MediaOne Logo

ബിതാദാസ്

Published: 24 July 2022 5:53 PM GMT

സ്‌നേഹസ്മൃതി

| ചെറുകഥ

സ്‌നേഹസ്മൃതി
X
Listen to this Article

'ഇനി മരിച്ചയാള്‍ടെ പേരും നാളും മനസ്സില് വിചാരിച്ച് പിണ്ഡം സമര്‍പ്പിച്ചോളൂ.'

ഓതിയ്ക്കന്റെ വാക്കുകള്‍ കേട്ട് പാര്‍വതിയുടെ കണ്ണിലെ തുലാവര്‍ഷമേഘങ്ങള്‍ ആര്‍ത്തിയോടെ പെയ്തിറങ്ങി. കാഴ്ച മറച്ചു. ആദ്യമായാണ് അമ്മയ്ക്കു വേണ്ടി എന്തെങ്കിലുമൊന്നു ചെയ്യുന്നത്.

ചെറുപ്പത്തില്‍ തന്നെയും ഒക്കത്തെടുത്ത് ഒരു കയ്യില്‍ ഭക്ഷണപ്പാത്രവുമായി വീടിനു ചുറ്റും നടന്ന് കാഴ്ചകള്‍ കാണിച്ചും പാട്ടു പാടിത്തന്നും നിര്‍ബന്ധിച്ചു കഴിപ്പിച്ചിരുന്ന അമ്മയുടെ ചിത്രം അവളുടെ മനസ്സില്‍ തെളിഞ്ഞു. അമ്പിളിമാമന്റെ മടിയിലെ മാനും ഓട്ടപ്പന്തയത്തില്‍ തോറ്റു പോയ മുയലും വില്ലൊടിച്ച് സീതയെ സ്വന്തമാക്കിയ രാമനും അമ്മയാല്‍ ഉരലില്‍ കെട്ടിയിടപ്പെട്ട ഉണ്ണിക്കണ്ണനുമെല്ലാം അന്നത്തെ രാത്രികളില്‍ തന്റെ സ്വപ്നങ്ങളെ ഭരിച്ചിരുന്നു.

അമ്മ ഒരിടത്തിരിക്കുന്നത്, വിശ്രമിക്കുന്നത് കണ്ടിട്ടേയില്ല. എത്ര ജോലി ചെയ്താലും അച്ഛമ്മ വഴക്കു പറഞ്ഞു കൊണ്ടേയിരിക്കും. അമ്മയെങ്ങാനിരിക്കുന്നതു കണ്ടാല്‍ കലിപ്പാണച്ഛമ്മക്ക്. ഉടനെ തുടങ്ങും: 'ആ തൊടിയില് വിറകെത്രയാ കിടക്കുന്നത്? കെട്ടിലമ്മക്ക് പോയൊന്നെടുക്കാന്‍ മടി. ഓരോരുത്തര് കാശു കൊടുത്താവിറക് വാങ്ങുന്നത്. എനിക്കിതൊന്നും കാണാന്‍ വയ്യല്ലോ ന്റെതേവരെ... ' എന്നു പറഞ്ഞു കൊണ്ട് ആ വലിയ തൊടിയിലെ സകല വിറകും അമ്മയെക്കൊണ്ട് കെട്ടി വെപ്പിച്ച് വിറകുപുരയിലേക്കെത്തിക്കുമായിരുന്നു. അച്ഛമ്മയുടെ മരണശേഷം അമ്മയ്ക്കു വല്ല സമാധാനവും ഉണ്ടായിരുന്നോ? അറിയില്ല.പാര്‍വതിക്കൊരു പനി വന്നാല്‍ അമ്മ ഉറങ്ങിയിരുന്നേയില്ല. എല്ലാവരും സുഖമായി ഉറങ്ങുന്ന നേരത്ത് ആര്‍ക്കാണോ അസുഖം അവര്‍ക്ക് കാപ്പിയുണ്ടാക്കിയും വെള്ളം ചൂടാക്കിയും കാലുതിരുമ്മിക്കൊടുത്തും അമ്മ മാത്രം ഉറക്കമിളച്ചിരുന്നു.

