Quantcast
MediaOne Logo

സൗദ പൊന്നാനി

Published: 29 Nov 2022 7:46 AM GMT

കൊടുംവെയിലിലെ ഒറ്റമരത്തണലുകള്‍

മരണത്തിന്റെ മരവിപ്പിക്കുന്ന തണുത്തുറയലിലേക്ക് മനസ്സിനെ കനപ്പെടുത്തിക്കൊണ്ടാണ് മിക്ക കഥകളും അവസാനിക്കുന്നത്. ദാരുണാന്ത്യം പ്രതീക്ഷിച്ചിടത്ത് പൊടുന്നനെയുള്ള തിരിച്ചു വരവുകളായ് കൊടുംവെയിലിലെ ഒറ്റമരത്തണലുകളെന്നപോല്‍ ചില കഥകള്‍. അനസ് മാളയുടെ 'മറിയം എന്ന പെണ്ണാട്' വായന.

കൊടുംവെയിലിലെ ഒറ്റമരത്തണലുകള്‍
X

കവി, തന്റെ കവി ജീവിതത്തില്‍ നിന്ന് കഥാജന്മത്തിലേക്ക് പരകായ പ്രവേശം നടത്തുന്നതിന്റെ വെളിപാട് വിളംബരമാണ് 'മറിയം എന്ന പെണ്ണാട്' എന്ന ചെറുകഥാസമാഹാരം. 'അനര്‍ഗ്ഗളമായ വികാരങ്ങളുടെ സ്വാഭാവികമായ കുത്തൊഴുക്കാണ് കവിത' എന്ന് കവിതയെ നിര്‍വ്വചിച്ചത് വില്യം വേഡ്‌സ് വര്‍ത്താണ്.

ഇവിടെ, തന്റെ ചുറ്റുപാടുകളില്‍ നിന്ന് ഹൃദയം കൊണ്ട് തൊട്ടെടുത്ത കഥാതന്തുക്കളെ കവിത തുളുമ്പുന്ന കാല്‍പ്പനിക വരികളില്‍ ചെറുകഥകളായി മെനഞ്ഞെടുത്തിരിക്കുകയാണ് കവിയായ കഥാകൃത്ത്. കവിതയുടെ സൂക്ഷ്മ ഗ്രാഹ്യതയില്‍ നിന്ന് അല്‍പ്പം കൂടി വിശാലമായ കാഴ്ച്ചപ്പെരുക്കങ്ങളിലേക്ക് അനസ് മാള എന്ന കവിയുടെ പലായനമാണ് ഈ പുസ്തകം എന്ന് പറയാം.

വഴികളിലെവിടെയോ പരിചയപ്പെട്ടവരുടെ ഓര്‍മകളില്‍ നിന്ന് ചോര്‍ന്ന തേങ്ങലുകളാണ് ഈ പുസ്തകത്തിലെ കഥകള്‍ എന്ന് ആമുഖത്തില്‍ കഥാകൃത്ത് പറയുന്നുണ്ട്. പതിമൂന്ന് കഥകളായി ഈ പുസ്തകം പരിചയപ്പെടുത്തുന്നത് മുറിഞ്ഞടര്‍ന്ന, പൊള്ളിയുരുകിയ പതിമൂന്ന് ദാരുണ ജീവിതങ്ങളെ തന്നെയാണ്.

കരുത്തനായ അഭ്യാസി 'കണ്ടങ്കോരന്‍', നിരുപാധിക സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമായ 'അബൂക്ക', ബോധപൂര്‍വ്വമല്ലാത്ത പറ്റിക്കലുകള്‍ക്ക് നിര്‍ബന്ധിതനാകുന്ന 'പാസ്‌പോര്‍ട്ടി'ലെ കുഞ്ഞുമോന്‍, ഏറ്റവും പ്രിയപ്പെട്ടവരുടെ ചതി തിരിച്ചറിയാതെ ഒരു ചാക്ക് സ്വപ്നവും തലയിലേറ്റി പ്രവാസത്തിലുരുകിയ 'ഓന്‍ വയനാട്ടുകാരനാ' എന്ന കഥയിലെ ഖാദര്‍ക്ക, ആര്‍ഭാടത്തിന്റെ പുറംപൂച്ച് കാട്ടിക്കൂട്ടലുകള്‍ കൊണ്ട് സമ്പന്നതക്കു നടുവിലെ ദാരിദ്ര്യമാകേണ്ടി വരുന്ന 'ചെക്കുപെട്ടികളി'ലെ കുട്ടി തുടങ്ങിയവരെല്ലാം ആണ്‍കരച്ചിലുകളുടെ വ്യതിരിക്തമായ ദൈന്യമുഖങ്ങളാണ്.

