Quantcast
MediaOne Logo

ജി. ഉഷാകുമാരി

Published: 24 Nov 2022 6:06 AM GMT

എം.ആര്‍ രാധാമണി: കവിതയില്‍ ഒരു വഴിപോക്കത്തി

ഇരുണ്ട ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട ഒരുവളുടെ കിതപ്പാറാത്ത വാക്കുകളാണ് എം.ആര്‍ രാധാമണിയുടെ കവിതകള്‍. ഭൂതകാലത്തോടുള്ള കാല്പനിക ഗൃഹാതുരതകളെ കവിതകളോളം പരിചരിക്കുന്ന മറ്റൊരു സാഹിത്യരൂപമില്ല. എന്നാലവ അനുഭവത്തഴമ്പുള്ള ഈ വിരലുകളില്‍ പ്രാണന്‍ പിടയുന്നതു നാം കാണുന്നു. ഏറ്റവും പ്രിയതമമായതിനെ ചിലപ്പോള്‍ കൊന്നു കളയുന്നതിലുള്ള രൗദ്രഭീകരവും ദയനീയവുമായ ഒരു ഉള്ളടക്കം ഈ കവിതകളെ ഭരിക്കുന്നു. എം.ആര്‍ രാധാമണിയുടെ കവിതകളുടെ വായന.

എം.ആര്‍ രാധാമണി: കവിതയില്‍ ഒരു വഴിപോക്കത്തി
X

വെള്ളത്തിലേക്കു വീണലിയുന്ന മഴത്തുള്ളികളാണ് തന്റെ കവിതകളെന്നു എം.ആര്‍ രാധാമണി തന്റെ കവിതകളുടെ ആമുഖമായി പറഞ്ഞിട്ടുണ്ട്. സ്വയം കാണാതെയാവലിന്റെയും പല തുടര്‍ച്ചകളിലൊന്നാണെന്ന ബോധത്തിന്റെയും സൗമ്യവും ഉദാരവുമായ തിരിച്ചറിവു അതിലുണ്ട്. എത്രമേല്‍ സാന്ദ്രീകരിക്കപ്പെടുമ്പോഴും സ്വയം ഒളിച്ചും പാത്തും വെയ്ക്കാനുള്ള വ്യഗ്രതയും തീരാവേദനകളില്‍ എരിഞ്ഞൊടുങ്ങാനുള്ള ആത്മസംഹാരത്വരകളും ഈ എഴുത്തുകാരിയുടെ ആത്മത്തിലുണ്ട്. എല്ലായ്പ്പോഴും ഓരോരോ തുടക്കങ്ങളും ഒടുങ്ങലുകളുമാണ് ജീവിതത്തിന്റെ നൈരന്തര്യമായി രാധാമണി എഴുതുന്നത്. ദര്‍ശനത്തിന്റെ വേവുപാകങ്ങള്‍ എന്നതിനേക്കാള്‍, അനുഭവത്തിന്റെ പച്ചക്കുത്തുകള്‍ ഇവയുടെ രുചിയാകുന്നു. അതേ ജൈവികത തന്നെ കവിതകളില്‍ ഉണര്‍വും ഉറവുമാകുന്നു. 'അലങ്കാരചാരുതകളില്ലാത്ത നിഷ്‌കളങ്കത' എന്നു ഏഴാച്ചേരി രാമചന്ദ്രന്‍ അവരുടെ ആദ്യസമാഹാരത്തിനെഴുതിയ അവതാരികയില്‍ ഇതേക്കുറിച്ചു പറയുന്നു.

രാധാമണിയുടെ കവിതകളില്‍ മരണമണം എപ്പോഴുമുണ്ട്. ജലത്തിന്റെയും മണ്ണിന്റെയും വായുവിന്റെയും അതീവസഹജമായ ഇടങ്ങളിലൊക്കെ അവള്‍ ഏറെയും മരണത്തിന്റെ പൊരുളാണ് തിരയുന്നത്. ചാവുകളോടു മിണ്ടിപ്പറയാനവള്‍ക്ക് ഇരുളിന്റെ വാക്ക് അത്യാവശ്യം, അതിനാല്‍ കവിതയും. സഹിച്ചുതീര്‍ത്ത അനുഭവങ്ങളില്‍ നിന്ന്, അശുഭപ്രതീക്ഷകളില്‍ നിന്ന് ഒടിച്ചെടുത്ത ഒരുകഷ്ണം വാക്കുമായവള്‍ നമ്മുടെ കണ്ണുകളിലേക്കുറ്റു നോക്കുകയാണ്.

