Quantcast
MediaOne Logo

ജസ്ന ഖാനൂന്‍

Published: 16 Sep 2022 4:45 PM GMT

മായേച്ചിക്കൊരുമ്മ!

| കഥ

മായേച്ചിക്കൊരുമ്മ!
X
Listen to this Article

ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ജീവനെ കാര്‍ന്നുതിന്നുമ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ ശരീരം പാതി തളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് അവള്‍ക്ക് തോന്നി.. ഓജസ്സും തേജസ്സും ഊര്‍ന്നിറങ്ങി എങ്ങോ പോയി ഒളിച്ചിരിക്കുന്നു.

കണ്ണാടിയില്‍ പ്രതിഫലിച്ച ഒട്ടിയ കവിളും കുഴിഞ്ഞിറങ്ങിയ കണ്ണുകളും വറ്റിവരണ്ട കാണ്‍പോളകളുമുള്ള രൂപം അവളെ നോക്കി.. നിസ്സംഗതയോടെ. നേരിയ പരിഹാസം വിളറി വരണ്ട ചുണ്ടുകളില്‍ ഒന്ന് തെളിഞ്ഞു മാഞ്ഞപോലെ.

പന്ത്രണ്ടു നില അപാര്‍ട്‌മെന്റിന്റെ പതിനൊന്നാം നിലയിലെ രണ്ടാം നമ്പര്‍ മുറിയില്‍ ഏകാന്തതയുടെ കൂരിരുട്ടില്‍ തപ്പിത്തടയുന്ന അവളുടെ ആത്മാവ് അസ്തമയ സൂര്യന്‍ സിന്ദൂരം

ചാര്‍ത്തിയ ആകാശത്തിന്റെ ശോണിമയിലോ കടലിന്റെ ആര്‍ത്തിരുമ്പുന്ന ശബ്ദത്തിലോ ഒഴുകി വരുന്ന ജനസാഗരത്തിലും ഇഴകിചേരാതെ അലഞ്ഞു നടന്നു.

ദേ, ഒരു കാളിങ് ബെല്‍.. 'ശാന്തമ്മോ ഒന്ന് നോക്കൂ ' അവള്‍ നീട്ടിയൊന്നു വിളിച്ചു പറഞ്ഞു. പാചകത്തിന്റെ തിരക്കിന്നിടയില്‍ കയ്യൊന്നു കഴുകി ഓടി ചെന്നു വാതില്‍ തുറന്നു.

അതെ പുതിയ അയല്‍വാസി.. പരിചയപ്പെടാന്‍ വന്നതാണ്.

ശാന്തമ്മ അവരെ ജാന്‍വി കിടക്കുന്ന മുറിയിലേക്ക് ക്ഷണിച്ചു.


ഒരു മുപ്പത്തിയെട്ടു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന സ്ത്രീ... മുന്‍വശത്തെ ചില മുടിനാരുകളില്‍ അങ്ങിങ്ങായി വെള്ളി വീണു കിടക്കുന്നു.. തെളിഞ്ഞ പുഞ്ചിരിയോടെ അവര്‍ ജാന്‍വിയുടെ അടുത്ത് പോയിരുന്നു. അങ്ങോട്ടുമിങ്ങോട്ടും കുശലന്വേഷണങ്ങള്‍ കൈമാറി ... അവരുടെ പേര് മായ ലക്ഷ്മി എന്നാണെന്നും മൂന്നാം നമ്പര്‍ ഫ്‌ളാറ്റിലാണെന്നും പറഞ്ഞ് അവര്‍ ഒന്നു ഹൃദ്യമായി ചിരിച്ചു.

ചിരകാല പരിചിതരെ പോലെ രണ്ടു പേരുടെയും കുറുമ്പും പൊട്ടിച്ചിരികളും അടുക്കളയില്‍ നിന്ന് കൊണ്ടു തന്നെ ശാന്തമ്മയ്ക്കും കേള്‍ക്കാമായിരുന്നു. ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ഒരു ഉറുമാമ്പഴവും ആപ്പിളും കൂട്ടി തണുത്ത പാലില്‍ ചേര്‍ത്തടിച്ചു രണ്ടു ഗ്ലാസുകളിലായി പകര്‍ന്നു.