താനോ അച്ഛനോ അമ്മയെ ശ്രദ്ധിച്ചിട്ടേയില്ല. ഭക്ഷണമുണ്ടാക്കിയും വിളമ്പിയും പാത്രം കഴുകിയും തുണിയലക്കിയും മുറ്റമടിച്ചും അമ്മ അവിടെ ഉണ്ടായിരുന്നു. ഇത്ര പെട്ടെന്ന് അമ്മ വിട്ടു പോകുമെന്ന് കരുതിയില്ല.

ഒരു ദിവസം കോളജില്‍ നിന്നു വീട്ടിലെത്തിയപ്പോള്‍ വീടും തുറന്നിട്ട് അമ്മ എങ്ങോട്ടോ പോയിരിക്കുന്നു. കള്ളന്‍മാര്‍ ധാരാളമുള്ള ഇക്കാലത്ത് വാതില്‍ ചാരാതെ പോയതിന് അടുത്ത വീട്ടുകാരൊക്കെ കേള്‍ക്കും വിധം ഉറക്കെ അമ്മയെ വഴക്കു പറഞ്ഞാണ് താനന്ന് അകത്ത് കയറിയത്. പതിവുപോലെ ചായയും സ്‌നാക്‌സും മുന്നിലെത്താത്ത ദേഷ്യത്തിന് പിറുപിറുത്തു കൊണ്ട് അടുക്കള വരെ ചെല്ലുകയും ഡൈനിംഗ് ടേബിളിലടച്ചുവച്ച ചായയും സ്‌നാക്‌സും സ്വയമെടുത്തു കഴിച്ച് അമ്മ വരുമ്പോള്‍ വഴക്കു പറയാനുള്ള വാചകങ്ങള്‍ മനസ്സില്‍ തയ്യാറാക്കി ഫോണുമായി ഉമ്മറത്ത് ചെന്നിരുന്നു.

വീണ്ടും അമ്മയെ കാണാതായപ്പോള്‍ അമ്മ ആകെ മിണ്ടിപ്പറയാറുള്ള അടുത്ത വീട്ടിലെ ആശാന്റിയെ നീട്ടി വിളിച്ചു കൊണ്ട് അവിടേക്ക് നടന്നു. അമ്മ അവിടെയുണ്ടാവും എന്നുറപ്പായിരുന്നു. അവിടെയും ഇല്ലായിരുന്നു. ആശാന്റിയും കൂടെ വന്ന് തൊടിയിലാകെ അമ്മയെത്തിരഞ്ഞു. വീടിനു പിന്നിലുള്ള കിണറു വക്കത്ത് പാതി നിറച്ച കുടത്തിനരികില്‍ വീണു കിടക്കുന്നു അമ്മ.

ഉടനെ അച്ഛന് ഫോണ്‍ ചെയ്ത് ആശാന്റിയുടെയും അങ്കിളിന്റെയും സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. പിന്നൊരിക്കലും അമ്മ ഉണര്‍ന്നില്ല. രണ്ടാഴ്ചത്തെ ഐസിയു വാസത്തിനൊടുവില്‍ അമ്മ ജീവനില്ലാതെ വീട്ടിലേക്ക് തിരിച്ചു വന്നു. അന്നാദ്യമായി അമ്മ ആദ്യം തളത്തിലും പിന്നീട് തെക്കേത്തൊടിയിലും നീണ്ടു നിവര്‍ന്ന് കിടന്ന് വിശ്രമിച്ചു. ന്യൂമോണിയ ആയിരുന്നു. മൂര്‍ച്ഛിച്ച് ആന്തരാവയവങ്ങളെ ഓരോന്നായിക്കീഴടക്കി ഒടുവില്‍........

ഏകദേശം ഒരാഴ്ച മുമ്പേ അമ്മ അച്ഛനോട് പറയുന്നതു കേട്ടു: 'എനിക്കെന്തോ തീരെ വയ്യാ. ഒരുള്‍പ്പനി പോലെ. വലിയ ക്ഷീണം. കിടക്കണമെന്ന് തോന്നല്‍.'

'നിനക്ക് ഞങ്ങള്‍ രണ്ടാളും പോയാല്‍പ്പിന്നെ വൈകുന്നേരം വരെ കിടക്കാലോ. വല്ല നീരിറക്കമോ മറ്റോ ആയിരിക്കും. ഒരു പാരസിറ്റമോള്‍ കഴിക്ക്. ശരിയാവും.'

