Quantcast
MediaOne Logo

അനില്‍ ദേവസ്സിയുടെ കാസ പിലാസ; ഇടങ്ങള്‍ വെട്ടിപ്പിടിച്ചവരെക്കുറിച്ചുള്ള ചുമരെഴുത്തുകള്‍ക്കൊരു തലക്കെട്ട്

കാസ പിലാസയെന്ന ഭാവനാഭൂമികയില്‍ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളിലെ മക്കൊണ്ടയിലേതുപോലെ, നിരവധി കഥാപാത്രങ്ങളും മാന്ത്രികതകളും വായനയില്‍ നമ്മേ വന്ന് പൊതിയും. അരുതാത്തത് പലതും നാം കാണും. കേള്‍ക്കാന്‍ പാടില്ലാത്തത് പലതും കേള്‍ക്കും.

അനില്‍ ദേവസ്സിയുടെ കാസ പിലാസ;    ഇടങ്ങള്‍ വെട്ടിപ്പിടിച്ചവരെക്കുറിച്ചുള്ള    ചുമരെഴുത്തുകള്‍ക്കൊരു തലക്കെട്ട്
X

അജ്ഞാതമായ ഒരു ജീവചരിത്രത്തിന്റെ തിരശ്ശീല ഞങ്ങള്‍ക്കു മുന്‍പില്‍ ഉയര്‍ന്നു വന്നു. പുതിയ മനുഷ്യര്‍ കളം നിറഞ്ഞു. ഞങ്ങളുടെ അപര ജീവിതത്തിന് പുതുമാനം കൈവന്നു. ജയില്‍മുറിയിലെ ചുവരുകളില്‍ കരിക്കട്ടകള്‍ കൊണ്ട് പുതിയൊരു ജീവിതഗാഥ രചിക്കപ്പെട്ടു. ഇനിയുള്ള രാത്രികള്‍ ഞങ്ങള്‍ക്ക് പകലുകളാണ്. ലോകം മുഴുവനും സമാധാനമായി ഉറങ്ങട്ടേയെന്ന് ശുഭനിദ്ര ആശംസിച്ചു കൊണ്ട് ഞങ്ങളിതാ പുതിയൊരു കളി ആരംഭിക്കുന്നു.

ഈ കാസയിലും പിലാസയിലും ഒരുക്കി വെച്ചിരിക്കുന്നത് നീതിമാന്മാരുടെയും പുണ്യവാളന്മാരെന്നു വാഴ്ത്തപ്പെട്ടവരുടെയും രക്തവും മാംസവുമല്ല. ഇത് പാപികളുടെയും വഴിപിഴച്ചു പോയവരെന്നു മുദ്രകുത്തപ്പെട്ടവരുടെയും രക്തവും മാംസവുമാകുന്നു.

വരിക...

നിങ്ങളീ ബലി ഹൃദയത്തില്‍ സ്വീകരിക്കുക.

കാസ പിലാസ അനില്‍ ദേവസ്സി തുടങ്ങുന്നത് മുകളില്‍ എഴുതിയ വരികളിലൂടെയാണ്.

'യാ ഇലാഹി ടൈംസ്' എന്ന ആദ്യ നോവലിലൂടെ ഡി.സി കിഴക്കേമുറി പുരസ്‌കാരം നേടിയ എഴുത്തുകാരനാണ് അനില്‍ ദേവസ്സി. മരണക്കിണര്‍, കളമെഴുത്ത്, വെട്ടിക്കൂട്ട്, പാതിരാകനി, ഗൂഗിള്‍മേരിതുടങ്ങിയ ചെറുകഥകളിലൂടെ കഥാലോകത്ത് തന്റേതായ ഇടം ഉറപ്പിച്ച കാഥാകാരനാണ് അനില്‍ ദേവസ്സി. കാരൂരിന്റേയും, സി.വി.ശ്രീരാമന്റേയും പേരില്‍ എര്‍പ്പെടുത്തിയിട്ടുള്ള കഥാ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മലയാളിക്ക് അത്ര പരിചയമില്ലാത്ത ചിലയിടങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യരുടെ കഥയായിരുന്നു 'യാ ഇലാഹി ടൈംസ് 'പറഞ്ഞത്. പ്രവാസവും അഭയാര്‍ഥി ജീവിതവും യുദ്ധവും പലായനവും മുഖ്യവിഷയമാകുന്ന ഈ കൃതി, വര്‍ത്തമാന ജീവിതത്തിന്റെ പരിഛേദമായിരുന്നു. പ്രവാസജീവിതാനുവങ്ങളെ ആറ്റിക്കുറുക്കി വിശ്വമാനമുള്ളൊരു കൃതി. പ്രവാസത്തിന്റെ പൊള്ളിയടര്‍ന്ന ചില നോവുകളാണ്, പലായനത്തിന്റെ കാലികമായ ദുരിതങ്ങളാണ് നോവലിന്റെ വിഷയമായിരുന്നതെങ്കില്‍, തീര്‍ത്തും പ്രാദേശീയമായ ഒരിടത്തിന്റെ വര്‍ത്തമാനവും പുരാണവും മതവും, ജാതിയും വര്‍ണ്ണവും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരും രാഷ്ട്രീയ നാടകങ്ങളും കാമവും, തെറിയും, പകയും പ്രണയവും ഗൃഹാതുരതയും അടര്‍ത്തിയെടുക്കുകയാണ് കാസ പിലാസയിലൂടെ എഴുത്തുകാരന്‍.