അനുഭവങ്ങളും അനുഭൂതികളും ഓര്‍മകളും ചരിത്രവും കണ്ണിചേരുന്ന ആഖ്യാനപ്രപഞ്ചമാണ് കീഴാളസ്ത്രീകവിതകളുടേത്. സുപ്രതിഷ്ഠിതമായ ദര്‍ശനങ്ങള്‍, കാല്‍പനികഭാവനകള്‍, രാഷ്ട്രീയ, സാമൂഹികനിലപാടുകള്‍ എന്നിവയ്ക്കു പകരം പ്രാപഞ്ചികവും ആത്മീയവും ഭൗതികവുമായ അനുഭവപരതയെ സുപ്രധാനമായി കാണുന്ന തരം കവിതകളാണിവ. സ്വന്തം അനുഭവങ്ങളുടെ പുറത്തുളള ആധികാരികതയാണ് കവിയെ ഭാഷകയാക്കുന്നത്, ഭാഷണകേന്ദ്രമാക്കുന്നത്. പ്രണയത്തിനകത്ത് അവള്‍ സ്വയം ആഖ്യാനകര്‍തൃത്വമായി സ്ഥാപിച്ചെടുക്കുന്നു, ദു:ഖങ്ങള്‍ക്കകത്ത് അവള്‍ സ്വന്തം ബുദ്ധനെയും ക്രിസ്തുവിനെയും പണിതുണ്ടാക്കുന്നു. ചിലപ്പോഴെല്ലാം ആര്‍ത്തലച്ചൊഴുകുന്ന കണ്ണീരുകൊണ്ട് ചില്ലുപോലുള്ള ലംബമാനമായൊരു ആകാശം നമുക്കായി തുറന്നിടുന്നു. കാവ്യലോകത്ത് ഇടയ്ക്കും വഴിക്കും തന്റേതായ മുദ്രകള്‍ പതിപ്പിച്ചുകൊണ്ടിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയ കവിയാണ് എം.ആര്‍ രാധാമണി.


(എം.ആര്‍. രാധാമണി കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ ജനിച്ചു. ചെറുകിട ജലസേചന വകുപ്പില്‍നിന്നും ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ എഴുത്ത് തുടങ്ങിയിരുന്നെങ്കിലും റിട്ടയര്‍മെന്റിന് ശേഷമാണ് എഴുത്തില്‍ സജീവമായത്. 'പേന്തലയുള്ള പെറ്റിക്കോട്ട്' ഏറെ വായിക്കപ്പെടുന്നുണ്ട്. 'വരയ്ക്കാത്ത കണ്ണുകള്‍'(2013) എന്നൊരു കഥാസമാഹാരവും 'വഴിപോക്കത്തി'(2018) എന്നൊരു കവിതാസമാഹാരവും ഇതിനു മുമ്പേ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാല സിലബസുകളില്‍ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡോ. ഒ.കെ സന്തോഷ് എഡിറ്റുചെയ്ത 'കാതല്‍- മലയാളത്തിലെ ദലിത് കവിതകള്‍', എം.ബി. മനോജ് എഡിറ്റുചെയ്ത 'മുദിത- മലയാളത്തിലെ ദലിത് പെണ്‍കവിതകള്‍' എന്നീ സമാഹാരങ്ങളില്‍ കവിതകള്‍ വന്നിട്ടുണ്ട്. മറുവാക്ക്, മാതൃഭൂമി, സമകാലികമലയാളം, പച്ചക്കുതിര, പാഠഭേദം, ഓറ മാസിക തുടങ്ങി നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചുവരുന്നു. 'സര്‍ഗരേഖ' എന്ന സമാന്തര മാസികയില്‍ വര്‍ഷങ്ങളോളം ഓര്‍മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഓര്‍മക്കുറിപ്പുകള്‍ സമാഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇപ്പോള്‍ കോട്ടയം ജില്ലയിലെ മധുരവേലിയില്‍ താമസം. ഭര്‍ത്താവ് പരേതനായ വൈക്കം രാജ്. മക്കളായ ഷെല്ലി ടി. രാജും ഷെറി ടി. രാജും 'ഓട്ടിസ' അസുഖബാധിതരാണ്.)