അത്ര തന്നെ. പിറ്റേന്ന് കോളജ് വിട്ടു വന്ന തന്നോടും അമ്മ അതേ കാര്യം ആവര്‍ത്തിച്ചു. താനാ നെറ്റിയിലോ കഴുത്തിലോ ഒന്നു കൈവച്ചു നോക്കണമെന്ന് അമ്മ ആഗ്രഹിച്ചിട്ടുണ്ടാവും. ചെയ്തില്ല. മാത്രമല്ല ' വന്നയുടനേ ഞാനൊന്നിരുന്നോട്ടെ. ഇത്ര നേരം പുതച്ചുമൂടിക്കിടന്നതിന്റെ ദേഹച്ചൂടാവും അമ്മയ്ക്ക് ' എന്നൊരു മറുപടി കൂടിപ്പറഞ്ഞ് ഫോണുമായി മുറിയിലേക്ക് പോവുകയാണുണ്ടായത്. ചായയുമായി അമ്മ അടുത്തു വന്നു നിന്നപ്പോഴും ഫോണില്‍ നിന്നു കണ്ണെടുക്കാതെ ചായ വാങ്ങി. അല്‍പനേരം കൂടി അവിടെ നിന്ന് അമ്മ പോയി.

അമ്മ ആശുപത്രിയിലായ സമയത്ത് ക്ലാസ് കളയാന്‍ പറ്റില്ലെന്ന് പറഞ്ഞ് അമ്മയുടെ തറവാട്ടില്‍ പോയി നിന്നു. വീക്കെന്‍ഡില്‍ ആ ഒരാഴ്ചത്തെ അലക്കാനുള്ള വസ്ത്രങ്ങള്‍ നിറച്ച ബാഗുമായി തിരിച്ചു വന്ന് അതവിടെ ഇട്ട് പകരം അലമാരയില്‍ അമ്മ തേച്ചു മടക്കി വച്ചിരുന്ന ഡ്രെസ് എടുത്ത് വീണ്ടും തിരിച്ചു പോയി. പിന്നീട് അമ്മയ്ക്ക സുഖം കൂടുതലാണെന്നും വേഗം വരണമെന്നും അച്ഛന്‍ വിളിച്ചു പറഞ്ഞപ്പോഴാണ് വന്നത്. അപ്പോഴേക്കും അമ്മ പോയിരുന്നു.

അലക്കാനുള്ള തുണികള്‍ അച്ഛനും താനും 'അലക്കു മൂല' എന്നു കളിയാക്കിയിരുന്ന ചായ്പ്പിന്റെ കോര്‍ണറില്‍ മുഷിഞ്ഞു കിടന്നു. ഇടാനുള്ള വസ്ത്രത്തിനായി, തുറന്ന അലമാരയുടെ തട്ടുകളില്‍ പരതിയപ്പോള്‍ ഒന്നും തടയാതായി. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചു വച്ചിരുന്ന നൂഡില്‍സിന്റേയും ബ്രെഡിന്റേയും ബിസ്‌കറ്റുകളുടേയും കവറുകള്‍ കൊണ്ട് വീടിന്നകം നിറഞ്ഞു. ഫ്രിഡ്ജിന്റെ തട്ടുകള്‍ ഒഴിഞ്ഞു. എട്ടുകാലികള്‍ തലയിലേക്ക് കൊഴിഞ്ഞു.ചെരിപ്പിടാതെ അകത്ത് നടക്കാന്‍ പറ്റാതായി. കഴുകാനുള്ള പാത്രങ്ങള്‍ പിന്‍വശത്തെ മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിച്ചു. മുറ്റത്തെ മാവ് തന്റെ സങ്കടം തീര്‍ത്തതിന്റെ ബാക്കിപത്രങ്ങള്‍ കൊണ്ട് മുറ്റം നിറഞ്ഞു. ആശാന്റിയുടെ ദയയാല്‍ ഇങ്ങോട്ടു പറഞ്ഞയക്കപ്പെട്ട പണിക്കാരിത്തള്ള 'ഇത്രയും വലിയ പെണ്‍കൊച്ചുണ്ടായിട്ടും വീടിന്റെ അവസ്ഥ 'കണ്ട് പ്രാകിയത് ചെവിയില്‍ത്തന്നെ കേട്ടു .അമ്മയുടെ നഷ്ടത്തെ അറിയുകയായിരുന്നു. അല്ലാ, അനുഭവിക്കുകയായിരുന്നു താന്‍.

