് എന്ന് പോലും ഞാന്‍ ആകുലപ്പെട്ടിരുന്നില്ല. അയാള്‍ എന്നില്‍ ഒരു കൗതുകവും മുന്‍കാല കാഴ്ചകളില്‍ ഉണര്‍ത്തിയിരുന്നില്ല. അയാളുടെ കവിളില്‍ തിളങ്ങുന്ന ഇരട്ട കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് അന്നാണ് ഞാന്‍ ആദ്യമായി ശ്രദ്ധിച്ചത്. അത് നന്നായി ഇരിക്കുന്നല്ലോ എന്ന് മനസ്സില്‍ വിചാരിച്ച നിമിഷം അയാള്‍ അയാളുടെ നീണ്ട വിരലുകള്‍ കൊണ്ട് കറുത്ത പട്ടുനൂല്‍ പോലെ ചിതറിക്കിടന്ന, മുടി ഇടതുഭാഗത്തുനിന്നും വലത്തേക്ക് വിരലുകള്‍ കൊണ്ട് കോതി.

ഭംഗിയുള്ളവരും സുന്ദരന്മാരും എന്നോട് പ്രേമമുള്ളവരും അല്ലെങ്കില്‍ എനിക്ക് അല്പമെങ്കിലും ഇന്‍ഫാക്‌ച്വേഷന്‍ തിരികെ തോന്നിയവരുമായ മനുഷ്യരെയെല്ലാം ഞാന്‍ സാകൂതം വീക്ഷിച്ചു. സംസാരത്തിനിടയില്‍ അവര്‍ മുടിയിഴകള്‍ നീക്കുന്നുണ്ടോ എന്ന് ഞാന്‍ പരിഭ്രാന്തിയോടെ നോക്കി. അവര്‍ മുടിയിഴകള്‍ നീക്കിയപ്പോള്‍, തഴുകിയപ്പോള്‍, ചെവിയ്ക്കുള്ളിലേയ്ക്ക് തിരികെ വെച്ച് കാറ്റിനെ പ്രതിരോധിച്ചപ്പോള്‍ ഒന്നും. എനിക്ക് ഒന്നും അനുഭവപ്പെട്ടില്ല. ഉള്ളില്‍ പ്രേമമുള്ളവളായിരുന്നിട്ടും പ്രേമത്തിന്റെ നിശൂന്യത മാത്രം എനിക്ക് വെളിവാക്കപ്പെട്ടു.