അതുമായി മുറിയിലെത്തിയ ശാന്തമ്മ ആകപ്പാടെ അമ്പരപ്പോടെ നോക്കി നിന്ന് പോയി....താന്‍ ഈ വീട്ടില്‍ ജോലിക്ക് വന്നിട്ട് എട്ടു മാസമായി... സൗമ്യമായ കരുതലുള്ള പെരുമാറ്റമെങ്കിലും

ജാന്‍വിയുടെ ഇത്രയും തെളിഞ്ഞ മുഖം അവര്‍ക്കു പരിചിതമായിരുന്നില്ല. റോസപ്പൂവ് വിടര്‍ന്ന പോലെയുള്ള പുഞ്ചിരിയോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഒരു ഊര്‍ജ്ജസ്വലയായ സ്ത്രീ.. അത് ജാന്‍വിമോളു തന്നെയാണോ എന്നു ഒരുവേള ശങ്കിച്ചു നിന്നുപോയി ശാന്തമ്മ.

'എന്തേയ് അവിടെ തന്നെ നിന്ന് പോയി ശാന്തമ്മോ കുട്ടിയെ ' ഒരു കുറുമ്പോട് കൂടിയുള്ള ജാന്‍വിയുടെ സ്‌നേഹത്തില്‍ ചാലിച്ച ചോദ്യം കേട്ടു അവര്‍ ഉടന്‍ അകത്തേക്ക് കയറി ഹൃദ്യമായ ചിരിയോടെ ജ്യൂസ് അവര്‍ക്കു രണ്ടു പേര്‍ക്കും കൊടുത്തു.

'ശാന്തമോവിനു ഉണ്ടാക്കിയില്ലേ ' ജാന്‍വി പതിയെ ചോദിച്ചു.

'പിന്നെയാവാം' എന്നു മറുപടിയും പറഞ്ഞു. അവര്‍ മടങ്ങാനിരിക്കെ അവര്‍ക്കു തന്റെ മേശമേല്‍ വെച്ചിരുന്ന ഗ്ലാസ്സിലേക്ക് ജാന്‍വി പാതി ജ്യൂസ് പകര്‍ന്നു കൊടുത്ത് കൂടെ ഇരുന്ന് കുടിക്കാന്‍ പറഞ്ഞു. ചിരിയും തമാശകളുമായി ഇത്തിരി നേരം കൂടി അങ്ങനെ കടന്നു പോയി. ശാന്തമ്മ ഒത്തിരി ചിരിച്ചു. അവര്‍ ശരിക്കും കുഴഞ്ഞു പോയി. കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍പൊഴിഞ്ഞു. ജാന്‍വിയുടെ ഈ മാറ്റം അവളെ തന്റെ സ്വന്തം മകളായി ഹൃദയത്തില്‍ ഗര്‍ഭം ധരിച്ചു കഴിഞ്ഞ ശാന്തമോയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.

മായലക്ഷ്മിയും ജാന്‍വിയും സഹോദരിമാരായി കഴിഞ്ഞിരുന്നു.. മക്കള്‍ സ്‌കൂളില്‍ നിന്നും മടങ്ങിയെത്തേണ്ട സമയം ആയെന്നു ഓര്‍ത്തു അവര്‍ അവരുടെ ഫ്‌ളാറ്റിലേക് വെപ്രാളപ്പെട്ടു മടങ്ങി.

അതെ, സനാഥയായിട്ടും അനാഥത്വത്തിന്റെ കാരിരുമ്പുകള്‍ തുളഞ്ഞു കയറിയ ഹൃദയത്തില്‍ മഞ്ഞുമഴ പെയ്തു തുടങ്ങിയതായി ജാന്‍വിക്ക് തോന്നി.

