Quantcast
MediaOne Logo

ആമി അബി

Published: 28 Oct 2023 4:48 AM GMT

ഒരു സൈക്കോയുടെ ഡയറിക്കുറിപ്പുകള്‍

| കഥ

ഒരു സൈക്കോയുടെ ഡയറിക്കുറിപ്പുകള്‍
X

ഒരു ഗ്ലാസ് മുരിങ്ങയില ജ്യൂസ്, നാല് ഇഡ്ഡലി, വെണ്ടക്ക വലിയ കഷ്ണങ്ങളാക്കി ചേര്‍ത്ത സാമ്പാര്‍. രണ്ട് ആപ്പിള്‍, ഒരു കത്തി, ഒരു സ്പൂണ്‍, ഒരു ഫോര്‍ക്ക് എന്നിവയടങ്ങിയ തന്റെ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ച ശേഷം മിസ്റ്റര്‍ പവന്‍ ക്ലോക്കിലേക്ക് നോക്കി.

എട്ട് മണിയാവാന്‍ രണ്ട് മിനിറ്റ് കൂടി ബാക്കിയുണ്ട്. എട്ട് മണിയിലേക്കുള്ള ആ രണ്ട് മിനിറ്റ് നേരത്തെ മി. പവന്‍ ക്ലോക്കിലേക്ക് തന്നെ നിശ്ചലമായി നോക്കിയിരുന്നു. മണി കൃത്യം എട്ട് ആയപ്പോള്‍ അയാള്‍ തന്റെ ദൃഷ്ടികള്‍ ക്ലോക്കില്‍ നിന്ന് പിന്‍വലിച്ച് ജ്യൂസ് കുടിക്കാന്‍ തുടങ്ങി. ഗ്ലാസില്‍ നിന്ന് ചുണ്ടുകള്‍ പിന്‍വലിക്കാതെ അര ഗ്ലാസ് അകത്താക്കി ഗ്ലാസ് ടേബിളില്‍ വെച്ചു. ശേഷം ടേബിളിലെ കത്തി ഉപയോഗിച്ച് വളരെ കൃത്യമായി അളന്ന് അയാള്‍ ആപ്പിള്‍ കഷ്ണങ്ങളാക്കി. കൃത്യം എട്ട് കഷ്ണങ്ങള്‍.

തുടര്‍ന്ന് നാല് ഇഡ്ഡലിയും രണ്ടായി പിളര്‍ന്നു, എട്ട് കഷ്ണങ്ങളാക്കി. ഒരു ഫോര്‍ക്കില്‍ കുത്തി ഓരോ കഷ്ണം ഇഡ്ഡലിയും ചെറിയ സ്റ്റീല്‍ ബൗളില്‍ ഉള്ള സാമ്പാറില്‍ മുക്കി, ഓരോ കഷ്ണം വെണ്ടക്ക കൂടി ചേര്‍ത്ത് കഴിച്ചു. എട്ട് ഇഡ്ഡലിക്കഷ്ണങ്ങള്‍ അകത്താക്കാന്‍ മി. പവന്‍ എട്ട് തവണ മാത്രമേ വായ തുറന്നുള്ളൂ. തുടര്‍ന്ന് ഗ്ലാസില്‍ പാതി ബാക്കിയുള്ള മുരിങ്ങ ജ്യൂസ് കുടിച്ചു.

ആപ്പിള്‍ ഓരോ കഷ്ണങ്ങളായി രണ്ടു തവണയായി കഴിച്ചു. എട്ട് കഷ്ണം ആപ്പിള്‍ കഴിക്കാന്‍ അയാള്‍ 16 തവണ വായ തുറന്നു. കത്തിയില്‍ പറ്റിയ ഇഡ്ഡലിയുടെ അംശങ്ങള്‍ ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടച്ച് ട്രേയിലിട്ടു. എട്ട് തവണ അയാള്‍ വായ കഴുകുകയും ചെയ്തു. നാല് പാത്രങ്ങള്‍ വൃത്തിയാക്കാന്‍ അയാള്‍ എട്ട് മിനിറ്റ് സമയമെടുത്തു. പാത്രങ്ങള്‍ തുടച്ച് വൃത്തിയാക്കി അടുക്കി വെച്ച ശേഷം അയാള്‍ ബാല്‍ക്കണിയിലെ കസേരയില്‍ വന്നിരിക്കുമ്പോള്‍ സമയം കൃത്യം 8:30.

ഇനിയിപ്പോള്‍ മി. പവന്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ന് അയാള്‍ക്കിനി ഒന്നും ചെയ്യാനില്ല. എട്ട് കൊലപാതകങ്ങള്‍ വളരെ ആസൂത്രിതമായി ചെയ്ത് വിജയിച്ച ഒരു സൈക്കോയാണ് മി. പവന്‍. അതും വളരെ ചെറിയ ഇടവേളകളില്‍! പക്ഷേ, കുറച്ച് ദിവസമായി അയാള്‍ വല്ലാത്ത വിരസതയിലൂടെ കടന്നുപോവുകയാണ്.

കോവിഡ് ലോക്ഡൗണ്‍ കാരണം ആളുകളെല്ലാം വീടുകളില്‍ ബന്ധനസ്ഥരായതോടെ മി. പവന്‍ ഇരകളെ കണ്ടെത്താനാവാതെ തന്റെ സങ്കേതത്തിലിരുന്ന് വീര്‍പ്പ് മുട്ടുകയാണ്. നാലാമത്തെ വയസ്സില്‍ അമ്മ അടുക്കളയില്‍ നിന്നും കളയുന്ന തീപ്പെട്ടി കൂടുകള്‍ എല്ലാം പവന്‍ സൂക്ഷിച്ച് വെക്കും. മഴക്കാലമാവുമ്പോള്‍ നടുമുറ്റത്തെ അരച്ചുമരുകളില്‍ പറ്റി പിടിച്ച ഒച്ചുകളെ ശേഖരിച്ച് തട്ടിന്‍പുറത്ത് എത്തിക്കും.

