Quantcast
MediaOne Logo

അഞ്ജു രഞ്ജിമ

Published: 16 March 2024 9:01 AM GMT

കര്‍ക്കിടകരാവ്

| കഥ

കര്‍ക്കിടകരാവ്
X

''എന്തൊരു നശിച്ച മഴയാ!''

പുറത്തെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് ആരോടെന്നില്ലാതെ ദീപ പറഞ്ഞു.

ആരോടോ ഉള്ള വാശി പോലെ മഴ തകര്‍ത്തു പെയ്യുകയാണ്.

അതിരില്‍ നട്ടേക്കുന്ന കപ്പയും ചേമ്പും ചേനയുമൊക്കെ മഴവെള്ള പാച്ചിലില്‍ പിഴുത് പോകുമോ എന്ന ഭയമുണ്ട് ദീപയ്ക്ക്.

രവി പലചരക്ക് കടയിലേക്കും അമ്മൂട്ടി സ്‌കൂളിലേക്കും പോയി കഴിഞ്ഞാല്‍ ഇതൊക്കെയാണ് ദീപയുടെ വിനോദങ്ങള്‍. അവളുടെ കൈ പൊന്നിന്‍ കൈ ആണെന്നാണ് രവി പറയുന്നത്. പടുംവിത്ത് നട്ടാലും കുരുക്കുകയും വളരുകയും ചെയ്യുമെന്ന്.

പത്ത് സെന്റില്‍ ഒരു കൊച്ചു വീട്. അതിനു ചുറ്റും അവള്‍ക്ക് ആകുന്നത് പോലെ പച്ചക്കറിയും പൂക്കളും മഞ്ഞളും ഇഞ്ചിയും എന്ന് വേണ്ട ഒരുവിധം സകല ഫല വൃക്ഷാദികളും അവിടെ വളര്‍ത്തിയിട്ടുണ്ട്.

മഴയെ ശകാരിച്ചിട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് രവിയും മോളും കൂടെ ഉമ്മറത്ത് പായയില്‍ കിടക്കുന്നത് ദീപ കണ്ടത്.

മഴ പെയ്യുമ്പോള്‍ ഉള്ളതാണ് അച്ഛനും മോള്‍ക്കും ഈ കളി. ചാറ്റലിന്റെ നോവറിഞ്ഞ് കിടക്കണമത്രേ.

മിന്നലും ഇടിയുമൊക്കെയുണ്ടെങ്കില്‍ ദീപ വഴക്ക് പറഞ്ഞിട്ടാണ് രണ്ടാളെയും അകത്ത് മുറിയില്‍ കയറ്റി കതക് അടയ്ക്കുന്നത്.

''ആ എറാത്തൂന്ന് മാറി കിടക്ക് രവിയേട്ടാ. മോള്‍ക്ക് ഒരു പനി ഇപ്പോ കഴിഞ്ഞതേ ഉള്ള്. ഇനീം വിളിച്ചു വരുത്തണ്ട.''

നെഞ്ചത്ത് കിടന്നുറങ്ങി പോയ അമ്മൂനെ പയ്യെ അപ്പുറത്തേക്ക് കിടത്തി രവി നീങ്ങി കിടന്നു.

ദീപ അവന്റെ അടുക്കലേക്ക് വന്നിരുന്നു.

നിലാവില്ലാത്ത രാത്രിയാണിന്ന്.

അമാവാസി.

കര്‍ക്കിടകവാവിന്റെ രാവ്.

രവിയുടെ മരിച്ചു പോയ അച്ഛനു വേണ്ടി രാവിലെ അടുത്തുള്ള ശിവന്‍കോവിലില്‍ ബലിയിട്ടിട്ട് വന്നിട്ടാണ് രവി അന്ന് കട തുറക്കാന്‍ പോയത്.

''രവിയേട്ടാ.. ഇന്ന് നിരപ്പത്ത് താമസിക്കുന്ന അംബിക വന്നിരുന്നു. നമ്മുടെ വിജയമ്മ ചേച്ചിയുടെ മോള്‍. അവര് പറഞ്ഞു, നിങ്ങടെ അമ്മയ്ക്ക് തീരെ വയ്യെന്ന്. ഒന്നും രണ്ടുമൊക്കെ കിടന്ന കിടപ്പിലാന്ന്. രാജേഷ് നോക്കത്തൊന്നും ഇല്ലെന്നാ പറയുന്നെ. അവന്‍ കൊണ്ട് വന്ന പെണ്ണും അവനേം അമ്മേം സഹിക്കാന്‍ പറ്റാതെ വീട്ടിലേക്ക് പോയെന്ന്.''