ഇരുണ്ട ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട ഒരുവളുടെ കിതപ്പാറാത്ത വാക്കുകളാണ് എം.ആര്‍ രാധാമണിയുടെ കവിതകള്‍. ഭൂതകാലത്തോടുള്ള കാല്പനിക ഗൃഹാതുരതകളെ കവിതകളോളം പരിചരിക്കുന്ന മറ്റൊരു സാഹിത്യരൂപമില്ല. എന്നാലവ അനുഭവത്തഴമ്പുള്ള ഈ വിരലുകളില്‍ പ്രാണന്‍ പിടയുന്നതു നാം കാണുന്നു. ഏറ്റവും പ്രിയതമമായതിനെ ചിലപ്പോള്‍ കൊന്നു കളയുന്നതിലുള്ള രൗദ്രഭീകരവും ദയനീയവുമായ ഒരു ഉള്ളടക്കം ഈ കവിതകളെ ഭരിക്കുന്നു. അതിനാല്‍ പലപ്പോഴും വേണ്ടത്ര പാകമാകാത്ത ഒരു വായനയ്ക്കു മുമ്പില്‍ ഈ കവിത ഉള്ളു തുറന്നു തരാതെ അറച്ചു നില്‍ക്കുമെങ്കിലും അലിവോടെയുള്ള ദീര്‍ഘക്ഷമയില്‍ ഈ കവിതകള്‍ അവയുടെ ആഴത്തിളക്കത്തിലേക്ക് വലിച്ചിട്ട് പിടിച്ചൂട്ടും. ചെറിയ വാവട്ടമുള്ള കിണറിന് ആഴം കൂടും. അതിലെ അരണ്ടവെളിച്ചം കാലത്തിന്റെ തിരശ്ശീലയ്ക്കപ്പുറം പെരുമാറുന്ന മുഴുരൂപങ്ങളെ നിങ്ങള്‍ക്കു കാണിച്ചു തരും. ഓര്‍മകളുടെ വേരുറവകളായവ ചാവുമണക്കുന്ന വഴികളിലേക്ക് പടര്‍ന്നൊഴുകും. രാധാമണിയുടെ കവിതകളില്‍ മരണമണം എപ്പോഴുമുണ്ട്. ജലത്തിന്റെയും മണ്ണിന്റെയും വായുവിന്റെയും അതീവസഹജമായ ഇടങ്ങളിലൊക്കെ അവള്‍ ഏറെയും മരണത്തിന്റെ പൊരുളാണ് തിരയുന്നത്. ചാവുകളോടു മിണ്ടിപ്പറയാനവള്‍ക്ക് ഇരുളിന്റെ വാക്ക് അത്യാവശ്യം, അതിനാല്‍ കവിതയും. സഹിച്ചുതീര്‍ത്ത അനുഭവങ്ങളില്‍ നിന്ന്, അശുഭപ്രതീക്ഷകളില്‍ നിന്ന് ഒടിച്ചെടുത്ത ഒരുകഷ്ണം വാക്കുമായവള്‍ നമ്മുടെ കണ്ണുകളിലേക്കുറ്റു നോക്കുകയാണ്. ശകലിതമായ ഒരിടത്തു നിന്നും തുടരുന്ന ഒരു ഗാഥ. പെട്ടന്നൊരു ദിനം എല്ലാം മറികടന്നു പോയേക്കുമെന്ന തോന്നലും മരണത്തിലൂടെയാണ് പ്രതീക്ഷിക്കുന്നത്. (മറികടക്കുന്നവര്‍)

കവിതകളിലെ ആത്മനിഷ്ഠതയും അതുപോലെ അതിനെ സാധൂകരിക്കുകയോ താലോലിക്കുകയോ ചെയ്യുന്ന ആസ്വാദകദൃഷ്ടി പോലും വല്ലാതെ മുഷിഞ്ഞു തുടങ്ങിയ ഒരു കാലത്താണ് ഈ കവിതകള്‍ പീഡിതമായ ആത്മസത്തയും വിണ്ടുകീറിയ നെഞ്ചുമായി വരുന്നത്. എന്നാല്‍, കാല്‍പനികമായ പീഡിതസ്വത്വമാണോ ഈ കവിത യഥാര്‍ത്ഥത്തില്‍ മുന്നോട്ടുവെയ്ക്കുന്നത്? മുഖ്യധാരാസ്ത്രീകവിതകളിലെ പ്രതിരോധപരമായ ഉച്ചസ്വരങ്ങളുടെയുള്ളില്‍ ഈ കവിതകള്‍ ഇടം തേടുന്നുണ്ടോ? ആഖ്യാനങ്ങളിലെ വിധേയനിലയില്‍ നിന്നുയര്‍ന്ന് കര്‍തൃത്വമായി നിലയുറപ്പിക്കുന്ന കീഴാളപെണ്മ തേടുന്ന സവിശേഷമായ തന്മ എപ്രകാരമാണ്? അതിന്റെ അകം പൊരുളുകളിലേക്കുള്ള സ്വകാര്യമായ നോട്ടപ്പാടുകളാണ് ഈ കുറിപ്പ്.

പരലോകസഞ്ചാരങ്ങള്‍

കവിതകള്‍ക്കകത്ത് രാധാമണി സൃഷ്ടിച്ചെടുക്കുന്ന രൂപങ്ങളേറെയും സഹജരുടേത്. പരസ്പരം പകുത്തെടുക്കാന്‍ ചാവുകളും തൊടാപ്പാടകലങ്ങളും തേരാപ്പാരാ കഞ്ഞികളും മണ്ണടരും വഴികളും മാത്രമുള്ളവര്‍. തുല്യാക്ഷരങ്ങള്‍ പോലെ പരസ്പരം ചേര്‍ന്നലിഞ്ഞവര്‍. നെട്ടോട്ടങ്ങളില്‍, കൈത്തഴമ്പുകളില്‍ കണ്ണാടിയിലെന്നപോലെ പരസ്പരം പ്രതിബിംബമായവര്‍. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായി വംശീയമായ ഐക്യപ്പെടലിന്റെ ദാഹം വൈകാരികമായി നിറയ്ക്കുകയാണീ കവിതകള്‍. അതിലൂടെ സ്വര്‍ഗനരകങ്ങളില്ലാത്ത പരലോകസഞ്ചാരമായി കവിതകള്‍ മാറുന്നു. പ്രേതലോകമെന്നു അഭിജാതര്‍ വ്യവഹരിക്കുന്നിടത്തുനിന്നാണ് അഭയത്തിന്റെ കണ്ണികളെ കവി വലിച്ചടുപ്പിക്കുന്നത്. ഭ്രഷ്ടരായവരുടെ ലോകങ്ങളിലേക്കുള്ള മറനീക്കലായി കവിത ജീവന്‍ വെയ്ക്കുന്നു. മനുഷ്യര്‍ രൂപമോ പേരോ ഇല്ലാത്ത, അവ അസംഗതമായ ഒരു സവിശേഷരംഗത്താണുള്ളതെന്നു തോന്നിയേക്കാം. പക്ഷേ അവ യാഥാര്‍ത്ഥലോകത്തിന്റെ അതിരുകള്‍ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ സജീവരാണ്, സി. അയ്യപ്പന്റെ കഥകളിലെന്നപോലെ. അവര്‍ മുറിവുണക്കാനെത്തുന്നു, മുന്നറിയിപ്പായി സ്വപ്നദൃഷ്ടികളില്‍ വിരുന്നെത്തുന്നു. അപ്പാവണക്കിന്‍തണ്ടിന്റെ കറ കൊണ്ട് മഴവില്ലുണ്ടാക്കി പൊട്ടിച്ചിരിച്ച്, വെളുത്ത ചില്ലുകുപ്പികളിലെ കരിങ്ങണാമീനുകളെയും വെളിന്താളുകളെയും പറ്റി പറഞ്ഞ് പേന്തലയുള്ള ആ പെറ്റിക്കോട്ട് നമ്മെ അങ്കലാപ്പിലാക്കുന്നു (പേന്തലയുള്ളൊരു പെറ്റിക്കോട്ട്). തന്റെ ലോകത്തെ ഈ 'ആത്മാക്കളു'മായുള്ള മിണ്ടിപ്പറച്ചിലുകളും ഏറ്റുപറച്ചിലുകളുമില്ലാതെ ഈ കവിതകള്‍ക്കു നിലനില്പില്ല.