പിന്നീട് ഞാന്‍ പ്രേമത്തെ ഉപേക്ഷിച്ചു... സ്വയം ഉള്ള് കൊട്ടിയൊഴിയ്ക്കും പോലെ പ്രേമമില്ലാത്ത ഒരു ആത്മീയ ജീവിതം എന്നെ ജീവിക്കാന്‍ സഹായിച്ചു. വാസ്തവത്തില്‍ പ്രേമിക്കാന്‍ കഴിയാത്ത വിധം ആന്ധ്യം ബാധിച്ച് പോയ ഒരു ജീവിതത്തുറവിലായിരുന്നു ഞാന്‍. അപ്പോഴും ഞാനീ കവിതയെപ്പറ്റിയോര്‍ക്കാന്‍ ശ്രമിച്ചു. ഒരു തോക്കെടുത്തു തലയില്‍ വെച്ച് 'ആരെയെങ്കിലും പ്രേമിക്കുക; ഇല്ലെങ്കില്‍ നീ കൊല്ലപ്പെടും' എന്ന് പറഞ്ഞാല്‍ ഞാന്‍ എന്റെ മരണത്തെ പുല്‍കുമായിരുന്നത്ര വരണ്ട് പോയ പ്രേമ മണലാരണ്യകാലമായിരുന്നുവത്. ഏകാകിയായിരിയ്ക്കുമ്പോള്‍ പച്ചപിടിയ്ക്കുന്ന ഒരു തളിര്‍ മരമാകാന്‍ ഞാന്‍ കൊതിച്ചു. വൃഥാ മയക്കോവ്‌സ്‌കിയുടെ വരികള്‍ ഓര്‍ക്കുവാന്‍ ഞാന്‍ ശ്രമിച്ചു ശ്രമിച്ചു പരാജയപ്പെട്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ അതിസുന്ദരനായ ഒരു പുരുഷനെ കാണുകയുണ്ടായി. അസംഖ്യം പേരിരിയ്ക്കുന്ന വിരസമായ ഒരു മുറിയിലേയ്ക്ക് ഞാന്‍ കയറിവന്നു. ചുവപ്പും കറപ്പും കളം കളം സാരിയില്‍ ചെറുതെങ്കിലും ബംഗാളി ദുര്‍ഗ്ഗസമാനയായ ഒരു നോട്ടം ഉത്പാദിപ്പിച്ച് ഞാനയാളെ മിഴിച്ചു നോക്കി. അയാളും ഞാനും തമ്മില്‍ എത്രയോ തവണ കണ്ടിരുന്നു! എങ്കിലും യാതൊന്നും തന്നെ എനിക്ക് തോന്നിയിരുന്നില്ല; അയാള്‍ക്ക് സൗന്ദര്യം ഉണ്ടോ എന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. അയാളുടെ പേര് എന്ത് എന്ന് പോലും ഞാന്‍ ആകുലപ്പെട്ടിരുന്നില്ല. അയാള്‍ എന്നില്‍ ഒരു കൗതുകവും മുന്‍കാല കാഴ്ചകളില്‍ ഉണര്‍ത്തിയിരുന്നില്ല. അയാളുടെ കവിളില്‍ തിളങ്ങുന്ന ഇരട്ട കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് അന്നാണ് ഞാന്‍ ആദ്യമായി ശ്രദ്ധിച്ചത്. അത് നന്നായി ഇരിക്കുന്നല്ലോ എന്ന് മനസ്സില്‍ വിചാരിച്ച നിമിഷം അയാള്‍ അയാളുടെ നീണ്ട വിരലുകള്‍ കൊണ്ട് കറുത്ത പട്ടുനൂല്‍ പോലെ ചിതറിക്കിടന്ന, മുടി ഇടതുഭാഗത്തുനിന്നും വലത്തേക്ക് വിരലുകള്‍ കൊണ്ട് കോതി.

ഞാന്‍ സ്തബ്ദ്ധ ആയിപ്പോയി. ആ ദൃശ്യം കാണ്‍കെ എന്റെ ഹൃദയത്തില്‍ ഒരു കടല്‍ത്തിര, വേലിയേറ്റം പോലെ ഉയര്‍ന്നു; അത്രയും മനോഹരമായ ഒരു കാഴ്ചയായി എനിക്ക് അനുഭവപ്പെട്ടു. അത്രയും കൗതുകകരമായ ഒരു പ്രവര്‍ത്തിയായി എനിക്കത് അനുഭവിക്കാനായി. ഞാന്‍ കണ്ണുകള്‍ വിടര്‍ത്തി അയാളെ നോക്കി. ആ നിമിഷം അയാള്‍ എന്നെ തിരികെ തിരിച്ചു നോക്കി. ഞങ്ങള്‍ പരസ്പരം കണ്ണുകള്‍ക്ക് കോര്‍ത്തു; ആ ഒരു നിമിഷം ഞാന്‍ അയാളുമായി പ്രേമത്തില്‍ ആയിപ്പോയതായി ഞാന്‍ കണ്ടെത്തി. ഞങ്ങള്‍ തിരിഞ്ഞു നടന്നു പോകുമ്പോള്‍ ആദിമ ചോദനയില്‍ എന്നവണ്ണം ഞാന്‍ വെറുതെ അയാളെ തിരിഞ്ഞുനോക്കി.