നിരത്തി വെച്ച തീപ്പെട്ടിക്കൂടുകള്‍ ഓരോന്നായി തുറക്കും. ഓരോ തീപ്പെട്ടിക്കകത്തും നിറച്ചു വെച്ച ഉപ്പിന് മുകളില്‍ ഒച്ചുകളെ ഓരോന്നായി വെച്ച് കൂടുകള്‍ അടച്ച് വെക്കും. നിരത്തി അടുക്കിവെച്ച തന്റെ ഉപ്പു ചേംബറുകള്‍ ഓര്‍ത്ത് പവന്‍ നിരാശയോടെ ഇരുന്നു.

തന്റെ ഇരകളെ മുന്‍കൂട്ടി നിശ്ചയിക്കുന്ന ശീലം മി. പവനുണ്ടായിരുന്നു. ഇരയെ തട്ടിക്കൊണ്ടു വന്ന ശേഷമുള്ള എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ പ്ലാനുണ്ട്. ബോഡി ഡിസ്‌പോസ് ചെയ്യുന്നതിനും അയാള്‍ കൃത്യമായ പദ്ധതി ഉണ്ടാക്കും. ഓരോ കൊലപാതകത്തിനും വ്യത്യസ്തമായ ഡിസ്‌പോസിംഗ് രീതിയാണ് അയാള്‍ സ്വീകരിച്ചിരുന്നത്. അത് സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അപ്പപ്പോള്‍ മാത്രമേ പ്ലാന്‍ ചെയ്യൂ.

ബാല്‍ക്കണിയിലിരുന്ന് മടുത്തപ്പോള്‍ അയാള്‍ അകത്ത് കയറി തന്റെ വര്‍ക്‌ഷോപ്പിലേക്ക് പോയി.

അടുക്കി വൃത്തിയാക്കി വെച്ച മുറിയുടെ മദ്ധ്യത്തില്‍ ഇരയെ ബന്ധിച്ചിരുത്തുന്ന ഇരുമ്പ്കസേരയില്‍ അയാള്‍ ഇരുന്നു. സ്വയം ഒരു ഇരയായി സങ്കല്‍പ്പിച്ച് അയാള്‍ ചുറ്റുപാടും നോക്കി.

ഒരു ഇരയുടെ കണ്ണില്‍ കൂടി അയാള്‍ ഇതുവരെ ആ മുറി നോക്കിക്കണ്ടിട്ടില്ലാത്തതിനാല്‍ ആ പ്രവര്‍ത്തിയില്‍ മി. പവനന്‍ അല്‍പസമയം രസം പിടിച്ചിരുന്നു. താന്‍ ഇരയല്ലെന്നും, വേട്ടക്കാരനാണെന്നുമുള്ള ഓര്‍മ അല്‍പനേരത്തിനുള്ളില്‍ അയാളിലേക്ക് തിരിച്ച് വന്നതും മി. പവനന്റെ കൈകളില്‍ വിറയല്‍ വന്നു.


എന്ത് തന്നെ സംഭവിച്ചാലും ഇന്ന് തന്റെ മുന്നിലേക്കെത്തുന്ന ആദ്യത്തെയാളെ, ഇരയെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കുക എന്ന തന്റെ പതിവ് തെറ്റിച്ച് തന്റെ താവളത്തിലേക്ക് എത്തിക്കുമെന്ന് നിശ്ചയിച്ച് മി. പവന്‍ കസേരയില്‍ നിന്നെഴുനേറ്റു.

അല്‍പസമയത്തിനുള്ളില്‍ ആ കസേരയില്‍ ഒരാള്‍ ബന്ധനസ്ഥനാവുന്നതിന്റെ ഓര്‍മയില്‍ മി. പവന്‍ പുളകം കൊണ്ടു. അയാള്‍ സാവധാനത്തില്‍ കുളിക്കുകയും, ശേഷം അല്‍പം മയങ്ങുകയും ചെയ്തു. ഉറക്കമുണര്‍ന്ന പവന്‍ ശ്രദ്ധാപൂര്‍വം വസ്ത്രധാരണം നടത്തി. വൈകുന്നേരമാവാന്‍ അയാള്‍ അക്ഷമയോടെ കാത്തിരുന്നു.

* * * * * * * * * * * * * * *

വിശപ്പ് കലശലായപ്പോള്‍ വായിച്ച് കൊണ്ടിരുന്ന പുസ്തകം മടക്കി വെച്ച് അരവിന്ദന്‍ തന്റെ ലോഡ്ജ് മുറിയില്‍ നിന്ന് പുറത്തിറങ്ങി. സമയം ആറ് ആവുന്നതേയുള്ളൂ. അരവിന്ദന്‍ മുറി മുഴുവന്‍ പരതിയിട്ടും ഒഴിഞ്ഞ ഒരു ബ്രഡ് പാക്കറ്റല്ലാതെ മറ്റൊന്നും കണ്ടില്ല. ആ മുറിയില്‍ തന്റെ കുറച്ച് പുസ്തകങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് അരവിന്ദനറിയാഞ്ഞിട്ടല്ല. തന്റെ വിശപ്പിനെ കബളിപ്പിക്കാനെന്നവണ്ണം വെറുതെ തിരയുന്നു എന്ന് മാത്രം.

അരവിന്ദന്‍ വരാന്തയില്‍ വന്ന് റോഡിലേക്ക് നോക്കി. താഴെ തുറന്ന് വെച്ച ഒന്ന് രണ്ട് പലചരക്ക് കടകള്‍ ഉണ്ട്. പക്ഷേ, കയ്യില്‍ പത്തുരൂപ തികച്ചെടുക്കാനില്ല.

അടഞ്ഞുകിടക്കുന്ന തവക്കല്‍ ഹോട്ടലിനെ നോക്കി അരവിന്ദന്‍ നെടുവീര്‍പ്പിട്ടു. തവക്കല്‍ ഹോട്ടലിലെ വെയ്റ്ററായിരുന്നു അയാള്‍. ഹോട്ടലുടമ ഹമീദിക്ക ഇല്ലാത്തപ്പോഴെല്ലാം ഹോട്ടലിന്റെ മുഴുവന്‍ നോക്കിനടത്തിപ്പും അരവിന്ദനായിരുന്നു. തൊട്ടടുത്ത് നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലെ തൊഴിലാളികള്‍, 50 മീറ്റര്‍ അകലെയുള്ള മരമില്ലിലെ തൊഴിലാളികള്‍ അടക്കം ആ ചെറിയ അങ്ങാടിയിലെ മുഴുവന്‍ കച്ചവടവും കിട്ടിയിരുന്ന തവക്കല്‍ ഹോട്ടലിലെ എല്ലാമെല്ലാമായി കഴിഞ്ഞിരുന്ന ആളാണ് അരവിന്ദന്‍.