കറുത്ത ഉടലുകളുടെ ഉണ്മ അതിന്റെ ഉടമകള്‍ ആരാണെന്ന ചോദ്യത്തെപോലും വഹിക്കുന്നുണ്ട്. അടിമചരിത്രത്തെ മറികടക്കാനാവാത്ത ഓര്‍മകള്‍ കുരുക്കു വീഴുന്നിടത്ത് പ്രത്യേകിച്ചും. ഒരു പരിധികൂടി കടന്ന് മേലാളരുടെ ലൈംഗികവസ്തുക്കളായി കൊള്ളയടിക്കപ്പെടുന്നിടത്ത് തീര്‍ച്ചയായും ശരീരം അവളവളില്‍ത്തന്നെ അന്യമാണ്. അതുകൊണ്ട് തകര്‍ത്തു ഞെരിക്കപ്പെട്ട ഓരോ ഉടലും കൊടും പാറകളായി പരസ്പരം വെച്ചുമാറുന്ന ഭാവനയുമായി ഈ കവിത പാരസ്പര്യം പങ്കിടുന്നു.

ചെറുതിന്റെയും നിസ്സാരതകളുടെയും ലോകത്തിന്റെ ലാളിത്യനേര്‍മകളേക്കാള്‍ അതു സംഭരിച്ചുവെച്ചിരിക്കുന്ന കനപ്പെട്ട കദനഭാരവും നിരാശ്രയത്വവും അനിശ്ചിതാവസ്ഥയുമാണ് ഇവിടെയെല്ലാം വന്നു നിറയുന്നത്. കയ്പും ഇരുട്ടും ഇഴുകിയ ആത്മനിഷ്ഠവൈകാരികതകളുടെ സവിശേഷമായ ഈ ചേരുവ ആധുനികാനന്തര സ്ത്രീകവിതകളില്‍ നിന്നതിനെ വ്യത്യസ്തമാക്കുന്നുണ്ട്. ആധുനികതാവാദ സ്ത്രീകവിതയില്‍ കാണുന്ന മാഴ്കലോ വിധിവിലാപങ്ങളോ തേടലോ കലര്‍ന്ന ധൂര്‍ത്തമായ വൈകാരികത നമുക്കു പരിചിതമാണ്. എന്നാല്‍ ഇവിടെ അതങ്ങനെ തുറന്നു വിടുകയാണെന്നു പറയാന്‍ കഴിയില്ല. തുളുമ്പി തെറിക്കുന്ന നോവുകളെ അടക്കിയൊതുക്കിയമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവയെ നിസംഗതകള്‍ കൊണ്ട്, നേര്‍ത്ത ആത്മോപഹാസം കൊണ്ട് പൊതിഞ്ഞുപിടിക്കുന്ന ദയനീയതകളും നാം കാണുന്നു. ആ പൊതിയലില്‍ അല്പമെങ്കിലും അവനവനെ പാത്തുവെയ്ക്കലുണ്ട്. ('എവിടെയാണ് ഞാനെന്നെയൊന്ന് പാത്തുവെക്കുക?'- പേന്തലയുള്ള പെറ്റിക്കോട്ട്) ആധുനികാനന്തരകവിതയിലെ സുതാര്യമായ ആഖ്യാനപ്രകൃതം ഈ കവിതകളിലില്ല തന്നെ. എല്ലാം തുറന്നു പറയുക എന്നതിനപ്പുറം ഒരല്പം അവനവനെ, ഒളിച്ചു ചേര്‍ത്തുപിടിക്കുന്ന, അനന്യമായ ആത്മത്തെ സ്വയം അള്ളിപ്പിടിക്കുന്ന പ്രത്യേകതരം ആത്മനിഷ്ഠത ആധുനികതാവാദകവിതകളോടാണ് വേരുബന്ധം പുലര്‍ത്തുന്നത്. എന്നാല്‍, അവയുടെ പ്രബലസ്വഭാവഘടനകളോട് പൂര്‍ണമായി ഇണങ്ങിയല്ല താനും രാധാമണിയുടെ നില. രണ്ടു സമാഹാരങ്ങള്‍ രാധാമണിയുടേതായി ഉണ്ടെങ്കിലും പരമ്പരാഗതമായ അര്‍ഥത്തില്‍ സമഗ്രമായ കാവ്യസങ്കല്പമോ ഏകശിലാത്മകമായ കാവ്യഘടനയോ രചനാരീതിയോ ഒന്നും ഈ കവിതകളില്‍ നിന്നും സ്വരൂപിച്ചെടുക്കാനാവില്ല. ശിഥിലവും ശകലിതവുമായ മാത്രകളില്‍ നിന്നുകൊണ്ട് ഭൂതകാലത്തിന്റെ നൈരന്തര്യതകളെ വരച്ചെടുക്കാനുള്ള ശ്രമമാണ് പ്രമേയപരമായി രാധാമണി നടത്തുന്നത്. ആ അര്‍ഥത്തില്‍ ഈ കവിതകളുടെ ഭാഷയും ഘടനയും ആധുനികാനന്തരകവിതയുടെ സ്വഭാവഗണത്തിനുള്ളിലാണ് വകയിരുത്തപ്പെടുക. അധ്വാനത്തെക്കുറിച്ചുള്ള സൂചനകള്‍, ദൈനംദിനപരത, വിഭവദാരിദ്ര്യം, പച്ചപ്പും ചെറുമീനുകളും കൃഷിനിലങ്ങളും നിറഞ്ഞ കീഴാളപ്രകൃതി എന്നിങ്ങനെ ആഭ്യന്തരഘടനകള്‍ ഏറെയും അതിനെ കൂടുതല്‍ ഉറപ്പിച്ചെടുക്കുന്നു.