കര്‍ക്കിടകത്തിലെ മഴ കലിച്ചു തുള്ളി പെയ്തു. കട്ടിപ്പൊക്കം ദേശത്തിന്റെ മേലെ കരിമ്പടം പുതച്ചു കിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചു. പാടങ്ങള്‍ മുങ്ങി. കുന്നുകള്‍ കുലുങ്ങി. പുഴകളും കുളങ്ങളും തോടുകളും കലങ്ങി; മലവെള്ളത്തിനൊപ്പം ഒന്നായൊഴുകി. കാറ്റില്‍ കൊന്നത്തെങ്ങുകള്‍ നൃത്തം വച്ചു. പട്ടയും തേങ്ങയും കോഞ്ഞാട്ടയും കാറ്റുവഴിക്ക് ചിതറി. ഏതാനും ചില വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു പോയി. വേരാഴമില്ലാത്ത മരങ്ങള്‍ കടപുഴകി വീണു. ദേഹ ബലമില്ലാത്ത മരങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞു നുറുങ്ങി. ഇടിയും മിന്നലും ഭൂമിയെ വിറപ്പിച്ചു.

മറ്റൊരു കര്‍ക്കിടക മാസത്തില്‍ മഴപ്പെയ്ത്തിന്റെ വര്‍ത്തമാനത്തിലിരുന്ന് കാസ പിലാസ വായിക്കുമ്പോള്‍ കട്ടിപ്പൊക്കം ഗ്രാമത്തിന്റെ ഓരോ ചിത്രവും വായനയില്‍, ഒരു തിരശ്ശീലയില്‍ എന്ന കണക്കെ തെളിഞ്ഞു വരും. അത്രമേല്‍ ഹൃദ്യവും മഴജലം പോലെ സുതാര്യവുമായ നോവലിന്റെ ഭാഷയിലേയ്ക്ക് തൃശൂര്‍ സ്ലാങ്ങിന്റെ സംഗീതവും കൂടി ചേരുമ്പോള്‍ പുസ്തകം വായിച്ചു തീരുന്നത് അറിയുക കൂടിയില്ല. പുഴ പോലെയതിങ്ങനെ ഒറ്റ ഒഴുക്കാണ് കടലില്‍ എത്തിച്ചേരും വരെ.

കാസ പിലാസയെന്ന ഭാവനാഭൂമികയില്‍ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളിലെ മക്കൊണ്ടയിലേതുപോലെ, നിരവധി കഥാപാത്രങ്ങളും മാന്ത്രികതകളും വായനയില്‍ നമ്മേ വന്ന് പൊതിയും. അരുതാത്തത് പലതും നാം കാണും. കേള്‍ക്കാന്‍ പാടില്ലാത്തത് പലതും കേള്‍ക്കും. താഴേത്തട്ടിലുള്ള പച്ച മനുഷ്യരുടെ ജീവിതദുരിതപ്പെയ്ത്തില്‍ നാം നനഞ്ഞ് കുതിരും. ആര്‍ത്തലയ്ക്കുന്ന പ്രളയത്തില്‍ നിലകിട്ടാതെ മറ്റൊരു കരയില്‍ ചെന്നടിയും.