അയാള്‍ അശരണനായ ഒരുവനെപ്പോലെ എന്നെ തുറിച്ചു നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകളില്‍ കവിത തോര്‍ന്നു. കണ്‍ചിമ്മുമ്പോള്‍ പ്രപഞ്ചത്തില്‍ പ്യൂപ്പകള്‍ പിളര്‍ന്നു പൂമ്പാറ്റകളിറങ്ങുന്നതു പോലെ തോന്നി. ഒന്ന് കൂടി തിരിഞ്ഞു നോക്കി. ഞാനൊരു പൂന്തോട്ടം പോലെ ലജ്ജലുവായതായി എനിക്ക് ആ നിമിഷം തോന്നി.

പ്രേമിക്കുമ്പോള്‍ മാത്രം മനസ്സിലാകുന്ന ഒരു ഭാഷയും വ്യവഹാരവുമുണ്ട്. അത് പ്രേമമില്ലാത്ത മനുഷ്യര്‍ക്ക് മനസ്സിലാവുകയില്ല. സുരേഷ് നാരായണന്റെ 'ആയിരം ചിറകുകളുടെ പുസ്തകം' വായിക്കാന്‍ എടുക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് അതുതന്നെയാണ്.

നിങ്ങള്‍ക്ക് പ്രേമം ഇല്ലേ? നിങ്ങള്‍ അവളുടെയോ അവന്റെയോ ഓര്‍മയില്‍ പുഴയാകുന്നില്ലേ?

പൂവാകുന്നില്ലേ?

കവിതയാകുന്നില്ലേ?

ഇല്ലയെങ്കില്‍ നിങ്ങള്‍ ഈ കവിതകള്‍ വായിക്കാതിരിക്കുക.

പ്രണയം കൊണ്ട് മാത്രം എഴുതപ്പെട്ട കവിതകളാണിത്. പ്രണയത്തിന്റെ മറുചിറകും താഴ്‌വരകളും മണങ്ങളും

കഞ്ചാവുതോട്ടങ്ങളും ഈ കവിതയിലുണ്ട്. പ്രണയലാവ കുലംകുത്തിയൊഴുകി പരന്നു പാറയായ് മാറിയ കഠിനപ്രേമമുണ്ട്. അതിന്റെ വിരഹങ്ങളും വേദനകളും വന്യാഹ്ലാദങ്ങളുമുണ്ട്.

വിചിത്രപേരുകളുള്ള രണ്ട് പ്രേമ-പച്ച മീനുകളുടെ പുളയും ജലത്തില്‍ സ്പര്‍ശിക്കുന്ന കാറ്റുകളുണ്ട്; ഓര്‍മകളുടെ കാവുണ്ട്. നാഗം മാണിക്യം തേടി നടക്കുന്നതുപോലെ പ്രലോഭിതനായ കാമുകന്‍ ഉണ്ട് .

പ്രേമം ഇല്ലായെങ്കില്‍

നിങ്ങള്‍ക്ക് പ്രേമത്തെ അറിയില്ലെങ്കില്‍ നിങ്ങള്‍ ഈ കവിതകളെ ഒരിക്കലും വായിക്കരുത്.

അത് നിങ്ങളെ വിരസനാക്കി മാറ്റും.

നിങ്ങള്‍ ചുംബനത്തെ കുറിച്ച് ആകുലപ്പെടുന്നില്ല എങ്കില്‍ നിങ്ങള്‍ ''അവളുടെ മുടിയിലെ എള്ളെണ്ണ മണത്ത് ഉന്മത്തരായ ഉറുമ്പുകള്‍ ഓരോന്നായി തുറന്നു വച്ച നോട്ടുബുക്കിലേക്ക് വീഴുന്നു'' എന്ന് അറിയുന്നില്ല എങ്കില്‍ നിങ്ങളീ കവിതകള്‍ വായിക്കരുത്.

അതു നിങ്ങളെ മുഷിപ്പിച്ചു കളയും.

പ്രേമിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു സുഗന്ധഹാരിയായ പുഷ്പം പോലെ ഇതിലെ വരികള്‍ പ്രത്യേകമായി അമ്മുവിനായി അടയാളപ്പെട്ടിരിക്കുന്നു.

