Quantcast
MediaOne Logo

ജുബൈര്‍ ടി.കെ

Published: 4 April 2023 3:46 PM GMT

ഓരോ കലയും ഓരോ ചരിത്രമാണ്

2004ല്‍ ക്വീന്‍സ്ലാന്‍ഡ് തീരത്തുള്ള ആദിവാസി സെറ്റില്‍മെന്റായ പാം ഐലന്റില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഒരു ആദിവാസി യുവാവ് കൊലചെയ്യപ്പെടുകയും, അദ്ദേഹത്തിന്റെ നരഹത്യക്ക് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി വെറുതെ വിടുകയും ചെയ്തു. ഈ വംശീയ വിദ്വേഷത്തിനെതിരെയുള്ള മറുപടിയായിട്ടാണ് വാക്ക് ഓണ്‍ റീചാര്‍ഡ് എന്ന ചിത്രം ബെല്‍ വരച്ചത്.

ഓരോ കലയും ഓരോ ചരിത്രമാണ്
X

മുദ്രാവാക്യ സ്വാഭാവമുള്ളതും പ്രതിഷേധാത്മകവുമായിട്ടുള്ള ചിത്രങ്ങളിലൂടെ തന്റെ രാഷ്ട്രീയം വിളിച്ചു പറയുന്ന കലാകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് റിച്ചാര്‍ഡ് ബെല്‍. ആസ്വാദനത്തിനപ്പുറം നവ ചിന്തകളുടെ വിത്ത് പാകുകയും ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ബെല്ലിന്റെ സൃഷ്ടികളില്‍ കലാമൂല്യത്തിന്റെയും പ്രതിഷേധത്തിന്റെയും അടരുകള്‍ ഒറ്റനോട്ടത്തില്‍ തന്നെ പ്രകടമായി കാണാന്‍ സാധിക്കും. തന്റെ കലാ പ്രവര്‍ത്തനങ്ങളെ സാമൂഹിക നീതി, ഭൂഅവകാശങ്ങള്‍ തുടങ്ങിയവ വിളിച്ചു പറയാന്‍ ഉപയോഗിക്കുന്ന ശബ്ദമായി അദ്ദേഹം കണക്കാക്കുകയും ചെയ്യുന്നു. ബെല്ലിന്റെ വിഭിന്നമായിട്ടുള്ള കൃതികള്‍ യൂറോപ്യന്‍ അധിനിവേശ പൈതൃകത്തെ നേര്‍ക്കുനേര്‍ നിന്ന് വിമര്‍ശിക്കാന്‍ മടി കാണിച്ചില്ല.

സൃഷ്ടികളിലെ ജാതി സ്വതത്തിന്റെ സങ്കീര്‍ണ ദൃശ്യാത്മകതയുടെ കൂട്ട് അദ്ദേഹത്തിന്റെ ജീവിത യാത്രയില്‍ നിന്ന് തന്നെ ലഭിച്ചതാവാം. ആദിവാസി ആക്ടിവിസ്റ്റുകളുടെ തലമുറയിലെ അംഗം എന്ന നിലയില്‍ ഓസ്‌ട്രേലിയയിലെ കമിലാരോയ്, കൂമ എന്നീ സമൂഹങ്ങളുടെ ഭാഗം കൂടിയാണ് ബെല്‍. വര്‍ണ്ണ വിവേചനത്തിനെതിരെ ബെല്‍ വരച്ചു കൂട്ടിയത് ക്യാന്‍വാസുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഓരോ നോട്ടത്തിലും അനേകായിരം സന്ദേശം തുളുമ്പുന്ന ചിത്രങ്ങള്‍ സമൂഹത്തിലെ ഓരോ ജീവിതത്തിന്റെയും പരിച്ഛേദം കൂടിയാണ്. അതുകൊണ്ട് തന്നെ ആ ചിത്രങ്ങള്‍ ഒരുപാട് മനുഷ്യസ്‌നേഹികളുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്നു.