കലിതുള്ളിപ്പെയ്യുന്ന മഴ പോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചു കിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോള്‍ കടപുഴകി വീണത് ഒരു പാട് ജീവിതങ്ങളാണ്. ജീവിതത്തോട് യുദ്ധം ചെയ്ത മനുഷ്യരായിരുന്നു അവര്‍. മണ്ണായിരുന്നു അവരുടെ ആയുധം. ആ മണ്ണില്‍ പൊന്ന് വിളയിക്കലായിരുന്നു അവരുടെ വിജയം. അതിനിടയിലും അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. കണ്‍മുമ്പിലുണ്ടായിട്ടും വാഗ്ദത്ത ഭൂമിയില്‍ പുതിയ സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രിജിത്താമ്മയും കരിവണ്ടും എല്‍സിയും കറിമങ്കയും മിഖായേലച്ചനും റീത്തയും സെലിനും സണ്ണിയും എബ്രഹാമും ബ്രിട്ടോ സായ്പ്പും നിറഞ്ഞു നില്‍ക്കുന്ന കാസ പിലാസ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങി മറിഞ്ഞ് വിലയം പ്രാപിക്കുന്നു.


ഇമ്മട്ടി ചാച്ചന്‍

ഇതുപോലൊരു കര്‍ക്കിടകത്തില്‍ കൊട്ടുവ പുഴയില്‍ മീന്‍ പിടിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു തര്‍ക്കമുണ്ടാകുന്നത്. പുഴയ്ക്കപ്പുറത്തുള്ള ജാതിത്തോട്ടത്തില്‍ ഓടിക്കളിക്കുന്നത് ഒരു കുറുക്കനാണെന്ന്. അല്ലാന്ന് ഇമ്മട്ടിചാച്ചന്റെ അപ്പന്‍ ഔത മാപ്ല വാദിച്ചു. വാദം മൂത്ത് തര്‍ക്കമായി. തര്‍ക്കം ഒടുവില്‍ പന്തയത്തിലെത്തി. പന്തയം ജയിക്കാനുള്ള വാശിയില്‍ ഔതമാപ്ല പുഴ മുറിച്ചു നീന്താന്‍ തീരുമാനിച്ചു. നല്ല കുത്തൊഴുക്കുള്ള സമയം. ഉള്ളിന്റെയുള്ളിലിരുന്ന് ആരൊക്കെയോ വേണ്ടറാ ഔതക്കുട്ട്യേന്ന് വിലക്കിയിട്ടും അയാള്‍ കൂട്ടാക്കിയില്ല.

മൂന്നാംപക്കം മാനേടത്തെ കടവില്‍ ഔതമാപ്ലയെ ഉപേക്ഷിച്ച് പുഴ അതിന്റെ പാട്ടിനൊഴുകിപ്പോയി. ഔതമാപ്ലയുടെ കുഴിഞ്ഞു പോയ കണ്ണുകളുടെ സ്ഥാനത്ത് അമര്‍ന്നിരിക്കുന്ന പൂവിന്റെ പേരില്‍ വരെ വാതുവയ്പ്പു നടത്തിയ നാറികള്‍ക്കിടയിലൂടെയാണ്, പതിനാലു വയസ്സുകാരനായ ഇമ്മട്ടിചാച്ചന്‍ അപ്പന്റെ ശവം ചുമന്നോണ്ടു പോയത്. പുഴയുടെ ആഴങ്ങളിലെവിടെയോ അപ്പന്റെ ജീവനുള്ളതുകൊണ്ടായിരിക്കണം ഇമ്മട്ടിചാച്ചനും കൊട്ടുവപ്പുഴയെ ഒട്ടും പേടിയില്ലായിരുന്നു. മലവെള്ളപ്പാച്ചിലിനെ മറികടക്കാനും കുത്തൊഴുക്കില്‍ ചവിട്ടിനില്‍ക്കാനും പൊന്തിക്കിടക്കാനും മുങ്ങാങ്കുഴിയിടാനും മലക്കം മറിയാനും ചാച്ചനോളം പോന്നവര്‍ ദേശത്തില്ലായിരുന്നു.

ബ്രിജിത്താമ്മ

ജീവിതം ഒരു കടല്‍യാത്രയാണ്. ഒറ്റയ്ക്ക് തോണി തുഴയാന്‍ വിധിക്കപ്പെട്ടവളാണ് താന്‍. പാതി വഴിയിലെവിടെയോ തുഴയും നഷ്ടമായിരിക്കുന്നു. ദിശതെറ്റിയ തോണി അതിന്റെ പാട്ടിന് സഞ്ചരിക്കുന്നു. കാറും കോളും അതിനെ വലയ്ക്കുന്നു. കടല്‍ച്ചൊരുക്ക് പരാജയഭീഷണി ഉയര്‍ത്തുന്നു. പക്ഷേ, തോറ്റു കൊടുക്കാന്‍ തയ്യാറല്ല. ലക്ഷ്യത്തിലേക്കുള്ള പാതിദൂരം പോലും പിന്നിട്ടിട്ടില്ല. ശരിരം മാത്രമാണ് തളരുന്നത്. മനസ്സിന് തളര്‍ച്ചയില്ല; തകര്‍ച്ചയുമില്ല. ചാവുകടര്‍ നീന്തിക്കടക്കണോ, അഗ്‌നിപര്‍വതം കീഴടക്കണോ സാധിക്കും.