അ'ശരീരി'

അവയവങ്ങള്‍ സന്നിഹിതമല്ലാത്ത ശരീരമോ മറ്റു ചിലപ്പോള്‍ ശരീരമില്ലാത്ത അവയവങ്ങളോ ഈ കവിതകളില്‍ പെരുമാറുന്നതു നാം കാണുന്നു. മുറിഞ്ഞതോ പരിക്കേറ്റതോ വിലക്ഷണമായതോ ആയ അപൂര്‍ണശരീരങ്ങള്‍ ദലിതത്വത്തിന്റെ സൂചനകളായി നാം പരിചയിച്ചിട്ടുണ്ട്. എന്നാലിവിടെ ഒരു കണ്‍കെട്ടിലെന്നവണ്ണം അപ്രത്യക്ഷമാകലോ അദൃശ്യമായിരിക്കലോ ആയാണ് ശരീരം കാണുന്നത്. മറഞ്ഞിരിക്കുന്നതുകൊണ്ട് അവ ദുര്‍ബലമല്ല, മറിച്ച് പ്രബലമായ അംശങ്ങളാണെന്നര്‍ത്ഥം. ചുരുക്കിയൊതുക്കിക്കെട്ടി ഘനീഭവിപ്പിച്ചെടുക്കുന്ന, ശരീരത്തിന്റെ മാന്ത്രികമായ അസാന്നിധ്യം എന്നതിനെ വിളിക്കാം. ചുക്കിലിമുട്ട തീറ്റ കെട്ടിയ ഈര്‍ക്കിലി ചൂണ്ടകള്‍ രണ്ടാഞ്ഞിലി മരത്തിനു നടുവിലിരുന്ന് വെള്ളത്തിലെ പൂഞ്ഞാനുകളെ ഉന്നം പിടിക്കുന്നു. അടുക്കിവെച്ച കൊരണ്ടിപ്പലകകള്‍ നെല്ലു വറുത്തു കുത്തി കഞ്ഞിയാക്കുന്നു. പേന്തലയുള്ള ളരു പെറ്റിക്കോട്ട് അപ്പാവണക്കിന്‍തണ്ട് കറയില്‍ മുക്കി മഴവില്ലുകളുണ്ടാക്കി പൊട്ടിച്ചിരിക്കുകയും ഉപ്പും മുളകും ചേര്‍ന്ന് വെളിന്താളുകള്‍ വെന്താലും നാവിനെയും തൊണ്ടയെയും ചോറിയിക്കുമെന്നും പറയുന്നു. നെല്ലുവറക്കുന്നതിന്റെ പിന്നാമ്പുറങ്ങളില്‍ വരണ്ട ചുണ്ടുകളോടെ ഉറുമ്പിനിരയായൊരു പുട്ടിലായും പുട്ടിലിന്റെ പിടച്ചിലുകളെ വാപൊത്തിപ്പിടിക്കുന്ന നനവുമാറാത്ത കട്ടയായും നാം കാണുന്നു. കവിതകള്‍ക്കകത്തെ ചില പ്രാപഞ്ചികവസ്തുക്കളുടെ സാന്നിധ്യംകൊണ്ട് മറയ്ക്കപ്പെട്ട ശരീരവും തെളിച്ചെടുക്കപ്പെട്ട അനുഭവവുമാണ് ഈ കവിതകള്‍ മുന്നോട്ടു വെയ്ക്കുന്നത്. പിടഞ്ഞും നീറിയുമുള്ള അനുഭവങ്ങള്‍ക്കകത്ത് ഒരു ഉടലിനെ പണിതെടുക്കാന്‍ പ്രകൃതിയെയാണ് കടമെടുക്കുന്നത്. മെല്ലിച്ച ഉടുക്കാക്കുണ്ടന്‍ വരമ്പുകളായും മുലപ്പാല്‍ കെട്ടിക്കിടന്ന് പാടത്തിനു നടുവില്‍ നൊന്തും വെന്തും തരിച്ചുനിന്ന കതിരുകളായും അവര്‍ അധ്വാനശരീരത്തിന്റെ ആവാസസ്ഥാനമായി പകര്‍ന്നാടുന്നു. കടുക്കനിട്ട കാതുകള്‍, ചെരട്ടക്കള്ളിന്റെ പാട്ടുകള്‍ ഒക്കെയായത് പിതൃശരീരമായി ധ്വനിക്കുമ്പോഴും അത് എന്നോ പടിയിറങ്ങിപോയിക്കഴിഞ്ഞിരിക്കുന്നു, ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തിടങ്ങളിലേക്ക്. അവിടേക്കു എത്തിപ്പെടാനുള്ള പരദാഹത്വരകള്‍ കവിയെ സ്വയം 'അശരീരി'യായിമാറ്റിയെന്നു തോന്നിപ്പിക്കാന്‍ പാകത്തിലാണ് ഈ അസാന്നിധ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കറുത്ത ഉടലുകളുടെ ഉണ്മ അതിന്റെ ഉടമകള്‍ ആരാണെന്ന ചോദ്യത്തെപോലും വഹിക്കുന്നുണ്ട്. അടിമചരിത്രത്തെ മറികടക്കാനാവാത്ത ഓര്‍മകള്‍ കുരുക്കു വീഴുന്നിടത്ത് പ്രത്യേകിച്ചും. ഒരു പരിധികൂടി കടന്ന് മേലാളരുടെ ലൈംഗികവസ്തുക്കളായി കൊള്ളയടിക്കപ്പെടുന്നിടത്ത് തീര്‍ച്ചയായും ശരീരം അവളവളില്‍ത്തന്നെ അന്യമാണ്. അതുകൊണ്ട് തകര്‍ത്തു ഞെരിക്കപ്പെട്ട ഓരോ ഉടലും കൊടും പാറകളായി പരസ്പരം വെച്ചുമാറുന്ന ഭാവനയുമായി ഈ കവിത പാരസ്പര്യം പങ്കിടുന്നു.