രവി ഒന്നും മിണ്ടിയില്ല.

ദീപ അവന്‍ എന്തെങ്കിലും പറയുമെന്ന് കരുതി അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

നിമിഷങ്ങള്‍ പൊഴിഞ്ഞടര്‍ന്നിട്ടും അവന്‍ അനങ്ങിയില്ല.

ദീപ അങ്ങനെ തന്നെ എന്തോ ആലോചിച്ചോണ്ട് ഇരുന്നു.

രവിയുടെ മനസ്സ് അപ്പോള്‍ കുറേ വര്‍ഷങ്ങള്‍ പിന്നോട്ട് പായുകയായിരുന്നു.

ഒരു കര്‍ക്കിടക വാവിന്റെ അന്നാണ് രവി ഉണ്ടായത്. മനുഷ്യന്‍ പടച്ച ദൈവത്തിന്റെ പേരും പറഞ്ഞ് കുറേ മനുഷ്യര്‍ അന്നവന്റെ ജാതകത്തിന് വിലയിട്ടു.

'ഗതി പിടിക്കാത്തോന്‍',

' വാവിന്റെ അന്നാ ജനനം. ആരുടെയെങ്കിലും തലയും കൊണ്ടേ ചെക്കന്‍ പോകൂ'

പറഞ്ഞ നാക്ക് പിഴച്ചില്ല. അവന്റെ പത്താമത്തെ വയസ്സില്‍ മരത്തിന്റെ മുകളില്‍ നിന്ന് അവന്റെ അച്ഛന്‍ വീണു.

മൂന്ന് ദിവസം കിടന്നു. നാലിന്റെ അന്ന് പോയി.

അമ്മയുടെ വൈധവ്യത്തിനു കാരണക്കാരന്‍ രവിയാണെന്ന് വിധിയെഴുതി സ്വന്തം അമ്മയും അവനെ തലയില്‍ കൈ വച്ചു പ്രാകിയപ്പോള്‍ നാട്ടുകാരും ശരിവച്ചു. പിന്നെ ആ കുടുംബത്തില്‍ എന്ത് കെട്ട കാര്യം നടന്നാലും അതെല്ലാം രവിയുടെ തലയിലായി.

അമ്മ രണ്ടാമത് ഒരാളോടൊപ്പം കൂടിയിട്ടും അയാളില്‍ ഒരു മകന്‍ ഉണ്ടായിട്ടും അവന്റെ അറിവില്ലാ പ്രായത്തില്‍ അവര്‍ തന്നെ ചാര്‍ത്തി കൊടുത്ത ഗതി പിടിക്കാത്തവന്‍ എന്ന ലേബല്‍ അങ്ങനെ തന്നെ പതിഞ്ഞു.

അവഗണനയും ശകാരവും തല്ലുകൊള്ളലും ഒക്കെയായി അവന്‍ വളര്‍ന്നു. പഠിക്കാന്‍ മോശമായിരുന്നത് കൊണ്ട് ആ വഴിക്കും രവി നന്നായില്ല. അനിയന് കിട്ടുന്ന സൗഭാഗ്യങ്ങളുടെ ഒരംശം പോലും രവിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ചെറുപ്പത്തിലേ ജോലിക്ക് പോയി തുടങ്ങിയ രവി കിട്ടുന്ന കാശ് മുഴുവന്‍ അമ്മയെ ആണ് ഏല്‍പ്പിക്കാറ്. അതും വാങ്ങി വച്ചിട്ട് അവര്‍ അവനെ ചീത്ത പറയും.

കള്ള് കുടിച്ചിട്ട് വന്ന് തന്നെ തല്ലുന്ന രണ്ടാം കെട്ട്യോനെയും താന്തോന്നിയായി വളര്‍ന്നു വരുന്ന ഇളയ മോനെയും സന്തോഷത്തോടെ നോക്കിയിരുന്ന ആ സ്ത്രീ രവിയോട് ചിറ്റമ്മ നയം ആണ് കാണിച്ചിരുന്നത്.

അവന്റെ കാശ് കൊണ്ടാണ് കഞ്ഞികുടിക്കുന്നത്. എന്നിരുന്നിട്ട് പോലും ആ ഒരു പരിഗണന രവിയോട് ആര്‍ക്കും ലവലേശം ഇല്ലായിരുന്നു.

ആറ്റില്‍ മണല്‍ വാരാന്‍ പോകാന്‍ തുടങ്ങിയ കാലം മുതലാണ് മദ്യപാനം രവിയുടെ കൂടെ കൂടിയത്.