കുഞ്ഞമ്പേട്ടന്‍

കിഴക്കന്‍ചൂടി ഇമ്മട്ടിചാച്ചന്റെ സാമ്രാജ്യം. കാടും മലയും കൈയേറിയും വ്യാജ പട്ടയങ്ങള്‍ നിര്‍മിച്ചുമൊക്കെയാണ് അതുകെട്ടിപ്പൊക്കിയിരിക്കുന്നത്. ഞാനായിരുന്നു എല്ലാത്തിന്റെയും നോട്ടക്കാരന്‍. നോട്ടക്കാരനല്ല, വേട്ടക്കാരന്‍. എന്നെ കാണാന്‍ വരുമ്പോഴൊക്കെ ചാച്ചന്‍ പുകഴ്ത്തി പാടും. പുതുതായി കീഴടക്കിയ ഇടങ്ങളിലൂടെ പ്രാഞ്ചി പ്രാഞ്ചിനടക്കുകയായിരിക്കും ഞങ്ങളപ്പോള്‍.

കരിവണ്ട്

എല്ലാത്തിനും എന്റെയൊപ്പം കരിവണ്ടും കാണും. മലയോട് മല്ലിടാനും കാട്ടുമൃഗങ്ങളെ കെണിവച്ചുപിടിക്കാനും ചാരായം വാറ്റാനും ഇറച്ചി ചുട്ടെടുക്കാനും കരിവണ്ടെപ്പോഴും പാറി നടക്കും. അവന് തിന്നാനും കുടിക്കാനുംകിട്ടിയാല്‍ മതി. തിന്നുക, തൂറുക, കുടിക്കുക, പെടുക്കുക, കഴപ്പു തീര്‍ക്കുക. അതിലപ്പുറം മറ്റു ജീവിത ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരു ജന്തു.

കറിമങ്ക

കറിമങ്കയുണ്ടാക്കുന്ന രസത്തിന്റെ രുചി ദ്രുതഗതിയിലാണ് പണിക്കാര്‍ക്കിടയില്‍ പ്രശസ്തിയാര്‍ജിച്ചത്. ഊണിനൊപ്പം ചെറിയ മണ്‍കുടുക്കയില്‍ നിരത്തുന്ന രസം രണ്ടാമതും മൂന്നാമതും വരെ ആളുകള്‍ ചോദിച്ചു വാങ്ങുമായിരുന്നു. ചിലര്‍ രസം കുടിക്കാന്‍ വേണ്ടി മാത്രം ഊണ് കഴിക്കാന്‍ കയറി. തക്കാളി, കുരുമുളക്, പുളി തുടങ്ങിയ ലൊട്ടുലൊടുക്ക് സാധനങ്ങള്‍ മാത്രമേ കറിമങ്കയുടെ രസത്തിലും ഉണ്ടായിരുന്നുള്ളു. പക്ഷേ, ആ മാന്ത്രികക്കുട്ടിന്റെ രുചിയും മണവും കൊതിപ്പിക്കുന്നതായിരുന്നു. ആ കൊതിക്കെര്‍വിലാണ് ഇമ്മട്ടിചാച്ചന്‍ വീണുപോയത്.

മിഖായേലച്ചന്‍

കപ്പുച്ചിന്‍ ആശ്രമത്തിന്റെ പറമ്പില്‍ കാടും പടലേം വെട്ടിത്തെളിച്ചുകൊണ്ടിരിക്കുന്ന ദീര്‍ഘകായനായ ഒരു മനുഷ്യനെ നാട്ടുകാര്‍ കണ്ടു. മനുഷ്യവാസമില്ലാതെ കിടന്നിരുന്ന പറമ്പിനെ ആശ്രയിച്ച് ജീവിതം നയിച്ചിരുന്ന ചിലര്‍ ഒത്തുകൂടി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 'ഞാന്‍ മിഖായേല്‍ പുരോഹിതനാണ്' കുരിശിനു പകരം തൂമ്പ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞു. 'സംശയിക്കണ്ട. കളപറിക്കാന്‍ ഉടുപ്പൊരു തടസ്സമായതുകൊണ്ട് ഊരിവെച്ചതാണ്. വിരോധമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെയൊപ്പം കൂടാം. ആശ്രമം വീണ്ടെടുക്കാന്‍ സഹായിക്കാം.