''ഉറച്ച പാറകളോരോന്നും

മനുഷ്യരാണ്, കറുത്ത നിറത്തോടു കൂടിയവര്‍.

അവര്‍ക്കു പതുക്കെ വളരുന്നതിനേ കഴിയൂ

പാറ വളരുന്നതുപോലെ'' (പാറകള്‍- എം.ബി.മനോജ്)


ചിട്ടിബുക്ക്

എഴുത്തിന്റെ അഭിജാതപാരമ്പര്യങ്ങളോടു സംശയം പുലര്‍ത്തുന്ന, അവയോടകന്നു നില്ക്കുന്ന പ്രവണത കീഴാളബോധ്യമുള്ള രചനകളില്‍ കാണാറുണ്ട്. തങ്ങളുടെ അനുഭവമണ്ഡലങ്ങളെയും ഭാവനയെയും എഴുത്തില്‍ അപ്രസക്തമാക്കുന്ന കോയ്മകളെ തിരിച്ചറിയുന്ന ഘട്ടത്തില്‍ അവയില്‍ നിന്നു വ്യത്യസ്തമായ സ്വന്തം ആത്മത്തെ സ്വയം പ്രകാശിപ്പിക്കുവാനുള്ള ഉത്ക്കണ്ഠ നിറഞ്ഞ അദമ്യമായ ആവിഷ്‌കാരത്വര പ്രത്യക്ഷപ്പെടുന്നു. ചവിട്ടിമെതിക്കപ്പെട്ടതും തമസ്‌ക്കരിക്കപ്പെട്ടതുമായ വേറിട്ട ഒരു പാരമ്പര്യത്തിന്റെ കണ്ണിയായി സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ ആവിഷ്‌കാരങ്ങള്‍ സര്‍ഗാത്മകതയെക്കുറിച്ചു പറയുന്നത് വേറെയാണ്. എസ്. ജോസഫിന്റെ പെങ്ങളുടെ ബൈബിള്‍ പോലെ അത് ഭാവനയുടെയും വായനയുടെയും എഴുത്തിന്റെയും മറുപുറങ്ങള്‍ തേടുന്നു. രാധാമണിയിലത് കണ്ടിട്ടും കാണാതെ പോയ ഒരു ചിട്ടിബുക്കായി തെളിഞ്ഞുവരുന്നു. അതിജീവനത്തിന്റെ ഗൃഹപാഠങ്ങളുടെ അടയാളങ്ങള്‍ക്കിടയില്‍ കണ്ടെടുത്ത ചെറുതെങ്കിലും തീക്ഷ്ണമായ വെട്ടിത്തിളക്കങ്ങള്‍. കാണാതെപോയ ചിട്ടിബുക്കിനെ കണ്ടെടുക്കുന്നിടത്ത് കവിത ഒരു എഴുത്തു പാരമ്പര്യത്തിന്റെ മറഞ്ഞിരിപ്പിനെ പതുക്കെ വലിച്ചു പുറത്തേക്കിടുകയാണ്. 'നമ്മുടെ അമ്മമാരുടെ തോട്ടങ്ങളില്‍' (In search of our mother's garden - ആലീസ് വാക്കര്‍). നാം കാണാന്‍ വിട്ടുപോയ വസന്തങ്ങളും നുകരാത്ത പൂമണങ്ങളും പച്ചിലച്ചന്തങ്ങളും ഉള്ളില്‍ തേടുന്നവളാണ് ഈ കവിയും. നിര്‍വചനമില്ലാതെ എന്ന കവിതയില്‍ അരികെഴുത്തിന്റെ ഈ ഭാവനയെ രാഷ്ട്രീയമായിത്തന്നെ കൊത്തിയെടുക്കുന്നു, കവി. ആത്മനിഷ്ഠതയെ കേന്ദ്രീകരിക്കുമ്പോഴും കൂട്ടത്തെ അഭിമുഖീകരിക്കുന്ന ഒന്നാണിവിടെ ഭാവന. ആഫ്രോ അമേരിക്കന്‍ കീഴാള ആത്മകഥകള്‍ ഒരേ സമയം വൈയക്തികവും പ്രതിനിധാനപരവും ആയിരിക്കുന്നതിനെക്കുറിച്ച് ടോണിമോറിസണ്‍ പറയുന്നുണ്ടല്ലോ. (Rootedness: The Ancestor as Foundation എന്ന ലേഖനം)


''ലിപികളില്ലാത്ത

ഭാഷകളിലേക്കവര്‍

എന്നെയും കൂട്ടി നടക്കുന്നു...

..................................

ഏതോ നിയമങ്ങളുടെ

തീറെഴുത്തുകള്‍

വാക്കുകളുടെ വക്കുകള്‍ക്ക്

ചെത്തിമിനുക്കമില്ലെന്ന്

ചുമ്മാ വെറുതെ

പേടിപ്പിക്കുന്നു, അട്ടഹസിക്കുന്നു''

ഭാവനാപരമെങ്കിലും ഇതൊന്നും അസത്യമല്ലെന്നു കവി ഉറപ്പിക്കുന്നുണ്ട്. അനുഭവങ്ങള്‍ക്കകത്തു ''പകലു പോലെ സത്യവും രാവാല്‍ മറയക്കാനാവാത്തതുമായ ഒരൊറ്റ ഏടാണതെന്നു'' (നെലത്തെഴുത്തുകള്‍) ഇവിടെ തിരിച്ചറിയുന്നു. 'ആകാശങ്ങളില്‍ തിരയും ആഴിയില്‍ മേഘങ്ങളും പൊന്നില്‍ മണ്ണും ഒരു തിരിവെട്ടത്തില്‍ സൂര്യനെയും ഉള്ളംകയ്യില്‍ കാത്തുവെച്ച' പൂര്‍വികരുടെ കിതപ്പിനെയും അമര്‍ത്തലിനെയും കുതറലിനെയും തന്നെയാണ് തന്റെ നെലത്തെഴുത്തു പാഠങ്ങളായി രാധാമണി മനസ്സിലാക്കുന്നത്. വട്ടപ്പൂജ്യം എന്ന കവിതയില്‍ എഴുത്തും അനുഭവവും തമ്മിലുള്ള പൊരുത്തക്കേടുകളില്‍ പകച്ചുപോകുന്ന കവിയെ കാണാം. എഴുതിമായ്ക്കാനാകാത്ത ഭൂതകാലം, ജീവിതത്തിന്റെയും എഴുത്തിന്റയും രണ്ടറ്റങ്ങള്‍ തൊടാതെ നില്ക്കുന്ന റ എന്ന അക്ഷരത്തിലൂടെ, വട്ടപ്പൂജ്യത്തില്‍ നിന്നും 'റ'യെ വകതിരിച്ചെടുക്കുന്നതിലൂടെ കവി ഓര്‍ത്തെടുക്കുന്നു.