കൂടെ വരുന്ന മണിയനാശന്‍ പറയുന്നത് ബോധമില്ലാതെയേ മണല്‍ വാരാന്‍ പറ്റൂ എന്നാണ്. ചിലപ്പോഴൊക്കെ അത് ശരിയാണെന്ന് അവനും തോന്നും. ആറ്റിനടിയില്‍ നിന്ന് മണല്‍ വാരുമ്പോഴൊക്കെ ചിലപ്പോള്‍ അഴുകിയ മൃതദേഹമായിരിക്കും കൈപിടിയിലെത്തുക.

ജീര്‍ണിച്ച ശരീര ഭാഗങ്ങള്‍ കൈയില്‍ നിന്നൂര്‍ന്ന് പോകുമ്പോള്‍ അതിനൊപ്പം തന്നെ രവി ഓക്കാനത്തോടെ ഛര്‍ദിക്കാന്‍ തുടങ്ങിയിരിക്കും. അവശിഷ്ടങ്ങള്‍ ആറ്റു വെള്ളത്തിനൊപ്പം കലര്‍ന്ന് കണ്ണ് നീറുമ്പോള്‍ അവന്‍ ദൈവത്തോട് കലഹിക്കും. അങ്ങനെയാണ് അവന്‍ മണിയന്‍ തന്നെ വാറ്റുന്ന പട്ട ചാരായത്തിന്റെ ഉപഭോക്താവാകുന്നത്.

മണല്‍ വാരല്‍ നിര്‍ത്തി കൂപ്പിലെ പണിക്ക് പോയി തുടങ്ങിയിട്ടും മണിയനാശാന്‍ ചത്ത് മണ്ണിനടിയില്‍ ആയിട്ടും പട്ട ചാരായ കമ്പം രവിയെ വിട്ടു പോയില്ല. സമ്പാദിക്കുന്നതില്‍ ഏറിയ പങ്കും ചാരായം വാറ്റുകാരുടെയും കള്ളുഷാപ്പിലെയും കീശയിലായി.

പണ്ടേ അവനെ കാണുന്നത് ചതുര്‍ഥി ആയിരുന്ന വീട്ടുകാര്‍ അവനെ മൊത്തത്തില്‍ എഴുതി തള്ളി.

കൂപ്പില്‍ പോകുന്ന സമയത്താണ് ജാനകിയെ അവന്‍ കണ്ടു മുട്ടുന്നത്. കൂപ്പിലെ പണിക്കാരുടെ സ്ഥിരം പറ്റുപടിക്കാരി. ചായക്കടയും പൊലീസുകാര്‍ കാണാത്തപ്പോള്‍ ചാരായക്കടയും രാത്രിയില്‍ നിലാവൊളിക്കുമ്പോള്‍ വേശ്യാലയവും ആകാറുള്ള ജാനകിയുടെ വീടായി പിന്നെ അവന്റെ വാസസ്ഥലം.

പണി ചെയ്തു ഉണ്ടാക്കുന്നതില്‍ സിംഹഭാഗവും ജാനകിയുടെ ജമ്പറിനുള്ളിലായി. കള്ളും പെണ്ണും കുടിയും വലിയുമൊക്കെയായി നാട്ടുകാരെഴുതിയ ജാതകത്തിന് അടിവരയിട്ട് കൊണ്ടായിരുന്നു രവിയുടെ ജീവിതം.

ആയിടയ്ക്കാണ് ജാനകി വടക്കുനാട്ടില്‍ നിന്നെങ്ങോ ഒരു കൊച്ചു പെണ്ണിനെ കൊണ്ട് വന്നത്.

സ്വന്തക്കാരുടെ കൊച്ചാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയെങ്കിലും അവള്‍ക്ക് നല്ല ഉദ്ദേശം ഒന്നുമായിരുന്നില്ല ആ കൊച്ചിന്റെ കാര്യത്തില്‍ എന്നുള്ളത് രവിക്ക് നിശ്ചയമായിരുന്നു.

ജാനകി അവളെ 'ജാനു' എന്നാണ് വിളിച്ചിരുന്നത്.

അവള്‍ 'കൊച്ചമ്മച്ചി' എന്നും.

കൊച്ചു ജാനു എന്നും രാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് വെള്ളം കോരി പാത്രം കഴുകി അടുക്കള വൃത്തിയാക്കി പാചകം ചെയ്യുമായിരുന്നു. ജോലിയൊഴിഞ്ഞ ആശ്വാസത്തില്‍ ജാനകി ചായക്കടയില്‍ പോകും.