1953ല്‍ ഓസ്‌ട്രേലിയയിലെ കമിലാരോയില്‍ ജനിച്ച റിച്ചാര്‍ഡ് ബെല്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയെ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടികളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു കലാരംഗത്തേക്ക് കടന്നുവന്നത്. തന്റെ മനസ്സിലുള്ള എന്തും വിളിച്ചു പറയാനുള്ള സൂത്രവാക്യമായിട്ടാണ് ഓരോ സൃഷ്ടിയെയും ബെല്‍ കാണുന്നത്. എഴുപതുകളിലാണ് റിച്ചാര്‍ഡ് ബെല്‍ ആക്ടിവിസത്തിന്റെ വാതില്‍ തുറന്നു കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങുന്നത്. സാംസ്‌കാരിക വിവേചനത്തിനും, വര്‍ഗീയതക്കെതിരെയും ശബ്ദിക്കുന്ന കലാസൃഷ്ടികളെ ഏകോപിപ്പിക്കാന്‍ വേണ്ടി 'പ്രൊപ്പ നൗ' എന്ന സംഘടന 2003ല്‍ രൂപീകരിച്ചു. 2006ല്‍ ഓസ്‌ട്രേലിയന്‍ ആര്‍ട്ട് കളക്ടര്‍ മാഗസിന്‍ ബെല്ലിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. കളേഴ്സ് തിയറി എന്ന ജനകീയ ടി.വി ഷോയിലൂടെ ബെല്ലിനെ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞു തുടങ്ങി. അനീതിക്കെതിരെ ശബ്ദിക്കുന്നതില്‍ ഊര്‍ജ്ജം കണ്ട ബെല്‍ പലരെയും അസ്വസ്ഥരാക്കി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വലിച്ചു താഴെ ഇടാന്‍ പല വിധ ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് പൊട്ടി വീണു. അതിലൊന്നും തളരാതെ ബെല്‍ തന്റെ രാഷ്ട്രീയം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.


ഏറെ ചര്‍ച്ചയാക്കപ്പെട്ട റിച്ചാര്‍ഡ് ബെല്ലിന്റെ പെയിന്റിംങ്ുകളാണ് ആണ് 'വാക് ഓണ്‍', 'പേ ദി റെന്റ്' എന്നിവ. 2004ല്‍ ക്വീന്‍സ്ലാന്‍ഡ് തീരത്തുള്ള ആദിവാസി സെറ്റില്‍മെന്റായ പാം ഐലന്റില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഒരു ആദിവാസി യുവാവ് കൊലചെയ്യപ്പെടുകയും, അദ്ദേഹത്തിന്റെ നരഹത്യക്ക് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി വെറുതെ വിടുകയും ചെയ്തു. കുറ്റവിമുക്തനാക്കിയ ഈ കോടതി വിധി സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ജാതി ചിന്തയുടെയും സവര്‍ണ്ണ മേല്‍കൊയ്മയുടെയും പരിണിത ഫലമാണ്. ഈ വംശീയ വിദ്വേഷത്തിനെതിരെയുള്ള മറുപടിയായിട്ടാണ് വാക്ക് ഓണ്‍ റീചാര്‍ഡ് ബെല്‍ വരച്ചത്. ഓരോ കലയും ഓരോ ചരിത്രം ആണെന്ന് ബെല്‍ വിശ്വസിച്ചു.


ബെല്ലിന്റെ പ്രതിഷേധവും ടെക്സ്റ്റ് പെയിന്റിങ്ുകളും ഇന്‍സ്റ്റലേഷനുകളും എഴുപതുകള്‍ മുതല്‍ ശ്രദ്ധേയമാണ്. 1901 മുതല്‍ ഇന്ന് വരെ ഓസ്‌ട്രേലിയന്‍ ഗവണ്മെന്റ് ആദിവാസികള്‍ക്ക് നല്‍കാനുള്ള കടം ചൂണ്ടി കാണിക്കുന്നതാണ് 'പേ ദി റെന്റ്'. ആദിവാസി സമൂഹം അനുഭവിച്ച യാതനകള്‍ക്ക് പകരമായി എന്ത് നല്‍കിയാലും ആ കടം ഇല്ലതാക്കാന്‍ സാധിക്കില്ല എന്ന് ബെല്‍ പ്രഖ്യാപിക്കുന്നു.


ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട കലാകാരന്മാരില്‍ ഒരാളായ റിച്ചാര്‍ഡ് ബെല്‍ നിലവില്‍ ബ്രിസ്‌ബെന്നില്‍ താമസിക്കുകയും പെയിന്റിംങ്, ഇന്‍സ്റ്റല്ലേഷന്‍ തുടങ്ങിയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൊളോണിയല്‍ ലാന്‍ഡ്‌സ്‌കേപ് പെയിന്റിംഗ്, പോപ്പ് ആര്‍ട്ട് മുതല്‍ സെന്‍ട്രല്‍ ആന്‍ഡ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആദിവാസി പെയിന്റിംങ് വരെയുള്ള വിഭാഗങ്ങളില്‍ ബെല്‍ തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയിട്ടുണ്ട്. ലോകശ്രദ്ധ പിടിച്ചു പറ്റിയ വര്‍ത്ത് എക്‌സ്‌പ്ലോറിങ് എന്ന പെയിന്റിംങ് ബെല്ലിന്റെ മറ്റൊരു കലാസൃഷ്ടിയാണ്.



TAGS :