ജാന്‍വിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കാഴ്ചപ്പാടുകളും എത്രമാത്രം വിശാലതയുള്ളതും നിസ്വാര്‍ഥവും ആണെന്ന് ചിന്തിക്കുകയായിരുന്നു മായ അപ്പോള്‍... എന്നിട്ടും ആ പാവത്തിന്റെ ജീവിതം ദൈവം കണ്ണടച്ചു കൂരിരുട്ടാക്കുന്നതെന്തിനാണ്..? പ്രണയവിവാഹം... സ്‌നേഹിച്ചു കൊതി തീരും മുന്‍പേ വൈധവ്യം.. ബന്ധുമിത്രാതികളുടെ ശാപവും അകല്‍ച്ചയും...എല്ലാത്തിനുമൊടുവില്‍ അസുഖം കൊണ്ടുള്ള പരീക്ഷണങ്ങള്‍ ... ഇടിയിലെവിടെയോവെച്ചു തളര്‍ന്നു പോയ മനസ്സും. ദുരന്തങ്ങളുടെ നീണ്ട നിര തന്നെ.... തന്റെ വാനോളമുയര്‍ന്ന സ്വപ്നങ്ങളുടെ ചിറകുകള്‍ കണ്ണടച്ച് തുറക്കും മുന്‍പ് കൊഴിഞ്ഞു തീരുന്നതു കണ്ടു മരവിച്ചു പോയിരിക്കുന്നു ആ പാവം..

മായയുടെ കണ്ണില്‍ നിന്നും അനിയന്ത്രിതമായി കണ്ണീരൊഴുകുന്നുണ്ടായിരുന്നു.. മക്കള്‍ക്ക് വേണ്ടി എന്തു സ്‌പെഷ്യല്‍ വിഭവങ്ങളുണ്ടാക്കുമ്പോഴും അതിലൊരു പങ്കു ജാന്‍വിക്കും അവര്‍ മാറ്റിവെച്ചു തുടങ്ങി... നിഷ്‌കളങ്കമായ ആ സൗഹൃദം അനുദിനം ദൃഢപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവസം ജാന്‍വി പതിയെ നടക്കാന്‍ ശ്രമിച്ചു... തളര്‍ന്ന മനസ്സിനെ അവള്‍ വെല്ലുവിളിച്ചു.... തന്റെ നിറപകിട്ടാര്‍ന്ന ജീവിതം തിരിച്ചുപിടിക്കാന്‍ ഉറച്ച തീരുമാനമെടുത്തു.. എന്തിനും കൂട്ടായി താങ്ങായി തണലായി മാറുകയായിരുന്നു മായേച്ചിയും ... അവള്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്തു തുടങ്ങി.... പുസ്തക വായന വീണ്ടെടുത്തു... എഴുതി തുടങ്ങി.... പാതി വഴിയില്‍ നിന്നുപോയ പഠനം തുടരാന്‍ തീരുമാനിച്ചു...

ഋതുഭേദങ്ങള്‍ അവള്‍ ആസ്വദിച്ചു തുടങ്ങി ...

ഒരു ദിവസത്തെ കൃത്യമായി ക്രമീകരിക്കേണ്ടത് ജീവിതവിജയത്തിന്റെ ആദ്യ പടിയാണെന്നു അവള്‍ ഉറച്ചു വിശ്വസിച്ചു ..

അങ്ങനെയിരിക്കെ ഒരുനാള്‍ തന്റെ കാര്‍ ഒന്ന് ഓടിച്ചു നോക്കാനായി താഴെക്കിറങ്ങിയ്യപ്പോള്‍ കണ്ട കാഴ്ച ജാന്‍വിയെ ഒത്തിരി സന്തോഷിപ്പിച്ചു .. താഴത്തെ ഫ്‌ളാറ്റിലെ ഒരു അമ്മൂമ്മയെ കൈ പിടിച്ചു പതുക്കെ നടത്തുന്ന മായേച്ചി ... അതു കഴിഞ്ഞു അവരെ ഒരിടത്തു ഇരുത്തിയതിനു ശേഷം അവര്‍ സ്വന്തം വ്യായാമങ്ങളിലേക്ക് അല്‍പ നേരം മുഴുകുന്നു ..