രവിക്ക് ചായ കൊടുക്കുന്നത് ജാനു ആണ്. ആദ്യമൊക്കെ അവളോട് അവന്‍ നീരസം കാണിച്ചെങ്കിലും പതിയെ അവളോട് സഹതാപവും അത് പിന്നീട് ഇഷ്ടവും ആയി തീര്‍ന്നു.

കൂപ്പിലെ പണി കഴിഞ്ഞു വരുമ്പോഴാണ് അവന്‍ ജാനുവിന്റെ നിലവിളി കേള്‍ക്കുന്നത്.

ജാനുവിനെ അകത്ത് പൂട്ടിയിട്ട് ജാനകി കാവലിരിക്കുന്നു.

പന്തികേട് മണത്ത രവി ജാനകിയെ തള്ളി മാറ്റി വാതില്‍ ചവിട്ടി തുറന്നു. ജാനുവിനെ കീഴടക്കാന്‍ ശ്രമിക്കുന്ന ഒരു മധ്യവയസ്‌കനെയാണ് അവന്‍ കണ്ടത്.

''കള്ളക്കിളവാ.. തന്റെ സൂക്കേട് ഞാനിന്നു തീര്‍ത്തു തരാം.''

രവി അയാളുടെ തുട ചേരുന്ന ഭാഗത്തു ആഞ്ഞു തൊഴിച്ചു. വേദന കൊണ്ട് പുളഞ്ഞ അയാള്‍ നിലത്ത് വീണു.

പകച്ചു നിന്ന ജാനുവിനെയും കൊണ്ട് രവി ഇറങ്ങി നടന്നു. പോകുന്ന വഴിക്ക് ജാനകിക്ക് കവിളടച്ച് ഒന്ന് കൊടുക്കാനും മറന്നില്ല.

അതായിരുന്നു രവിയുടെയും ജാനുവിന്റെയും ആ നാട്ടിലെ അവസാന ദിവസം. വള്ളം തുഴഞ്ഞു ഇക്കരെയെത്തിയ രവി പുതിയൊരു ജീവിതത്തിനായി കൊതിച്ചു.

അവന്‍ ജാനുവിനോട് പറഞ്ഞു:

''ഇനി നീ ദീപയാണ്. രവിയുടെ ദീപ. കഴിഞ്ഞ കാലങ്ങളോ കടന്നു വന്ന വഴിയോ ജനിപ്പിച്ചവരോ ഇനി നമുക്ക് വേണ്ട. പുതിയ ഒരു കാലത്തിലേക്ക് നമുക്ക് പോകാം. ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും നമുക്ക് നമ്മള്‍ മാത്രം കൂട്ടായി ഇനി ജീവിക്കാം.''

ദീപയ്ക്കും സമ്മതം. അവിടുത്തെ മുത്തപ്പന്റെ തിരുനടയ്ക്ക് മുന്നില്‍ നിന്ന് രവി ദീപയ്ക്ക് താലി കെട്ടി.

അന്ന് മുതല്‍ ഇന്ന് വരെയും അവന് താങ്ങും തണലുമായി അവള്‍ കൂടെയുണ്ട്. വല്ലപ്പോഴും ഒരിക്കല്‍ മദ്യപിക്കും എന്നതൊഴിച്ചാല്‍ രവി ഇന്നൊരു പുതിയ മനുഷ്യനാണ്.

കഠിനധ്വാനിയായ രവി ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കുറച്ച് ഭൂമി മേടിച്ച് അതിലൊരു കുഞ്ഞ് വീട് പണിയുന്നത്. അപ്പോഴേക്കും കൂട്ടായി അമ്മൂട്ടിയും എത്തി. ടൗണിലെ പലചരക്ക് കട രവി അടുത്തിടയ്ക്ക് തുടങ്ങിയതാണ്. അതിലെ ലാഭം കൊണ്ട് അവര്‍ ആഡംബരങ്ങള്‍ ഇല്ലാതെ, എന്നാല്‍ അത്യാവശ്യം നന്നായി തന്നെ ജീവിച്ചു പോന്നു. അത്യാഗ്രഹങ്ങള്‍ ഇല്ലാത്ത ഇല്ലായ്മയിലും ജീവിക്കാന്‍ അറിയാവുന്ന ദീപയാണ് രവിയുടെ ഉയര്‍ച്ചയ്ക്ക് കാരണം എന്നറിയാവുന്ന രവിയ്ക്ക് സ്വന്തം കുടുംബം കഴിഞ്ഞേ ഉള്ളൂ മറ്റെന്തും.

