Quantcast
MediaOne Logo

മോമോ ഇന്‍ ദുബായ്: കുട്ടികള്‍ കാണേണ്ട കുടുംബചിത്രം; കുടുംബങ്ങള്‍ കാണേണ്ട കുട്ടിസിനിമ

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം അറിയിക്കാത്ത മേക്കിങ്. കഴിഞ്ഞിറങ്ങിയപ്പോള്‍ ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും വിധം, അത്ര മികച്ച കുടുംബ കഥ. നല്ല സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവര്‍ തിയേറ്ററില്‍ തന്നെ പോയി കാണാന്‍ തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കം.

മോമോ ഇന്‍ ദുബായ്: കുട്ടികള്‍ കാണേണ്ട കുടുംബചിത്രം; കുടുംബങ്ങള്‍ കാണേണ്ട കുട്ടിസിനിമ
X

പേര് സൂചിപ്പിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ ഓര്‍മ വരുന്ന പഴയ കില്ലിംഗ് ഗെയിം ആയ മോമോ ഗെയിമിനെ പറ്റിയല്ല സിനിമ സംസാരിക്കുന്നത്. നൂറു ശതമാവനും കുടുംബകഥയാണ്. കുട്ടികളുടെ കഥയാണ്. മികച്ച സിനിമ എന്നതിനേക്കാള്‍ അപ്പുറം മികച്ച സന്ദേശം പകരുന്ന സിനിമ കൂടിയാണ് മോമോ. അതുകൊണ്ട് തന്നെ കഥയെ ദൃശ്യാവിഷ്‌കരിച്ച സംവിധായകനേക്കാള്‍ കഥ മെനഞ്ഞ തിരക്കഥാകൃത്തിനാണ് കൂടുതല്‍ മാര്‍ക്ക് നല്‍കേണ്ടത്. കുടുംബങ്ങള്‍ക്ക് കണ്ടിരിക്കാവുന്ന, പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു ചിത്രം. ഒരു പ്രവാസിയുടെ ജീവിതം മനോഹരമായി പകര്‍ത്താന്‍ സംവിധായകനും, ഒരു കുടുംബജീവിതത്തിലെ എല്ലാ രസങ്ങളെയും രണ്ട് മണിക്കൂറില്‍ താഴെ സമയം കൊണ്ട് വരച്ചിടാന്‍ തിരക്കഥാകൃത്തിനും കഴിഞ്ഞു.

സാധാരണക്കാരനായ ഒരു പ്രവാസി നയിക്കുന്ന കുടുംബത്തില്‍ ഉണ്ടാവുന്ന സ്വഭാവികമായ എല്ലാ പ്രതിസന്ധികളെയും സിനിമ കാണിച്ചു തരുന്നുണ്ട്. സാമ്പത്തിക ഞെരുക്കം, മികച്ച തൊഴില്‍ അവസരം ഗള്‍ഫില്‍ തന്നെ ലഭ്യമാക്കാന്‍ ഉള്ള കുടുംബനാഥന്റെ പെടാപ്പാട്, അതിനിടയില്‍ അയാള്‍ക്ക് കുടുംബത്തോടും മക്കളോടുമൊക്കെയുള്ള വാഗ്ദാനങ്ങളുടെ ബാധ്യത തുടങ്ങി ഒരു ശരാശരി മനുഷ്യന്റെ എല്ലാ ബുദ്ധിമുട്ടുകളെ പറ്റിയും സിനിമ സംസാരിക്കുന്നുണ്ട്. വാപ്പയുടെ കഥാപാത്രം ചെയ്ത അനീഷ് മേനോന്‍ കുടുംബനാഥന്റെ ഭാരം പേറുന്ന ഏതൊരാളിന്റെയും ഉള്ളുലക്കുന്ന രീതിയില്‍ തന്നെ ആ കഥാപാത്രത്തോട് നീതി പുലര്‍ത്തി. പ്രയാസങ്ങള്‍ക്കിടയിലും കുടുംബം സന്തോഷമായി തന്നെയിരിക്കാന്‍ ആണ് ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്നത് എന്നത് ഒരിക്കല്‍ കൂടി ഈ കഥാപാത്രം നമ്മോട് പറയുന്നുണ്ട്.


സിനിമയിലെ നായകന്‍ കുട്ടിയാണ്. ഒരു കുട്ടിയുടെ സ്വപ്നങ്ങള്‍, അത് നേടാനുള്ള അതിയായ ആഗ്രഹം, ജീവിതം പലപ്പോഴും മോഹിപ്പിക്കുന്നത് തരാതിരിക്കുമ്പോള്‍ ഉള്ള നഷ്ടബോധം എല്ലാം മനോഹരമായി തന്നെ സിനിമയില്‍ കാണാം. ആ കഥാപാത്രത്തെ അഭിനയിച്ച ആര്‍ത്രെ ഡയലോഗ് ഡെലിവറിയില്‍ പോലും മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ഡയലോഗിന് ഇടക്ക് വരുന്ന ചെറിയ സ്‌കിപ്പില്‍ വീണ്ടും കണ്ടന്റിലേക്ക് തിരിച്ചു വരുന്നത് എന്ത് കയ്യടക്കത്തോടെ ആണ് ആര്‍ത്രെ ചെയ്തത്.