ചെറിയ നിരക്കില്‍ രാവിലെ ഉപ്പുമാവ്, ഉച്ചക്ക് നല്ല ഊണ്. ആ വരുമാനത്തില്‍ വലിയ സ്വപ്നങ്ങളില്ലാത്ത ഹമീദിക്കയും, അയാളുടെ രണ്ട്, മൂന്ന് തൊഴിലാളികളും തരക്കേടില്ലാതെ ജീവിച്ചു പോന്നു. ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടതോടെ ദാരിദ്ര്യം എന്തെന്ന് അരവിന്ദന്‍ അറിഞ്ഞു തുടങ്ങി. പട്ടിണിയാണ് എന്ന് പറയാന്‍ അരവിന്ദന് പ്രയാസമുണ്ട്. കാരണം, ഹമീദിക്കയുടെ വീട്ടില്‍ നിന്ന് അയാള്‍ രണ്ടു നേരം ഭക്ഷണം കഴിച്ചു പോരുന്നുണ്ട്.

65 കഴിഞ്ഞ ആളാണ് ഹമീദിക്ക. നിലവിലെ അവസ്ഥ ആ മനുഷ്യനെ മാനസികവും, ശാരീരികവുമായി തളര്‍ത്തിയിട്ടുണ്ടെന്ന് അരവിന്ദനറിയാം. അതുകൊണ്ട് ഈയിടെ പരമാവധി ഒരു നേരമൊക്കെയായി അരവിന്ദന്‍ തന്റെ ഭക്ഷണം ചുരുക്കി ശീലിക്കുകയാണ്. കാലത്ത് മുതല്‍ ഒന്നും കഴിക്കാത്തതിനാല്‍ തന്നെ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ അരവിന്ദന്‍ ഇടുങ്ങിയ സിമന്റ് ഗോവണിയിറങ്ങി റോഡിലെത്തി.

* * * * * * * * * * * * * * * *

സമയം വൈകുന്നേരം എട്ട് മണി. ഫവാസ് വീടിന്റെ വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങി. മുറ്റത്തെ അയയില്‍ അലക്കിയിട്ട മാസ്‌ക് എടുത്തിട്ട ശേഷം കണ്ണട വെച്ചു. പലരീതിയില്‍ മാസ്‌കും, കണ്ണടയും മാറി, മാറി ക്രമീകരിച്ചിട്ടും മാസ്‌കും കണ്ണടയും തമ്മിലുള്ള കളി തുടര്‍ന്നപ്പോള്‍ ഉള്ള കാഴ്ച്ച മതി എന്ന് തീരുമാനിച്ച് കണ്ണട ജനാലപ്പടിയില്‍ വെച്ച് ഫവാസ് റോഡിലേക്കിറങ്ങി.

കണ്ണട വെച്ചില്ലെങ്കില്‍ കൊറോണയും, പൊലീസും പിടിക്കില്ല. മാസ്‌ക്ക് വെച്ചില്ലെങ്കില്‍ ഇവര്‍ രണ്ടുപേരും ചാടിപ്പിടിക്കുമെന്നതിനാല്‍ മാസ്‌കിന് മുന്‍ഗണന നല്‍കുന്നതാണ് ബുദ്ധി.

ജെ.എന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എന്ന തന്റെ സ്ഥാപനത്തിലേക്ക് റോഡരികിലൂടെ ഫവാസ് നടന്നു. അയല്‍പക്കത്തെ ലക്ഷ്മി ചേച്ചിയുടെ കേടായ മിക്‌സി തന്നുവിട്ട അതേ ദിവസമാണ് ലോക്ഡൗണ്‍ പൂട്ടിട്ടത്.

മിക്‌സിയില്ലാതെ ഒരു വീട്ടില്‍ ഒന്നും ചെയ്യാനാവാതെ ലക്ഷ്മി ചേച്ചി എന്നും വിളിയോട് വിളിയാണ്. ഒരു മിക്‌സിയിലാണ് ഒരു വീടോടുന്നതെന്ന് ഫവാസ് ലക്ഷ്മിചേച്ചിയുടെ മിക്‌സി വന്നതിന് ശേഷമാണ് മനസ്സിലാക്കിയത്.

ഒടുവില്‍ ലക്ഷ്മി ചേച്ചിക്ക് മിക്‌സിയില്ലാത്തതിനാല്‍ തനിക്ക് മാത്രം ചക്കക്കുരു ഷേക്കുണ്ടാക്കാന്‍ സാധിക്കാത്തതിന്റെ കദന കഥയുമായി ഉമ്മയുടെ അടുത്ത് വന്നു. യൂട്യൂബില്‍ ഫേമസായ ചക്കക്കുരു ഷേക്ക് ലക്ഷ്മി മാത്രം ഉണ്ടാക്കിയിട്ടില്ല എന്നറിഞ്ഞതും ഉമ്മ ഉറഞ്ഞു തുള്ളി.

വീട്ടിലിരുത്തി ലക്ഷ്മി ചേച്ചിയെ കൊണ്ട് അപ്പോള്‍ തയ്യാറാക്കിയ ചക്കക്കുരുഷേക്ക് കുടിപ്പിച്ചിട്ടേ ഉമ്മ വിട്ടുള്ളൂ. എന്ത് സംഭവിച്ചാലും ഇന്ന് രാത്രി കടയില്‍ ചെന്ന് മിക്‌സി എടുത്ത് വീട്ടിലിരുന്ന് റിപ്പയര്‍ ചെയ്തിട്ടെങ്കിലും ലക്ഷ്മി ചേച്ചിയുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഫവാസിനോട് അവന്റെ ഉമ്മ റുബീന തീര്‍ത്ത് പറഞ്ഞിരിക്കുകയാണ്. ഒരു കള്ളനെ പോലെ പതുങ്ങിച്ചെന്ന് ഷോപ്പ് തുറന്ന് മിക്‌സിയും, ടൂള്‍കിറ്റും തപ്പിയെടുത്ത് തിരികെയിറങ്ങി ഷട്ടറിട്ടപ്പോഴാണ് ഫവാസിന് ശ്വാസം നേരെ വീണത്.