വഴിവിട്ട ജീവിതം നയിച്ചിരുന്ന ജാനകി മാറാരോഗം പിടിപെട്ട് കുറച്ച് നാള്‍ ആ തെരുവിലൂടെ അലഞ്ഞു നടന്നിരുന്നു. പിന്നെയൊരിക്കല്‍ അവരെ കാണാതെയായി. രവിയുടെ രണ്ടാനച്ഛന്‍ അവരെ വിട്ടിട്ട് വേറെ ഒരു സ്ത്രീയോടൊപ്പം നാട് വിട്ടു.

അതും രവിയുടെ തലയില്‍ ചാര്‍ത്തി കൊടുത്ത് സായൂജ്യമടഞ്ഞ അവന്റെ അമ്മ മുറ്റത്ത് നടുവും തല്ലി വീണു കിടപ്പിലായി. മദ്യപാനിയും അലസനുമായ മോന്‍ കൊണ്ട് വന്ന പെണ്ണ് കുറച്ച് നാള്‍ ഇരുവരെയും പണിയെടുത്ത് പോറ്റിയെങ്കിലും മടുത്തിട്ട് അവളും കയ്യൊഴിഞ്ഞു പോയി.

പടിയിറങ്ങിപ്പോയ നന്മകളെ ഓര്‍ത്ത് ആ വിഴുപ്പ് കട്ടിലില്‍ ആ സ്ത്രീ തന്റെ ചെയ്തികള്‍ ഓര്‍ത്ത് വിലപിച്ചു കൊണ്ടേയിരുന്നു. ഇനി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ വിധിയും ജാതകവും എഴുതാന്‍ തയ്യാറായി നാട്ടുകാര്‍ ഓരോ ജനനമരണങ്ങള്‍ക്കായി കാതോര്‍ത്തിരുന്നു.

***************

''രവിയേട്ടാ..''

രവി ഒന്നു ഞെട്ടി. ദീപ തന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നു.

''ദീപേ.. അവനവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കണം. സ്വന്തം ജന്മം കൊണ്ട് നല്ലപോലെ ജീവിക്കാനും അനുഭവിക്കാനും അറിയാതെ മറ്റുള്ളോരെ പഴി ചാരിയും അവരെ പ്രാകിയും ജീവിച്ചാല്‍ എല്ലാര്‍ക്കും ഇത് തന്നാ ഗതി. അത് നമ്മള്‍ വിചാരിച്ചാല്‍ ഒട്ട് മാറുകയും ഇല്ല. അത് കൊണ്ട് അതൊക്കെ നീ നിന്റെ തലയില്‍ നിന്നെടുത്ത് കളഞ്ഞിട്ട് നമ്മളെ പറ്റി ചിന്തിക്ക്.''

''നമ്മളെ പറ്റി എന്ത് ചിന്തിക്കാന്‍?''

''ഇന്നും കൂടെ അമ്മൂട്ടന്‍ പറഞ്ഞതേ ഉള്ളൂ. കുഞ്ഞിന് കളിക്കാന്‍ ഒരു കുഞ്ഞൂട്ടനെ വേണമെന്ന്.

കൊടുക്കാമെന്ന് ഞാന്‍ വാക്കും പറഞ്ഞ് പോയി. അതിന് നീ കൂടി വിചാരിച്ചെങ്കിലേ പറ്റൂ.''

''അയ്യോടാ.. അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി''

''പള്ളിയില്‍ രാവിലെ പോകാം. തത്കാലം മോളിങ്ങ് പോര്...'

സ്വന്തം നെഞ്ച് തട്ടി കാണിച്ച് കൊണ്ട് രവി പറഞ്ഞപ്പോള്‍ ദീപയ്ക്ക് ചിരി വന്നു.

ഓമനത്തമുള്ള പൂച്ചക്കുഞ്ഞിനെ പോലെ ദീപ രവിയുടെ പുതപ്പിനുള്ളിലേക്ക് നൂണ്ട് കയറി.

കര്‍ക്കിടകരാവിലെ രാത്രിമഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്നു.

പെയ്‌തൊഴിഞ്ഞ മാനത്ത് നിലാവ് പൊഴിക്കാന്‍ ഒളിഞ്ഞിരിക്കുന്ന ചന്ദ്രനെ സാക്ഷിയാക്കി ഇരുട്ട് ആ കൊച്ചു വീടിനു മേലെ സ്‌നേഹത്തിന്റെ കരിമ്പടം എടുത്തണിഞ്ഞു.




TAGS :