കുഞ്ഞേശു

ചാച്ചന്റെ സകലതും മലവെള്ളത്തില്‍ ഒഴുക്കിക്കൊണ്ടായിരുന്നു അവന്റെ ജനനം. എന്നിട്ടും ചാച്ചനവന് അപ്പന്റെ പേരിട്ടു. ബ്രിജിത്താമ്മയ്ക്ക് അവന്‍ കുഞ്ഞേശുവായിരുന്നു. ഘാനയെന്ന ആഫ്രിക്കന്‍ രാജ്യത്തും, തമിഴ്‌നാട്ടിലെ ഏര്‍വാടിയിലെ ദര്‍ഗയിലും ഒരേ സമയം പലരും കാണുന്ന കട്ടിപ്പൊക്കത്തെ പൊട്ടഞ്ചെക്കന്‍ കുഞ്ഞേശുവാണ് ഈ നോവലിലെ ഏറ്റവും വലിയ സത്യം. കണ്ണുകളും കാതുകളും തുറന്നു വയ്ക്കുവിന്‍ അവന്‍ ഇവിടെയുണ്ട്, നമുക്കിടയിലുണ്ട്, നമ്മുടെയുള്ളില്‍ തന്നെയുണ്ട് എന്ന തിരിച്ചറിവാണത്. ജാലകപ്പടിയിലിരിക്കുന്ന ഒരു തുമ്പി എല്ലാവരുടേയും നോട്ടത്തില്‍ പറന്നു പോവുകയും അനേകായിരം തുമ്പികളായി പറന്നിറങ്ങുകയും ചെയ്യുന്ന അത്ഭുതമാണത്.

റീത്ത

എല്ലാ കാര്യങ്ങളിലും ആണ്‍ പെണ്‍ വേര്‍ത്തിരിവുകളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് വീടിന് പുറത്തുള്ള ചില കാര്യങ്ങളിലൂടെയാണ്. വീട്ടില്‍ ഞാന്‍, തനിക്ക് താനേ പുരയ്ക്ക് തൂണേ എന്നപോലെയായിരുന്നു ജീവിച്ചത്. അതുകൊണ്ടാകണം പുറം ലോകത്തെ കാഴ്ചകളിലെ വേര്‍ത്തിരിവുകള്‍ വിചിത്രമായി തോന്നിയത്. കളികള്‍ക്കിടയിലാണ് അങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. എന്തിനേറെ പറയണം, സകല മതങ്ങളിലേയും ദൈവങ്ങളില്‍ പോലും ആണുങ്ങള്‍ക്കല്ലേ കൂടുതല്‍ പവര്‍. ആരാധനയും സ്തുതിയും പുകഴ്ചയും അവര്‍ക്കല്ലേ ആദ്യം കാഴ്ചവയ്ക്കുന്നത്.

ഇനിയുമുണ്ട് പരിചയപ്പെടുത്തേണ്ടവര്‍ അവരെ വായനയില്‍ കണ്ടെത്തുക. എല്ലായിടത്തും ഉണ്ടാവുന്നതുപോലെ കുറേ മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ് കട്ടിപ്പൊക്കം. കടുത്ത വേനലിലും പതഞ്ഞൊഴുകുന്ന പുഴയുടെ ഒത്ത നടുക്കായിട്ട് കാസയുടേയും പിലാസയുടേയും രൂപത്തിലുള്ള ഒരു തുരുത്ത്. പണിയെടുത്തും പറ്റിച്ചും ജീവിക്കുന്നവര്‍. എല്ലാവരേയും പോലെ തിന്നും തൂറിയും ഭോഗിച്ചും മരിച്ചു പോകുന്നവര്‍. അവര്‍ക്കിടയില്‍ ഒരു ദിവസമെങ്കിലും ജീവിച്ചാല്‍ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം നമുക്ക് സ്വയം കിട്ടുന്നു. എങ്കില്‍പ്പിന്നെ മുന്നൂറ്റി എഴുപത്തിനാല് പേജുള്ള കട്ടിപ്പൊക്കത്തിന്റെ പൂര്‍വ ചരിത്രം മുഴുവന്‍ വായിച്ചാല്‍ നമ്മള്‍ ആകപ്പെട്ടു പോകുന്ന ആകസ്മിതയുടെ, മാജിക്കല്‍ റിയലിസ്സത്തിന്റെ പേരാണ് കാസ പിലാസ.


അനില്‍ ദേവസ്സിയും രമേഷ് പെരുമ്പിലാവും

TAGS :