തിരികെ നടക്കുമ്പോള്‍ ജെ.എന്‍ ഇലക്ട്രിക്കല്‍സിന്റെ വാടക, വണ്ടിയുടെ സി.സി ഇതൊക്കെ എങ്ങനെ അടക്കുമെന്നാലോചിച്ചാണ് ഫവാസ് നടന്നത്. കണ്ണട ഇല്ലാത്തതിനാല്‍ ദൂരേക്കുള്ള കാഴ്ച്ച അത്ര വ്യക്തമല്ല. എതിരെ ആരോ നടന്നു വരുന്നത് കാണാം. അടുത്തെത്തിയപ്പോഴാണ് ഫവാസിന് ആളെ മനസ്സിലായത്. അരവിന്ദേട്ടന്‍.

അരവിന്ദേട്ടന്‍ എവിടെ പോയിട്ട് വരുന്നു.

അരവിന്ദന്‍ അതിന് മറുപടി പറഞ്ഞില്ല. പകരം മറ്റൊരു കാര്യം പറഞ്ഞു. 'ഹമീദിക്കാടെ വീട്ടുകാര്‍ നിരീക്ഷണത്തിലാണ്...' അതു പറഞ്ഞുകൊണ്ട് അരവിന്ദന്‍ പെട്ടെന്ന് നടന്നു.

ഫവാസ് കൂടുതലെന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പേ അരവിന്ദന്‍ തന്റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു. തലതാഴ്ത്തി ധൃതിയില്‍ നടന്ന അരവിന്ദന്‍ എന്തിലോ തടഞ്ഞ് നിന്നു. തലയുയര്‍ത്തിയ അരവിന്ദന് മുന്നില്‍ മി. പവന്‍ നില്‍ക്കുന്നുണ്ടായിരുന്നു.

* * * * * * * * * * * * * * * *

ആഴ്ച്ചകളോളം വെറുതെ കിടന്ന തന്റെ ഇരുമ്പ് കസേരയുടെ ശൂന്യത പരിഹരിച്ച അരവിന്ദനെ മി. പവന്‍ അല്‍പം കൃതജ്ഞതയോടെ തന്നെ നോക്കി. അരവിന്ദന്‍ അയാളെ തിരിച്ച് ദയനീയമായി നോക്കി. അത് വിശപ്പ് കൊണ്ടുള്ള നോട്ടമായിരുന്നു.

പവന്‍ അരവിന്ദന് അഭിമുഖമായി ഇരുന്നു. സാധാരണ തന്റെ ഇരകളുടെ വര്‍ത്തമാനകാലവും, ചുരുങ്ങിയ തോതില്‍ ഭൂതകാലവും പവന്‍ മനസ്സിലാക്കിയ ശേഷമാണ് ഇരയെ അയാള്‍ തന്റെ സങ്കേതത്തിലേക്ക് എത്തിക്കാറുള്ളത്.

അതില്‍ പ്രധാനപ്പെട്ട കാര്യം നിലവില്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടില്‍ അയാള്‍ക്കെത്ര പ്രസക്തി ഉണ്ടെന്നതാണ്. ഒരാളുടെ പ്രസക്തി കുറയുന്നതനുസരിച്ച് പവന്റെ ഇരയാവാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. താനീ പൊക്കിക്കൊണ്ടുവന്ന ആള്‍ ഭൂമിയില്‍ എത്രമാത്രം പ്രസക്തനാണെന്ന് അറിയേണ്ടിയിരിക്കുന്നു. പക്ഷേ, ഒട്ടും ധൃതിയില്ല. ഇനി കാര്യങ്ങള്‍ പഴയ പോലെയല്ല.

അകങ്ങളില്‍ ബന്ധിതരായ മനുഷ്യര്‍ക്കിടയില്‍ നിന്ന് ഒരിരയെ സംഘടിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. അതിനാല്‍ കിട്ടിയ ഇരയെ പരമാവധി ഉപയോഗിക്കുക എന്നതാണ് ബുദ്ധി. അതുകൊണ്ട് പവന്‍ ഒട്ടും ധൃതി കാണിച്ചില്ല.

അരവിന്ദന്‍ പക്ഷേ വിശപ്പും, ദാഹവും കാരണം പരവേശപ്പെട്ടുകൊണ്ട് പവനനെ വീണ്ടും നോക്കി. താന്‍ പിടികൂടിക്കൊണ്ട് വരുമ്പോള്‍ വലിയ എതിര്‍പ്പൊന്നും കാണിക്കാതിരുന്ന ഇയാള്‍ തന്നെ വേണ്ടത്ര ഭയപ്പെടുന്നില്ലേ എന്ന് മി. പവന്‍ ആലോചിച്ചു.

മി. പവന്‍ ഘനഗംഭീരമായ ശബ്ദത്തില്‍ ഒന്ന് മുരടനക്കി. തുടര്‍ന്ന് അരവിന്ദനെ നോക്കി പറഞ്ഞു.

'ഞാന്‍ തന്നെ കൊലപ്പെടുത്താന്‍ പോവുകയാണ്. അതിന് മുന്‍പ് തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാം...'

പറഞ്ഞ് കഴിഞ്ഞതും മി. പവന്‍ അരവിന്ദനെ നോക്കി. അയാളുടെ കണ്ണുകളില്‍ ഇപ്പോഴും ഭയമില്ല. ദീനമായ നോട്ടം തുടരുന്ന അയാളെ നോക്കി മി. പവനന്‍ ഇരുന്നു.

ബന്ധനത്തിലായതില്‍ തന്റെ ഇരക്ക് യാതൊരു പുതുമയുമുണ്ടെന്ന് തോന്നുന്നില്ല. ആ മാനസികാവസ്ഥയില്‍ ആദ്യമേ എത്തിച്ചേര്‍ന്ന തന്റെ ഇരയെ ഭയപ്പെടുത്തുക എന്നത് ശ്രമകരമായ ജോലിയാണ് എന്ന് മി. പവന്‍ മനസ്സിലാക്കി.

'എനിക്ക് ദാഹിക്കുന്നു..... '

അരവിന്ദന്‍ ദയനീയമായ ശബ്ദത്തില്‍ പറഞ്ഞത് മി. പവനെ ചിന്തയില്‍ നിന്നുണര്‍ത്തി.