എടുത്തു പറയാന്‍ ഉള്ള മറ്റൊരു പ്രകടനം അനു സിതാരയുടെ പെര്‍ഫോമന്‍സ് ആണ്. മൂന്ന് കുട്ടികളുടെ ഉമ്മയായി അനു സിതാര ജീവിച്ചു. ഒരേസമയം ഭര്‍ത്താവിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്ന ഭാര്യയായും കുട്ടികള്‍ക്ക് സുഹൃത്തായും നില്‍ക്കുന്ന ഉമ്മ നന്മ നിറയുന്ന കാഴ്ച്ചയാണ്. തന്റെ ചിറക് വലുതാക്കി അതില്‍ കുടുംബത്തെ സേഫ് ആക്കി നിര്‍ത്തണം എന്ന് ഭര്‍ത്താവ് പറയുമ്പോള്‍ ഞാന്‍ എന്റെ ചിറകില്‍ പറക്കുന്ന കാര്യമാണ് ആലോചിക്കുന്നത് എന്ന് തിരുത്തുന്ന അനു സിതാരയുടെ കഥാപാത്രം നിലപാട് ഉള്ള സ്ത്രീ എന്ന നിലക്ക് തന്നെ വാഴ്ത്തപ്പെടും. അറിയാതെ പോലും കടന്നുവരുന്ന പാട്രിയാര്‍ക്കിയോട് കലഹിക്കുന്ന സ്ത്രീയെ നമുക്ക് അവിടെ കാണാനാകും. ഭര്‍ത്താവിനെ കുറിച്ചുള്ള ഒരു വാട്ട്സാപ്പ് വോയ്‌സ് ഭാര്യ കേള്‍ക്കുന്ന രംഗത്തില്‍ ഭര്‍ത്താവ് അത് അവിചാരിതമായി കേള്‍ക്കുന്നുണ്ട്. ആ സമയത്തെ ഭര്‍ത്താവിന്റെ സങ്കടത്തെ അനു സിതാരയുടെ കഥാപാത്രം വസ്തുത തെര്യപ്പെടുത്തുന്ന കാഴ്ച അതിമനോഹരം ആണ്. സിനിമ ജനങ്ങളെ സ്വാധീനിക്കും എന്ന് വിശ്വസിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തേണ്ട സിനിമാ സന്ദേശം.


ജോണി ആന്റണി അവതരിപ്പിച്ച കഥാപാത്രം കണ്ണ് നനയിക്കുന്നതാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പ്രവാസിയായി ജോണി ആന്റണി ബോഡി ലാംഗ്വേജില്‍ പോലും നിറഞ്ഞാടി. അറബി, മാനേജര്‍, ഏട്ടനും ഏട്ടത്തിയുമായി അഭിനയിച്ച കുട്ടികള്‍, സെന്‍ട്രല്‍ കാരക്റ്ററിന്റെ കൂട്ടുകാര്‍ ആയി അഭിനയിച്ചവര്‍ തുടങ്ങി എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചവര്‍ ഒറിജിനലായി തന്നെ നിന്നു. നന്മ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ സിനിമ നമ്മളെ ആ കൊച്ചു പയ്യനോടൊപ്പം ഒരു ടൂര്‍ കൊണ്ട് പോകുകയായിരുന്നു.

ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍, ക്ലൈമാക്‌സ് രംഗം സിനിമ മുന്നോട്ട് വെക്കുന്ന ത്രെഡിലെ പ്രശ്‌നങ്ങളുടെ പരിഹാരം ആകണം എന്ന നിര്‍ബന്ധം ഉള്ള ഒരു വാണിജ്യ സിനിമയില്‍ അനിവാര്യമായും സംഭവിക്കേണ്ട നാടകീയത മാത്രമാണ് സിനിമയിലെ ഒരേ ഒരു കല്ലുകടി. പക്ഷെ, അതുപോലും സിനിമ അവസാനിക്കുന്നതോടെ മനസ്സില്‍ നിന്ന് മായും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം അറിയിക്കാത്ത മേക്കിങ്. കഴിഞ്ഞിറങ്ങിയപ്പോള്‍ ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും വിധം, അത്ര മികച്ച കുടുംബ കഥ.

നല്ല സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവര്‍ തിയേറ്ററില്‍ തന്നെ പോയി കാണാന്‍ തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കം.

TAGS :