Quantcast
MediaOne Logo

ഇയാസ് ചൂരല്‍മല

Published: 1 Nov 2022 5:24 AM GMT

പ്രത്യയശാസ്ത്രത്തിനപ്പുറം

| കഥ

പ്രത്യയശാസ്ത്രത്തിനപ്പുറം
X
Listen to this Article

സ്റ്റോറി byപതിവ് തെറ്റിക്കാതെ ഇന്നും അയാള്‍ മൂര്‍ച്ചയേറും അക്ഷരങ്ങളെ ചേര്‍ത്തു വെച്ചുകൊണ്ടൊരു കവിതയെഴുതി.

അതിലെ ഓരോ വരികളും ഭരണകൂടത്തിന്റെ അന്യായങ്ങളെ വിളിച്ചു പറയുന്നതായിരുന്നു, വായിക്കുന്ന ഏതൊരാള്‍ക്കും ഭരണകൂടത്തിന്റെ

നികൃഷ്ട പ്രവര്‍ത്തികള്‍ മനസ്സിലാവും വിധം. പതിവ് കവിതകളെല്ലാം പലയിടങ്ങളിലേക്കും പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുക്കുന്ന അയാള്‍ ഇന്ന് ആ കാര്യത്തില്‍ പതിവ് തെറ്റിച്ചുകൊണ്ട് ആരെയും കാണിക്കാതെ ആ കവിത അടച്ചു വെച്ചു.

എഴുത്തുകാരനെന്നുള്ള ചേര്‍ത്തുവെപ്പ്

പിന്നില്‍ കൂടിയ നാള്‍ മുതല്‍ തന്നെ പലപ്പോഴും എഴുതാന്‍ സമയം കിട്ടാറില്ല എന്നതായിരുന്നു സത്യം. വിസമ്മതം പറഞ്ഞു ശീലിക്കാത്തതു കൊണ്ട് പലയിടങ്ങളില്‍ നിന്നുള്ള വിളികള്‍ക്ക് ഉത്തരമായ് അവരൊരുക്കുന്ന സാഹിത്യ പരിപാടികളിലെല്ലാം സംബന്ധിക്കുക എന്നുള്ളത് ഒരു ദിനചര്യയായി മാറി എന്നു വേണം പറയാന്‍.

പതിവ് പോലെ ഇന്നും തന്റെ തുണിസഞ്ചിയും തോളിലിട്ടയാള്‍ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി. തിരികെ വരുമ്പോള്‍ കൊണ്ടുവരാനായ് എഴുതിത്തന്ന അവശ്യസാധനങ്ങളുടെ ലിസ്റ്റ് ഒന്ന് വായിച്ചു നോക്കികൊണ്ട് പോക്കറ്റിലേക്ക് തിരുകി.

എഴുത്തുകാരന്റെ പ്രത്യയശാസ്ത്രം എന്ന തലവാചകത്തില്‍ ഒരുമിച്ചു കൂടുന്ന സാഹിത്യ വേദിയില്‍ എന്തു സംസാരിക്കണമെന്നതായിരുന്നു യാത്രയിലുടനീളമുള്ള അയാളുടെ ചിന്ത. അവസാനം ഉത്തരം കണ്ടെത്താന്‍ കഴിയാതെ ചിന്ത അവസാനിപ്പിച്ചപ്പോഴേക്കും അയാള്‍ ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു.

സുപരിചിതരും അപരിചിതരുമായ ഒത്തിരി എഴുത്തുകരോടൊപ്പം അയാളും ചേര്‍ന്നു. പരിപാടി തുടങ്ങിയതും തനിക്ക് പരിചിതരായ പലരും താന്‍ ഒരിക്കലും കണ്ടിട്ടോ, കേട്ടിട്ടോ അനുഭവിച്ചിട്ടോയില്ലാത്ത അവരെ കുറിച്ചു തന്നെ പറയുന്നത് കേട്ടപ്പോള്‍ അയാള്‍ക്ക് നീരസവും അത്ഭുതവും തോന്നി. തന്റെ ഊഴം അടുത്തപ്പോള്‍ മറ്റാരെയും പരിഗണിക്കാതെ അയാള്‍ എല്ലാവര്‍ക്കും പരിചിതരായ തന്നെ കുറിച്ചു വളരെ സൗമ്യമായി പറഞ്ഞു തുടങ്ങി.

സദസ്സും ചുറ്റുപാടും തന്നെ ഒന്നാകെ ശ്രവിക്കുന്നു എന്ന് മനസ്സിലാക്കിയ അയാള്‍ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു:

ഒരു എഴുത്തുകാരന്റെയും, അയാളുടെ എഴുത്തിന്റെയും പ്രത്യയശാസ്ത്രം ഒന്നാവുമ്പോള്‍ മാത്രമാണ് അയാളില്‍ സത്യം ജനിക്കുന്നത്.

സദസ്സ് ഒന്നാകെ എഴുനേറ്റു നിന്നു കയ്യടിച്ചു.

പക്ഷേ, ആ കയ്യടിക്കിടയില്‍ അയാളിലെ ചിന്ത ചെന്നു പതിച്ചത് താന്‍ രാവിലെ എഴുതിവെച്ച കവിതയിലായിരുന്നു. താന്‍ എന്തിനാണ് പതിവ് തെറ്റിച്ചുകൊണ്ട് ആ കവിത മാറ്റിവെച്ചത് എന്നുള്ള ചോദ്യം അയാളില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.

സംഘാടകരോട് അനുവാദം പോലും ചോദിക്കാതെ വീണ്ടും മൈക്ക് കയ്യിലെടുത്ത് ആരും കാണാതെ ഒളിച്ചു വെച്ച കവിത അയാളുറക്കെ ചൊല്ലി, സദസ്സ് ഒന്നാകെയും കോരിത്തരിച്ചു. ചിലരുടെ മുഖത്തു ഗൗരവം നിഴലിച്ചു, മറ്റുചിലരില്‍ അത്ഭുതവും. കവിതയുടെ അവസാനത്തോടൊപ്പം അയാള്‍ പറഞ്ഞു: എന്റെയും എന്റെ എഴുത്തിന്റെയും പ്രത്യയശാസ്ത്രം ഇവിടെ പൂര്‍ണ്ണമാവുന്നു.

അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും അടുത്ത ദിവസ്സത്തെ പത്രം വായിക്കും വരെയും അയാള്‍ പറഞ്ഞ വാക്കുകള്‍ മനസ്സിലായിരുന്നില്ല.

പ്രശസ്ത കവിയും, നിരൂപകനുമായ തോമസ് അജ്ഞാതരാല്‍ വീട്ടുപടിക്കല്‍ കൊല ചെയ്യപ്പെട്ടു എന്നതായിരുന്നു സ്വതന്ത്ര്യ ഇന്ത്യ വായിച്ചുണര്‍ന്ന ആ വാര്‍ത്ത. പക്ഷെ, അപ്പോഴും അയാള്‍ ഇന്നലെ ചൊല്ലി വെച്ച വരികള്‍ ഇന്ത്യയൊട്ടാകെയും സഞ്ചരിക്കുന്ന തിരക്കിലായിരുന്നു...!


TAGS :