Quantcast
MediaOne Logo

ആരിഫ അവുതല്‍

Published: 22 Feb 2023 11:15 AM GMT

ഇത്രയും ഭാവനാത്മകമായി മരണമെങ്ങനെ എഴുതാനാവും

മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഉന്മാദത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുന്നവരുടെ ഉള്ളില്‍ മരണമെന്ന രഹസ്യകലാകാരന്‍ വിഹരിക്കുന്നു. ജീവിതത്തിന്റെ താളഭംഗങ്ങളില്‍ മാനസിക വ്യഥകള്‍ അനുഭവിക്കേണ്ടി വരുന്നവരില്‍ മരണം മധുരമായി പ്രവേശിക്കുന്നു.

ഇത്രയും ഭാവനാത്മകമായി മരണമെങ്ങനെ എഴുതാനാവും
X

റിഹാന്‍ റാഷിദിന്റെ ആത്മഹത്യയുടെ രസതന്ത്രം - നോവല്‍ വായന.

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നൂല്‍പ്പാലം പണിഞ്ഞു ആത്മഹത്യ ചെയ്ത ഒരു കൂട്ടം മനുഷ്യര്‍. അന്തര്‍മുഖരായ ഇവര്‍ മരണത്തിന്റെ ഗന്ധം പേറി നടക്കുന്നൊരുവനുമായി ആത്മഹത്യാ കുറിപ്പിലൂടെയും കഥകളിലൂടെയും സംവദിക്കുന്നു. മരണത്തെ മുന്‍കൂട്ടി വരച്ചുവച്ച അവര്‍ അനുഭവിക്കുന്ന മനോവ്യാപാരങ്ങള്‍, മരണത്തോട് അഭിരമിച്ച് സുതാര്യമെന്ന് കരുതുന്ന മറ്റൊരു ലോകത്തേക്ക് പോകുന്നു. സ്വപ്നാടകരെ പോലെയവര്‍ മരണത്തിലേക്ക് നടന്നു നീങ്ങുമ്പോള്‍, തീര്‍ത്തും സര്‍ഗാത്മകമായി ഓരോരുത്തരും ഓരോരോ മരണവഴികള്‍ തിരഞ്ഞെടുക്കുന്നു.

പലചുറ്റുപാടില്‍ ജീവിച്ചിരുന്ന ഈ മനുഷ്യര്‍ മരണംകൊണ്ട് വലക്കണ്ണികളാല്‍ കൂട്ടിയിണക്കപ്പെടുന്നത് ഈ പുസ്തകത്തില്‍ അത്ഭുതത്തോടെ നോക്കിക്കാണാനാകും. 'മരിക്കുക എന്നത് ഒരു കലയാണ്, ഞാനത് മറ്റാരെക്കാളും മനോഹരമായി ചെയ്യുന്നു' എന്നെഴുതിയ സില്‍വിയ പ്ലാത്തും, 'മൃത്യുവിന്റെ രണഭൂവില്‍ ഞാനിനി എന്റെ നഷ്ട്ങ്ങള്‍ ശ്വസിച്ചുറങ്ങട്ടെ' എന്നു കുറിച്ച നന്ദിതയും, ലിയോ ടോള്‍സ്റ്റായിയുടെ അന്നാകരീനെയും, ഇവാന്‍ ഇല്ലിച്ചും ദസ്‌തെവ്‌സ്‌ക്കിയിലേക്ക് നടന്നു കയറിയ അന്നയുമെല്ലാം ആത്മഹത്യയുടെ രസതന്ത്രമെന്ന പുസ്തകത്തിലുള്ള ഓരോ കഥാപാത്രങ്ങളിലും ജീവിക്കുന്നത് കാണാം.

മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഉന്മാദത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുന്നവരുടെ ഉള്ളില്‍ മരണമെന്ന രഹസ്യകലാകാരന്‍ വിഹരിക്കുന്നു. ജീവിതത്തിന്റെ താളഭംഗങ്ങളില്‍ മാനസിക വ്യഥകള്‍ അനുഭവിക്കേണ്ടി വരുന്നവരില്‍ മരണം മധുരമായി പ്രവേശിക്കുന്നു. ഭ്രാന്ത് തുടിക്കുന്ന മനസ് കൊടുങ്കാറ്റിലകപ്പെടുമ്പോള്‍ അവര്‍ വാന്‍ഗോഗിനെ പോലെ മരണം വരയ്ക്കുന്നു. വ്യത്യസ്തയുടെ ഈ രസതന്ത്രം ഓരോ വായനക്കാരിലും രാസ പ്രവര്‍ത്തനങ്ങളാല്‍ നിറഞ്ഞു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല!


ആത്മഹത്യയുടെ രസതന്ത്രം വായിച്ചവാസനിച്ചപ്പോഴേക്കും ഞാന്‍ പലരായി പലരീതിയില്‍ മരിച്ചു! എഴുത്തുകാരനെത്രെയോ തവണ മരിച്ചിരിക്കണം അല്ലെങ്കില്‍ ഇത്രയും ഭാവനാത്മകമായി മരണമെങ്ങനെ എഴുതാനാവും?! ഒടുവില്‍ നോവലിസ്റ്റ് പറഞ്ഞുവെക്കുന്ന സന്ദേശത്തില്‍ വായനക്കാരന്‍ സമയോജനപ്പെടുന്നു.

'ജീവിതത്തേക്കാള്‍ ആസ്വാദ്യകരമായ മറ്റൊന്നില്ല' ഇതോര്‍മ്മയിലിരിക്കട്ടെ.

എപ്പോഴുമേപ്പോഴും അതിശയപ്പിച്ചു കൊണ്ടിരിക്കുന്നു എഴുത്തുകാരന്‍.

TAGS :