എല്ലാ ഓര്‍മകള്‍ക്കും മേലെ ഇരുണ്ട പുതപ്പിട്ട്, ചലനമറ്റു പോയ ശരീരത്തിനുള്ളില്‍ അണഞ്ഞുപോയിട്ടില്ലാത്ത ജീവന്റെ ഇത്തിരിവെട്ടമൊളിഞ്ഞു കിടക്കുമ്പോള്‍, പുറത്ത് ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതറിയുന്ന പ്രാണന്റെ ആന്തലാണ് 'ഗര്‍ത്തം' എന്ന ആദ്യ കഥ. മനുഷ്യന്റെ എല്ലാ അഹന്തകളും കുത്തിയൊലിച്ചു പോയ മലവെള്ളപ്പാച്ചിലില്‍ അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെടുന്നവരിലെ കുബേര കുടുംബത്തെ കണ്ട്, അഗതിമന്ദിരത്തില്‍ നിന്നെത്തിച്ചേര്‍ന്ന അവരുടെ വൃദ്ധമാതാവില്‍ നിന്നുയരുന്ന പേറ്റുനോവിന്റെ അലര്‍ച്ച മൗനവാത്മീകത്തിലമരുന്ന ദയനീയ കാഴ്ച്ചയാവുന്നു ''അസ്തമിക്കാതെ കാര്‍മേഘം' എന്ന കഥ. ജനാധിപത്യത്തിന്റെ വായ മൂടിക്കെട്ടുന്ന ഫാഷിസഭരണകരാളതയെ ഒരു കല്‍പ്പിതകഥാ രൂപത്തില്‍ അവതരിപ്പിച്ച് വായനക്കാരെ വിസ്മയിപ്പിക്കുന്നതോടൊപ്പം ജ്ഞാനോദയമുണ്ടാക്കുന്ന ഒരു ബോധി വൃക്ഷമെന്നതു പോല്‍ 'വൈറസ്'. സമൂഹത്തിന്റെ അടിത്തട്ട് വികസനം വെറും വാചാടോപത്തിലൊതുക്കുന്ന സമുദായ നേതാക്കള്‍ക്ക് നേരെ വിമര്‍ശനത്തിന്റെ ചുരികയുമായി 'ഉമ്മിമക്തൂം'.


പ്രേമ കാമ ചതിക്കുഴികളില്‍ പിടഞ്ഞു വീഴുന്ന പെണ്‍ജീവിതങ്ങളായ് 'ഇരുട്ടും', 'സൈറയും'. ദാരിദ്ര്യത്തിന്റെ ചാരത്തില്‍ നിന്ന് ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങളിലേക്ക് ചിറക് വിരിക്കുന്ന ഫീനിക്‌സ് പക്ഷികളായി 'വത്സലയും', 'മറിയം എന്ന പെണ്ണാടും'; പക്ഷേ, വിധിവൈപരീത്യത്തിന്റെ ഇരുണ്ട കൊക്കരണികളില്‍ കുടുങ്ങിപ്പോകുന്നു ആ പെണ്‍ലോകങ്ങള്‍. കരുത്തനായ അഭ്യാസി 'കണ്ടങ്കോരന്‍', നിരുപാധിക സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമായ 'അബൂക്ക', ബോധപൂര്‍വ്വമല്ലാത്ത പറ്റിക്കലുകള്‍ക്ക് നിര്‍ബന്ധിതനാകുന്ന 'പാസ്‌പോര്‍ട്ടി'ലെ കുഞ്ഞുമോന്‍, ഏറ്റവും പ്രിയപ്പെട്ടവരുടെ ചതി തിരിച്ചറിയാതെ ഒരു ചാക്ക് സ്വപ്നവും തലയിലേറ്റി പ്രവാസത്തിലുരുകിയ 'ഓന്‍ വയനാട്ടുകാരനാ' എന്ന കഥയിലെ ഖാദര്‍ക്ക, ആര്‍ഭാടത്തിന്റെ പുറംപൂച്ച് കാട്ടിക്കൂട്ടലുകള്‍ കൊണ്ട് സമ്പന്നതക്കു നടുവിലെ ദാരിദ്ര്യമാകേണ്ടി വരുന്ന 'ചെക്കുപെട്ടികളി'ലെ കുട്ടി തുടങ്ങിയവരെല്ലാം ആണ്‍കരച്ചിലുകളുടെ വ്യതിരിക്തമായ ദൈന്യമുഖങ്ങളാണ്.


പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരന്‍ കെ.പി രാമനുണ്ണി നിര്‍വഹിക്കുന്നു

മരണത്തിന്റെ മരവിപ്പിക്കുന്ന തണുത്തുറയലിലേക്ക് മനസ്സിനെ കനപ്പെടുത്തിക്കൊണ്ടാണ് മിക്ക കഥകളും അവസാനിക്കുന്നതെങ്കില്‍, ദാരുണാന്ത്യം പ്രതീക്ഷിച്ചിടത്ത് പൊടുന്നനെയുള്ള തിരിച്ചു വരവുകളായ് കൊടുംവെയിലിലെ ഒറ്റമരത്തണലുകളെന്നപോല്‍ ചില കഥകള്‍. ഇത്തരത്തില്‍, സാധാരണ ജീവിതങ്ങളുടെ അസാധാരണ കഥ പറയുന്നു 'മറിയം എന്ന പെണ്ണാട്'. കവിത്വം തുളുമ്പുന്ന മനോഹരഭാഷയുടെ അതിസമ്പന്നമായൊരു റിപ്പബ്ലിക് സ്വന്തമായുള്ള അനസ് മാള എന്ന കഥാകൃത്തിന് ജീവിതയാത്രയില്‍ നിന്ന് കഥയുടെ വേറിട്ട വഴികള്‍ ഇനിയുമിനിയും കണ്ടെടുക്കാനും, വായനക്കാരുടെ ഉള്ള് തൊടുംവിധമുള്ള ആഖ്യാനശൈലിയില്‍ സംവദിക്കാനുമാവും എന്നതില്‍ സംശയമില്ല.

ഹരിതം ബുക്‌സ് ആണ് പ്രസാധകര്‍. വെള്ളിയോടന്‍ അവതാരിക എഴുതിയിരിക്കുന്നു. വില: 100 രൂപ. കവര്‍ ഡിസൈന്‍: അനസ് മാള


അനസ് മാള


സൗദ പൊന്നാനി


TAGS :