ഒരുപാട് നാളുകള്‍ക്കു ശേഷം ഭയപ്പാടുകളെ പറത്തിവിട്ട് തന്റെ വണ്ടി ഓടിക്കാന്‍ സാധിച്ച ആത്മ-

വിശ്വാസത്തില്‍ തന്റെ ഫ്‌ളാറ്റിലേക്കുള്ള പടികള്‍ ഓടി കയറുമ്പോള്‍ അവള്‍ക്കു നഷ്ടപെട്ട തന്റെ ലോകം ഒന്നൊന്നായി വെട്ടിപ്പിടിക്കുന്നതു പോലെ തോന്നി.

പിറ്റേന്ന് വൈകീട്ട് ജനാലയിലൂടെ പുറത്തു നോക്കയിരിക്കെ മറ്റൊരു കാഴ്ച്ച...

അതെ, മായേച്ചി അയല്‍വാസിയുടെ വേലക്കാരിയെയും കൊണ്ടു ഓട്ടോയില്‍ ധൃതിയില്‍ കയറി പോവുന്നു.. പെട്ടെന്ന് തന്നെ താഴെയിറങ്ങി അവിടത്തെ ആയമ്മയോട് കാര്യം തിരക്കിയ ജാന്‍വി ശരിക്കും അത്ഭുതപ്പെട്ടു പോയി. ആ വീട്ടിലെ വേലക്കാരിയുടെ കുട്ടി ആക്‌സിഡന്റ് ആയി ആശുപത്രിയില്‍ ഉണ്ടെന്ന വിവരം കിട്ടിയപ്പോള്‍ ആരോരുമില്ലാത്ത അവര്‍ക്കും ഒരു താങ്ങും തണലുമായി മാറാനുള്ള മായേച്ചിയുടെ വെപ്രാളമായിരുന്നു കണ്ടതെന്നും മനസ്സിലായി. അനുദിനം അവരോടുള്ള ആദരവ് ആരാധനയായി മാറുന്ന സംഭവവികാസങ്ങള്‍ക്ക് ജാന്‍വി സാക്ഷ്യം വഹിക്കുകയായിരുന്നു.



അങ്ങനെയിരിക്കെ, ജാന്‍വിയുടെ പിറന്നാള്‍ ദിനം വന്നെത്തി. ഇരുപത്തിയഞ്ചു കുട്ടികളുള്ള ഒരു അനാഥാലയത്തില്‍ വിരുന്നൊരുക്കി. രണ്ടു വലിയ കേക്കും കരുതി. അവര്‍ക്കെല്ലാം ഏകദേശം അളവില്‍ ഓരോ ഉടുപ്പും വാങ്ങി. തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ അങ്ങോട്ടേക്ക് മായേച്ചിയെയും കൂട്ടി. പിന്നെ ശാന്തമ്മയെയും.

ആഘോഷപരിപാടികളെല്ലാം കഴിഞ്ഞു പിരിയുന്നതിനു മുന്‍പേ അവിടത്തെ മാനേജ്‌മെന്റുമായി സംസാരിക്കാനായി ജാന്‍വി ഒന്ന് ഓഫീസ് വരെ പോയി.

അപ്പോഴും അത്രയും സമയം കൂടി ആ മക്കള്‍ക്ക് ആരൊക്കെയോ ആയി മാറാനുള്ള വെമ്പലില്‍ കുട്ടികളുടെ കൂടെ ചിലവഴിക്കുകയായിരുന്നു മായേച്ചി. അവിടെ നിന്നും ജാന്‍വി മറ്റൊരു വാര്‍ത്തയറിഞ്ഞു.