ഒരിക്കല്‍ തന്റെ കൂട്ടുകാരെല്ലാം കൂടി വന്ന ദിവസം കൈത്തണ്ടയില്‍ പറ്റിയ ഉണങ്ങിപ്പിടിച്ച അരിമാവ് കഴുകാതെ ഓടിയെത്തിയ അമ്മയെ വൃത്തിയില്ലാ എന്നു പറഞ്ഞ് അവരുടെ മുന്നില്‍ വച്ച് പരിഹസിച്ചതോര്‍ത്ത് നെഞ്ചുനീറി.പി ടി എ മീറ്റിംഗിനും മറ്റും അച്ഛന്‍ മാത്രം വന്നാല്‍ മതി എന്നു വാശി പിടിച്ചതോര്‍ത്ത് വിങ്ങി. ' അടുത്ത ജന്മത്തിലെങ്കിലും ഇതുപോലൊരു ദുരന്തത്തിനെ തള്ളയായിത്തരരുതെ ഭഗവാനേ എന്നമ്മയുടെ മുന്നില്‍ വച്ച് എത്രയോ തവണ ഉറക്കെപ്രാര്‍ത്ഥിച്ചു. എന്നിട്ടും അമ്മചെയ്യുന്ന ഒരു ജോലിയും അമ്മ മുടക്കിയില്ല. രാവിലത്തെ കാപ്പി മുറിയില്‍ കൊണ്ടുവന്ന് തന്ന് വിളിച്ചുണര്‍ത്തി. നിറച്ച ചോറ്റുപാത്രം ബാഗിലെത്തി.ഒരു സെക്കന്റ് വൈകി എന്ന കാരണം പറഞ്ഞ് കുടിക്കാതെ പോയ ചായയുമായി ഗേറ്റു വരെ പിറകെ വന്നു.

അന്ന് .....അമ്മയെന്തെന്ന് തിരിച്ചറിഞ്ഞ ആ ദിവസം അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. 'അച്ഛാ, അമ്മയെ നമ്മളൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍...... അമ്മ പറഞ്ഞതിന് ഒന്നു ചെവി കൊടുത്തിരുന്നെങ്കില്‍......'

''അതേ മോളേ, ബോധമില്ലാതെ വീഴുന്നേരം നമ്മളെ വിളിച്ച് അമ്മ കരഞ്ഞിട്ടുണ്ടാവും. മോള് വന്ന ഉടനെ കണ്ടിരുന്നെങ്കിലും ചിലപ്പോള്‍ അമ്മ രക്ഷപ്പെടുമായിരുന്നു.' അച്ഛന്‍ കരയുന്നത് ആദ്യമായിക്കണ്ടു.

'കുട്ടീ.. മരിച്ചയാള്‍ടെ പേരും നാളും മനസ്സില് വിചാരിച്ച് അതങ്ങ് സമര്‍പ്പിക്കാ...'

ഓതിക്കന്റെ ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി. അയാള്‍ തുടര്‍ന്നു.: 'മതി മോളേ, കണ്ണുനീരോടെ അമ്മയുടെ ആത്മാവിനന്നം കൊടുത്തു വിടരുത്. അമ്മയുടെ ആത്മാവിനെന്നല്ല, ആര്‍ക്കും '

പിണ്ഡം സമര്‍പ്പിച്ച ശേഷം അച്ഛന്റെ തോളിലേക്ക് തല ചായ്ക്കവേ കണ്ണീരോടെ അമ്മ പറയാറുള്ള വാക്കുകള്‍ അവളോര്‍ത്തു.' ചില നഷ്ടങ്ങളില്‍ നിന്നു മാത്രമേ നമ്മള്‍ ചിലതുള്‍ക്കൊള്ളാന്‍ പഠിക്കൂ..'

ഒരു കാക്കയപ്പോള്‍ നാക്കിലയിലുരുട്ടി വച്ച ബലിച്ചോറിന്റെ അവസാന വറ്റും കൊത്തുന്നുണ്ടായിരുന്നു.ബിതാദാസ്

ചിത്രീകരണം: സഫ കെ.ടി

TAGS :