' എനിക്ക് വിശപ്പും, ദാഹവുമുണ്ട്. ഞാനിന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. എനിക്ക് അന്നം തന്നിരുന്ന വീട്ടുകാര്‍ നിരീക്ഷണത്തിലായിരിക്കുന്നതിനാല്‍ ഞാന്‍ പട്ടിണിയിലായി. എനിക്കല്‍പ്പം ഭക്ഷണം തരൂ'

മി. പവന്‍ അന്ധാളിപ്പോടെ അരവിന്ദനെ നോക്കി. വിശന്നിരിക്കുന്ന ഒരിരയെ അയാള്‍ ഇതുവരെ തടവുകാരനാക്കിയിട്ടില്ലായിരുന്നു. അയാള്‍ക്ക് വിശപ്പിനെക്കുറിച്ച് അത്ര ധാരണയില്ല. ഒരാള്‍ക്ക് ഭക്ഷണം നല്‍കുക എന്നത് തന്നെ സംബന്ധിച്ച് ഭാരിച്ച കാര്യമല്ല. മി. പവന്‍ അരവിന്ദനെ ഒന്ന് നോക്കി ഇരിപ്പിടത്തില്‍ നിന്ന് എഴുനേറ്റ് പോയി.

തന്റെ മുന്നില്‍ എടുത്ത് വെച്ച ഭക്ഷണ സാധനങ്ങള്‍ അരവിന്ദന്‍ ഒന്ന് നോക്കി. ഒരു ഗ്ലാസ് വെള്ളം, മൂന്ന് ബദാം, പിന്നെ അരവിന്ദന് പേര് നിശ്ചയമില്ലാത്ത മറ്റെന്തോ തരം ഡ്രൈ ഫ്രൂട്‌സ്. അതും മൂന്നെണ്ണം വീതമാണ്. തന്റെ മുന്നില്‍ വെച്ച സാധനങ്ങളേയും മി. പവനേയും ഒന്ന് നോക്കി അരവിന്ദന്‍ വെള്ളമെടുത്ത് ഒറ്റ വീര്‍പ്പിന് കുടിച്ചു. തുടര്‍ന്ന് ഡ്രൈ ഫ്രൂട്‌സ് എടുത്ത് ഒറ്റയടിക്ക് കഴിച്ചു.

'' നിങ്ങള്‍ എന്നെ കൊല്ലാന്‍ പോവുന്നതു കൊണ്ടാണോ ലഘുഭക്ഷണം മാത്രം തന്നത'

' അല്ല, ഞാന്‍ ഡയറ്റിലായതുകൊണ്ട് ഇവിടെ ഡിന്നറിന് ഇതാണ് പതിവ്. രാത്രിയില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് നല്ലതല്ല, പകലാണെങ്കില്‍ ഞാന്‍ തനിക്ക് ഇഡ്ഡലിയോ, വടയോ കൂടി ഉള്‍പ്പെടുത്തുമായിരുന്നു'

അരവിന്ദന്‍ വെറുതെ ചിരിച്ചു. മി. പവന്‍ തന്റെ ഗ്ലൗ ഇട്ട കൈകളാല്‍ ഒഴിഞ്ഞ ഗ്ലാസ് എടുത്ത് മുറിയുടെ മൂലയിലുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ച ശേഷം അരവിന്ദന് മുന്നില്‍ വന്നിരുന്നു.

'എന്റെ ഇരകളെക്കുറിച്ച് ഞാന്‍ കൃത്യമായി സ്റ്റഡി ചെയ്യാറുണ്ട്. ഇത്തവണ അത് സാധ്യമായില്ല. അതുകൊണ്ട് താന്‍ തന്നെ തന്നെക്കുറിച്ച് പറയൂ'

മി. പവന്‍ ഒരു ലാപ്പ്‌ടോപ്പ് എടുത്ത് കൊണ്ട് വന്നു.

തന്റെ മുന്‍ ഇരകളുടെ തിരിച്ചറിയല്‍ രേഖകള്‍, ഫോട്ടോ, ലഘു വിവരണങ്ങള്‍ എന്നിവയടങ്ങിയ ഡോക്യുമെന്റ് ചെയ്ത് വെച്ചത് മി. പവന്‍ അരവിന്ദനെ കാണിച്ചു.

' താങ്കളെ പറ്റി ചുരുക്കിപ്പറയൂ.... '

മി. പവന്‍ ലാപ് ടോപ്പില്‍ ടൈപ്പ് ചെയ്യാന്‍ റെഡിയായിരുന്നു.

അരവിന്ദന്‍ അല്‍പസമയം ആലോചിച്ചു.

'സ്റ്റേറ്റിന്റെ രക്ഷാദൗത്യങ്ങളില്‍ നിന്ന് പുറത്തും, ശിക്ഷാ നടപടികളില്‍ അകത്തും വരുന്ന ഒരു പൗരനാണ് ഞാന്‍'

പേരും, വിലാസവും ടൈപ്പ് ചെയ്യാനുള്ള കോളത്തില്‍ രേഖപ്പെടുത്താനാവാത്ത വലിയ വാചകത്തെ എങ്ങിനെ ആ കോളത്തിനകത്തേക്ക് ചുരുക്കുമെന്നാണ് മി. പവന്‍ അപ്പോള്‍ ആലോചിച്ചത്.

' ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സ്ഥലപരിമിതിയുണ്ട്. നിങ്ങളുടെ പേര് മാത്രം പറഞ്ഞാല്‍ മതിയാവും'

' അരവിന്ദന്‍'

' നിങ്ങള്‍ എന്തിനാണ് എന്നെ ബന്ധനസ്ഥനാക്കിയിരിക്കുന്നത്?

മി. പവന്‍ അരവിന്ദന്‍ എന്ന് കൃത്യമായി ടൈപ്പ് ചെയ്തു പൂര്‍ത്തിയാക്കിയശേഷം സംതൃപ്തിയോടെ മുഖമുയര്‍ത്തി.

' നിങ്ങളെ കൊലപ്പെടുത്താനാണ് എന്ന് ഞാന്‍ തുടക്കത്തിലേ താങ്കളെ അറിയിച്ചു കഴിഞ്ഞു'

' താങ്കള്‍ എന്നെ കൊലപ്പെടുത്തുന്ന രീതി എങ്ങനെയാണ്, പെട്ടെന്ന് കൊല്ലുമോ അതോ വേദനിപ്പിച്ച്, ആ വേദന താങ്കള്‍ ആസ്വദിച്ച് പതുക്കെ കൊല്ലുമോ....?'