അവിടെയുള്ള ഒരു അനാഥയായ മകളെ കൂടി മായേച്ചി ഏറ്റെടുത്തിട്ടുണ്ടെന്നു.

മായേച്ചിക്ക് രണ്ടു ആണ്‍മക്കളാണ് ... ചിലരെങ്കിലും തങ്ങളുടെ ചിലവൊന്നു ചുരുക്കാമല്ലോ എന്നുള്ളിന്റെയുള്ളില്‍ പ്രാര്‍ഥിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു അനാഥയായ പെണ്‍കുട്ടിയെ സ്വന്തം മകളായി കരുതി അവളുടെ വിദ്യാഭ്യാസവും വിവാഹവും ഏറ്റെടുത്തിരിക്കുന്നു. അവരുടെ ഭൂസ്വത്തില്‍ നിന്നും പത്തു സെന്റ് സ്ഥലവും ആ മകളുടെ പേരില്‍ എഴുതിവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത കൂടി കേട്ടപ്പോള്‍ ജാന്‍വിയുടെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു തുളുമ്പി. ഉരിയാടാനാവാതെ ഒരു വല്ലാത്ത മാനസികവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു ജാന്‍വി. പിന്നെ, അവര്‍ തിരിച്ചു വീട്ടില്‍ വന്നിറങ്ങി.

ഓട്ടോയില്‍ നിന്നിറങ്ങി ഡ്രൈവറുടെ ഓട്ടോ ചാര്‍ജ് പേഴ്‌സില്‍ നിന്നെടുക്കുന്നതിനിടയില്‍ മായേച്ചി ഓട്ടോഡ്രൈവറുടെ ഭാര്യക്ക് എങ്ങനെയുണ്ടെന്നും എട്ടാം മാസത്തിന്റെ സ്‌കാന്‍ എടുത്തോ എന്നും തിരക്കുന്നുണ്ട്. അന്ന് വൈകുന്നേരമാണ് അപ്പോയ്ന്റ്‌മെന്റ് കിട്ടിയതെന്നും അയാള്‍ മറുപടിയും പറയുന്നു. ഉടനെ പതിനായിരം രൂപ കൊടുത്ത് അതവിടെയിരിക്കട്ടെ എന്നും

പുഞ്ചിരിയോടെ പറയുന്നു. ഒത്തിരി പ്രാരാബ്ദങ്ങള്‍ക്കിടയിലാണ് അവരെന്നും ഭാര്യയെയും പരിചയപെട്ടിരുന്നതെന്നും അല്‍പം കോംപ്ലിക്കേഷന്‍സ് ഉണ്ടെന്നും അവര്‍ ജനവിയോട് സൂചിപ്പിച്ചു. പലതവണയായി ആ ഓട്ടോയില്‍ യാത്ര ചെയ്തു പരിചയമുണ്ടെന്നുള്ളത് സത്യം.. എങ്കിലും ഇത്രയും കരുതലുള്ള ഹൃദയം അവള്‍ക്കവിശ്വസനീയമായിരുന്നു. സ്‌നേഹവും കരുണയും ദൈവം വിഴുങ്ങി വിശപ്പകറ്റിയെന്നു തന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ലിപികളില്‍ കൊത്തിവെക്കാനൊരുങ്ങുന്ന ഈ വൈകിയ വേളയില്‍ ഇവര്‍ യഥാര്‍ഥതില്‍ ആരാണെന്ന് മനസ്സിലാക്കാനാവാതെ ജാന്‍വി അമ്പരന്ന് പോവുന്നുണ്ടായിരുന്നു.

പക്ഷെ, അവര്‍ സാധാരണ ഭാവത്തില്‍ തന്നെ പുഞ്ചിരിച്ചു കൊണ്ടു എന്നരികിലേക്ക് വന്നു . 'വാ മോളേ, നമുക്ക് ഫ്‌ളാറ്റിലേക്ക് പോവാം' എന്നും പറഞ്ഞു എന്നെ ചേര്‍ത്തുപിടിച്ചു നടന്നു.