''കൈപ്പുനീരിന്റെ ഒരു തടാകം നിന്റെ ഉള്ളില്‍ ഉണ്ടെന്നോ,

കണ്ണടയ്ക്കുക

കാറ്റിനു വാതില്‍ തുറന്നു കൊടുക്കുക

തടാകം അലിഞ്ഞില്ലാതാകുന്നത് അനുഭവിക്കുക''

ഈ കവിതകളുടെ മറ്റൊരു പ്രത്യേകത നാട്ടുഭാഷയുടെ ഉപയോഗമാണ്. പലപ്പോഴും കവി നാട്ടുഭാഷകളെ കവിതകളിലേക്ക് വളരെ ഭംഗിയായി സമന്വയിപ്പിച്ചതായി കാണാം. പ്രേമിയ്ക്കുമ്പോള്‍ നമ്മള്‍ കരച്ചിലിലും ദുഃഖത്തിലുമെന്നവണം സന്തുഷ്ടരാകുമെത്രെ. നമ്മുടെ കുട്ടിക്കാലനാട്ടുഭാഷയില്‍ നാം കൊഞ്ചുമെത്രെ.. കുഞ്ഞിമൈനകളെപ്പോലെ...

''അറിയില്ല വിളിച്ചോക്ക്'' എന്ന് മനോഹരമായ വരികള്‍

''ഞാന്‍ പ്ലസ് നീ സമം മറൈന്‍ഡ്രൈവ്'' എന്ന കവിതയില്‍ പറയുന്നുണ്ട്.

' റ്റ്' എന്ന കവിത നോക്കുക :

''ശലഭച്ചിറകുകള്‍ പോലൊരു ബ്ലൗസ് തുന്നണം.

തുന്നിറ്റ്?

ഊരുമ്പോ ശലഭം പറന്നു പോണ പോലെ തോന്നണം''''

കാമുകിയുടല്‍ വിവസ്ത്രമാകുന്ന ആ ഒറ്റ നിമിഷത്തില്‍ ചിത്രശഭമാകുന്ന മാസ്മരികത. ഇങ്ങനെ വ്യത്യസ്തങ്ങളായുള്ള പ്രേമഭാഷണങ്ങളെ കവിതയിലേക്ക് ഉള്‍ച്ചേര്‍ത്തുകൊണ്ട് ഈ കവി ''മരമാവുക ഞാന്‍ നിന്റെ കൊടുങ്കാട് ആവാം

അക്ഷരമാവുക ഞാന്‍ നിന്റെ നാലുമണിക്കവിത ആകാ'മെന്ന്

നിരന്തരം നമ്മളോട് പറഞ്ഞുകൊണ്ട് ഇരിക്കുന്നു; അവളോടും.

ചിറകുവെച്ച പക്ഷിയെ പോലെയാണ് പ്രേമം.

അതിന്റെ വലിയ ചിറക് വെച്ച് വാക്കുകളും അക്ഷരങ്ങളും നീലമേലാടകളെ തുളച്ചുകയറി അനന്തസമുദ്രത്തിനും മീതെ അത് പറന്നു കൊണ്ടേയിരിക്കുന്നു.

കൊടിയ പ്രേമമോ കൊടിയ പ്രേമരാഹിത്യമോ

കൊടിയ വിരഹമോ തോന്നുന്നുവെങ്കില്‍ മാത്രമേ

നിങ്ങള്‍ ഇത് വായിക്കാവൂ എന്ന് ഞാന്‍ നിങ്ങളോട് വീണ്ടും പറയുന്നു.

(സുരേഷ് നാരായണന്റെ 'ആയിരം ചിറകുകളുടെ പുസ്തകം' കവിത സമാഹരത്തിന് എഴുതിയ അവതാരിക). പാപ്പാത്തി ബുക്‌സ് ആണ് പുസതകത്തിന്റെ പ്രസാധകര്‍.



TAGS :