'സൈക്കോ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളാണ് ഞാനിത്തരമൊരു സാഹചര്യത്തില്‍ പാലിക്കാറുള്ളത്. അത് പതിയെ ആസ്വദിച്ച് കൊല്ലുക എന്നതാണ്. പ്രത്യേകിച്ച് മറ്റൊരിരയെ കിട്ടുക എന്നത് പ്രയാസമാവുന്ന സാഹചര്യത്തില്‍ കയ്യിലുള്ളതിനെ വിദഗ്ധമായി ഉപയോഗിക്കുക എന്നതാണ് ബുദ്ധി... '

' എന്നെ കൊല്ലുന്നതില്‍ എനിക്ക് വിരോധമില്ല. ഞാന്‍ താമസിക്കുന്ന മുറി, എന്റെ ഭാര്യയും മകനും താമസിക്കുന്ന വാടക വീട്, ഇതിന്റെയൊന്നും വാടക കൊടുത്തിട്ടില്ല. ഇനി എന്ന് കൊടുക്കാന്‍ പറ്റുമെന്നും അറിയില്ല... അവര്‍ക്ക് ഈ മാസം ചിലവിനുള്ള കാശയക്കാനും എന്നെക്കൊണ്ട് പറ്റിയിട്ടില്ല...'


' ഞാന്‍ നിങ്ങള്‍ക്ക് ഒരു പഴം കൂടി നല്‍കാം. നിങ്ങള്‍ ആവലാതികള്‍ നിര്‍ത്തി എന്റെ നിര്‍ദേശങ്ങളനുസരിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ...'

അരവിന്ദന്‍ വീണ്ടും ചിരിച്ചു.

' നിങ്ങള്‍ എന്റെ ബോഡി ഡിസ്‌പോസ് ചെയ്യുന്ന രീതി എങ്ങനെയായിരിക്കും.'

മി. പവന്‍ അരവിന്ദനെ നോക്കി

' എന്റെ രീതിയനുസരിച്ച് ഡെഡ്‌ബോഡി അവരുടെ ബന്ധുക്കള്‍ക്ക് സംസ്‌കരിക്കാന്‍ സാധിക്കുന്ന വിധം അവര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് ഞാനത് നിക്ഷേപിക്കാറുള്ളത്. എന്നിലേക്കെത്താത്ത തരത്തില്‍ സൂക്ഷ്മമായി തെളിവുകള്‍ നശിപ്പിക്കുന്നതില്‍ ഞാന്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട് '

' എങ്കില്‍ എനിക്ക് മറ്റൊരു കാര്യം പറയാനുണ്ട്. എന്റെ ബോഡി ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഡിസ്‌പോസ് ചെയ്യണം. എന്റെ ശവശരീരം കണ്ടെത്തിയാല്‍ ആചാരപ്രകാരം അടക്കം ചെയ്യാന്‍ എന്റെ ഭാര്യയും മോനും പ്രയാസപ്പെടും'

'കാരണം ഞങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമി സ്വന്തമായിട്ടില്ല. കണ്ടെടുക്കുന്ന എന്റെ ഉപകാരമില്ലാത്ത ശവം കൊണ്ട് കൂടി എന്റെ ഭാര്യയെ ബുദ്ധിമുട്ടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'

'ഏതായാലും ഇന്ന് രാത്രി താങ്കള്‍ വിശ്രമിച്ച് കൊള്ളൂ. നാളെയോ, മറ്റന്നാളോ ഒക്കെയായി സാവധാനത്തില്‍ കൊല നടത്താനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്'

മി. പവന്‍ എഴുനേറ്റ് തന്റെ കിടപ്പ് മുറിയിലേക്ക് നടന്നു.

' നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ പഴം കിട്ടിയിരുന്നെങ്കില്‍ വിശപ്പ് കെടുത്താമായിരുന്നു. വിശ്രമിക്കാന്‍ പോലും സാധ്യമാവാത്ത വിശപ്പെനിക്കുണ്ട് '

മി. പവന്‍ അരവിന്ദനെ തുറിച്ച് നോക്കി. താന്‍ ഉദാരതയോടെ നല്‍കിയ ഭക്ഷണം കഴിച്ച് വീണ്ടും വിശപ്പിനെക്കുറിച്ച് പരാതി പറയുന്ന അരവിന്ദനെ ഒരു നികൃഷ്ടജീവിയെ പോലെ നോക്കി അയാള്‍ കിടപ്പ് മുറി ലക്ഷ്യമാക്കി നടന്നു.

* * * * * * * * * * * * * * * * * * * * *

മിക്‌സി നന്നാക്കാന്‍ ഫവാസിനെ ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍ വേണ്ടി അവന്റെ മുറിയിലെത്തിയ റുബീന പനിച്ച് വിറച്ച് കിടക്കുന്ന മകനെ കണ്ട് അമ്പരന്നു. 'അള്ളാ'

മേശപ്പുറത്തെ ലക്ഷ്മിയുടെ മിക്‌സിയുടെ ഇരിപ്പും, മകന്റെ കിടപ്പും നോക്കി റുബീന കുറച്ച് സമയം നിന്നു. ഫോണെടുത്ത് ലക്ഷ്മിയെ വിളിച്ചു. തുടര്‍ന്ന് വാര്‍ഡ് മെമ്പറിനെ വിവരമറിയിച്ചു. ആംബുലന്‍സ് എത്തി ഫവാസിനെ കൊണ്ടുപോയതും തന്റെ വീട് തന്നിലേക്ക് മാത്രമായി ചുരുങ്ങി ചെറുതായി വരുന്നത് റുബീന കണ്ടു. ഒരു കുഴിയാനയെ പോലെ അവര്‍ ബെഡിനടിയിലേക്ക് കുഴിച്ച് കുഴിച്ച് നൂഴ്ന്നിറങ്ങി. ഫവാസ് നന്നാക്കി വെച്ച ലക്ഷ്മിയുടെ മിക്‌സി മേശപ്പുറത്തും, കിടക്കയില്‍ റുബീനയും അനാഥരായിക്കിടന്നു.