എഴുത്തിനെ സര്‍ഗാത്മകത എന്ന വിശാലമായ വ്യാപ്തിക്കുള്ളില്‍ വെച്ചാണ് ആലീസ് വാക്കര്‍ നോക്കിക്കാണുന്നത്. അധ്വാനം ചൂഷണാത്മകമായിരിക്കുമ്പോഴും അതിലെ കലയെ തരിമ്പും അവഗണിക്കുന്നില്ല, അവര്‍. വാഷിംഗ്ടണില്‍ കണ്ട, കുരിശാരോഹണത്തിന്റെ ചിത്രങ്ങളുള്ള, പഴകിയതെങ്കിലും വിചിത്രവും വര്‍ണമനോഹരവുമായ ആ പുതപ്പ് തുന്നിയ അജ്ഞാതയായ കറുത്തവര്‍ഗസ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ അവര്‍ വികാരാധീനയാകുന്നു. ആരായിരിക്കുമവര്‍? തുണ്ടുതുണികള്‍ ഉപയോഗിച്ചു തുന്നിയ ചിത്രാലംകൃതമായ ആ പുതപ്പ് ശക്തമായ ഭാവനയുടെയും അഗാധമായ ആത്മീയതയുടെയും കലര്‍പ്പിനെയാണ് വെളിപ്പെടുത്തുന്നതെന്നവര്‍ പറയുന്നു. തനിക്കു സമൂഹമനുവദിച്ച ജീവിതനിലയില്‍ നിന്നുകൊണ്ട് അനുവദനീയമായ മാധ്യമത്തില്‍, ലഭ്യമായ പ്രതലത്തില്‍ അവര്‍ ചിത്രങ്ങള്‍ കോറിയിട്ടു. അവയെല്ലാം തങ്ങളുടെ കലയുടെ മാതൃപാരമ്പര്യത്തെ തന്നെയാണ് ഉദ്ഘോഷിക്കുന്നത്. വയലില്‍ പണിക്കാരായും കാവല്‍ക്കാരായും നിന്ന തങ്ങളുടെ പൂര്‍വികരെക്കുറിച്ചുള്ള സ്മരണ തരളമായൊരു ഭൂതകാല വൈകാരികതയെന്നതിലുപരി സ്വയംതിരിച്ചറിയലിന്റെ രാഷ്ട്രീയത്തെക്കൂടി ഉല്പാദിപ്പിക്കുന്നു. അതാവട്ടെ, വൈകാരികതകളെ ആത്മീയമായ പടര്‍ച്ചകളിലൂടെ രൂപപ്പെടുന്ന ഒരു പ്രപഞ്ചബോധമായി പരിണമിക്കുന്നുണ്ട്. പ്രകൃതിയും മാതൃത്വവും ശരീരവും അധ്വാനവും പ്രണയവുമെല്ലാം ചേര്‍ന്ന ഒരവസ്ഥയായി അത് രാധാമണിയുടെ 'തരിച്ച കതിരുകളി'ല്‍ കാണാം.

''പാടത്തിനു നടുവില്‍

നൊന്തും വെന്തും

മൊലപ്പാലു കെട്ടിക്കിടന്നും

തരിച്ചു നിന്നൊരു കതിരുണ്ട്''

'വയലിന്റെ ചിത്രകാരനി'ലെ (ഇടശ്ശേരി) അധ്വാനിയായ പുരുഷനെ('ഇരുളില്‍ കാതലിലുളികള്‍ ചെത്തിച്ചച്ചതുരം ചതുരം ചെത്തിമിനുക്കീട്ടുഡുനയനങ്ങളമിഴ്ത്തീട്ടൊരുശില്പ വിശേഷം')യല്ല നാമിവിടെ കാണുന്നത്. ഇവിടെ ഈ വയല്‍ തന്നെയാണ് ചിത്രവും ചിത്രകാരിയും. മെലിഞ്ഞൊട്ടിയ 'കറുത്ത ഉടുക്കാകുണ്ടന്‍ വരമ്പുകള്‍' വയലില്‍ രാപകല്‍ അധ്വാനിക്കുന്ന അവളുടെ നിര്‍മിതിയാണ്. പ്രകൃതിയുടെ ഉപകരണാത്മകയുക്തി ഇവിടെ കാണുന്നില്ല. മറിച്ച് സജീവമായ ക്രിയാംശമായി സ്വയം വെളിപ്പെട്ടുകിടക്കുകയാണിവിടെ പ്രകൃതി. ദളിത് അനുഭവലോകത്തിലെ പ്രകൃതി, അധ്വാനവും അതിജീവനവും ആവാസപരിസ്ഥിതിയുമൊക്കെയായി ഇഴചേര്‍ന്നു കിടക്കുന്നു.


എം.ആര്‍ രാധാമണി ലേഖികക്കൊപ്പം

അനുഭവങ്ങളും പ്രകൃതിയും മുറിവേറ്റ ആത്മാക്കളും പൂര്‍വസ്മൃതികളും ചേര്‍ന്ന ഈ കാവ്യലോകം അലിവിന്റെ പതിഞ്ഞ, വ്യത്യസ്തമായൊരു ഭാഷ തേടുന്നുണ്ട്. സ്വയം കണ്ടെടുക്കലോളം, തെളിച്ചെഴുതലോളം തന്നെ സ്വയം മറഞ്ഞുനില്‍ക്കലും പ്രധാനമാകുന്ന ഈ കാവ്യഭാഷയുടെ രാഷ്ട്രീയദ്ധ്വനി നാം സൂക്ഷ്മതയോടെ മനസ്സിലാക്കാനുണ്ട്.

(wtp live, മറുവാക്ക് എന്നിവയോട് കടപ്പാട്)

TAGS :