വേനലും മഴയും കടന്നു പോയി.

അടുത്ത ദിവസം, ജാന്‍വിയുടെ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായകമായ ദിവസമായിരുന്നു. സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ റിസള്‍ട്ട് !

അതെ, മെയിന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായിരിക്കുന്നു. ഇനിയുള്ള കടമ്പ അഭിമുഖം മാത്രം. അവളുടെ അനുഭവസമ്പത്തും അറിവും ആകര്‍ഷണീയമായ വ്യക്തിത്വവും അവിടെ തുണയാകുമെന്നത് നിശ്ചയം.

അവള്‍ ഓടിചെന്നു മായേച്ചിയുടെ ഫ്‌ളാറ്റിലേക്ക്. കുറച്ചു ലഡുവും കരുതി. മക്കള്‍ക്കും കൊടുക്കാല്ലോ. അവരെ കെട്ടിപിടിച്ചു വട്ടം ചുറ്റിച്ചു. ലോകം കീഴടക്കിയ സന്തോഷം.

വളരെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡല്‍ഹിയില്‍ പോവാനൊരുങ്ങി. ഒരു കുഞ്ഞനുജത്തിയുടേതെന്ന പോലെ എല്ലാം ഒരുക്കി കൊടുക്കുമ്പോള്‍ ഇരു ഹൃദയങ്ങളിലും നൊമ്പരം വിങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, അതൊരു സുഖമുള്ള നൊമ്പരമാണെന്ന തിരിച്ചറിവില്‍ ഓരോ നിമിഷത്തെയും അവര്‍ കുറുമ്പും കുസൃതികളും കൊണ്ട് നിറയ്ക്കുകയായിരുന്നു.

അവിടെ ഭക്ഷണവും താമസവും കേരള ഹൗസില്‍. സൗജന്യ അഭിമുഖ പരിശീലനം. എഴുത്ത് പരീക്ഷ പാസ്സായവര്‍ക്കുള്ള ഗവണ്മെന്റിന്റെ ആനുകൂല്യങ്ങള്‍.. ഇനി ജാന്‍വിയുടേത് തിരക്കേറിയ ദിവസങ്ങള്‍. മായേച്ചിയോട് യാത്ര പറഞ്ഞു പോവുമ്പോള്‍ എന്തോ അവളുടെ ഹൃദയം പിടഞ്ഞില്ല.

വിമാനത്താവളത്തിനകത്തേക്കു കയറി പോവുമ്പോള്‍ അവളുടെ മനസ്സ് ഒരു പരുന്തിന്റേതായിരുന്നു. കൊടുങ്കാറ്റുകളെയും പേമാരിയെയും ഇടിമിന്നലുകളെയും അതിജീവിച്ചു പറന്നുയരുന്ന ഒരു പരുന്തിന്റേത്.

പക്ഷേ, വിമാനത്തില്‍ കയറിയിരുന്നു പറക്കാനൊരുങ്ങുമ്പോള്‍ അവളുടെ മനസ്സില്‍ മായേച്ചിയുടെ മുഖം പൂനിലാവ് പോലെ പ്രകാശിച്ചു.

സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുന്ന ചില മാലാഖമാര്‍ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം പണിയാന്‍ ഓടി നടക്കുന്നണ്ടെന്നു അവള്‍ക്കു തോന്നി.

എന്റെ മായേച്ചിയെ പോലെ.

നന്മയുടെ നിറകുടം!

പൂര്‍വ്വജന്മത്തിലെപ്പോഴോ കണ്ടു കൊതി തീരാത്ത ഒരു മുഖം. സ്‌നേഹിച്ചു കൊതി തീരാതെ വിട്ടു പിരിയേണ്ടി വന്നപോലൊരു ആത്മബന്ധം!

ഒരു പൂര്‍വ്വജന്മ സുകൃതം!



TAGS :