* * * * * * * * * * * * * * * * * * * * *

ചാരുകസേരയില്‍ നെഞ്ചുതടവിയിരുന്ന് എല്‍ദോച്ചായന്‍ ഒരു കട്ടന്‍ കാപ്പി കുടിച്ചു കൊണ്ട് പത്രം നിവര്‍ത്തി വായന തുടങ്ങി. ഡോക്ടര്‍ ജേക്കബ് ജോണ്‍ ഇന്നായിരുന്നു ഓപ്പറേഷന് അഡ്മിറ്റാവാന്‍ ഉള്ള തീയ്യതി പറഞ്ഞിരുന്നത്. ആശുപത്രിയിലേക്ക് വിളിച്ചപ്പോള്‍ കൊറോണ കാരണം തീയേറ്ററെല്ലാം അടച്ചിരിക്കുവാണെന്നാണ് പേരക്കിടാവ് റെജി പറയുന്നത്.

''എടി ബീനേ... റെജി ആശൂത്രീലോട്ട് തന്നാണോ വിളിച്ചത്. സിനിമാതീയേറ്ററിലോട്ട് വല്ലതുമാണോ ഇനിയവന്‍ വിളിച്ചേക്കുന്നത്. തീയേറ്ററുകളും, മാളുകളും തുറക്കില്ല എന്ന് ദേ ഇന്നും പത്രത്തിലുണ്ട് '

' ആശൂത്രീല്‍ തന്നെയാ അപ്പച്ചാ.. ഇന്ന് പുതുതായി എന്തേലും ഇളവുണ്ടോ പത്രത്തില്‍'

' ഒന്നുമില്ലാന്നേയ്.. അവശ്യ സാധനങ്ങള്‍ മേടിക്കാന്‍ രണ്ട് മണി വരെ കട തുറക്കുമെന്ന് മാത്രേയുള്ളൂ. നീ റെജിയെ വിളിച്ച് ജേക്കബ് ഡോക്ടറുടെ ക്ലിനിക്കിലൊന്ന് ചെല്ലാന്‍ പറ. ഡോക്ടര്‍ എന്നാ പറയുന്നതെന്നറിയാവല്ലോ'

' ജേക്കബ് ഡോക്ടറെ ക്ലിനിക്കിലേക്ക് ഞാന്‍ ഇന്ന് രാവിലെക്കൂടി വിളിച്ചാര്‍ന്നു.ആരും ഫോണെടുക്കുന്നില്ലാന്നേയ്. റെജിയെ ഞാന്‍ ക്ലിനിക്കിലോട്ട് പറഞ്ഞ് വിട്ടിട്ടുണ്ട്'

കപ്പയിലെ വെള്ളം ഊറ്റിക്കളയുന്നതിനടിയില്‍ ബീന അടുക്കളയില്‍ നിന്ന് വിളിച്ച് പറഞ്ഞു.

15 ദിവസത്തിനുള്ളില്‍ ഹാര്‍ട്ടിന്റെ ബ്ലോക്ക് മാറ്റിയില്ലേല്‍ തന്റെ കാര്യത്തിലൊരു തീരുമാനമാവുമെന്നാണ് ജേക്കബ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ആശുപത്രിയില്‍ വിളിച്ച് ഡേറ്റ് കിട്ടിയത് പന്ത്രണ്ടാം നാളിലാണ്. തീയേറ്ററുകള്‍ അടച്ചതു കാരണം ഒരു ഓപറേഷനും നടക്കുന്നില്ല എന്നാണ് പറയുന്നത്.

എല്‍ദോച്ചായന് തന്റെ ഹൃദയത്തെക്കുറിച്ച് വേവലാതി കൊണ്ടല്ല, എങ്ങാനും വീണു പോയാല്‍ തന്റെ ബീനമോള്‍ക്കും, കുഞ്ഞിനും പിന്നെ ആരുണ്ടെന്നോര്‍ത്താണ് എല്‍ദോച്ചായന്‍ ഓപറേഷന് സമ്മതിച്ചത്. ഓപ്പറേഷന് സമ്മതിച്ചപ്പോ അതിലും വലിയ തൊന്തരവുകളാണല്ലോ എന്നോര്‍ത്ത് കര്‍ത്താവിനെ വിളിച്ച് ഇരിക്കുമ്പോഴാണ് അന്വേഷിക്കാന്‍ പോയ റെജി തിരിച്ച് വന്നത്. പുറം ഭാഗം മഴുവന്‍ നീല നിറത്തില്‍ കല്ലിച്ച രീതിയില്‍ പൊലീസിന്റെ അടികൊണ്ട പാടുകള്‍ ബീനയേയയും, എല്‍ദോച്ചായനേയും കാണിക്കുന്നതിനിടയിലാണ് ജേക്കബ് ഡോക്ടര്‍ കോവിഡ് ബാധിച്ചു ഇന്നലെ കാലത്ത് മരിച്ച വിവരം റെജി പറഞ്ഞത്.


റെജിയുടെ പുറം കണ്ട് വേദനിക്കണോ, ജേക്കബ് ഡോക്ടറുടെ മരണത്തില്‍ വ്യസനിക്കണോ എന്നറിയാതെ എല്‍ദോച്ചായന്റെ ദുര്‍ബ്ബല ഹൃദയം ആശയക്കുഴപ്പത്തിലായി.

എന്റെ ചീട്ട് കുറിച്ച ഡോക്ടര്‍ക്ക് സ്വന്തം കുറി അറിയാതെ പോയല്ലോ എന്നോര്‍ത്ത് എല്‍ദോച്ചായന്‍ വിലപിച്ചു. ഏത് മഹാപാപിയാണ് തന്റെ കുഞ്ഞിന്റെ പുറം ഈ രൂപത്തില്‍ അടിച്ചു പൊളിച്ചത്, അവന്‍ ഒരു കാലത്തും ഗുണം പിടിക്കുകേലെന്ന് ബീന പ്രാകി.

'എടാ നിനക്ക് സത്യവാങ്മൂലം കാണിക്കാര്‍ന്നില്ലേ...'

' എന്റമ്മാ... അടി കഴിഞ്ഞാണ് അവന്‍മാര് കാര്യം ചോദിക്കുന്നത് പോലും... പിന്നെ തല്ലു കിട്ടി മൂലം പൊളിയുന്നതിനിടക്കാണ് അമ്മടെ സത്യവാങ്മൂലം....'

റെജി കിട്ടിയ അടിയുടെ തരിപ്പില്‍ ക്ഷോഭിച്ചു.

' അപ്പാപ്പനേം കൊണ്ട് പോവാഞ്ഞത് നന്നായി. അപ്പാപ്പന്റെ ഹാര്‍ട്ട് പിന്നീക്കൂടെ പുറത്ത് വന്നേനെ.... ഡോക്ടര്‍ക്ക് ഓപറേഷന്റെ സമയം ലാഭിക്കാര്‍ന്ന്.... '

വേദനക്കിടയിലും റെജി പറഞ്ഞ തമാശക്ക് എല്‍ദോയും, ബീനയും കരഞ്ഞുകൊണ്ട് അവന്റെ കൂടെ ചിരിച്ചു.

* * * * * * * * * * * * * * * * * * * * *

കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി തന്റെ തൊട്ടു മുന്നിലെ ചില്ലുജാലകത്തിനപ്പുറത്ത് കൃത്യം എട്ട് മണിക്ക് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ വരുന്ന മി. പവനന്‍ അന്ന് മണി എട്ട് ആയിട്ടും ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ടേബിളിലെത്താത്തത് കണ്ട് അരവിന്ദന്‍ അതിശയിച്ചു.

ഭക്ഷണത്തിന് ശേഷം ബന്ധനസ്ഥനായ തന്നെ കുറേ നേരം നോക്കി തൃപ്തിയടയുന്ന അയാളെ കാണാത്തതിനാല്‍ തന്നെ ബന്ധിച്ച ഇരുമ്പ് കസേരയിലിരുന്ന് അരവിന്ദന്‍ കോട്ടുവായിട്ടു.

തന്റെ ഘാതകന്‍ എപ്പോള്‍ വരുമെന്നറിയാതെ അരവിന്ദന്‍ വിരസതയോടെ കസേര അങ്ങോട്ടുമിങ്ങോട്ടും നിരക്കി ശബ്ദമുണ്ടാക്കി.

യാതൊരു അനക്കവും എവിടെയും ഇല്ല. അരവിന്ദന്‍ എഴുനേല്‍ക്കാന്‍ ഒരു വിഫലശ്രമം നടത്തി.

നിരക്കി നിരക്കി ഒടുവില്‍ കെട്ടുകള്‍ക്ക് ആയാസം സംഭവിച്ചപ്പോള്‍ അതഴിക്കാന്‍ അരവിന്ദന്‍ ശ്രമം നടത്തി. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അരവിന്ദന്‍ തന്റെ കൈകളുടെ കെട്ടഴിച്ചു. സ്വതന്ത്യമായ ശേഷം അയാള്‍ കുറച്ച് സമയം കൂടി അതേ കസേരയില്‍ അമര്‍ന്നിരുന്നു.

എഴുനേറ്റ് മൂരി നിവര്‍ന്ന് അരവിന്ദന്‍ ചുറ്റുപാടും നിരീക്ഷിച്ചു. ഓരോ മുറികളിലൂടെ നടന്നു. എവിടെയും ആരെയും കാണാനില്ല. ഒരനക്കവും എവിടെയും ഇല്ല. അവിടെ നിന്ന് രക്ഷപ്പെടാന്‍ അരവിന്ദന് യാതൊരു താല്‍പര്യവും തോന്നിയില്ല.

അവിടെ തനിച്ച് തന്റെ കൊലയാളിയെ കാത്തിരിക്കാന്‍ അരവിന്ദന് യാതൊരു മടിയുമില്ലായിരുന്നു. വിശപ്പ് പോലും അരവിന്ദനെ ഇപ്പോള്‍ വിട്ടുപോയിരിക്കുന്നു.

''ഞാനെത്ര ഉദാരവാനും, കുലീനനുമായ കൊലയാളിയാണെന്ന് നോക്കൂ ' എന്ന് വിളിച്ചു പറയുന്ന മുഖത്തോടെ രാത്രിയില്‍ മി. പവന്‍ നല്‍കുന്ന ഒരു പഴം കഴിക്കുന്ന അരവിന്ദന്‍ പിന്നെയും വിശപ്പിനെക്കുറിച്ച് ചിന്തിക്കുന്നത് തന്റെ ഘാതകനെ നിന്ദിക്കുന്നതിന് തുല്ല്യമാണ് എന്ന ചിന്ത അരവിന്ദനിലേക്ക് പകര്‍ന്ന് നല്‍കാന്‍ മി. പവനന് സാധിച്ചിട്ടുണ്ട്.

മൂന്ന് മണിക്കൂറോളം കാത്തിരുന്ന അരവിന്ദന്‍ ഒടുവില്‍ ഗത്യന്തരമില്ലാതെ പുറത്തേക്കിറങ്ങി. വഴിയിലെവിടെയെങ്കിലും അയാളെ കണ്ടാല്‍ തിരിച്ച് വരാന്‍ തയ്യാറായിട്ടാണ് അരവിന്ദന്‍ വഴി നീളെ നടന്നത്. ഇടവഴികള്‍ കുറേ നടന്ന് ഒടുവില്‍ നിരത്തിലെത്തിയ അരവിന്ദന്‍ ഒരു കാഴ്ച്ച കണ്ടു.

തണലില്‍ ഒതുക്കിയ ഒരു പൊലീസ് ജീപ്പിനു മുന്‍പില്‍ നില്‍ക്കുന്ന ഉയര്‍ന്ന റാങ്കിലുള്ള ഒരു പൊലീസുകാരന്‍. റോഡിന്റെ മറുവശത്ത് ഏത്തമിടുന്ന രണ്ടുമൂന്ന് വൃദ്ധരായ മനുഷ്യര്‍ക്കൊപ്പം ഏത്തമിടുന്നയാളെ കണ്ട് കണ്ടതും അരവിന്ദന്‍

ചിരിക്കണോ, കരയണോ എന്നറിയാതെ നിന്നു.

ഏത്തമിട്ടുകൊണ്ട് മി. പവനന്‍ അരവിന്ദനെ ദയനീയമായി നോക്കി. അരവിന്ദന്‍ അയാളെ ഒന്ന് നോക്കി മി. പവനന്റെ സങ്കേതത്തിലേക്ക് തിരിച്ച് നടന്നു.

-- ശുഭം --TAGS :